Sunday, December 2, 2012

ഒരു പ്രവാസിബ്ലോഗറുടെ യാത്രാമൊഴി..

വേനല്‍ചൂടില്‍ വെന്തുരുകുന്ന മരുഭൂമിയുടെ കരളിന്റെ നോവുകള്‍. കാത്തിരിപ്പിനൊടുവില്‍ കുളിരിന്റെ കമ്പളവുമായി ഋതുഭേദം വിരുന്നെത്തുന്ന ദിനങ്ങള്‍. മയൂരനൃത്തം മോഹിച്ചലഞ്ഞ്‌ ഏതോ നിയോഗംപോലെ ദിശതെറ്റിയെത്തി മണല്‍ത്തരികള്‍ അലങ്കോലമാക്കിയ മരുഭൂമിയുടെ ശുഷ്കിച്ച മാറിടത്തെ പരിഹസിച്ച്‌ നിരാശരായി മടങ്ങനൊരുങ്ങുന്ന മഴമേഘങ്ങള്‍ ഒടുവില്‍ കാരുണ്യം തോന്നി ജലധാരയുതിര്‍ത്തുന്ന നിമിഷങ്ങള്‍...മരുഭൂമിയുടെ ജീവിതത്തിലെ അപൂര്‍വ്വ ധന്യമുഹൂര്‍ത്തങ്ങള്‍. പെയ്തിറങ്ങുന്ന മഴത്തുള്ളികളുടെ സ്പര്‍ശനമേല്‍ക്കുമ്പോഴേക്കും കാത്തിരുന്നിട്ടെന്നപോലെ ഉള്‍പ്പുളകത്തോടെ പൊട്ടിമുളക്കുന്ന ഒരു പ്രവാസിയുടെ വെക്കേഷന്‍ ദിനങ്ങളിലെ ദാമ്പത്യത്തിന്റെ ആയസ്സുപോലുമില്ലാത്ത പാതയോരത്തെ പാവം പാഴ്‌ച്ചെടികള്‍. ചുവന്ന സ്വെറ്ററുമിട്ട്‌ നേരം വൈകിയുണരുന്ന ശിശിരസൂര്യന്റെ അലസഭാവങ്ങളുടെ ചാരുതയില്‍ മയങ്ങി നില്‍ക്കുന്ന ശിശിരകാല പ്രഭാതങ്ങള്‍. ഈ മനോഹര മരുക്കാഴ്ചകള്‍ എല്ലാം തനിയ്ക്കന്യമാകാന്‍ പോകുന്നു. ബാലുവിന്റെ ഉള്ളൊന്നു പിടഞ്ഞു..

മരുഭൂമിയിലെ അവസാനദിനങ്ങള്‍. പ്രവാസത്തിന്റെ അന്ത്യം. ദിവസങ്ങളടുക്കുംതോറും സന്താഷത്തോടൊപ്പം ചഞ്ചലമാകുന്നു ബാലുവിന്റെ മനസ്സ്‌. ഒരര്‍ത്ഥത്തില്‍ ഇതും ഒരു പറിച്ചു നടല്‍ തന്നെയാണ്‌. ഇരുപതാം നൂറ്റാണ്ടിലെന്നോ അവന്‍ പടിയറങ്ങിയ നാട്ടിന്‍പുറത്തുകാരി മലയാളക്കര ഇന്ന്‌ തിരിച്ചറിയാന്‍ കഴിയാത്ത വിധം പച്ച പരിഷ്ക്കാരിയായിരിയ്ക്കുന്നു. സൗഹൃദത്തിന്റെ വേരുകള്‍ അറ്റു പോയിരിയ്ക്കുന്നു. അറിയാം, എല്ലാം അറിയാം. എങ്കിലും ഇനിയെന്ത്‌ എന്നൊരു തീരുമാനം പോലുമില്ലാതേയുള്ള അവന്റെ മടക്കം വെറുമൊരു ആവേശത്തിന്റെ പുറത്തു മാത്രമല്ല.

ഈ തിരിച്ചുപോക്ക്‌ അതെന്നെ മോഹിച്ചതാണ്‌.വന്ന്‌ പിറ്റേ ദിവസം മുതല്‍ ഓരോ പ്രവാസിയും നോമ്പുനോറ്റ്‌ കൊതിയോടെ കാത്തിരിയ്ക്കുന്നതാണ്‌ ഈ മുഹൂര്‍ത്തം. --"ബാലുഭായ്‌ നിങ്ങളുടെ ഭാഗ്യം അധികം പ്രായമാകുന്നതിനുമുമ്പെ തിരിച്ചുപോകാന്‍ കഴിയുന്നല്ലോ."-- എല്ലാവരും അഭിനന്ദിയ്ക്കുന്നു, പലരുടേയും വാക്കുകളില്‍ അസൂയ തുളുമ്പുന്നു. എല്ലാം അറിയാം, എന്നിട്ടും എന്നെന്നേയ്ക്കുമായി ഈ ദേശം വിട്ടുപോകാന്‍ പോകുകയാണെന്നോര്‍ക്കുമ്പോള്‍.! കണ്ണുകള്‍ നിറയുന്നു വാനില്‍ അടുത്തിരിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കുമോ എന്ന്‌ ഭയന്ന്‌ സ്വയം നിയന്ത്രിച്ചു അവന്‍.

വര്‍ഷങ്ങളെത്ര കഴിഞ്ഞിരിയ്ക്കുന്നു സൂര്യനോടൊപ്പം ഉണര്‍ന്നേഴുന്നേറ്റ്‌ മരുഭൂമിയിലൂടേയുള്ള 35 കിലോമീറ്റര്‍ നീളുന്ന കമ്പനി വാനിലെ ഈ പ്രഭാതസവാരി തുടങ്ങിയിട്ട്‌.!  മരുജീവിതത്തിന്റെ പ്രത്യേകതയാണ്‌ വര്‍ഷങ്ങള്‍ പോകുന്നതറിയില്ല..ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും വല്ലാത്ത വേഗതയാണ്‌. വേനലും ശിശിരവുമൊഴികെ ഋതുക്കളൊരുക്കുന്ന വര്‍ണ്ണക്കുടമാറ്റങ്ങളൊന്നുമില്ല. അതിനു താളം പിടിയ്ക്കുന്ന ആഘോഷങ്ങള്‍ക്കടിസ്ഥാനവുമില്ല. എന്നും എപ്പോഴും നിശ്ചലമായ തടാകം പോലെ ഒരേ താളം, ഒരേ ഭാവം. കൃത്രിമമായൊരുക്കുന്ന ഉത്സവനഗരികളും ആഘോഷ വെടിക്കെട്ടുകളും ആഹ്ലാദത്തെക്കാളുപരി അമ്പരപ്പും മാത്രമെ സമ്മാനിയ്ക്കു എന്ന തിരിച്ചറിവിലും എല്ലാം ഒരുക്കി ഉത്രാടപ്പാച്ചിലിന്റെ സുഖം അനുഭവിച്ചുവെന്ന്‌ സ്വയം വിശ്വസ്സിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നു ആ പാവം.

സ്വസ്ഥയില്ലാത്ത മനസ്സില്‍നിന്ന്‌ അലയടിയ്ക്കുന്ന വിഷാദം.. അതായിരിയ്ക്കും ഏതൊരു പ്രവാസിയുടേയും സ്ഥായീഭാവം. വിശാലമായ ജലാശയത്തില്‍നിന്നും അക്വേറിയത്തിലേയ്ക്ക്‌ മാറ്റപ്പെടുന്ന മല്‍സ്യത്തിന്റെ അവസ്ഥയിലായിരിക്കും ഓരോ നിമിഷവും അവന്റെ മനസ്സ്‌. വീര്‍പ്പുമുട്ടിയ്ക്കുന്ന ആ കൃത്രിമാന്തരീക്ഷത്തില്‍ ചില്ലുജാലകത്തില്‍ മുഖമമര്‍ത്തി, ദൂരേയുള്ള തന്റെ തടാകത്തില്‍ കളിച്ചുതിമിര്‍ത്തിരുന്ന സുന്ദരനിമിഷങ്ങളോര്‍ത്ത്‌ അവനുതിര്‍ക്കുന്ന ചുടുനിശ്വാസത്തില്‍നിന്നും നിലക്കാതെ ബഹിര്‍ഗമിയ്ക്കുന്ന കുമിളകള്‍ അക്വേറിയത്തിനലങ്കാരമായേ പുറമെ നിന്നും നോക്കുന്നവര്‍ക്കു തോന്നു. കൊല്ലന്റെ ആലയിലെ മുയലിനെപ്പോലെ ഓരോ നിമിഷവും ഞെട്ടിവിറയ്ക്കാന്‍ ശീലിച്ച ആ മനസ്സ്‌ എല്ലായിടത്തും അനായാസം ചൂഷണം ചെയ്യപ്പെടുന്നു.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നും അശാന്തിനിറഞ്ഞ ബൂലോകത്തിന്റെ തീക്ഷ്ണതയിലേയ്ക്ക്‌ പിറന്നുവീണ്‌ കരയുന്ന ആ നിമിഷം തുടങ്ങുന്നു മനുഷ്യന്റെ പ്രവാസജീവിതം. പ്രിയപ്പെട്ടവരുവരുടെ ലാളനങ്ങളേറ്റുവാങ്ങി കൈകാലിട്ടടിച്ചും കടലാസുതോണിയിറക്കിയും രാജകുമാരനായി വാണിരുന്ന കുടുംബാന്തീരീക്ഷത്തില്‍ നിന്നും വിദ്യാലയത്തിന്റെ കലപില നാദത്തിലേയ്ക്ക്‌ ഒരു സാധാരണ പ്രജയായി കാലെടുത്തു വെയ്ക്കുന്നതോടേ തുടങ്ങും പ്രവാസത്തിന്റെ രണ്ടാഘട്ടം. ആദ്യം കരയും, പ്രതിഷേധിയ്ക്കും, ക്രമേണ പൊരുത്തപ്പെടും. ഒടുവില്‍ വേര്‍പ്പിരിയാനാവത്തവിധം ആ അന്തരീക്ഷത്തെ പ്രണയിയ്ക്കാന്‍ തുടങ്ങുമ്പോഴായിരിയ്ക്കും അടുത്ത പറിച്ചുനടല്‍.! അതുവരെ നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം കാമ്പസിലെ പാലമരത്തിലേയ്ക്കാവാഹിച്ച്‌ അശ്രൂപൂജ നടത്തി ചുവപ്പും മഞ്ഞയും ചരടുകളില്‍ ബന്ധിച്ച്‌ ആണിയടിച്ചു ഭദ്രമാക്കി ശൂന്യമായ മനസ്സുമായി അഹങ്കരിച്ചും ആര്‍മാദിച്ചും വിലസിയിരുന്ന കലാലയാങ്കണത്തില്‍ നിന്നും പടിയിറങ്ങും. കാഠിന്യം നിറഞ്ഞ മറ്റൊരു പ്രവാസത്തിനായുള്ള മണിമുഴക്കത്തിന്റെ സമയം ഒട്ടും വൈകാതെ സമാഗതമാകും..

-"എത്ര പഠിച്ചിട്ടെന്താ, ജോലിയൊന്നുമായില്ല അല്ലെ ഇതുവരെ."--. നെഞ്ചില്‍ കൊളുത്തിവലിയ്ക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയേണ്ടത്‌ എണ്‍പതുകളിലെ അഭ്യസ്തവിദ്യനായ ഒരു യുവാവിന്റെ കയ്പ്പേറിയ ബാദ്ധ്യതയായിരുന്നു. എന്നും എപ്പോഴും വീട്ടുകാരേക്കാള്‍ ഉത്‌കണ്ഠ നാട്ടുകാര്‍ക്കായിരിയ്ക്കും ഇത്തരം വിഷയങ്ങളില്‍. അപകര്‍ഷതാബോധം അതിന്റെ പാരമ്യത്തിലെത്തി പൊട്ടിത്തെറിയ്ക്കാനൊരുങ്ങുന്ന ഒരുനാള്‍ അമ്മയുടെ കണ്ണീര്‍ കണ്ടില്ലെന്നു നടിച്ച്‌, കൂട്ടായ്മകളുടെ വലക്കണ്ണികളെല്ലാം പൊട്ടിച്ചെറിഞ്ഞ്‌ ഒന്നു തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ വെന്തുരുകുന്ന ഹൃദയവുമയി ജയന്തി ജനതയിലേയ്ക്ക്‌ വലതുകാല്‍ വെച്ച്‌ കയറും. തീവണ്ടി ഭാരതപ്പുഴയുടെ മുകളിലെത്തിമ്പോഴേയ്ക്കും അസ്തമയത്തിനു സമയമായിട്ടുണ്ടാകും. ഒരു ഗ്രാമീണയുവാവിന്റെ കൂടെ ഉദകക്രിയയ്ക്കുള്ള ഒരുക്കത്തിലായിരിയ്ക്കും പുഴയില്‍ സൂര്യനപ്പോള്‍. വാളയാര്‍ ചുരം കടക്കുമ്പോള്‍ ഹൃദയത്തില്‍ ചിത പൂര്‍ണ്ണമായുംകത്തിയമര്‍ന്ന്‌ ഇരുട്ടു പരന്നിട്ടുണ്ടാകും..പിറ്റേന്ന്‌ നേരം പുലര്‍ന്ന്‌ കണ്ണു തുറക്കുമ്പോള്‍ അമ്പരിപ്പിയ്ക്കുന്നവിധം അപരിചിതമായിട്ടുണ്ടാകും പരിസരം. നാട്‌ കണ്ണെത്താദൂരത്ത്‌ പോയിമറഞ്ഞിട്ടുണ്ടാകും. തീവണ്ടിയിലെ വസൂരിക്കലവീണുപഴകിയ കണ്ണാടിയില്‍ മലയാണ്മ നഷ്ടപ്പെട്ട സ്വന്തം പ്രതിബിംബം കണ്ട്‌ തരിച്ചുനില്‍ക്കും..ഒറ്റ രാവ്‌ വരുത്തിയ മാറ്റം കണ്ട്‌ വിസ്മയിയ്ക്കും.

ദീപാവലി പ്രഭയില്‍ തിളങ്ങുകയായിരുന്ന നഗരം തണുത്ത വിറങ്ങലിച്ച ഒരു നവംബര്‍ മാസത്തില്‍ ഒരുമറുനാടന്‍ മലയാളിയായി ബാലു ദാദറില്‍ ചെന്നിറങ്ങുമ്പോള്‍ നേരം പാതിര കഴിഞ്ഞിട്ടുണ്ടായിരുന്നു. --"ഏക്‌, ദോ തീന്‍ ചാര്‍, പാഞ്ച്‌...." --- തേസാബിലെ .മാധുരി ഗാനം നഗരമാകെ അലയടിയ്ക്കുന്ന കാലമായിരുന്നു അത്‌.അതുകൊണ്ട്‌ ഒന്നു മുതല്‍ പത്തു വരെ തെറ്റു കൂടാതെ ആദ്യദിനം തന്നെ എണ്ണാന്‍ പഠിച്ചു അവന്‍.

-"പാപ്പ കഹതെ ഹേ, ബഡാ നാമ്‌  കരേഗ...ബേട്ടാ ഹമാര ഐസ കാമ്‌ കരേഗ..മഗര്‍ യേ തോ കോയി ന ജാനെ..- ഹിന്ദി വാക്കുകളുടെ അര്‍ത്ഥം ഗ്രഹിയ്ക്കാന്‍ തുടങ്ങിയ നാളുകളിലെന്നൊ മഹാനഗരത്തിലെ തെരുവീഥികളിലൂടെ തൊഴില്‍ തേടി അലയുന്ന വേളയില്‍ എവിടെ വെച്ചോ കാതുകളില്‍ ഒഴുകിയെത്തിയ ആ അമീര്‍ ഗാനത്തിന്റെ ഈരടികള്‍ ചുണ്ടില്‍ നിസ്സഹായതയുടെ പുഞ്ചിരി വിടര്‍ത്തി. എന്തൊക്കെ പ്രതീക്ഷകളായിരുന്നു മിടുക്കനായ ബാലുവിനെക്കുറിച്ച്‌ എല്ലാവര്‍ക്കും ഡോക്ടറാകും, അല്ല, എഞ്ചിനീയറാകും..വക്കീലാകും. ഇല്ല, ആരുമായില്ല താന്‍ ഇതുവരെ. ഒരു പക്ഷെ, ഇനിയും ആരുമാവില്ല. എല്ലാവര്‍ക്കും വേണ്ടത്‌ എക്സ്‌പീരിയന്‍സ്‌ ആണ്‌...തൊഴില്‍ ചെയ്യാതെ എങ്ങിനയാ എക്സ്‌പീരിയന്‍സ്‌ ഉണ്ടാവുക..? ആരോട്‌ ചോദിയ്ക്കാന്‍...!

മൂന്നുകൊല്ലത്തെ ബോംബേ വാസം. ഒരു മാര്‍വാഡി ഫാക്ടറിയിലെ പ്രൊഡക്ഷന്‍ പ്ലാനിംഗ്‌ ഡിപ്പാര്‍ട്ടുമെന്റിലെ കന്നിയങ്കം. ഓഫീസുകളില്‍ പൂജമുറിയില്‍ വിഗ്രഹമെന്ന കരുതലോടെ പ്രതിഷ്ടിച്ച്‌ ചെരുപ്പഴിച്ചുവെച്ച്‌ പ്രവേശിച്ച്‌ കമ്പ്യൂട്ടറുകളെ മാനിച്ചിരുന്ന ആ കാലത്ത്‌ ആദ്യജോലിതന്നെ ഏ,സി റൂമില്‍ കമ്പ്യൂട്ടറമൊത്ത്‌ സുഖിച്ചു കഴിയാന്‍ ഭാഗ്യം ലഭിച്ചത്‌ ജാതകത്തിലെ കേസരിയോഗം കൊണ്ടായിരിയിരുന്നിരിയ്ക്കാം. കല്യാണം കഴിഞ്ഞ്‌ അഞ്ചുവര്‍ഷമായിട്ടും കുഞ്ഞുങ്ങളൊന്നുമാകാത്ത ദുഃഖത്തില്‍ ചികല്‍സയും പ്രാര്‍ത്ഥനയുമായി കഴിയുന്ന മദ്രാസുകാരി ഗീതയും അവനും കുടുംബവിശേഷങ്ങളും തൈരുസാദവുമൊക്കെ പങ്കുവെച്ച്‌ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉറപ്പു പരിശോധിയ്ക്കാനോ, വെള്ളത്തിന്റെ അളവെടുക്കാനൊ മുതിരാതെ, അങ്ങിനെ അനാവശ്യ പ്രശ്നങ്ങള്‍ക്കും അതിര്‍ത്തിലംഘനങ്ങള്‍ക്കും കളമൊരുക്കാതെ തമിഴിലും മലയാളത്തിലും പരസ്പരം അക്ഷരങ്ങള്‍ എഴുതാന്‍ പഠിപ്പിച്ച്‌ അച്ചടക്കത്തോടെ കഴിഞ്ഞിരുന്ന അന്തരീക്ഷത്തിലേയ്ക്കാണ്‌ കമ്പനിയുടമയുടെ പെങ്ങള്‍ യാമിനി മേത്തയുടെ എഴുന്നള്ളത്ത്‌.

കടും നീലനിറമുള്ള ഇറക്കം കുറഞ്ഞ ടീഷര്‍ട്ടും ഇളം നീലനിറത്തിലുള്ള ഇറുകിയ ജീന്‍സുമിട്ട്‌ വെറുതെ ഒരു റ്റൈംപാസിനായി 11 മണിയോടെ ഓഫീസിലെത്തുന്ന,അമൂലിന്റെ വെണ്മയുള്ള മുതലാളിയുടെ പെങ്ങള്‍ യാമിനി മേത്ത. എന്തെങ്കിലും ഫയലെടുക്കാനും മറ്റുമായി പുറം തിരിഞ്ഞുനിന്ന്‌ അവളൊന്നു കുനിഞ്ഞാല്‍..! ഈശ്വരാ,..മേലോട്ടും താഴോട്ടും അകന്നുമാറുന്ന ആ കൊച്ചു ടീ ഷര്‍ട്ടിനും ജീന്‍സിനുമിടയിലെ..വെണ്ണതോല്‍ക്കും...! .അമ്പലക്കുളത്തിലും വടക്കേച്ചിറയിലും നാട്ടിന്‍പുറത്തുകാരി പെണ്ണുങ്ങളുടെ കറുത്ത മേനി ഒളിച്ചുകണ്ടു മാത്രം ശീലമുള്ള ലോലഹൃദയനായ ഒരു സാല മദ്രാസി ഗ്രാമീണയുവാവിന്റെ ഹൃദയത്തിന്‌ താങ്ങാവുന്നതിനുമപ്പുറമായിരുന്നു ആ ഉടല്‍ക്കാഴ്ചകളോരോന്നും.

ഒരു കൊച്ചുമുതലാളിയുടെ യാതൊരു വിധ ജാടയുമില്ലായിരുന്നു യാമിനിയ്ക്ക്‌. അവരുടെ ലോകവുമായി പെട്ടന്നിണങ്ങി അവള്‍. ട്രീറ്റ്‌മെന്റിനും പൂജയ്ക്കുമൊക്കെയായി സീനിയറായ ഗീത ലീവെടുക്കുന്ന ദിവസങ്ങളില്‍ ജോലിയില്‍ ഒരു വീഴ്ചയും വരുത്താതെ എത്ര ശുഷ്ക്കാന്തിയോടേയാണെന്നോ അവരൊറ്റയ്ക്ക്‌ കാം കര്‍ത്തിയിരുന്നത്‌. തൊട്ടടുത്ത മാംഗ്ലൂരിഹോട്ടലില്‍നിന്നുമെത്തുന്ന പുലാവ്‌ റൈസ്‌, ഐസ്‌ ക്രീം, ഗുലാബ്‌ ജാം പിന്നെ പേരറിയാത്ത നെയ്യും മധുരവും നിറഞ്ഞ എന്തൊക്കയോ ഗുജാറാത്തി വിഭവങ്ങള്‍. ഇങ്ങിനെ കമ്പനി എക്കൗണ്ടില്‍ സുഭിക്ഷമായി ഭക്ഷണം കഴിച്ച നാളുകള്‍. ഇതെല്ലാം വാങ്ങികൊണ്ടുവരുന്ന പ്യൂണ്‍ മറാട്ടിയായ സഞ്ജയ്‌ മത്തക്കണ്ണുരുട്ടി അര്‍ത്ഥംവെച്ചു നോക്കും. അവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

മഹാനഗരത്തിലെ ഏതോ അധോലോക പയ്യനുമായി പ്രണയം മൂത്ത്‌ എല്ലാവിധ കുരുത്തക്കേടുകളുമൊപ്പിച്ച്‌ ഒരുപാട്‌ വിപ്ലവങ്ങള്‍ക്കുശേഷം വിശാലമായ ഫാക്ടറിയ്ക്കകത്തെ നാലു ചുവരുകള്‍ക്കകത്തെ സെക്യുരിറ്റി സെറ്റ്‌ അപ്പില്‍ മുതലാളിയുടെ ബംഗ്ലാവില്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു അന്നവള്‍. ഫാക്ടറിയില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു യാമിനി മേത്തയുടെ പൂര്‍വ്വകാല ലീലാവിലാസങ്ങളുടെ നിറം പിടിപ്പിച്ച കഥകള്‍. എന്നാലും ആരും ഒന്നും കുശുകുശുത്തില്ല അത്രയ്ക്കും പേടിയായിരുന്നു എല്ലാവര്‍ക്കും മുതലാളിമാരെ.

മറ്റു ഡിപ്പാര്‍ട്ടുമെന്റുകളിലെ സഹപ്രവര്‍ത്തകര്‍ക്ക്‌ അസൂയായിരുന്നു .-"മദ്രാസി ചെന്ന്‌ മാര്‍വാഡിയുടെമേല്‍ വീണാലും മാര്‍വാഡി വന്ന്‌ മദ്രാസിയുടെ മേല്‍ വീണാലും മദ്രാസിയുടെ തടിയ്ക്കാണ്‌ കേട്‌."-- ഉപദേശരൂപത്തില്‍, സഹതാപത്തില്‍ പലരും അവനെ നോക്കി. പാവങ്ങള്‍, അവര്‍ക്കെന്തറിയാം. അല്ലെങ്കിലും ലോകം അന്നും ഇന്നും എന്നും അങ്ങിനെയല്ലെ . സ്ത്രീ പുരുഷമാര്‍ക്കിടയിലെ നിഷ്കളങ്ക സൗഹൃദങ്ങള്‍ പോലും സദാചാരപോലീസിന്റെ കണ്ണോടെ അല്ലെ സമൂഹം നോക്കി കാണു..എന്നാലും ഉള്ളില്‍ നേരിയ ഭയം തോന്നാതിരുന്നില്ല. എന്തിനും പോന്നവരായ അവളുടെ ആങ്ങളമാരായ, സുമേഷ്‌ മേത്തയ്ക്കും സുഹാസ്‌ മേത്തയ്ക്കും എന്തെങ്കിലും സംശയം തോന്നിയാല്‍..? തീര്‍ന്നില്ലെ എല്ലാം. പിന്നെ അന്ധേരിയിലെ, ബാന്ദ്രയിലെ, കുര്‍ളയിലെ ഏതെങ്കിലുമൊരു റെയില്‍വേ ട്രാക്കില്‍ ഒരജ്ഞാത ജഡമായി...!

ഈശ്വരാ..ഓര്‍ത്തപ്പോള്‍ അവന്റെ മനസ്സ്‌ ഒന്നു പിടഞ്ഞു..പാവം അമ്മ, ബോംബേയില്‍ കാണാതായ സല്‍സ്വഭാവിയായ മകനെക്കുറിച്ചുള്ള പരാതിയും പറഞ്ഞ്‌, നാലുംകൂട്ടി മുറുക്കി വിസ്തരിച്ചൊന്നു പൊട്ടിക്കരയാന്‍ കുഞ്ഞുമുഹമ്മദു സാഹിബിന്റെ പ്രവാസലോകത്തിനു വേദിയൊരുക്കുന്ന കൈരളിയൊന്നും അക്കാലത്തുണ്ടായിരുന്നില്ലല്ലൊ.

-"ആദിത്യന്റെ അവസാന ഘട്ടമാണ്‌ മോനെ നിനക്ക്‌..ദശാസന്ധി...ഒപ്പം അഷ്ടമത്തില്‍ വ്യാഴവും...അപകടം എതു രൂപത്തിലും ആരുടെ രൂപത്തിലും വരാം..സൂക്ഷിക്കണം നീ, വളരെ സൂക്ഷിയ്ക്കണം."-- ആ നാളുകളില്‍ അമ്മയുടെ കത്തുകളിലെ പ്രധാന വിഷയം ദശാസന്ധി തന്നെയായിരുന്നു.

സൂക്ഷിച്ചു, വളരെ സൂക്ഷിച്ചു..അമ്മയുടെ പ്രാര്‍ത്ഥനകളും വഴിപാടുകളും ഫലിച്ചു. ദശാസന്ധി തീര്‍ന്നു. ആദിത്യന്‍ അലമ്പുണ്ടാക്കാതെ കടന്നുപോയി, ഒപ്പം യാമിനിയും..ബോംബേയിലെ വനവാസം അവസാനിപ്പിച്ച്‌ അജ്ഞാത വാസത്തിനായി അവള്‍ ഗുജറാത്തിലേയ്ക്കു പോയി.

ഓഫീസില്‍ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ നീണ്ടുരുണ്ട ആ വലിയ നീലക്കണ്ണുകളിലെ വിഷാദത്തിന്റെ കടല്‍ ഇരമ്പിയെത്തിയത്‌ അവന്റെ ഹൃദയത്തിലേയ്ക്കായിരുന്നു.
-വീണ്ടും കാണാം- ഇനിയൊരിയ്ക്കലുംകാണാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും അങ്ങിനെ യാത്ര പറഞ്ഞു പിരിയുന്ന ആ നിമിഷം അവന്റെ ഹൃദയം വിങ്ങിപൊട്ടിയത്‌ സ്നേഹം കൊണ്ടായിരുന്നോ, അതോ വെറും അനുകമ്പ കൊണ്ടുമാത്രമോ...യാമിനി മേത്തയുമായിരുണ്ടായിരുന്ന ബന്ധത്തിനെ എത്ര ശ്രമിച്ചിട്ടും ഇന്നും വ്യക്തമായി നിര്‍വചിയ്ക്കാന്‍ കഴിയുന്നില്ല ബാലുവിന്‌.

ഒന്നു മാത്രമറിയാം, വെറും പാവമായിരുന്നു അവള്‍. ഒരു പൊട്ടിപ്പെണ്ണ്‌. ആഡംബരത്തിന്റെ കെട്ടുക്കാഴ്ചകള്‍ക്കകത്ത്‌ പൊതിഞ്ഞു പെരുപ്പിച്ചുകാട്ടുന്ന ചോളി കെ പീച്ചേ ആ ദില്‍ തീര്‍ത്തും ശുദ്ധമായിരുന്നു.ഗീത അവധിയെടുക്കുന്ന ദിവസങ്ങളില്‍ മനസ്സു തുറക്കുമായിരുന്നു അവള്‍...ചേരിയിലെ ദാരിദ്ര്യത്തിനു നടുവില്‍ വളരുന്ന പെണ്‍കുട്ടികള്‍ പോലും തന്നേക്കാള്‍ ഭാഗ്യവതികളായിരുക്കുമെന്ന്‌ പറഞ്ഞ്‌ അവള്‍ പൊട്ടിക്കരയുന്നതുകണ്ട്‌ അന്തം വിട്ടിരുന്നിട്ടുണ്ട്‌. എല്ലാം തികഞ്ഞ്‌ ആരിലും അസൂയ ജനിപ്പിയ്ക്കും വിധം സമ്പന്നമായ ചുറ്റുപ്പാടുകളില്‍ സ്നേഹം കിട്ടാതെ വളരേണ്ടി വന്നവള്‍. എല്ലാവര്‍ക്കും തിരക്കായിരുന്നു. വ്യവസായ സാമ്രാജ്യം വിപുലീകരിയ്ക്കുന്ന തിരക്കായിരുന്നു അച്ഛനെപ്പോഴും...അമ്മയ്ക്ക്‌ ക്ലബും അതിന്റെ നൂലാമാലകളും..പ്രായത്തില്‍ ഒരുപാട്‌ മുതിര്‍ന്ന സഹോദരങ്ങള്‍ക്ക്‌ അവരുടേതായ ലോകങ്ങള്‍..ആയമാരുടെ പരിചരണത്തില്‍ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഏകാന്തമായി കടന്നുപോയി ഇളയമോളായ അവളുടെ ബാല്യം. വലുതാവുംതോറും കളിപ്പാട്ടങ്ങളുടെ രൂപം മാറി, ജീവന്‍ വെയ്ക്കാന്‍ തുടങ്ങിയ അവയുടെ ഭാവവും രീതികളും മാറുന്നത്‌ കൗതുകത്തോടെ തിരിച്ചറിഞ്ഞു അവള്‍. വളര്‍ന്നു തുടങ്ങിയ അവളുടെ വികാരങ്ങളുടേയും വിചാരങ്ങളുടേയും ആഴവും വ്യാപ്തിയുംകൂടാന്‍ തുടങ്ങിയിരുന്നു..അങ്ങിനെയെപ്പോഴോ ജീവനുള്ള കളിപ്പാട്ടങ്ങള്‍ അവള്‍ക്കു ലഹരിയായി. അതിനിടയില്‍ പലരും അവളേയും വിലപിടിച്ച കളിപ്പാട്ടമാക്കി മാറ്റി വിലപേശാന്‍ തുടങ്ങി..

മുലപ്പാല്‍തുള്ളികള്‍ ഇറ്റിറ്റുവീഴുന്ന മാതൃത്വനിമിഷങ്ങളിലെ ഒരു കൊച്ചു താരാട്ടുപാട്ട്‌. നിത്യവും ഒരു നിമിഷനേരമെങ്കിലും ലഭിയ്ക്കുന്ന പിതൃവാല്‍സല്യം...സഹോദരങ്ങളുടെ കരുതല്‍..പ്രണയപുഷ്പങ്ങള്‍ മൊട്ടിട്ടു വിടരാന്‍ തുടങ്ങുന്ന പ്രായത്തില്‍ സ്നേഹവും ആത്മവിശ്വാസവും പകര്‍ന്നുനല്‍കാന്‍ പ്രാപ്തനായ നല്ലവനായ ഒരു ബോയ്‌ ഫ്രന്‍ഡിന്റെ സാമീപ്യം. ഇതില്‍ ഏതെങ്കിലുമൊന്ന്‌ അനുഭവിയ്ക്കാന്‍ യോഗമുണ്ടായിരുന്നെങ്കില്‍ അച്ചടക്കവും പരിശുദ്ധിയുമുള്ള ഒരു നല്ല പെണ്‍കുട്ടിയാകുമായിരുന്നു യാമിനി. ഒരിയ്ക്കലും തന്നെ ഒരു കളിപ്പാട്ടമായി കരുതിയില്ല അവള്‍.അതിനുമപ്പുറം തന്നില്‍നിന്നും എന്തൊക്കയോ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നതുപോലെ..നാടിനെക്കുറിച്ച്‌,അമ്മയെക്കുറിച്ച്‌, മനുഷ്യബന്ധങ്ങളുടെ വ്യാപ്തിയേയും മനോഹാരിതയേയുംകുറിച്ചും എല്ലാം ചോദിച്ചറിയുന്ന നിമിഷങ്ങളില്‍ വല്ലാത്ത തിളക്കമായിരുന്നു ആ കണ്ണുകളില്‍.

-"ഒരിയ്ക്കല്‍ ബാലുവിന്റെ നാട്ടിലേയ്ക്ക്‌ വരട്ടെ ഞാന്‍, അമ്മയുടെ അരികിലേയ്ക്കു കൊണ്ടുപോകുമോ എന്നെ"-- ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോടെ ചോദിയ്ക്കുമായിരുന്നു അവള്‍. അത്തരം സംഭാഷണ മുഹൂര്‍ത്തങ്ങളില്‍ ഒരിറ്റു സ്നേഹത്തിനും വാല്‍സല്യത്തിനും വേണ്ടി ഉഴറുകയായിരുന്ന ആ ഹൃദയത്തിന്റെ തുടിപ്പ്‌ വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു അവന്‌. ധനുമാസക്കാറ്റിന്റെ താളത്തില്‍, ആതിരക്കുളിരിന്റെ ഈണത്തില്‍ തികഞ്ഞ അനുകമ്പയോടെ, അതിലേറേ സ്നേഹത്തോടെ അനിവാര്യമായ സാന്ത്വനത്തിന്റെ നനുത്ത തേന്‍ത്തുള്ളികള്‍ പകര്‍ന്നു നല്‍കി ആശ്വസിപ്പിയ്ക്കാതിരിയ്ക്കാന്‍ കഴിയാറില്ല അപ്പോള്‍.

കാറുകള്‍, ബംഗ്ലാവുകള്‍,അങ്ങിനെയങ്ങിനെ അവനെപോലെ ഒരു സാധാരണ മനുഷ്യന്‍ സ്വപ്നം കാണുന്ന ഭൗതികസുഖങ്ങള്‍ക്കുമപ്പുറം മൂല്യം സ്നേഹത്തിനു വ്യക്തിബന്ധങ്ങള്‍ക്കുമാണെന്ന സത്യം യാമിനിയിലൂടെ പഠിയ്ക്കുകയായിരുന്നു അന്ന്‌ പക്വത കൈവരിയ്ക്കാനുള്ള പ്രായമാകാത്ത ബാലുവിന്റെ മനസ്സ്‌.

ഇന്ന്‌ യാത്രമൊഴിയൊരുക്കുന്ന വേളയില്‍ ഈ കുറിപ്പില്‍ ബാലുവിന്റെ മനസ്സില്‍ യാമിനി കടന്നു വന്നത്‌ യാദൃശ്ചികമായി തന്നെയായിരിയ്ക്കാം..എങ്കിലും സമ്പന്നതയില്‍ അഭിരമിച്ച്‌ ഒരു പരിഷ്ക്കാരിപ്പെണ്ണിന്റെ എല്ലാവിധ പ്രൗഡ്ഠിയുമായി ഏവരുടെയും മോഹിപ്പിച്ചുകൊണ്ട്‌ ഉത്സവപ്പറമ്പിനലങ്കാരമായി ഉടുത്തൊരുങ്ങി നില്‍ക്കുന്ന ഈ മണല്‍നഗരം കാണുമ്പോള്‍ ചിലപ്പോഴെങ്കിലും അറിയാതെ അവളെ ഓര്‍ത്തുപോകാറുണ്ട്‌ അവന്‍.

മേലെമാനത്ത്‌ പെരുമ്പറ മുഴക്കി കൊതിപ്പിയ്ക്കുന്ന ഈറന്‍മേഘങ്ങളുടെ മാന്ത്രികപ്രകടനങ്ങള്‍, കുളിര്‍ക്കാറ്റിന്റെ രൂപത്തില്‍, ഈണത്തില്‍ താളത്തില്‍ കാതിലേയ്ക്കൊഴുകിയെത്തി കിക്കിളിയൂട്ടുന്ന കളിവാക്കുകള്‍, മതിവരുവോളം, കൊതിതീരുവോളം പെയ്തിറങ്ങുന്ന പെരുമഴത്തുള്ളികള്‍ സമ്മാനിയ്ക്കുന്ന കോരിത്തരിപ്പിന്റെ നിമിഷങ്ങള്‍. നിറഞ്ഞുതുളുമ്പുന്ന നിര്‍വൃതിയില്‍ അതിരുകള്‍ ലംഘിച്ച്‌ ചീറിപാഞ്ഞെത്തുന്ന പുതുവെള്ളം പുഴയും കവിഞ്ഞ്‌ കരയിലെയ്ക്കൊഴുകുന്ന സമ്മോഹന ലാസ്യ നിമിഷങ്ങള്‍ , നനഞ്ഞുകുതിരുന്ന നിത്യഹരിതവനങ്ങളുടെ അപൂര്‍വ്വ ചാരുത.ഒരു മണല്‍നഗരത്തിനും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഋതുഭേദങ്ങളുടെ വര്‍ണ്ണപ്പകിട്ടുകള്‍. എണ്ണപ്പണം പൊന്നുകൊണ്ട്‌ മൂടി സ്നേഹിച്ചു ലാളിച്ചും വീര്‍പ്പുമുട്ടിയ്ക്കുമ്പോഴും പുറമേയ്ക്ക്‌ പ്രസന്നത നടിച്ച്‌, അനുഭവിയ്ക്കാന്‍ യോഗമില്ലാതെ പോയ സൗഭാഗ്യങ്ങളെക്കുറിച്ചോര്‍ത്ത്‌ ഉള്ളിന്റെയുള്ളില്‍ ചിലപ്പോഴേങ്കിലും തേങ്ങുന്നുണ്ടായിരിയ്ക്കും ഈ മരുപ്രദേശവും എന്നു തോന്നാറുണ്ട്‌ അവന്‌, യാമിനിയേപോലെ..ഒരേ തൂവ്വല്‍പക്ഷികള്‍.

വിടവാങ്ങുന്ന വേളയില്‍ ഈ മണല്‍നഗരത്തിനെ എത്ര വര്‍ണ്ണിച്ചിട്ടും മതി വരുന്നില്ല ബാലുവിന്‌. ഈ മണ്ണ്‌ അവനു സമ്മാനിച്ച അപ്രതീക്ഷിത സൗഭാഗ്യങ്ങളിലൊന്നാണ്‌ കുത്തിക്കുറിയ്ക്കാനുള്ള ശീലം..ബൂലോകത്തിലെ വന്‍ താരകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു മിന്നാമിനുങ്ങു പോലുമല്ല എന്ന തിരിച്ചറവിലും നിത്യവും രണ്ടുവരിയെങ്കിലും കുത്തിക്കുറിയ്ക്കാതിരിയ്ക്കാന്‍ കഴിയുന്നില്ല അവന്‌. ഈ അവസാന നിമിഷങ്ങളില്‍പോലും..!

സര്‍ക്കസു കൂടാരത്തിലെ ഊഞ്ഞാലാട്ടത്തിന്റെ ഉത്‌കണ്ഠ നിറഞ്ഞ നിറഞ്ഞ ഉച്ചഘട്ടനിമിഷങ്ങളില്‍ താഴെ നെറ്റുപോലുമില്ലാതെ ..അരണ്ടവെളിച്ചത്തില്‍ ശരവേഗത്തില്‍ ആടിക്കളിയ്ക്കുന്ന ആള്‍രൂപങ്ങളെ നോക്കി ഉയര്‍ന്ന നാഡിമിഡിപ്പും തരിച്ചുപോയ ശരീരവുമായിരിയ്ക്കുന്ന കാണികള്‍.ശുഭാന്ത്യത്തിനൊടുവില്‍ തെളിയുന്ന വിളക്കുകളുടെ, നിറയുന്ന സംഗീതത്തിന്റെ അകമ്പടിയോടെ അരങ്ങത്തു വരുന്ന കോമളിവേഷക്കാര്‍, കാണികളുടെ മനസ്സുകളെ ശാന്തമാക്കാന്‍, അന്തരീക്ഷം ലഘുകരിയ്ക്കാന്‍ നിയോഗിക്കപ്പെടുന്നവര്‍..

അത്തരമൊരു വേഷംകെട്ടല്‍ മാത്രമാണ്‌ ബാലുവിന്‌ ബ്ലോഗെഴുത്ത്‌. ഏകാന്തയും വിരഹവും ഒപ്പം ചില്ലറ പ്രശ്നങ്ങളും ഒന്നിച്ചു വീപ്പുമുട്ടിച്ചു തളര്‍ന്ന്‌ പൂര്‍ണ്ണമായും ഘനീഭവിച്ചു പോകുമെന്നു തോന്നിയ ഏതോ ഒരു ഘട്ടത്തില്‍ സ്വയം ബാലന്‍സ്‌ ചെയ്യാന്‍ മനസ്സ്‌ കണ്ടെത്തിയ ബുദ്ധിപരമായ ഒരു തന്ത്രം.അതായിരുന്നു ജന്മസിദ്ധമായി എഴുതാനുള്ള ഒരു കഴിവുമില്ല എന്ന തിരിച്ചറിവിലും സധൈര്യം ബൂലോകത്തിലൂടെയുള്ള ബാലുവിന്റെ ഈ യാത്രയ്ക്ക്‌ നിദാനം.

ഇന്ന്‌ ബൂലോകത്ത്‌ തനിയ്ക്ക്മുണ്ട്‌ കുറച്ചു വായനക്കാര്‍ എന്ന സത്യം ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തൊടെ തിരിച്ചറിയുന്നു അവന്‍. കാരുണ്യവും കരുതലും നിറഞ്ഞുതുളുമ്പുന്ന സ്നേഹാര്‍ദ്രമായ കമന്റുകള്‍ അവനില്‍ അമ്പരപ്പും അത്ഭുതവുമുണര്‍ത്തുന്നു. ആ വാക്കുകള്‍ നല്‍കുന്ന പ്രചോദനത്തിന്റെ തേരിലേറിയാണ്‌ ബൂലോകത്തിലൂടെ അനായാസം മുന്നോട്ടു പോകാന്‍ അവന്‌ കഴിയുന്നത്‌.

ഇനിയും ഈ ജീവിതയാത്രയില്‍ കടന്നുപോകാന്‍ ദൂരം ഒരുപാടു ബാക്കി. എല്ലാവരുടേയും പ്രാര്‍ത്ഥനയും ഒപ്പം ഗുരുതുല്യരായവരുടെ അനുഗ്രഹവും എപ്പോഴും കൂടെയുണ്ടായിരിയ്ക്കണം എന്ന മോഹവുമായി...ഇനിയും എഴുതി മുഴുമിപ്പിയ്ക്കാനായി കുറെ വാചകങ്ങളും ബാക്കിവെച്ച്‌....

നന്ദി......................


കൊല്ലേരി തറവാടി
02/12/2012

Friday, November 9, 2012

മരുഭൂമിയിലെ ഇയ്യാംപാറ്റകള്‍... അദ്ധ്യായം-3 ( തോമസുട്ടി യാത്ര പറയുന്നു)


---നിനയ്ക്കറിയോ തോമസുട്ടി നീ പറയുന്നതുപോലെ, കോടികള്‍ നിറഞ്ഞ ആസ്തികളുടെ കണക്കുകളൊന്നും പറയാനുണ്ടാകില്ല വിശ്വേട്ടന്റെ കണക്കുപുസ്തകത്തില്‍. മാളുട്ടിയുടെ പഠിത്തം...അവളുടെ കല്യാണം ഇതൊക്കെ കഴിയുന്നതോടെ കാലിയാവുന്ന കനമെ ഇന്നും എന്റെ പേര്‍സിനുള്ളു. അവസാനം തറവാടു പറമ്പും അതിനുപുറകിലെ മനയ്ക്കലെപാടത്തെ മുപ്പതുപറ കണ്ടവും മാത്രമാവും ബാക്കി. അവിടെ ആ ഗ്രാമീണാന്തരീക്ഷത്തില്‍ സുധയുമൊത്തുചിലവഴിയ്ക്കുന്ന സ്വസ്ഥമായ കുറെനാളുകള്‍. അത്രയ്ക്കൊക്കെ ലളിതമാണ്‌ വിശ്വേട്ടന്റെ ഭാവിസ്വപ്നങ്ങള്‍. അന്ന്‌ പറമ്പിലെ കിളികളോടു കിന്നരിച്ചും വയല്‍വരമ്പിലെ കളകളോട്‌ കളിപറഞ്ഞും സുധയോടൊത്ത്‌ സായാഹ്നസാവാരി നടത്തുന്ന നിമിഷങ്ങളിലും ഈ മണല്‍ നഗരവും ഇവിടെ ചിലവഴിച്ച ദിനങ്ങളും ജീവിതത്തിലെ അമൂല്യ സമ്പാദ്യമായി സ്മരണകളില്‍ നിറഞ്ഞു നില്‍ക്കും. മഴ ശമിച്ച മനസ്സിലെ മരച്ചില്ലകളില്‍ തങ്ങിനില്‍ക്കുന്ന ഓര്‍മ്മത്തുള്ളികള്‍ പെയ്തിറങ്ങുന്നതുപോലെ കുളിരു പകരുന്ന അനുഭവങ്ങള്‍ അതെല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും.സുഖസ്മരണകളുടെ പെരുമഴയില്‍ നനഞ്ഞുകുതിര്‍ന്ന്‌ ഭൂതക്കാലത്തിന്റെ നനുത്ത താഴവരകളിലൂടെ ഒഴുകിനടക്കുക സുഖകരമായ ഒരനുഭവം തന്നെയാണ്‌ തോമസുട്ടി നിനക്കുമാത്രമല്ല മനുഷ്യരായി പിറന്ന എല്ലാവര്‍ക്കും. ഇയ്യിടെയായി എന്റെ മനസ്സും അങ്ങിനെയാണ്‌. തക്കം കിട്ടിയാല്‍ ഓര്‍മ്മകളുടെ നെയ്യുറുമ്പുകള്‍ മെല്ലെ ഭൂതക്കാലത്തിന്റെ പഞ്ചസാരഭരണിയിലേയ്ക്ക്‌ കൊതിയോടെ അരിച്ചിറങ്ങും.

ഇവിടെയെത്തിയ ആദ്യനാളുകളില്‍ കാണുന്നതിലെല്ലാം വല്ലാത്ത പുതുമയായിരുന്നു സുധയ്ക്ക്‌. പാവം പെണ്ണ്‌, കൊപ്രക്കളത്തിന്റെ അന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്ന അവള്‍ക്ക്‌ നാളികേരത്തിന്റെ ഗന്ധമല്ലാതെ മറ്റെല്ലാം അപരിചിതമായിരുന്നു. കല്യാണം കഴിഞ്ഞതിന്റെ എട്ടാം മാസം ഒരു ജനുവരിയിലെ കൊടുംതണുപ്പിനിടയിലാണ്‌ ഈ മണല്‍നഗരത്തിലേയ്ക്ക്‌ അവള്‍ ആദ്യമായി പറന്നിറങ്ങിയത്‌. ഉള്ളിലെ മോഹങ്ങളെല്ലാം ബ്ലാങ്കറ്റിനുള്ളിലേയ്ക്ക്‌ ഒതുക്കത്തോടെ ഒളിപ്പിച്ചുവെച്ച്‌ കണ്ണുച്ചിമ്മി കൊതിക്കൂട്ടൊരുക്കി ആ മുഹൂര്‍ത്തത്തിനായി കാത്തിരുന്ന ശിശിരമാസരാവുകള്‍ക്ക്‌ പിന്നെ വല്ലാത്ത ആവേശമായിരുന്നു.

വെള്ളിയാഴ്ച മദ്ധ്യാഹ്നങ്ങളില്‍ രാവിലെമുതലുള്ള എസിയുടെ ഇരമ്പലില്‍നിന്നും മോചനം തേടിയുള്ള യാത്ര പലപ്പോഴും ചെന്നെത്താറ്‌ കോര്‍ണീഷിലാണ്‌. പിന്നെ അത്‌ വാരാന്ത്യങ്ങളിലെ ഒരു സ്ഥിരം പതിവായി മാറി. കോര്‍ണിഷിന്റെ വടക്കുകിഴക്കെ മൂലയില്‍ കടലിലേയ്ക്കു തള്ളിനില്‍ക്കുന്ന മുനമ്പുണ്ടായിരുന്നു അന്ന്‌. അവിടെ നിറയെ ഈന്തമരങ്ങള്‍ തണല്‍ വിരിച്ചു നിന്നിരുന്നു. ആ മരങ്ങളുടെ കൂട്ടത്തിലുള്ള ഒരു കൊച്ചു മരത്തിന്റെ ചുവട്ടിലായിരുന്നു ഞങ്ങളുടെ സ്ഥിരതാവളം..ആ മരത്തിനോട്‌ ആദ്യദിനം മുതല്‍ക്കെ സുധയ്ക്ക്‌ എന്തോ ഒരു പ്രത്യേക അടുപ്പം തോന്നിയിരുന്നു. ഞങ്ങളുടെ ഹണിമൂണ്‍ കാലമായിരിന്നു അത്‌.

"വിശ്വേട്ടാ നമ്മുടെ സുന്ദരിമരം പൂത്ത്‌ നിറയെ ഉണ്ണികള്‍ വിരിയാന്‍ തുടങ്ങി.! ആദ്യമായി ഈന്തപ്പന പൂത്തുവിടര്‍ന്നു നില്‍ക്കുന്നതു കാണുന്ന ഒരു കൊച്ചുകുട്ടിയുടെ കൗതുകം തന്നെയായിരുന്നു അവളുടെ മുഖത്തും. തന്റെ വയറ്റിലും ഒരു ഉണ്ണി വിരിഞ്ഞു വളരാന്‍ തുടങ്ങിയെന്ന സന്തോഷം അവള്‍ എന്റെ ഹൃദയത്തില്‍ മന്ത്രിച്ചത്‌ അതേ മരത്തിന്റെ ചുവട്ടില്‍ വെച്ച്‌ തൊട്ടടുത്ത വെള്ളിയാഴ്ചയായിരുന്നു. പൊതുസ്ഥലത്തുവെച്ച്‌ സന്തോഷം പൂര്‍ണ്ണമായും പ്രകടിപ്പിയ്ക്കാനാവാതെ വീര്‍പ്പുമുട്ടിയ എന്റെ എന്റെ മിഴികള്‍ ആദ്യം ദര്‍ശിച്ചത്‌ ആ ഈന്തമരത്തില്‍ വിടര്‍ന്നു വലുതാവാന്‍ തുടങ്ങിയ ഉണ്ണികളെയായിരുന്നു.--അതു ശരി,...നിങ്ങള്‍ രണ്ടു കൂട്ടുകാരികളും ഒരേ സമയത്തുതന്നെ പണി പറ്റിച്ചു അല്ലെ..--

ഉള്‍ക്കടലില്‍നിന്നും ഉപ്പുകോരികൊണ്ടുവന്ന്‌ കടല്‍കാറ്റ്‌ ഈന്തമരത്തിന്‌ കന്നിഗര്‍ഭശുശൃഷ ചെയ്യുന്ന സമയമായിരുന്നു അത്‌. കാറ്റിന്റെ ലാളനങ്ങളുടെ താളത്തില്‍ ലയിച്ച്‌ എല്ലാം മറന്ന്‌, ഞങ്ങളുടെ സംഭാഷണത്തില്‍ കൗതുകം പൂണ്ട്‌ തലയാട്ടി നില്‍ക്കുകയായിരുന്നു ആ കൊച്ചു ഈന്തപ്പനസുന്ദരിയപ്പോള്‍.

നാളുകള്‍ കടന്നുപോയി. ആ മരം വളര്‍ന്നു. അതിന്റെ ചുവട്ടിലാണ്‌ മാളുട്ടി ആദ്യമായി ഒറ്റയടിവെച്ചു നടക്കാന്‍ പഠിച്ചത്‌. ഒരു ശൈത്യകാലം. ഫ്ലാറ്റില്‍നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത ദിനങ്ങള്‍. തണുപ്പുകുറഞ്ഞ ചെറിയൊരിടവേളയില്‍ ഒരുപാടു നാളുകള്‍ക്കുശേഷം ആ വെള്ളിയാഴ്ച കോര്‍ണിഷിലെത്തി ഞങ്ങള്‍.

--" വിശ്വേട്ടാ, നമ്മുടെ സുന്ദരി,.അവള്‌.".---- ഒരു ഞെട്ടലോടെ വാക്കുകള്‍ മുഴുമിപ്പിയ്ക്കാനാവാതെ സുധ വിതുമ്പി. സങ്കടംകൊണ്ട്‌ കാറില്‍നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായി അവള്‍. ആ മരം മാത്രമല്ല കോര്‍ണീഷ്‌ നവികരണത്തിന്റെ ഭാഗമായി ആ പ്രദേശത്തെ എല്ലാ മരങ്ങളും മുറിച്ചു മാറ്റപ്പെട്ടിരുന്നു.ആസുരഭാവം പൂണ്ട ജേസിബി കരാളഹസ്തങ്ങള്‍ ഒരു യുദ്ധഭൂമി പോലെ ഉഴുതുമറിച്ചിട്ടിരിയ്ക്കുകയായിരുന്നു അവിടമാകെ. അവിടെയിവിടെയായി ഉണങ്ങാതെ ചിതറിക്കിടക്കുന്ന ഈന്തപനയോലകള്‍, ചില്ലകള്‍. പെട്ടന്നു വീശിയടിച്ച ശീതക്കാറ്റില്‍ വാടിയ ഈന്തപനയോലകളില്‍ നിന്നും ഒരിതള്‍ കാറിന്റെ ഫ്രണ്ട്‌ ഗ്ലാസ്സില്‍ സുധയുടെ മുന്നില്‍തന്നെ തന്നെ പറന്നുവന്നിരുന്ന്‌ എന്തോ മന്ത്രിയ്ക്കാന്‍ ബാക്കിയുണ്ടെന്നപോലെ മെല്ലെ ആടിയുലഞ്ഞു. അതുകണ്ട്‌ അവളുടേ തേങ്ങലിനു ശക്തി കൂടി. ആ നിമിഷം എന്റെ മനസ്സുമൊന്നു പിടഞ്ഞു.

പരസ്പരം ഒന്നും ഉരിയാടാതെ, കോര്‍ണീഷിന്റെ തീരങ്ങളിലെ തിരക്കു കുറഞ്ഞ വീഥികളിലൂടെ വെറുതെ കുറേനേരം ഡ്രൈവ്‌ ചെയ്തലഞ്ഞു .കണ്ണുനീര്‍ത്തുള്ളികളുടെ ചൂടില്‍ കരുവാളിയ്ക്കാന്‍ തുടങ്ങിയ മുഖം പൊത്തി സന്ധ്യ കടലില്‍ പോയ്‌മറഞ്ഞശേഷമാണ്‌ ഞങ്ങള്‍ ഫ്ലാറ്റിലേയ്ക്ക്‌ മടങ്ങിയത്‌. ഒരു നക്ഷത്രക്കുരുന്നിനെപോലും കണ്ണുചിമ്മി കളിയ്ക്കാനനുവദിയ്ക്കാതെ കറുത്ത കമ്പളം വാരിപ്പുതപ്പിച്ച്‌ ആകാശം നേരത്തെ ഉറങ്ങാന്‍ കിടന്ന ഒരു അമാവാസി രാവായിരുന്നു അത്‌. നവീകരിച്ച്‌ കുട്ടികളുടെ ഫണ്‍ സിറ്റി ആക്കി മാറ്റിയ ആ ഭാഗത്തേയ്ക്ക്‌ പിന്നെ ഒരിയ്ക്കലും പോയിട്ടില്ല ഞങ്ങള്‍. അങ്ങിനെ ഓര്‍ത്തോര്‍ത്ത്‌ പറയാന്‍ തുടങ്ങിയാല്‍ എത്രയെത്ര അനുഭവങ്ങള്‍. നാട്ടില്‍ തറവാട്ടുപറമ്പിലെ മണ്ണിനെ സ്നേഹിയ്ക്കുന്ന അതെ വികാരത്തോടെ ഇവിടുത്തെ മണല്‍തരികളേയും സ്നേഹിയ്ക്കാന്‍ പഠിച്ചിരിയ്ക്കുന്നു. ഈ ഭൂപ്രദേശവുമായി വല്ലാത്തൊരാത്മബന്ധം വളര്‍ന്നിരിയ്ക്കുന്നു..

അറിയാം വിശ്വേട്ടാ, എനിയ്ക്കു മനസ്സിലാകുന്നു. പൊരുത്തമുള്ള മനസ്സുകളുടെ ഒത്തുചേരലില്‍ ഏതു മണല്‍ക്കാടും പൂങ്കാവനമായി മാറും ...സത്യത്തില്‍ നമ്മള്‍തമ്മില്‍ പരിചയപ്പെട്ട അന്നു മുതല്‍ ഞാന്‍ ഒരുപാടു കൗതുകത്തോടെ,.നേരിയ അസൂയയോടെ ശ്രദ്ധിയ്ക്കാറുണ്ട്‌ നിങ്ങളുടെ ദാമ്പത്യം. വിശ്വേട്ടന്‍ പറഞ്ഞില്ലെ കോടികളുടെ ആസ്തികളെപറ്റിയൊക്കെ .ശരിയാണ്‌,അത്‌ ബിസിനെസ്സിന്റെ പ്രത്യേകതയാണ്‌. അവിടെ വളര്‍ച്ചയുടെ കണക്കുകള്‍ സമാന്തര പ്രോഗ്രഷനുമപ്പുറം സമഗുണിതപ്രോഗ്രഷനും കടന്നു മുന്നോട്ടു കുതിയ്ക്കും. പക്ഷെ, അതിലുമൊക്കെ എത്രയൊ ശ്രേഷ്ഠവും മഹത്ത്വരവുമാണ്‌ ഉത്തമമായൊരു ദാമ്പത്യബന്ധം. അതിനുള്ള ഭാഗ്യം ജീവിതത്തില്‍ എല്ലാവര്‍ക്കും കിട്ടില്ല അത്‌. പറയുവാനാണെങ്കില്‍ ഒരുപാടു പറയാനുണ്ട്‌ വിശ്വേട്ടാ എനിയ്ക്കും.

മോളിയുടേയും റീത്തയുടെയുടേയും കെട്ടിയവന്മാര്‍ക്ക്‌ നാട്ടില്‍നിന്നാല്‍ ഒരു ഗതിയുമുണ്ടാകില്ല തോമസുട്ടി,...നീ എങ്ങിനെയെങ്കിലും അവരെ അക്കരെയ്ക്കൊന്നു കൊണ്ടുപോ..മോളിയുടെ കെട്ടിയവന്‌ മദ്യപാനം,ചീട്ടുകളി,...ഇനി ഇല്ലാത്ത ദുശീലങ്ങളൊന്നുമില്ല, റീത്തയുടെ മാപ്പിളയാണെങ്കില്‍ വല്ലാത്തൊരു പാവത്താനുമായിപോയി,..അമ്മച്ചി പറയുന്നതു മോനു മനസ്സിലാകുന്നുണ്ടോ..-- ഫോണില്‍ കൂടിയുള്ള അമ്മച്ചിയുടെ നിരന്തരമായുള്ള ആവാലതികളില്‍ ന്യായുമുണ്ടെന്നു തോന്നാന്‍ തുടങ്ങി.അധികം വൈകാതെ അവരെ രണ്ടുപേരേയും ഇങ്ങോട്ടു കൊണ്ടുവന്നു....രണ്ടുപേര്‍ക്കും സ്വന്തമായി ബക്കാലകളേര്‍പ്പാടാക്കികൊടുത്തു...ഇപ്പോഴതു സൂപ്പര്‍മാര്‍ക്കറ്റായി വളര്‍ന്നു...അവരും അങ്ങിനെ പച്ചപിടിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. സ്ക്കൂള്‍ ടീച്ചറായ സോഫിയയ്ക്ക്‌ ഒരു വക്കീലിനെത്തന്നെ വരനായി കിട്ടണമെന്നുള്ളത്‌ എന്റെ ഒരു മോഹമായിരുന്നു. അങ്ങിനെ അറിയപ്പെടുന്ന യുവ അഭിഭാഷകന്‍ ടോമിപുളിയ്ക്കന്‍ എന്റെ ഇളയ അളിയനുമായി. എനിയ്ക്കണിയാന്‍ യോഗമില്ലാതെപോയ ആ കറുത്തകുപ്പായം ഞങ്ങളുടെ വീടിന്റെ അകത്തളത്തിലെ ഡ്രസ്സ്‌ സ്റ്റാന്‍ഡില്‍ തൂങ്ങികിടക്കുന്നതു കണ്ട്‌ നിര്‍വൃതിയടഞ്ഞു ഞാന്‍. അങ്ങിനെ വിചാരിയ്ക്കുന്ന ഏതു കാര്യവും നടപ്പാക്കാന്‍ പറ്റുന്ന ഒരവസ്ഥയിലെയ്ക്കു വളര്‍ന്നിരിയ്ക്കുന്നു നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയായി മാറിയ ഈ തോമസുട്ടി.
എന്നിട്ടോ...!.എന്തു നേടി..? ആകെ കൂട്ടിക്കിഴിച്ചു വരുമ്പോള്‍ കുറെ പണം, സമൂഹത്തില്‍ മാന്യത. ഒരു ഭാഗത്ത്‌ സമ്പത്ത്‌ കുമിഞ്ഞുകൂടുമ്പോള്‍ മറുഭാഗത്ത്‌ മറ്റു പലതു ചോര്‍ന്നു പോകാന്‍ തുടങ്ങുന്നു എന്ന തിരിച്ചറിവ്‌ മനസ്സിനെ വല്ലാതെ പിടിച്ചുലയ്ക്കുന്നു. കലാലയജീവിതം.ആദര്‍ശം..! അതൊന്നുമല്ല വിശ്വേട്ടാ..അതൊക്കെ എന്നോ മറന്നു കഴിഞ്ഞ അദ്ധ്യായങ്ങള്‍.

പുതിയതായി ഷെയറെടുത്തു തുടങ്ങിയ മാന്‍പവര്‍ സപ്ലൈ കമ്പനിയില്‍ തുച്ഛവില കൊടുത്തു വാങ്ങി തൊഴുത്തിലിട്ടെന്നപോലെ സൂക്ഷിയ്ക്കുന്ന മനുഷ്യജീവികളുടെ മണിക്കൂറുകള്‍ക്കു വിലപേശി വന്‍തുക വാങ്ങി വലിയ കമ്പനികളിലേയ്ക്ക്‌ ആട്ടിതെളിയ്ക്കുമ്പോള്‍ ചിലപ്പോഴൊക്കെ എന്റെ മനസ്സിലേയ്ക്കു ഞങ്ങളുടെ പഴയ കാളകള്‍, വെളുമ്പനും എണ്ണമയിലിയും കടന്നു വരും..നിസ്സഹായരായ ഈ മനുഷ്യജീവികളുടെ കണ്ണുകളിലും അവയുടെ കണ്ണുകളിലെ അതെ ദൈന്യത തളംകെട്ടി നില്‍ക്കുന്നതായി തോന്നും..മനസ്സ്‌ അസ്വസ്ഥമാകുന്ന അത്തരം വൈകുന്നേരങ്ങളില്‍ ഒരു സെവന്‍ -അപ്‌ ബോട്ടിലുകൊണ്ടൊന്നും ഉറക്കം വരില്ല. ഇരുപതുവര്‍ഷം മുമ്പ്‌ മനുഷ്യാവകാശങ്ങളെക്കുറിച്ചും മനുഷ്യവിഭവശേഷിയുടെ മഹത്വത്തെക്കുറിച്ച്‌ ഉദാഹരണസഹിതം സവിസ്തരം പ്രസംഗിച്ച്‌ കേരളവര്‍മ്മ കോളേജിലെ ആല്‍മരങ്ങളെയും,മാമ്പൂക്കളെയും ഒരുപോലെ കോരിത്തരിപ്പിച്ച തോമസുട്ടിയ്ക്കു വന്ന മാറ്റം..! മുഖത്തെ ആ താടി മാത്രമുണ്ട്‌ ബാക്കിയായി. .അതും അവിടെയിവിടെ നരയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.

--"അച്ചായോ ഒന്നുകില്‍ അതങ്ങ്‌ വടിച്ചു കളയ്‌,..അല്ലെങ്കില്‍ ഏതെങ്കിലും കരി വാങ്ങിതേച്ച്‌ അതൊന്നു മെനയാക്കിയെടുക്ക്‌... ഇതൊരുമാതിരി വയസ്സന്മാരുടെ കൂട്ട്‌.---മേഴ്‌സിയുടെ പരിഹാസം കേട്ടു മടുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.

വര്‍ഷങ്ങള്‍ താണ്ടിയുള്ള സഞ്ചാരത്തിനിടയില്‍ കാലം എന്നില്‍ വരുത്തിയ മാറ്റങ്ങളുടെ സാക്ഷിപത്രങ്ങളാണ്‌ വെള്ള കയറാന്‍ തുടങ്ങിയ ഈ താടിരോമങ്ങള്‍. അതില്‍ കരിവാരിതേച്ച്‌ മുഖം മിനുക്കി എന്തിനു ഞാന്‍ വര്‍ത്തമാനകാലത്തില്‍നിന്നും പിന്തിരിഞ്ഞു നില്‍ക്കാന്‍ ശ്രമിയ്ക്കണം.

--തോമസുട്ടി ഇത്രചെറുപ്പത്തില്‍ എങ്ങിനെയാടാ നിനക്ക്‌ ഇത്രമാത്രം താടിയും മീശയും വളരാന്‍ തുടങ്ങിയത്‌. കരടിയുടെ ജന്മമായിരിയ്ക്കും,.നല്ല വെളുത്ത്‌ സുന്ദരനായ കരടി. ഉള്ളതു പറയമല്ലോ... നിന്റെ ഈ താടിയുടെ ചന്തം മാത്രം മതി മോനെ ഏതു പെണ്ണിനും നിന്നോടു പ്രേമം തോന്നാന്‍,...എന്നുകരുതി ഏതെങ്കിലുമൊക്കെ പെണ്ണിനെ കയറിയങ്ങു പ്രേമിയ്ക്കാന്‍ പോയാല്‍..? വിവരമറിയും നീ...സോണിയ ആരാണെന്ന്‌ അപ്പോഴറിയും.-- വല്ലാത്ത ഭ്രമമായിരുന്നു എന്റെ കാന്താരിമുളകിന്‌..സോണുവിന്‌ ഈ താടിയോട്‌.

സത്യത്തില്‍ സോണിയയെ ഞാന്‍ എന്നോ മറന്നു കഴിഞ്ഞതാണ്‌. ആദ്യം മുതലെ മേഴ്‌സിയെ ഞാന്‍ സ്നേഹിച്ചിരുന്നു...ഇന്നും സ്നേഹിയ്ക്കുന്നു. പക്ഷെ എന്നിട്ടും എവിടെയൊക്കയൊ പിഴയ്ക്കുന്നു. അവളുടെ കുറ്റമല്ല....ആരുടെയും കുറ്റമല്ല. പക്ഷെ ഞങ്ങളുടെ സ്വഭാവങ്ങളിലെ പൊരുത്തകേടുകള്‍. എന്തോ എത്ര ശ്രമിച്ചിട്ടും കൃത്യമായി വിശകലനം ചെയ്യാന്‍ കഴിയുന്നില്ല.എന്തിനൊക്കെയൊവേണ്ടി പരസ്പരം വാശിയോടെ മല്‍സരിച്ചോടുന്നു ഞാനും മേഴ്‌സിയും ക്രമേണ അകന്നകന്നുപോകുന്നു. പണ്ട്‌ മല്‍സരബുദ്ധിയോടെയുള്ള നെട്ടോട്ടം ആവശ്യമായിരുന്നു,..അന്ന്‌പരസ്പരാധാരണയുമുണ്ടായിരുന്നു...ലക്ഷ്യബോധമുണ്ടായിരുന്നു.പക്ഷെ ഇന്ന്‌. പരസ്പരധാരണയില്ലതെ തുടരുന്ന യാത്രയില്‍ തികച്ചു അപരിചിതരാകാന്‍ തുടങ്ങുന്നതു പോലെ. യാന്ത്രികമായി ഉരുളുന്നു ചക്രങ്ങള്‍. പാളങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിച്ചതുപോലെ ഒരു തോന്നല്‍ മനസ്സില്‍ ഭീതിയുണര്‍ത്തുന്നു. പാളങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടായതു പോലെ ആടിയുലയുന്നു പലപ്പോഴും ദാമ്പത്യം. ബന്ധങ്ങളും ബന്ധപ്പെടലുകളും പലപ്പോഴും ചടങ്ങുകള്‍ മാത്രമാകുന്നു. എല്ലാത്തിലും ഒരു തരം മടുപ്പ്‌ പ്രകടമാകാന്‍ തുടങ്ങുന്നു.

നിത്യവും കേള്‍ക്കുന്ന ഗാനത്തിന്‌ നിരന്തരമായി താളം നഷ്ടപ്പെട്ട്‌ സ്നേഹനിരാസത്തിന്റെ അപശ്രുതി പടര്‍ന്ന്‌ നിലയ്ക്കാന്‍ തുടങ്ങുമ്പോള്‍ മനസ്സിന്റെ ശൂന്യതയിലേയ്ക്ക്‌ പണ്ടെന്നോ മോഹിച്ച്‌ പൂര്‍ണ്ണമായും കേള്‍ക്കാന്‍ കഴിയാതെപോയ ഗാനത്തിന്റെ മാധുര്യം കിനിയുന്നതു മനുഷ്യസഹജമല്ലെ വിശ്വേട്ടാ .അങ്ങിനെയാണ്‌ പലപ്പോഴും സോണിയ എന്റെ ചിന്തകളില്‍ വീണ്ടും കടന്നു വരാന്‍ തുടങ്ങിയത്‌.-- ഒരു നിമിഷം നിശ്ശബ്ദനായി തോമസ്സുട്ടി.

"എടാ തോമസുട്ടി, നീ എപ്പോഴെങ്കിലും വെറുതെ ഒരു രസത്തിന്‌ സോണിയയെപ്പറ്റി മേഴ്‌സിയോട്‌ പറഞ്ഞിട്ടുണ്ടോ."

"ഇല്ല വിശ്വേട്ടാ,.എനിയ്ക്കറിഞ്ഞുകൂടെ പെണ്ണുങ്ങളുടെ മനസ്സ്‌. ഇതതൊന്നുമല്ല...സ്നേഹക്കുറവുമല്ല...അവിശ്വാസത്തിന്റെ പ്രശ്നങ്ങളുമില്ല...പക്ഷെ, അവള്‍ക്ക്‌ എല്ലാറ്റിലും വലുത്‌ അവളുടെ പ്രൊഫഷനാണ്‌. ജോലിയുപേക്ഷിച്ച്‌.ഒരു വീട്ടമ്മയുടെ റോളില്‍ മക്കള്‍ക്കു താങ്ങായി....എനിയ്ക്കു തണലും കുളിരുമായി സ്വസ്ഥമായികഴിയുന്ന കാര്യം അവള്‍ക്കു ആലോചിയ്ക്കാന്‍ പോലും കഴിയുന്നില്ല. ഇല്ലായ്മയുടെ കാലത്ത്‌ തുണയായി നിന്ന പ്രൊഫെഷനോടുള്ള അവളുടെ ആത്മബന്ധം അതെന്നിയ്ക്കു മനസ്സിലാക്കാനും അംഗീകരിയ്ക്കാനും കഴിയും. പക്ഷെ ഇന്നവളുടെ മോഹങ്ങള്‍ അതിരുകടക്കുന്നു. യൂറോപ്പിലും ആസ്ട്രേലിയായിലും മറ്റും പോയി സെറ്റില്‍ ചെയ്ത കൂട്ടുകാരികള്‍ക്കൊപ്പം അക്കരപ്പച്ചകള്‍ തേടാനൊരുങ്ങുന്നു. എന്തിനുവേണ്ടി.! .ആവശ്യത്തില്‍ കൂടുതല്‍ ഈ മണല്‍നഗരത്തില്‍ നിന്നും കോരിയെടുക്കാന്‍ കഴിയുന്നുണ്ടല്ലോ എനിയ്ക്ക്‌. എന്നെ മനസ്സിലാക്കുന്നില്ല അവള്‍, എന്റെ ഇഷ്ടങ്ങളെ, അഭിപ്രായങ്ങളെ അംഗികരിയ്ക്കുന്നില്ല....എല്ലാം തന്നിഷ്ടത്തിനു ചെയ്യാനൊരുങ്ങുന്നു..അതാണ്‌ വിശ്വേട്ടാ എന്നെ ഏറേ ദുഃഖിപ്പിയ്ക്കുന്നത്‌.
ജീവിതം തുടങ്ങിയ ആദ്യനാളുകളില്‍ പിടിച്ചുനില്‍ക്കാനുള്ള ബദ്ധപ്പാടിനിടയില്‍ പരസ്പരം മനസ്സുതുറക്കാന്‍,.മനസ്സിലാക്കാന്‍, വിശ്വാസമാര്‍ജിയ്ക്കാന്‍, എന്തിനേറെ ചേര്‍ത്തുനിര്‍ത്തി തലോലിച്ചു ബന്ധം അരക്കിട്ടുറപ്പിയ്ക്കാന്‍ പോലും വേണ്ടത്ര സമയം കണ്ടെത്താതെ പോയി..ഷിഫ്റ്റടിസ്ഥാനത്തില്‍, ഘടികാരത്തിന്റെ സൂചികള്‍പോലെ തീര്‍ത്തും യാന്ത്രികമായി ഒരുപാടു നാളുകളിലെ ഒറ്റയ്ക്കുള്ള ഒഴുക്കായിരുന്നല്ലൊ ഞങ്ങളുടേത്‌. ഒരു പക്ഷെ അതവളുടെ മനസ്സിനെ സ്വാധീനിച്ചിരിയ്ക്കാം.എന്റെ തെറ്റുകള്‍ തന്നെയാണത്‌. ഞാനതു മനസ്സിലാക്കുന്നു വിശ്വേട്ടാ..ഇയ്യിടെയായി മേഴ്‌സിയ്ക്കു പുതിയൊരു ശീലവും കൂടി തുടങ്ങിയിരിയ്ക്കുന്നു. അമിതമായ ഭക്തി, പ്രാര്‍ത്ഥന, ഉപവാസം....അവധിയുള്ള ദിവസങ്ങളില്‍ വ്യഴാഴ്ച വൈകുന്നേരം അവളുടെ കൂട്ടുകാരി സൂസിയുടെ ഫ്ലാറ്റില്‍ രാവു മുഴുവന്‍ തുടരുന്ന പ്രാര്‍ത്ഥനയും ഉപവാസവും ചിലപ്പോള്‍പിറ്റെ ദിവസം ഉച്ചവരെ നീണ്ടു നില്‍ക്കും.

-അവധിദിനങ്ങളില്‍ ഒന്നിച്ചിരിയ്ക്കാന്‍ അപൂര്‍വ്വമായി മാത്രം വീണു കിട്ടുന്ന അവസരങ്ങള്‍. അത്‌ അച്ചായനോടും മക്കളൊടുമൊപ്പം ചിലവഴിയ്ക്കുന്നതിനു പകരം. ഇത്രമാത്രം ഉപവസിയ്ക്കാനും പ്രാര്‍ത്ഥിയ്ക്കാനും എന്താണുള്ളത്‌ മോളെ .അതിനുതക്കവണ്ണം പ്രായമൊന്നും ആയില്ലല്ലൊ മേഴ്‌സി നമുക്ക്‌--

"അച്ചായോ...ദൈവത്തിനു നിരക്കാത്ത വര്‍ത്തമാനമൊന്നും പറയരുത്‌....ഇന്നീ കാണുന്ന ഐശ്വര്യങ്ങള്‍ക്കൊക്കെ കാരണം കര്‍ത്താവിന്റെ അനുഗൃഹമാണെന്ന കാര്യം മറക്കരുത്‌...അച്ചായനെ പറഞ്ഞിട്ടും കാര്യമില്ല....ഇതെല്ലം പഠിയ്ക്കേണ്ട പ്രായത്തില്‍ കൊടിയും പിടിച്ച്‌ ഇങ്കുലാബും വിളിച്ച്‌ ദൈവനിഷേധവും പറഞ്ഞു നടന്ന ശീലമല്ലെ ഉള്ളു."

ദൈവനിഷേധം കൊണ്ടായിരുന്നില്ല..മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗികരിയ്ക്കാനും മനസ്സിലാക്കാനുമുള്ള പാകതയും പക്വതയുമൊക്കെ മനസ്സിനു കൈവന്നിട്ടുണ്ട്‌. പക്ഷെ,അവള്‍ വിശ്വസ്സിയ്ക്കുന്ന ദൈവമായിട്ടു കൂട്ടിചേര്‍ത്തു തന്ന ജീവിതം അതാസ്വദിയ്ക്കേണ്ട ആദ്യനാളുകളില്‍ വേണ്ടത്ര ആസ്വദിയ്ക്കാന്‍ കഴിഞ്ഞില്ല..ഇപ്പോള്‍ അതിനുള്ള അവസരം ഒത്തു വന്നപ്പോള്‍.!
അന്തിയാവോളം ചവറടിച്ചുകൂട്ടിയിട്ട്‌. അത്‌ കത്തിച്ചു തീ കാഞ്ഞ്‌ കുളിരകറ്റാന്‍ യോഗമില്ലാതെ തണുത്തു വിറങ്ങലിച്ചിരിയ്ക്കേണ്ടിവരുന്നവരെക്കുറിച്ചു കേട്ടിട്ടില്ലെ..വല്ലാത്തൊരു നിയോഗമാണവരുടേത്‌...അതു തന്നെയാണ്‌ വിശ്വേട്ടാ എന്റെ അവസ്ഥയും..

ബാച്ചിലര്‍ ലൈഫിലെ ഇല്ലായ്മയുടെ കാലത്ത്‌ കമ്പനിയ്ക്കായി ഒരു രസത്തിനുവേണ്ടി തുടങ്ങിയതാണ്‌ മദ്യവുമായുള്ള ഈ സൗഹൃദം...പിന്നെപിന്നെ 12 മണിക്കൂര്‍ ഡ്യൂട്ടി നല്‍കുന്ന മേലുവേദനയ്ക്കൊരാശ്വസമായി മാറുകയായിരുന്നു. ഇന്നതു മനസ്സിന്റെ നൊമ്പരങ്ങള്‍ക്ക്‌ താല്‍ക്കാലികാശ്വസം നല്‍കാന്‍ കഴിയുന്ന ദിവ്യാഔഷധമായി മാറിയിരിയ്ക്കുന്നു.

കാശായി, മാന്യതയുമായി.മദ്യം മാത്രമല്ല എന്തും എത്ര വിലകൂടിയ ഇനവും വേണമെങ്കില്‍ വാങ്ങാന്‍ കഴിയുമെന്ന നിലയിലുമായി..പാലത്തിനക്കരെ ബഹുവര്‍ണ്ണമഴയില്‍ നീരാടി നില്‍ക്കുന്ന നഗരത്തിലേയ്ക്കും നീളാന്‍ തുടങ്ങി ആഘോഷങ്ങള്‍. പുതിയ ശീലങ്ങള്‍... രീതികള്‍..ലക്ഷ്യങ്ങള്‍...മാര്‍ഗങ്ങള്‍.. ആദര്‍ശം പ്രസംഗിച്ചു ആളുകളെ ആവേശംകൊള്ളിയ്ക്കാനല്ലാതെ "മറ്റൊന്നിനും കൊള്ളാത്ത" സോണിയയുടെ മെലിഞ്ഞു നീണ്ട പാവം തോമസുട്ടി ആളാകെ മാറിപോയിരിയ്ക്കുന്നു...രൂപത്തിലും ഭാവത്തിലും മാത്രമല്ല, സ്വഭാവത്തിലും..ഓര്‍ക്കുമ്പോള്‍ പേടി തോന്നുന്നു...ഇതെവിടെ ചെന്നവസാനിയ്ക്കും.?

**കൃഷ്ണാ നീ ബേഗനെ ബാരോ..**

ഞെട്ടിയുണര്‍ന്നു. സുധയുടെ റിങ്ങ്‌ടോണ്‍. മുറിയിലെ ഇരുട്ടില്‍ ടേബിളില്‍ മൊബയില്‍ തിളങ്ങി പിന്നെ വിറച്ചു.

"എല്ലാം കഴിഞ്ഞു വിശ്വേട്ടാ.. നല്ല മഴയാണിവിടെ..ശവമടക്കം കഴിഞ്ഞ്‌ സിമിത്തേരിയില്‍ നിന്നും ആളുകള്‍ പള്ളിയങ്കണത്തിന്‍ എത്തിയപ്പോഴേയ്ക്കും തുടങ്ങിയ മഴ ഇപ്പോഴും നിര്‍ത്താതെ പെയ്യുകയാണ്‌, തുലാവര്‍ഷമായല്ല. ഇടിയും മിന്നലും കാറ്റും കോലഹഹലങ്ങളൊന്നുമില്ലാതെ തിരുവാതിര ഞാറ്റുവേലയെന്നപോലെ കരുത്തോടെ, അണമുറിയാതെ... ശാന്തമായി..."-- സുധയുടെ ശബ്ദത്തിന്‌ വല്ലാത്ത തണുപ്പ്‌.

പെയ്യട്ടെ സുധേ, നിര്‍ത്താതെ പെയ്യട്ടെ. ആ മഴത്തുള്ളികളുടെ കുളിരില്‍ അവന്‍ നനഞ്ഞു കുതിരട്ടെ. കല്ലറകെട്ടി അലങ്കരിയ്ക്കും മുമ്പെ പച്ചമണ്ണിന്റെ ഗന്ധം മതിവരുവോളം നുകരട്ടെ.. ഋതുഭേദങ്ങളുടെ താളമേളങ്ങള്‍ അറിഞ്ഞാസ്വദിച്ചിട്ടില്ല ആ പാവം ഇതുവരെ. ഓട്ടമായിരുന്നു എന്നും.നെട്ടോട്ടം..അമ്മയ്ക്കും പെങ്ങന്മാര്‍ക്കും വേണ്ടി..ആദര്‍ശത്തിനും പ്രസ്ഥാനത്തിനും വേണ്ടി. കുടുംബത്തിനു വേണ്ടി.സുഹൃത്തുക്കള്‍ക്കുവേണ്ടി. പിന്നേയും ആര്‍ക്കൊക്കയോ വേണ്ടി.അവസാനം എന്തിനാണ്‌, എങ്ങോട്ടാണ്‌ എന്നറിയാത്ത അന്തമില്ലാത്ത കുതിപ്പിനിടയില്‍ കടിഞ്ഞാണ്‍ പൊട്ടിയതും ദിശ തെറ്റിയതുപോലും അറിഞ്ഞില്ല അവന്‍.  ഒടുവില്‍ ഈ മരുഭൂമിയില്‍.....- വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി..

"വിശ്വേട്ടാ..ലൈറ്റുപോലുമിടാതെ റൂമില്‍ ഒറ്റയ്ക്കിരുന്ന്‌ ഓരോന്നോര്‍ത്ത്‌ ഇങ്ങിനെ മനസ്സ്‌ വിഷമിപ്പിയ്ക്കാതെ ഏതെങ്കിലും ഫ്രണ്ട്‌സിന്റെ അടുത്തൊക്കെ ഒന്നു കറങ്ങി വരു..അതിനു ഇനി ആരാ വിശ്വേട്ടനവിടെ നല്ല ഫ്രണ്ടായുള്ളത്‌ അല്ലെ...മാളുട്ടിയെ ഹോസ്റ്റലിലാക്കി എത്രയും പെട്ടന്ന്‌ ഞാനങ്ങു തിരിച്ചുവന്നാലോ, അല്ലെങ്കില്‍ എല്ലാം അവസാനിപ്പിച്ച്‌ വിശ്വേട്ടനിങ്ങു പോന്നോളു..സമ്പാദ്യത്തിലും കരുതലിലും മറ്റും ഇത്രയേ കാര്യമുള്ളു എന്നു മനസ്സിലായില്ലെ"--- സുധയുടെ വാക്കുകളില്‍ ഉത്‌കണ്ഠ. അവള്‍ക്കറിയാം ഏതോരാള്‍ക്കൂട്ടത്തിനിടയിലും തീര്‍ത്തും ഒറ്റപ്പെട്ടുപോകുന്ന അവളുടെ വിശ്വേട്ടന്റെ മനസ്സ്‌.

സുധേ, നമ്മുടെ തൊട്ടടുത്ത ഫ്ലാറ്റില്‍ വന്ന പുതിയ താമസക്കാരെ ഒരു മാസമായിട്ടും ഇതുവരെ പരിചയപ്പെട്ടില്ല വിശ്വേട്ടന്‍, പക്ഷെ, നീ പോയതിനുശേഷം നെറ്റിലൂടെ ലോകം മുഴുവന്‍ സുഹൃത്തുക്കളെ നേടിയെടുക്കാന്‍ സമയം കണ്ടെത്തുന്നു..അന്റാര്‍ട്ടിക്ക മുതല്‍ ആര്‍ട്ടിക്‌ സമുദ്രത്തിന്റെ തീരം വരെ നീളുന്നു അവരുടെ നിര. ഒരര്‍ത്ഥത്തില്‍ ഏറെ ആഴത്തിലിറങ്ങാത്ത അത്തരം വിദൂര സൗഹൃദങ്ങളാണ്‌ എപ്പോഴും നല്ലത്‌. അപ്രതീക്ഷിതമായുണ്ടാകുന്ന വേര്‍പ്പാടിന്റെ വിരല്‍പ്പാടുകള്‍ ഒരിയ്ക്കലും ഹൃദയത്തില്‍ ആഴ്‌ന്നിറങ്ങി മുറിവുകളുണ്ടാക്കില്ല. സുഹൃദ്‌വലയത്തില്‍ നിന്നും ഒരാള്‍ അപ്രത്യക്ഷനായാല്‍പോലും ആരും ശ്രദ്ധിയ്ക്കില്ല. അയാള്‍ക്കെന്തുപറ്റി എന്നോര്‍ക്കാന്‍ നേരം കിട്ടാത്തവിധം ഊര്‍ജസ്വലരായ ഉറുമ്പിന്‍ക്കൂട്ടമെന്നപോലെ അണിവെച്ചു കടന്നു വരുന്ന പുത്തന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മതിമറന്നു സഞ്ചരിയ്ക്കുന്ന തിരക്കിലായിരിയ്ക്കും എല്ലാവരും.അതാണ്‌ ശരി..അതിനുമപ്പുറം എല്ലാം...?. ഒടുവില്‍ വെറുതെ ദുഃഖിയ്ക്കാന്‍ വേണ്ടി മാത്രം....

കണ്ണുകള്‍ നിറയുന്നു.റേഞ്ചു കുറഞ്ഞ മുറിയില്‍ തന്റെ തളര്‍ന്ന മനസ്സും കൂടിയാവുമ്പോള്‍ സുധയുടെ വാക്കുകള്‍ മുറിയുന്നു. അവ്യക്തത പടരുന്നു. നെറ്റില്‍ കയറണം അവളുമായി ഇനിയും കുറെനേരം സംസാരിച്ചിരിയ്ക്കണം.പിന്നെ മുഖപുസ്തകം തുറക്കണം..അതിന്റെ താളുകളിലെ പുഞ്ചിരിയ്ക്കുന്ന മുഖങ്ങളുമായി സൗഹൃദം പങ്കിടണം..അതൊക്കെയല്ലെ ഉള്ളു ഈ വരിഞ്ഞു മുറുക്കി വീര്‍പ്പുമുട്ടിയ്ക്കുന്ന ഈ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാന്‍ ഇനി ഈ മരുഭൂമിയില്‍ തനിയ്ക്ക്‌ ബാക്കി..


കൊല്ലേരി തറവാടി
09/11/2012

Sunday, October 28, 2012

മരുഭൂമിയിലെ ഇയ്യാംപാറ്റകള്‍... അദ്ധ്യായം-2 (തോമസുട്ടി തുടരുന്നു)

ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ഭീതി തോന്നുന്നവിധത്തില്‍ അശാന്തിയും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു ബാല്യം. ലക്ഷ്യമില്ലാതെ ഉരുളുന്ന കാളവണ്ടിചക്രങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമരാന്‍ വിധിയ്ക്കപ്പെട്ട നനഞ്ഞുകുതിര്‍ന്ന ചെമ്മണ്‍പാതയ്ക്കു സമാനം തകര്‍ന്നടിഞ്ഞു കിടക്കുകയായിരുന്നു കുടുംബാന്തരീക്ഷം. മുള്‍ക്കിരീടം ചൂടി, കൈകാലുകളില്‍ ചോരൊയൊലിപ്പിച്ചു തലയുംകുനിച്ചു തളര്‍ന്നു നില്‍ക്കുന്ന കര്‍ത്താവിന്റെ ദൈന്യത പൂര്‍ണ്ണമായും ആവാഹിച്ചെടുത്ത അമ്മയുടെ ചോര വറ്റിയ മുഖം. കുഴിയലാണ്ടുപോയ കണ്ണുകള്‍. ഗൃഹണിബാധിച്ചു വീര്‍ത്തവയറുകളും. വിളറിവെളുത്ത മുഖങ്ങളുമുള്ള മൂന്നു കൊച്ചനുജത്തിമാര്‍. അപ്പന്‍ ചുഴറ്റുന്ന ചാട്ടവാറിന്റെ താളത്തില്‍ ചലിയ്ക്കാന്‍ മാത്രമറിയാവുന്ന, വിശന്നൊട്ടി വാരിയെല്ലുപൊന്തിയ വയറുകളും പുറത്തേയ്ക്കു തുറിച്ച കണ്ണുകളും വലിയ കൊമ്പുകളുമുള്ള രണ്ടു മിണ്ടാപ്രാണികള്‍, എണ്ണമയിലിയും, വെളുമ്പനും. അതായിരുന്നു ഞങ്ങളുടെ കുടുംബം. പാവം ആ കാളകളെയും വീട്ടിലെ അംഗങ്ങളെപോലെതന്നെ സ്നേഹിച്ചിരുന്നു ഞങ്ങള്‍.

അമ്മയുടെ കണ്ണീര്‍ വീണുകുതിര്‍ന്ന, വറ്റു കുറഞ്ഞ്‌ വെള്ളം കൂടിയ അത്താഴക്കഞ്ഞിയ്ക്ക്‌ വല്ലാത്ത രുചിയായിരുന്നു. രാവേറുമ്പോള്‍ സ്വബോധമില്ലതെ വരുന്ന അപ്പന്‍ മടിശ്ശീലയില്‍ നിന്നും പുറത്തെടുക്കുന്ന പരിപ്പുവടയുടെ പൊതിയ്ക്ക്‌ വാറ്റുചാരയത്തിന്റെ നാറ്റമായിരുന്നു.പടികടന്നു വരുമ്പോഴെ "തോമഷുട്ട്യേ" എന്നു ഉറക്കെ വിളിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കും അപ്പന്‍. ചേര്‍ത്തുപിടിച്ച്‌ പരിപ്പുവടയുടെ പൊതിയെടുത്തു കയ്യില്‍തന്നിട്ട്‌ എന്നെ മാത്രം ലാളിയ്ക്കാന്‍ ആ അവസ്ഥയിലും ബോധമുണ്ടായിരുന്നു അപ്പന്‌. വാതില്‍പാളികള്‍ക്കപ്പുറത്ത്‌ മുനിഞ്ഞുകത്തുന്ന മണ്ണെണ്ണവിളക്കിന്റെ പുകചുരുളുകള്‍ക്കൊപ്പം അമ്മയുടെ മോഹങ്ങള്‍ ഘനിഭവിച്ചു നിര്‍ജ്ജീവമായ ഇടനെഞ്ചില്‍നിന്നുയരുന്ന ദീര്‍ഘനിശ്വാസം എന്റെ കൊച്ചുഹൃദയത്തില്‍ പടര്‍ന്നിറങ്ങി നൊമ്പരത്തിന്റെ അലകളയുര്‍ത്തുമായിരുന്നു ആനിമിഷങ്ങളില്‍.

പാവം പെങ്ങന്മാര്‍, പെണ്ണുങ്ങളായി പിറന്നതിന്റെ പേരില്‍ മാത്രം ലഭിയ്ക്കാതെ പോകുന്ന അപ്പന്റെ ലാളനയ്ക്കായി കൊതിയ്ക്കുന്ന അവരുടെ മുഖത്തെ പരിഭവവും പ്രതിഷേധവും തിരിച്ചറിയാനുള്ള വിവേകം ആ ചെറുപ്രായത്തിലെ എനിയ്ക്കുണ്ടായിരുന്നു. ഉറങ്ങുന്നതിനുമുമ്പ്‌ അവരെ അരികില്‍കിടത്തി ആശ്വസിപ്പിച്ച്‌ കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു ഞാന്‍. അവര്‍ക്കു കഥകള്‍ പറഞ്ഞുകൊടുക്കാന്‍ വേണ്ടി മാത്രം മനയ്ക്കലെ പ്രകാശന്റെ കയ്യില്‍ നിന്നും ബാലരമയും പൂമ്പാറ്റയും കടം വാങ്ങി വായിയ്ക്കുമായിരുന്നു . പൊന്നാങ്ങളയുടെ കഥ കേള്‍ക്കാതെ പെങ്ങളുട്ടിമാര്‍ക്ക്‌ ഉറക്കം വരില്ലായിരുന്നു അക്കാലത്ത്‌...

അങ്ങിനിയാണ്‌ വിശ്വേട്ടാ, എന്തു കിട്ടിയാലും വായിച്ചു മനസ്സിലാക്കനുള്ള ഒരു ത്വര എന്റെ മനസ്സില്‍ കടന്നു കൂടിയത്‌.പ്രകാശന്റെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ നേതാവായിരുന്നു. വലിയൊരു ഗ്രന്ഥശേഖരമുണ്ടായിരുന്നു അദ്ദേഹത്തിന്‌ സ്വന്തമായി. അവിടെനിന്നും വായിച്ച പുസ്തകങ്ങളിലൂടെ കമ്മ്യൂണിസ്റ്റാശയങ്ങള്‍ അന്നേ എന്റെ ചിന്തകളുടേ ജലധിയില്‍ ഓളങ്ങള്‍ സൃഷ്ടിയ്ക്കാന്‍ തുടങ്ങി. സാമൂഹ്യനീതിയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച യേശുകൃസ്തുവാണ്‌ ലോകത്തിലെ അറിയപ്പെടുന്ന ആദ്യ കമ്മ്യൂണിസ്റ്റ്‌. മാനവികതയും സമഭാവനയും മനസ്സില്‍ കാത്തു സൂക്ഷിയ്ക്കുന്ന യഥാര്‍ത്ഥ വിശ്വാസി ഉള്ളിന്റെയുള്ളില്‍ ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരിയ്ക്കും എന്നൊക്കെയുള്ള നമ്പൂതിരി സഖാവിന്റെ വിശദീകരണങ്ങള്‍ എന്റെ കുഞ്ഞുമനസ്സില്‍ കൗതുകമുണര്‍ത്തി. അങ്ങിനെ അന്ന്‌ വാല്‍സല്യംതുളുമ്പുന്ന ആ ഗുരുമുഖത്തുനിന്നും നിന്നും ഗ്രഹിച്ച ബാലപാഠങ്ങള്‍ ഇന്നും എത്രയൊക്കെ മാറിമറഞ്ഞാലും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

എത്രയും പെട്ടന്നു വലുതാവണം,..അമ്മയ്ക്കും പെങ്ങന്മാര്‍ക്കും താങ്ങും തണലുമാവണം. അതായിരുന്നു, അതുമാത്രമായിരുന്നു അക്കാലത്ത്‌ എന്റെ മനസ്സില്‍. എല്ലാംമറന്ന്‌ ഓടിക്കളിച്ചുതിമര്‍ത്തുനടന്ന ബാല്യകാലമൊന്നുമുണ്ടായിരുന്നില്ല എനിയ്ക്ക്‌. ആ പ്രായത്തിലെ ഉത്തരവാദിത്വബോധം വളരുകയായിരുന്നു, പക്വത കൈവരുകയായിരുന്നു. മാതൃഭൂമി ഏജന്റ്‌ കുന്നിക്കുരു ഡേവീസേട്ടന്റെ പത്രവിതരണം നടത്തികൊണ്ടായിരുന്നു ഓരോ ദിവസത്തിന്റേയും തുടക്കം. അങ്ങിനെ കിട്ടുന്ന കാശു കൊണ്ടായിരുന്നു പുസ്തകങ്ങളും ഒപ്പം പെങ്ങന്മാര്‍ക്കുള്ള ചാന്തും പൊട്ടും വളയും എല്ലാം വാങ്ങിയിരുന്നത്‌..അത്തരം സാധങ്ങളോടൊക്കെ അന്നേ വല്ലാത്ത കമ്പമായിരുന്നു അവര്‍ക്ക്‌,.പ്രത്യേകിച്ചും റീത്തയ്ക്ക്‌.

ക്രമേണ നല്ലകാലത്തിന്റെ പുലര്‍വെളിച്ചം ഞങ്ങളുടെ വീട്ടിലേയ്ക്കും കടന്നു വരാന്‍ തുടങ്ങി. പൂക്കോടന്‍ ഫ്രാന്‍സിസ്‌ മുതലാളിയുടെ മരകമ്പനിയിലെയ്ക്കു കൂപ്പില്‍നിന്നും തടികയറ്റികൊണ്ടുവരുന്ന പണി അപ്പന്‌ നിത്യവുംകിട്ടാന്‍ തുടങ്ങി .വീട്ടിലെ അടുപ്പില്‍ മൂന്നു നേരവും തീ പുകഞ്ഞു. ഇതിനിടെ പോട്ടയില്‍ ധ്യാനം കൂടാന്‍ പോയതോടെ അപ്പന്റെ മുഴുകുടിയ്ക്കും ശമനമായി..കര്‍ത്താവിന്റെ രൂപത്തിനുമുമ്പില്‍ നന്ദിപൂര്‍വ്വം കത്തിയുരുകുന്ന മെഴുകുതിരിനാളത്തിന്റെ പ്രകാശത്തില്‍ വീണ്ടും രക്തപ്രകാശം നിറയാന്‍ തുടങ്ങിയ അമ്മയുടെ മുഖം വിടര്‍ന്നുതിളങ്ങാന്‍ തുടങ്ങി.

കാലം പിന്നേയും അപ്പനില്‍ അത്ഭുതകരമാവിധം മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. അപ്പന്റെ കുടുംബസ്വത്ത്‌ ഭാഗം വെച്ചുകിട്ടിയ കാശും, ഫ്രാന്‍സിസ്‌മുതലാളി മനസ്സറിഞ്ഞു ചെയ്ത കൈവായ്പസഹായവും...പിന്നെ നാരായണന്‍നമ്പൂതിരി പ്രസിഡന്റായ സഹകരണബാങ്കില്‍ നിന്നും അദ്ദേഹത്തിന്റെതന്നെ ജാമ്യത്തില്‍ അനുവദിച്ചു കിട്ടിയ ലോണും എല്ലാം കൂട്ടിചേര്‍ത്തു അപ്പന്‍ എങ്ങിനെയോ ഒരു പഴയ ലോറി വാങ്ങി. നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ കാളവണ്ടിയില്‍ നിന്നും ലോറിയിലേയ്ക്ക്‌ അങ്ങിനെ അപ്പനു സ്ഥനക്കയറ്റം കിട്ടി.

വീടിന്റെ തെക്കുഭാഗത്തുണ്ടായിരുന്ന തൊഴുത്ത്‌ നവീകരിച്ചു ലോറിഷെഡ്ഡായ്ക്കി മാറ്റി. രാവിലെ കാളകള്‍ക്കു കാടിയും തവിടും കലക്കി കൊടുക്കുക എന്ന ഉത്തരവാദിത്വം അവസാനിച്ചു. പകരം ലോറി കഴുകി വെടുപ്പാക്കുക എന്ന പുതിയ ജോലി ഒരാഘോഷമാക്കി മാറ്റുകയായിരുന്നു ഞാനും, മോളിയും, റീത്തയും,സോഫിയായും. .എല്ലാം കഴിയുമ്പോഴെയ്ക്കും ആകെ നനഞ്ഞുകുളിച്ചിരിയ്ക്കും പൊന്നാങ്ങളയും പെങ്ങന്മാരും.

അതിനിടയില്‍ സെന്റ്‌ ആന്റണീസ്‌ ഹൈസ്കൂള്‍ ലീഡറായിരുന്ന ഈ തോമസുട്ടി സ്കൂളില്‍ ഒന്നാമനായി ഫസ്റ്റ്‌ ക്ലാസോടെ പത്താംക്ലാസ്‌ പാസായി. അതൊരു സംഭവം തന്നെയായിരുന്നു വിശ്വേട്ടാ. നിറഞ്ഞ ആത്മവിശ്വാസവുമായി കേരളവര്‍മ്മയുടെ പടിവാതില്‍ തലയെടുപ്പോടെതന്നെ നടന്നു കയറി. ബാല്യത്തിനും കൗമാരത്തിനുമപ്പുറം യൗവനത്തിന്റെ പടവുകള്‍ ലക്ഷ്യബോധത്തോടെ ചവിട്ടികയറാന്‍ തുടങ്ങിയത്‌ പിന്നെ വളരെ പെട്ടന്നായിരുന്നു. വക്കീലന്മാരണിയുന്ന കറുത്തകോട്ട്‌ സ്വപ്നങ്ങളില്‍ നിറഞ്ഞ്‌ നിന്ന്‌ മോഹിപ്പിയ്ക്കാന്‍ തുടങ്ങി.

"നിനക്കതു നന്നായി ചേരുന്ന പ്രൊഫെഷനാ തോമസ്സുട്ടീ...സംസാരിച്ചു ആളുകളെ മയക്കിയെടുക്കാന്‍ വിരുതനല്ലെ നീ, .മൈക്കിലൂടെ വാക്കുകള്‍കൊണ്ടമ്മാനമാടി ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുപോലെ വശീകരിച്ച്‌ റഷ്യയിലേയും ക്യൂബയിലേയും വിപ്ലവപ്പൂക്കള്‍ വിരിയുന്ന തെരുവുകളിലേയ്ക്ക്‌ ആവാഹിച്ചുകൊണ്ടുപോകാനും നല്ല മിടുക്കല്ലെ നിനക്ക്‌. മൈക്കിന്‌ മുമ്പില്‍ നീ വാചാലനാകാന്‍ തുടങ്ങുമ്പോള്‍ ഈ കാമ്പസ്സിലെ മാമരങ്ങള്‍ പോലും ശബ്ദമടക്കി കാതു കൂര്‍പ്പിയ്ക്കുന്നുണ്ടെന്ന്‌ തോന്നാറുണ്ടെനിയ്ക്ക്‌, ആവേശം കൊടുമ്പിരികൊള്ളുന്ന നിമിഷങ്ങളില്‍ മാമ്പൂക്കള്‍ വരെ ചുവന്നു തുടുക്കും "- സോണിയായുടെ ആരാധന മെല്ലെ മെല്ലെ പ്രണയമായി മാറി വൃശ്ചികക്കാറ്റുപോലെ എന്റെ മനസ്സിനെ തഴുകിതലോടി കുളിരണിയ്ക്കാന്‍ തുടങ്ങിയ നാളുകളായിരുന്നു അത്‌.

"സോണു,.ഇത്രയും വെളുത്തുതുടുത്ത നിന്റെ മുഖത്തെന്താടി ഒരു മുഖക്കുരു പോലും പൊട്ടിമുളയ്ക്കാത്തത്‌, പേരിനുവേണ്ടിയെങ്കിലും ഇത്തിരി നാണം തുളുമ്പാത്തത്‌. മുഖക്കുരുവിനുപോലും നിന്നെ പേടിയായിരിയ്ക്കും...അതെങ്ങിനയാ, ആണുങ്ങളുടെ ശീലമല്ലെ ഈ ഉണ്ണിയാര്‍ച്ചയ്ക്ക്‌..പെണ്ണുങ്ങളുടെ വിചാരങ്ങളും,വികാരങ്ങളും, മോഹങ്ങളും ഒന്നും ഇനിയും തോന്നാന്‍ തുടങ്ങിയിട്ടില്ലെ നിനക്ക്‌. ഭാഗ്യത്തിന്‌ ആരേയും മോഹിപ്പിയ്ക്കുന്ന സൗന്ദര്യം ഇഷ്ടംപോലെ വാരികോരികിട്ടിയിട്ടുണ്ട്‌ പെണ്ണിന്‌..അല്ലെങ്കില്‍ കാണാമായിരുന്നു...  ഒരുത്തനും തിരിഞ്ഞു നോക്കില്ലായിരുന്നു നിന്നെ".--അപൂര്‍വ്വമായി വീണുകിട്ടാറുള്ള ഞങ്ങളുടെ സ്വകാര്യനിമിഷങ്ങളില്‍ അവളെ ചൊടിപ്പിച്ച്‌ ആ മുന്‍കോപം കണ്ടുരസിയ്ക്കുന്നത്‌ ഹരമായിരുന്നു എനിയ്ക്ക്‌..

"നീ തന്നെ ഇതു പറയണം തോമുസുട്ടി. വാ, വേണമെങ്കില്‍ വന്നു തൊട്ടുനോക്കിയറിയ്‌ ഈ പെണ്ണിന്റെ മനസ്സിന്റെ ചൂടും തുടിപ്പും...,നെഞ്ചുപിളര്‍ന്നു ഞാന്‍ കാണിച്ചുതരാം നിനക്ക്‌...ഈ ഹൃദയത്തിലെ വികാരങ്ങളും വിചാരങ്ങളും എന്താണെന്ന്‌, ആര്‍ക്കുവേണ്ടിയാ അത്‌ തുടിയ്ക്കുന്നതെന്ന്‌. പറഞ്ഞിണ്ടെന്താ കാര്യം,!..നിനക്കിതിലൊക്കെ എന്തു താല്‍പ്പര്യം അല്ലെ...രാഷ്ട്രിയം കളിച്ചുനടക്കാന്‍ മാത്രം അറിയാവുന്ന നിനക്കതൊക്കെ കാണാനും മനസ്സിലാക്കാനും, അറിയാനും എവിടെയാ സമയം അല്ലെ.."-

പീജി ബ്ലോക്കിന്റെ പുറകില്‍ ഊട്ടിയിലേയ്ക്കുള്ള വഴിത്താരയില്‍ പൂത്തു നില്‍ക്കുന്ന മാവുകള്‍ പാലക്കാടന്‍ചുരം കടന്നു വരുന്ന വൃശ്ചികക്കാറ്റിന്റെ കുസൃതിക്കരങ്ങളുടെ തലോടലില്‍ സ്വയംമറന്ന്‌ പരിസരംപോലും മറന്ന്‌ ചുറ്റിലും പൂക്കള്‍ വാരിവിതറിക്കൊണ്ടിരുന്നു. ഉച്ചവെയിലില്‍ മദിച്ചുനില്‍ക്കുന്ന നാട്ടുമാവിഞ്ചുവട്ടില്‍ മാമ്പൂക്കളുമായി ഒളിച്ചുകളിച്ചുരസിയ്ക്കുന്ന സൂര്യകിരണങ്ങളില്‍നിന്നും ഇലകള്‍ക്കിടയിലൂടെ അറിയാതെയിഴുകിവീണ്‌ വലകള്‍ നെയ്യുന്ന പ്രണയത്തിന്റെ വെള്ളിവെളിച്ചത്തില്‍ കോപംപൂണ്ട്‌ ചുവന്നുതുടുക്കുന്ന ആ മുഖം കാണാന്‍ വല്ലാത്ത ചേലായിരുന്നു... ശരിയ്ക്കും,ശരിയ്ക്കും ഈ തോമസ്സുട്ടിയ്ക്കു ചേര്‍ന്ന പെണ്ണായിരുന്നു അവള്‌....


 ഒരു ചുടുനെടുവീര്‍പ്പിന്റെ അകമ്പടിയോടെ മൗനത്തിന്റെ പുറംതോടിനകത്തേയ്ക്കു ഉള്‍വലിയുകയായിരുന്നു തോമാസുട്ടിയപ്പോള്‍..നിശ്ശബ്ദത മാധുര്യം വാരിവിതറിയ ആ നിമിഷങ്ങളില്‍ ഭൂതകാലത്തിലെ ഏതൊക്കയൊ മനോഹരതീരത്തുകൂടി സഞ്ചരിയ്ക്കുന്ന അവന്റെ മനസ്സില്‍ ആ കാന്താരി ഓര്‍മ്മകളുടെ രുചിക്കൂട്ടുകള്‍ പകര്‍ന്നുനല്‍കുകയാണെന്ന്‌ മുഖഭാവങ്ങളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. വിഷാദാത്മകമാണെങ്കിലും പ്രസാദം നിറഞ്ഞപുഞ്ചിരിയിയുമായി ഏതോ ഉള്‍പ്രേരണയിലെന്നവണ്ണം ആ വിരലുകള്‍ ചുവപ്പിന്റെ ലഹരിയില്‍ അലിഞ്ഞുചേരാന്‍ കൊതിയോടേ കാത്തിരിയ്ക്കുന്ന സെവന്‍ അപ്‌ ബോട്ടിലിന്റെ കഴുത്തില്‍ മൃദുവായി തഴുകികൊണ്ടിരുന്നു. ഞെട്ടിയുണര്‍ന്ന അവന്റെ മുഖത്തെ പുഞ്ചിരിയുടെ തിളക്കം വല്ലാതെ മങ്ങിയിരുന്നു. ഹൃദയത്തില്‍ നിന്നുമുതിര്‍ന്നുവീണ ചുവപ്പുരാശികലര്‍ന്ന വാക്കുകളില്‍ നിരാശബോധം നിറഞ്ഞുനിന്നിരുന്നു.കാലം എത്ര കടന്നുപോയി..!  തിരിച്ചറിയാനാവാത്തവിധം ഒരുപാടൊരുപാട്‌ മാറിപോയി എല്ലാവരും, ഈ ലോകംതന്നെ. അല്ലെ വിശ്വേട്ടാ. 

ഇന്ന്‌...! റഷ്യയെവിടെ, ധീരവിയറ്റ്‌നാം നാടുകളെവിടെ. സോഷ്യലിസത്തിന്‍ സൗഭാഗ്യങ്ങള്‍ വര്‍ണ്ണക്കതിരൊളിവീശുന്ന നാളുകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെവിടെ..!   ഒരുകാലത്തെ തീവ്ര വിപ്ലവമോഹികളില്‍ പലരും വംശനാശം സംഭവിയ്ക്കുന്ന സിംഹവാലന്‍കുരങ്ങുകളെ അനുസ്മരിപ്പിയ്ക്കും വിധം നിത്യവും സന്ധ്യക്ക്‌ കുത്തകമുതലാളി ചാനലുകളില്‍ ചടഞ്ഞിരുന്ന്‌ കമ്മ്യൂണിസത്തിന്‌ അന്ത്യകൂദാശ ചൊല്ലുന്നത്‌ കാണാറില്ലെ വിശ്വേട്ടന്‍. വയറ്റിപ്പിഴപ്പിനായിരിയ്ക്കാം എന്നാലും.!  ഒരു ജനതയുടെ ആത്മാവിഷ്കാരത്തിനിറങ്ങി ഒടുവില്‍ മുപ്പതു വെള്ളിഡോളറ്‌ അധികം ലഭിയ്ക്കുമെന്നറിഞ്ഞപ്പോള്‍ ഒരു മടിയുംകൂടാതെ വമ്പന്‍ കൂടാരത്തിലേയ്ക്ക്‌ ചേക്കേറി കോമാളിവേഷം കെട്ടിയാടുന്നു മറ്റൊരു ചെഗുവേര.! അങ്ങിനെയങ്ങിനെ എത്രയെത്രപേര്‍..!മറ്റുള്ളവരെക്കുറിച്ച്‌ കുറ്റം പറയാന്‍ ഈ തോമസുട്ടിയ്ക്കെന്ത അവകാശം അല്ലെ !! കണ്ണാടിയില്‍ പ്രതിഫലിയ്ക്കുന്ന സ്വന്തം പ്രതിബിംബം കാണുമ്പോള്‍ തിരിച്ചറിയാന്‍ കഴിയാതായിരിയ്ക്കുന്നു. അദൃശ്യനായ ഏതോ ശക്തിയൊരുക്കുന്ന തിരക്കഥയിലെ വേഷങ്ങള്‍ കെട്ടിയാടാന്‍ നിയോഗിയ്ക്കപ്പെടുന്ന കഥാപാത്രങ്ങള്‍ മാത്രമല്ലെ നിസ്സഹായരായ നമ്മളൊക്കെ എന്നു സ്വയം നിനച്ചാശ്വസിയ്ക്കാം , വല്ലാതെ കുറ്റബോധം തോന്നുന്ന നിമിഷങ്ങളില്‍ മദ്യലഹരിയില്‍ നീരാടാം.--

സോണിയ, സഫലമാകാതെ പോയ അവളുടെ സ്വപ്നങ്ങള്‍.എവിടെയായിരിയ്ക്കും അവളിപ്പോള്‍... ഫൈനലിയറിനു പഠിയ്ക്കുന്ന സമയം. കാമ്പസ്‌ ഇലക്ഷന്‍ ചൂടിലേയ്ക്ക്‌ മെല്ലെ കാലെടുത്തുവെയ്ക്കുന്ന നാളുകള്‍..അന്നൊരു തിങ്കാളാഴ്ചയായിരുന്നു. . ആ വര്‍ഷത്തെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി എന്നെ തെരെഞ്ഞെടുത്ത വിവരമറിഞ്ഞ ഉത്സാഹത്തിലായിരുന്നു ഞാന്‍. ആ സന്തോഷവാര്‍ത്ത ചൂടാറുംമുമ്പ്‌ സോണിയായുമായി പങ്കുവെയ്ക്കാനുള്ള ത്രില്ലില്‍ അവളെ തെരഞ്ഞു നടന്നു..പതിവുസ്ഥലങ്ങളിലൊന്നും കണ്ടില്ല. അവസാനം ലൈബ്രറിയുടെ ഒഴിഞ്ഞ കോണിലൊരു പുസ്തകവും തുറന്നുവെച്ചിരുന്നു ദിവാസ്വപ്നം കാണുന്ന അവളെ കണ്ട്‌ അമ്പരന്നുപോയി ഞാന്‍. ആ മുഖം വല്ലാതെ വിവശമായിരുന്നു അപ്പോള്‍. എപ്പോഴും തുള്ളിതെറിച്ചുനടക്കാറുള്ള ഇവള്‍ക്കിന്നിതെന്തുപറ്റി..! -"എന്റെ ഉണ്ണിയാര്‍ച്ചായ്ക്കിന്നെന്താ വല്ലാത്തൊരു ശോകമൂകഭാവം...അതും പതിവില്ലാതെ ലൈബ്രറിയിലെ നിരാശകമിതാക്കളുടെ സ്ഥിരതാവളമായ ഈ ഒഴിഞ്ഞകോണില്‍.--

"തോമസുട്ടി,....ഇന്നലെ എന്നെ പെണ്ണുകാണാന്‍ ചെറുക്കനും കൂട്ടരും വന്നിരുന്നു....അപ്പന്റെകൂടെ ചാലക്കുടിസ്കൂളില്‍ ജോലി ചെയ്തിരുന്ന ജോസുമാഷുടെ മോന്‍ എബി.. L&Tയില്‍ എഞ്ചിനിയറാണ്‌ . ക്രിസ്‌മസു കഴിഞ്ഞു മകരത്തില്‍ കല്യാണം. എല്ലാം തീരുമാനിച്ചുറപ്പിച്ചതുപോലെയണ്‌ അവരു മടങ്ങിപോയത്‌"--- ഒരു ചോദ്യചിഹ്നം പോലെ എന്റെ നേരെ നീണ്ടുവന്ന ആ മിഴികളില്‍ ദയനീയഭാവം നിഴലിട്ടുനിന്നിരുന്നു.പെട്ടന്നൊരു വിദ്യുത്പ്രവാഹം പെരുവിരല്‍ വഴിമുകളിലേയ്ക്കരിച്ചുകയറി.ശരീരമാകെ തരിച്ചുപോയി...മനസ്സാന്നിധ്യം നഷ്ടപ്പെട്ടുപോകുമോ എന്നു ഭയന്നുപോയ നിമിഷങ്ങളായിരുന്നു അത്‌. ഇങ്ങിനെയൊരു ദിവസം, ഈ സന്ദര്‍ഭം..അതെന്നെങ്കിലും നേരിടെണ്ടിവരുമെന്നു അറിയാമായിരുന്നു.എങ്കിലും അതിത്രപെട്ടന്ന്‌. ഒരേദിവസം തന്നെ ശുഭവാര്‍ത്തയും അശുഭവാര്‍ത്തയും കേള്‍ക്കേണ്ടിവന്ന വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍.പെട്ടന്നുതന്നെ മനസിന്റെ നിയന്ത്രണം വീണ്ടെടുത്തു.

--- അതിനാണൊ നീ ഇങ്ങിനെ പിണങ്ങിയിരിയ്ക്കുന്നത്‌.അതൊരു നല്ല കാര്യമല്ലെ സോണു,.നോക്ക്‌,.. ഞാന്‍ കോളേജ്‌ ജനറല്‍ സെക്രട്ടറിയായി രാഷ്ട്രീയനഭസ്സില്‍ പറന്നു കളിയ്ക്കാന്‍ പോകുന്നു. നീ ഒരു എഞ്ചിനിയറുടെ നല്ലപാതിയായി ബോംബെയ്ക്കു പറക്കാന്‍ പോകുന്നു.....നമുക്കു രണ്ടുപേര്‍ക്കും ഒന്നിച്ചല്ലെ നല്ലകാലം വരാന്‍ പോകുന്നത്‌.-----  എന്തുപറയണമന്നറിയാതെ പതറുകയായിരുന്നു ശരിയ്ക്കും ഞാനപ്പോള്‍. .

" അതു ശരി അപ്പോ നിനക്ക്‌ ഈ സ്നേഹമെന്നു പറയുന്നതൊക്കെ വെറും ടൈംപാസ്സാണല്ലെ തോമസുട്ടി....ജീവിതത്തില്‍ എല്ലാം തമാശയാണ്‌....രാഷ്ട്രീയം മാത്രമെ നിനയ്ക്കു സീരിയസ്സായിട്ടുള്ളു..."--പരിസരം മറന്നുവിതുമ്പി അവള്‍. വേനല്‍തപത്തിലെന്നപോലെ ചുട്ടുപൊള്ളുന്ന എന്റെ ഹൃദയത്തില്‍ ആ കണ്ണീര്‍ത്തുള്ളികള്‍ വീണുരുകി. ആ ആവിയില്‍ ഞാന്‍ വെന്തുരുകി.

-" സ്നേഹക്കുറവല്ല സോണു,.ഒന്നും മനസ്സിലാകാതെയുമല്ല..പക്ഷെ, എന്റെ നിസ്സഹായവസ്ഥ മറ്റാരേക്കാളും നിനക്കതു നന്നായി മനസിലാകുമല്ലോ. പേരുപോലെതന്നെ ഇന്നും വെറും കുട്ടിയല്ലെ ഞാന്‍. തോമസുട്ടി വളര്‍ന്നു നല്ലനിലയിലാകുന്നതും കാത്ത്‌, ആ ഒറ്റപ്രതീക്ഷയില്‍ ഒരുപാട്‌ സ്വപ്നങ്ങളും മെനഞ്ഞ്‌ വലിയൊരു കുടുംബം കാത്തിരിയ്ക്കുന്ന കാര്യം നിനക്കും അറിയാവുന്നതല്ലെ. തികച്ചും ആകസ്മികമായി തുടങ്ങിയ നമ്മുടെ അടുപ്പം, ഒരിയ്ക്കലും ഒന്നിച്ചുചേരാന്‍ കഴിയില്ല്ലെന്നറിഞ്ഞിട്ടും, നമ്മളറിയാതെ എങ്ങിനേയൊ ഇത്രത്തോളം വളര്‍ന്നു.അപ്പോഴും ഒരുവാക്കിലോ, സ്പര്‍ശത്തിലോ അതിരുകള്‍ വിടാതെ ഇത്രയുംകാലം നമ്മള്‍ കാത്തു സൂക്ഷിച്ച ഈ സൗഹൃദത്തിന്റെ കൈത്തിരിനാളത്തില്‍ നിന്നും വേണം നീ നിന്റെ കുടുംബദീപത്തിനു തിരി കൊളുത്താന്‍. ആ ദീപത്തിന്റെ പ്രഭാപൂരത്തില്‍, എബിയോടുത്തുള്ള പ്രേമാര്‍ച്ചനയുടെ അഭൗമനിമിഷങ്ങളില്‍ ഈ ചെറുതിരി പടുതിരിയായി മാറുന്നതും കരിന്തിരിയായി മെല്ലെ മെല്ലെ കെട്ടടങ്ങുന്നതും കാണാനോ, ഓര്‍ക്കാനോ നേരം കിട്ടാത്തവിധം തിരക്കിലാണ്ടുപോയിട്ടുണ്ടാവും നീ. പിന്നെ എന്റെ കാര്യം..ജീവിതപ്രാരാബ്ദങ്ങള്‍ക്കിടയിലും എന്നിലെ തരളിതഭാവങ്ങളെ തൊട്ടുണര്‍ത്തിയ ഈ മുഖം, കോപം വരുമ്പോള്‍ ചുവന്നുതുടുക്കുന്ന ഈ മൂക്കിന്‍തുമ്പ്‌, ഇണങ്ങിയും പിണങ്ങിയും നമ്മള്‍ പങ്കുവെച്ച സമ്മാനിച്ച കളിചിരിയുടെ നല്ല നിമിഷങ്ങള്‍, ഇപ്പോള്‍ ഒഴിയ്ക്കുന്ന ഈ കണ്ണുനീര്‍ തുള്ളികള്‍പോലും.അമൂല്യാനുഭവമായി കാത്തു സൂക്ഷിയ്ക്കും ഞാന്‍ എന്നും എന്നെന്നും ഹൃദയത്തില്‍.."-

ശബ്ദം ഇടറി., കണ്ണുകള്‍ നിറഞ്ഞു. ഏതു സന്ദര്‍ഭത്തിലും എങ്ങിനെവേണമെങ്കിലും വാക്കുകള്‍ കയ്യിലെടുത്ത്‌ അമ്മാനമാടാന്‍ കഴിയുമെന്ന അഹങ്കരിച്ചിരുന്ന ഞാന്‍ ആ നിമിഷങ്ങളില്‍ വാക്കുകള്‍ കിട്ടാതെ..! 

കത്തുന്ന വാളായി, മുനകൂര്‍ത്ത പന്തമായി പരിഭവങ്ങളും പരാതികളും ഉരുക്കഴിച്ച്‌, ഒരുപാട്‌ നൊമ്പരപ്പാടുകള്‍ ഹൃദയത്തില്‍ശേഷിപ്പിച്ച്‌ നഷ്ടസപ്നങ്ങളുടെ ഭാണ്ഡക്കെട്ടും പേറി പിരിഞ്ഞു പടിയിറങ്ങിപോകുന്ന എന്റെ കാന്താരിമുളക്‌ അപ്പോഴേയ്ക്കും വെറും കണ്ണീര്‍പൂവായി മാറിക്കഴിഞ്ഞിരുന്നു.

എന്നെ എങ്ങിനെ കുറ്റപ്പെടുത്താന്‍ പറ്റും വിശ്വേട്ടാ, ഇരുപതു വയസ്സു ഒരു പെണ്ണിനെ സംബന്ധിച്ചു കല്യാണപ്രായമാണ്‌. പക്ഷെ ആണിനോ..! കൗമാരത്തില്‍ നിന്നും യൗവനത്തിന്റെ പടിവാതിലേയ്ക്ക്‌ കൗതുകത്തോടെ എത്തിനോക്കാന്‍ തുടങ്ങുന്ന മൂന്നു പെങ്ങന്മാരേയും മറന്ന്‌, പഴയൊരുലോറിയും ഓടിച്ചോടിച്ച്‌ എങ്ങുമെത്താതെ തളരാന്‍ തുടങ്ങിയ അപ്പനോട്‌ ഇരുപതാം വയസ്സില്‍ മോഹിച്ചുള്ള ഒരു "ബാല്യവിവാഹത്തിന്‌"അനുവാദം ചോദിയ്ക്കാന്‍ സിനിമാക്കഥയിലെ മാസ്മരികലോകത്തെ റഹ്‌മാന്‍ കഥാപാത്രമൊന്നുമായിരുന്നില്ലല്ലോ ഞാന്‍..പച്ചയായ ലോകത്തിലെ നിറം മങ്ങിയ ജീവിതയാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്നുപോകുന്ന തോമസ്സുട്ടി മാത്രമായിരുന്നില്ലെ.

ജീവിതത്തില്‍ വഴിത്തിരിവിന്റെ ഘട്ടമായിരുന്നു അത്‌. അപചയങ്ങളുടെ കാലം. കോളേജില്‍ ഇലക്ഷനോടനുബന്ധിച്ച്‌ നടന്ന സംഘട്ടനത്തില്‍ നിരപരാധിയായിരുന്ന ഞാന്‍ പ്രതിചേര്‍ക്കപ്പെട്ട്‌ പുറത്താക്കപ്പെട്ടു...പരീക്ഷ എഴുതാന്‍ പോലും കഴിയാത്ത വിധം നീണ്ടു പോയി കേസുകളും മറ്റും. അങ്ങിനെ ഈ തോമസുട്ടിയുടെ ജീവിതംതന്നെ മാറി പോയി,.സ്വപ്നങ്ങള്‍ എല്ലാം തകിടം മറിഞ്ഞു...

വിധി,...നിമിത്തം....നിയോഗം ഇതിലെല്ലാം വല്ലാതെ വിശ്വസിയ്ക്കുവാന്‍ തുടങ്ങിരിക്കുന്നു ഞാന്‍. ഓരോരോ സമയത്തിനനുക്രമമായി വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും എല്ലാറ്റിനും മാറ്റങ്ങള്‍ സംഭവിയ്ക്കുന്നു....ചിലതു തളരുന്നു...മറ്റു ചിലതു വളരുന്നു..ഈ പ്രപഞ്ചത്തിനു പോലും സംഭവിയ്ക്കുന്നില്ലെ ഒരുപാടു മാറ്റങ്ങള്‍..മാറ്റങ്ങള്‍ക്കു വിധേയമാകാത്ത ഒന്നേയുള്ളു വിശ്വേട്ടാ, കാലം..! ഒരിയ്ക്കലും തളരാതെ ഒരിയ്ക്കലും നിലയ്ക്കാതെ തീര്‍ത്തും നിസ്സംഗമായി കാലം അതിന്റെ യാത്ര തുടന്നുകൊണ്ടെയിരിയ്ക്കുന്നു. ഉദിച്ചും അസ്തമിച്ചും, ഉഷ്ണിച്ചും ഓടിയോടിയോടി ഒപ്പമെത്താനാകാതെ കിതച്ചുതളരുന്നു ശക്തിമാനെന്നു സ്വയം അഹങ്കരിയ്ക്കുന്ന സൂര്യന്‍ പോലും.

കഴിഞ്ഞു പോയനിമിഷം അതൊരു നഷ്ടയാഥാര്‍ത്ഥ്യം മാത്രം..വരാനുള്ള നിമിഷം അതു വെറുമൊരു സുന്ദരസങ്കല്‍പ്പവും..ഈ ഒരു നിമിഷം. അത്‌, അതുമാത്രമെ വാസ്തവമായുള്ളു.! ഇത്രയും ലളിതമായ സത്യം അംഗീകരിയ്ക്കാതെ എല്ലാറ്റിനും വെറുതെ കാലത്തിനെ പഴിയ്ക്കുന്നു നാം. ഭൂതം, വര്‍ത്തമാനം, ഭാവി എന്നൊക്കെ വേലിക്കെട്ടുകള്‍ തീര്‍ത്തു വേര്‍തിരിയ്ക്കുന്നു. വര്‍ത്തമാനക്കാലത്തിലൂടെ എങ്ങോട്ടിന്നെല്ലാതെ നെട്ടോട്ടമോടുന്നു. ഓട്ടത്തിനിടയില്‍ പലരും തളര്‍ന്നു വീഴുന്നു..ഒന്നാമനാകാനുള്ള വ്യഗ്രതയില്‍ ആരെയൊക്കയൊ ചവിട്ടുമെതിച്ചാണ്‌ മുന്നേറുന്നതെന്നുപോലും തിരിച്ചറിയുന്നില്ല ആരും. അങ്ങിനെ പലതും നേടുന്നു, അതിനിടെ പലതും നഷ്ടപ്പെടുന്നു. ഒടുവില്‍ കൊടുമുടിയുടെ തുഞ്ചത്തെത്തി ആവേശം നഷ്ടപ്പെടാന്‍ തുടങ്ങുമ്പോള്‍ തളര്‍ച്ചയോടെ തിരിഞ്ഞുനോക്കും..പിന്നിട്ട വഴികള്‍ കണ്ടമ്പരക്കും..!.ഇനിയൊരു തിരിച്ചുപോക്ക്‌ അസാധ്യമാണെന്ന സത്യം വേദനയോടേ തിരിച്ചറിയും. നേട്ടങ്ങളേയും നഷ്ടങ്ങളേയും വേര്‍തിരിച്ചളക്കാന്‍ എന്താണ്‌ മാനദണ്ഡം എന്നറിയാതെ പിടയുന്ന മനസ്സിലെ വ്യഥയുമായി അലഞ്ഞുതിരിയാന്‍ തുടങ്ങും..............ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ കൂട്ടിക്കിഴിച്ചു ജീവിതത്തിന്റെ ബാലന്‍സ്‌ ഷീറ്റ്‌ തയ്യാറാക്കാന്‍ എന്തെങ്കിലും സമവാക്യങ്ങള്‍ ഉണ്ടോ വിശ്വേട്ടാ...വിശ്വേട്ടന്‍ പഠിച്ച എക്കൗണ്ടന്‍സിയില്‍.---

ആ വാക്കുകളില്‍ പഴയ വിദ്യാര്‍ത്ഥി നേതാവിന്റെ രൂപഭാവങ്ങള്‍ പുനര്‍ജ്ജനിച്ചു. കണ്ണുകള്‍ ആവേശാഗ്നിയില്‍ ജ്വലിച്ചു. ആരോടൊക്കയോ,.എന്തിനോടൊക്കയൊ പ്രതിഷേധം പ്രകടിപ്പിയ്ക്കാനെന്നവണ്ണം ശക്തിയോടെ ബോട്ടിലിന്റെ കഴുത്തു ഞെരിച്ചു അവന്‍. ആ കരുത്തില്‍ പാവം, ആ ബോട്ടില്‍ ചുമച്ചുച്ചുതുപ്പിയ ചുവന്ന വെള്ളം സെവന്‍- അപ്പുമായി കൂടിചേര്‍ന്ന്‌ കടല്‍ത്തിരകള്‍പോലെ ഗ്ലാസ്സില്‍ പതഞ്ഞിരമ്പി..ചുവപ്പുനിറം കണ്ടാല്‍ എന്നും അറിയാതെ മനംതുടിയ്ക്കുന്ന തോമസുട്ടി അതുകണ്ട്‌ ആവേശത്തോടെ പൊട്ടിച്ചിരിച്ചു. വായിച്ചെടുക്കാന്‍ പറ്റാത്തതിനുമപ്പുറമുള്ള അര്‍ത്ഥതലങ്ങളിലൂടെ സഞ്ചരിയ്ക്കുകയായിരുന്നു ആ പൊട്ടിച്ചിരിയുടെ അലയൊലികളപ്പോള്‍.

( തുടരും )
കൊല്ലേരി തറവാടി
28/10/2012