Friday, April 29, 2011

ഒരു പാവം തറവാടി ബ്ലോഗറുടെ പ്രൊഫെയില്‍ (എട്ടാം ഭാഗം)

ഫേസ്‌ബുക്കില്‍ മുഖമില്ലാതെ..



"നാട്യപ്രധാനെ നഗരം സമൃദ്ധം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം".ഈ കവിവചനം തികച്ചും അന്വര്‍ത്ഥമാണെന്നു തോന്നിപ്പിയ്ക്കുന്നതായിരുന്നു ബോംബേയിലെ ആദ്യത്തെ കുറെനാളുകള്‍..ഗ്രാമത്തിന്റെ നന്മകള്‍ ഓരോന്നായി എണ്ണിപെറുക്കി ഓരോ മുക്കും മൂലയും വിടാതെ വിരഹനൊമ്പരവും പേറി അലഞ്ഞുതിരിയുകയായിരുന്നു മനസ്സ്‌. ക്രമേണ മറ്റേതു പ്രവാസിയേയുംപോലെ പ്രിയ ഗ്രാമത്തിന്റെ സ്വരനിശ്വാസങ്ങള്‍ മഹാനഗരത്തിലെ ചീറിപായുന്ന ഇലട്രിക്‌ ട്രെയിനുകളുടെ ഗതിവേഗത്തില്‍ ഒഴുകിനീങ്ങുന്ന ജനപ്രവാഹത്തിന്റെ ആരവത്തില്‍ എന്റെ കാതില്‍നിന്നും അകന്നു പോകാന്‍ തുടങ്ങി..കാലം എന്നേയും ഒരു നഗര ജീവിയായാക്കി മാറ്റി.

എന്നിട്ടും ഉറങ്ങുന്നതിനുമുമ്പുള്ള ഏകാന്തസുന്ദര നിശബ്ദ നിമിഷങ്ങളില്‍ ഗ്രാമം നൃത്തചുവടുകളുമായി എന്റെ മുന്നില്‍ ഓടിയെത്തും, പഴയകാലസ്മരണകള്‍ ഒരോന്നായി മനോമുകരത്തില്‍ നിറഞ്ഞുനിന്ന്‌ താളംതുള്ളും..വടക്കെച്ചിറയിലെ തെളിനീരിന്റെ വിശുദ്ധി..വയല്‍വരമ്പിലെ ചേറ്റുമണ്ണിന്റെ ഗന്ധം.ഗ്രാമത്തിലെ ശുദ്ധവായുവിന്റെ ഗതിവിഗതികള്‍ നിയന്ത്രിയ്ക്കുന്ന അമ്പലപ്പറമ്പിലെ ആല്‍മരത്തിന്റെ ചുവട്ടിലെ തണലിന്റെ കുളിരു പകരുന്ന സൗമ്യസ്പര്‍ശം.എന്റെ കലാലയം,പാരലല്‍ കോളേജ്‌, പിന്നെ സുവര്‍ണ്ണ നിമിഷങ്ങള്‍ക്കൊടുവില്‍ സ്വപ്നങ്ങള്‍ പിണങ്ങിവീണൊഴുകിപോയ നിളയിലെ ഓളങ്ങളുടെ പാദസരകിലുക്കം..ഓരോന്നോരോന്നായി പുലരുവോളം സ്വപ്നങ്ങളില്‍ നിറഞ്ഞു നില്‍ക്കും.

നാട്ടിലെ ആദ്യ ഗള്‍ഫുക്കാരനും,അക്കാലത്തെ യുവ-കൗമാരമനസ്സുകളുടെ ഹീറോയുമായിരുന്ന വിജയേട്ടനെ സോപ്പിട്ടു സൂത്രത്തില്‍ അടിച്ചുമാറ്റിയ ബൈനോക്കുലര്‍ കുളിക്കടവിനോടു ചേര്‍ന്നുനില്‍ക്കുന്ന ഉഴുന്നുവണ്ടി മരത്തില്‍ കയറി പെണ്ണുങ്ങളുടെ കുളിപ്പുരയുടെ ഓടിളിക്കി ഒളിപ്പിച്ചുവെച്ചു കുളി കണ്ടുരസിച്ച കുരുത്തംകെട്ട നാല്‍വര്‍സംഘവുമായി അക്കാലത്ത്‌ എനിയ്ക്കുമുണ്ടായിരുന്നു ചങ്ങാത്തം.പ്രീഡിഗ്രി പ്രായത്തിലെ "കുരുത്തക്കേടിന്റെ" ഒരു ഹൃസ്വകാലം.

"എടാ പൊട്ടാ, മീശ കറുക്കാന്‍ തുടങ്ങിയില്ലെ നിനക്ക്‌,.,ആണുങ്ങളായാല്‍ ഇത്തിരി ധൈര്യമൊക്കെ വേണ്ടേ,.ഞങ്ങളെക്കണ്ടു പഠിയ്ക്ക്‌,.ഇപ്പോഴെ എല്ലാം നോക്കികണ്ടു മനസ്സിലായ്ക്കിയ്ക്കോ..അല്ലെങ്കില്‍ ഒന്നിനു കൊള്ളാത്തവനാകും.കുറെ നിറവും നല്ല നീളവുമുണ്ടെന്നു പറഞ്ഞാലൊന്നും ആണാവില്ല ".. അങ്ങിനെ അവരുടെ വെല്ലുവിളികള്‍ക്കും നിര്‍ബന്ധത്തിനും വഴങ്ങി,വിറയ്ക്കുന്ന ശരീരത്തോടെ,. വിടര്‍ന്നു തുറിച്ച പ്രീഡിഗ്രി കണ്ണുകളൊടെ മതിവരുവോളം നോക്കികണ്ട ലക്സ്‌ സോപ്പിന്റെ പതയില്‍ പളുപളാ തിളങ്ങുന്ന ആമ്പല്‍പൂക്കളുടെ ചന്തം.,നയനസുഖത്തിന്റെ ഒരിയ്ക്കലും മറക്കാനാവാത്ത ആദ്യാനുഭവം പകര്‍ന്നു തന്ന അമ്പലക്കുളം.!

ശരിയ്ക്കും ഭയമായിരുന്നു കുറെ നേരത്തേയ്ക്ക്‌,.അരുതാത്തതാണെന്നറിയാമായിരുന്നു.വീട്ടിലറിഞ്ഞാല്‍, അതിലുമുപരി രമചേച്ചിയറിഞ്ഞാല്‍.! എന്നിട്ടും എത്ര ശ്രമിച്ചിട്ടും ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല,..ഒരു വട്ടമല്ല,. പലവട്ടം,പലദിവസങ്ങളില്‍..ഞങ്ങളുടെ പരിസരത്തുനിന്നും ഒരു കിലോമീറ്റര്‍ ദൂരെയായിരുന്നു അമ്പലക്കുളം, അതുകൊണ്ടുതന്നെ രമചേച്ചിയും ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള പെണ്‍പടയും തൊട്ടടുത്തിള്ള വടക്കേചിറയിലാണ്‌ കുളിച്ചിരുന്നത്‌..അതു മാത്രമായിരുന്നു കുറ്റബോധം തോന്നാന്‍ തുടങ്ങുന്ന സമയങ്ങളില്‍ സ്വയം ന്യായീകരിയ്ക്കാനും മനസ്സിനെ ആശ്വസിപ്പിയ്ക്കാനും കണ്ടെത്തിയ ഏക സമാധാനം.

എന്നും രാവിലെ അമ്പലപ്പറമ്പിലേയ്ക്കോടാനുള്ള എന്റെ ജാഗ്രത കണ്ട്‌ സംശയം തോന്നിയിട്ടാവണം കാര്യമൊന്നും കൃത്യമായി മനസ്സിലാക്കിയില്ലെങ്കിലും നാല്‍വര്‍സംഘവുമായുള്ള എന്റെ സഹവാസം അതിരുവിടുന്നു എന്നു രമചേച്ചി മണത്തറിഞ്ഞു. ശാസിച്ചു, ചെവി പിടിച്ചു പൊന്നാക്കി.അതോടെ,അവിടെ തീര്‍ന്നു ആ കൂട്ടുകെട്ട്‌..ഞാന്‍ വീണ്ടും ചേച്ചിയുടെ മാത്രം നല്ലകുട്ടിയായി.

"സായ്പ്പിന്മാരെപോലെ നല്ല വെളുപ്പല്ലെ കുട്ടന്റെ ചെവിയ്ക്ക്‌,ഒന്നു തൊടുമ്പോഴേയ്ക്കും ചുവന്നു തുടുത്ത്‌ ചോര നിറമാകും" ..എന്തെങ്കിലും കാരണം കണ്ടെത്തി എന്റെ ഇരുചെവികളിലും തിരുമ്മി വേദനപ്പിച്ചുരസിയ്ക്കുക ചേച്ചിയുടെ ഒരു ശീലമായിരുന്നു ..ശരിയ്ക്കും വേദനിയ്ക്കും..കണ്ണുനിറയും..മുഖം ചുവക്കും..."സോറി കുട്ടാ.. വല്ലാതെ നൊന്തോ മോന്‌." .ചേച്ചിയ്ക്കും സങ്കടമാകും..ചേര്‍ത്തുനിര്‍ത്തി കവിളില്‍ തലോടി ആശ്വസിപ്പിയ്ക്കും.അല്ലെങ്കിലും കുഞ്ഞുനാളുമുതലെ നുള്ളിയും പിച്ചിയും മാന്തിയുമൊക്കെ മാത്രമല്ലെ ചേച്ചിയ്ക്കെന്നെ കൊഞ്ചിയ്ക്കാനറിയു,..വലുതാവുതോറും ആ ശീലത്തിന്‌ ആക്കം കൂടി എന്നു മാത്രം..എല്ലാം ഞാന്‍ ക്ഷമിച്ചു, സഹിച്ചു, സുഖിച്ചു.., കാരണം ഞാന്‍ മുമ്പ്‌ പറഞ്ഞിട്ടില്ലെ,. അത്രയ്ക്കേറെ ഇഷ്ടമായിരുന്നു അന്നെനിയ്ക്ക്‌ രമചേച്ചിയെ!

ബൈനോകുലര്‍വിഷയത്തിന്റെ അന്ത്യം രസകരമായിരുന്നു.അതിനുമുമ്പെ ഭാഗ്യത്തിന്‌ ആ കൂട്ടുക്കെട്ടില്‍ നിന്നകന്നതു നന്നായി.അതുകൊണ്ട്‌ വലിയൊരു പേരുദോഷം ഒഴിവായി.നാല്‍വര്‍ സംഘത്തിലെ ഓരോരുത്തരും മനസ്സില്‍ താലോലിയ്ക്കുന്ന മാനസമൈനകളേ(അതില്‍ ഒന്നൊഴികെ എല്ലാം വെറും വണ്‍വേ ആയിരുന്നു) ഒരു കാരണവശാലും മറ്റുള്ളവര്‍ ഒളിഞ്ഞുനോക്കാന്‍ പാടില്ല എന്ന കര്‍ക്കശനിബന്ധനയുണ്ടായിരുന്നു അവരുടെ ഇടയില്‍.എല്ലാവരും അതു കൃത്യമായി പാലിയ്ക്കാനും ശ്രദ്ധിച്ചിരുന്നു..പക്ഷെ, പറഞ്ഞിട്ടെന്താ കാര്യം,..എല്ലാ കുറുമ്പിന്റേയും അന്ത്യത്തിന്‌ ഒരു നിദാനം വേണമല്ലോ..മൈനകളുടെ കൂട്ടത്തില്‍ ഒരു സുന്ദരികോതയുണ്ടായിരുന്നു.! ആരും കൊതിച്ചുപോകുന്ന,അറിയാതെ നോക്കിപോകുന്ന അത്രയും ഗ്ലാമറുള്ള ഒരു ചരച്ചരക്ക്‌.! ചക്കരക്കുടമല്ലെ, കയ്യിട്ടുവാരി നക്കാന്‍ പറ്റിയില്ലെങ്കിലും ക്ലോസ്‌അപ്പില്‍ നന്നായൊന്നു കാണാന്‍ കിട്ടുന്ന അവസരം ആരെങ്കിലും പാഴാക്കികളയുമോ..വിശ്വാസവഞ്ചന കാണിച്ചവനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല,.സത്യം പറഞ്ഞാല്‍ അവരുടെ കൂട്ടത്തില്‍ അവനായിരുന്നു പാവം.പക്ഷെ,ക്ഷമകെട്ട ഒരു ദിവസം രണ്ടുംകല്‍പ്പിച്ച്‌ അവന്‍ കണ്ടു, വിസ്തരിച്ചുതന്നെ കണ്ടു..! പക്ഷെ, ആ പെട്ടന്ന്‌ എവിടെ നിന്നോ നായകന്‍ പറന്നെത്തി വില്ലനെ കയ്യോടെ പിടികൂടി.!."എന്റെ പെണ്ണ്‌, നിന്റെ പെണ്ണ്‌...അവളുടെ കുളി,...ഇവളുടെ കുളി".അങ്ങിനെയങ്ങിനെ കണ്ട കുളികളുടെയും കാണാത്ത കുളികളുടെയും കണക്കുപറഞ്ഞു തര്‍ക്കമായി..കയ്യാങ്കളിയായി.നാട്ടുകാരറിഞ്ഞു.നാടിനു മൊത്തം നാണക്കേടായി.

ആരൊക്കെ കണ്ടു.! ആരുടേയൊക്കെ കണ്ടു..! എന്തൊക്കെ കണ്ടു..! എത്രമാത്രം കണ്ടു..! എന്നൊന്നുമറിയാതെ അന്തവിട്ട ആ കുളത്തിലെ നീരാട്ടിന്റെ അമ്പതുശതമാനത്തിലേറെ സംവരണം സ്വന്തമാക്കിയ അമ്പലപരിസരത്തെ ഉര്‍വ്വശിയും,രംഭയും, തിലോത്തമയും ശകുന്തളയും സീതയും സാവിത്രിയും വാസവദത്തയും എല്ലാം അടങ്ങുന്ന നാരിമണികള്‍ തങ്ങളുടെ മാനം ബൈനോകുലര്‍ വഴി ആരും കട്ടുകൊണ്ടുപോയിട്ടെല്ലെന്ന്‌ സ്വയം തപ്പിനോക്കി ഉറപ്പുവരുത്തി വിട്ട ദീര്‍ഘനിശ്വാസത്തിന്റെ കൊച്ചുകൊച്ചു പ്രകമ്പനങ്ങളില്‍ നാട്‌ ഞെട്ടിവിറച്ചു. ആ കൊച്ചുകൊച്ചു പ്രകമ്പനങ്ങളുടെ ഒരു പ്രധാന പ്രഭവകേന്ദ്രത്തിന്റെ തീവ്രത ഭൂകമ്പമാപിനിവെച്ചളന്നുനോക്കാന്‍ ഉള്ളിന്റെയുള്ളില്‍ മോഹമുദിച്ച പലരും ഒരവസരം കാത്തു നടക്കാന്‍ തുടങ്ങിയിട്ട്‌ നാളുകളേറേയായെങ്കിലും നാട്ടുകാരെ മാനിച്ച്‌, സ്വന്തം കുടുംബിനികളുടെ ദുര്‍മുഖം ഓര്‍ത്ത്‌ പരസ്യമായി അതിനു ധൈര്യപ്പെടാന്‍ കഴിയാതെ എല്ലാം ഒരു നെടുവീര്‍പ്പിലൊതുക്കി തല്‍ക്കാലം മാന്യന്മാരായി..!

കരപ്രമാണിമാരുടെ മക്കളായിരുന്നതുകൊണ്ടും ചാനലുകളൊന്നുമില്ലാതിരുന്ന കാലമായതുകൊണ്ടും വലിയ വാര്‍ത്താപ്രാധാന്യം നേടാതെ ഭൂകമ്പം ഉയര്‍ത്തിയ ആ കോലാഹലം കെട്ടടങ്ങി.കാലം കടന്നു പോയി. ആ നാലു മൈനകളും മറ്റേതോ ദേശങ്ങളിലെ ആരുടെയൊക്കയോ അടുക്കളമുറ്റങ്ങളിലേയ്ക്ക്‌ ഉത്തമകുടുബിനികളായി പറന്നുപോയി. അധ്യാപകനായി,വില്ലേജുഗുമസ്ഥനായി, രാഷ്ട്രീയനേതാവായി, കേബിള്‍ ടീവി വിതരണക്കാരനായി അന്നത്തെ "കുരുത്തംകെട്ട"നാല്‍വര്‍സംഘത്തിലോരോരുത്തരും ഇപ്പോഴും നാട്ടില്‍ത്തന്നെ സുഖമായി വാഴുന്നു. അന്നത്തെ "ആ പഞ്ചപാവം ഒന്നുമറിയാത്തവനേക്കാള്‍" എല്ലാ അര്‍ത്ഥത്തിലും മര്യാദക്കാരായി മാറി അവര്‍. അവരുടെ പെണ്‍മക്കള്‍ വളര്‍ന്ന്‌ കൗമാരപ്രായക്കാരായി അമ്പലപ്പരിസരത്തിന്റെ ഐശ്വര്യമായി വിരാജിയ്ക്കാന്‍ തുടങ്ങി.

ആ അമ്പലകുളവും, കുളിക്കടവും ആ പഴയ ഉഴുന്നുവണ്ടി മരത്തിന്റെ പിന്‍തലമുറയും എല്ലാം വലിയ മാറ്റംകൂടാതെ അവിടെത്തന്നെയുണ്ട്‌...പക്ഷെ ഇന്നാ കുളത്തില്‍ അധികമാരും കുളിയ്ക്കാറില്ല...വെക്കേഷന്‍ നാളുകളില്‍ ആ പരിസരത്തൊക്കെ അലസമായി വെറുതെ കറങ്ങിനടക്കുമ്പോള്‍ അമ്പലകുളത്തിന്റെ പഴയപ്രതാപക്കാലവും ഇന്നത്തേ ദുരവസ്ഥയും തമ്മിലുള്ള അന്തരമോര്‍ത്ത്‌ സങ്കടം തോന്നാറുണ്ട്‌..

ഒരുകാലത്ത്‌ ഗ്രാമീണതാരുണ്യസ്നാനകേളികളുണര്‍ത്തിയ ഓളങ്ങളുടെ കെട്ടടങ്ങാത്ത കുഞ്ഞലകളില്‍ ചാഞ്ചാടി,ഇളം വെയിലിന്റെ ശൃംഗാരവചനങ്ങളില്‍ പുളകിതഗാത്രയായി സുഖാലസ്യത്തില്‍ എപ്പോഴും മയങ്ങിക്കിടാക്കാറുള്ള അമ്പലകുളം ഇന്ന്‌ തീര്‍ത്തും വിജനമാണ്‌.

അന്ന്‌ അവരുടെകൂടെ നീരാടിയും, നീന്തിത്തുടിച്ചും ഇടയ്ക്കിടെ ഒരു കള്ളക്കാമുകനെപോലെ അടിത്തട്ടിലേയ്ക്കൂളയിട്ട്‌, ആമ്പല്‍മൊട്ടുകളിലും നീലകൊടുവേലിപ്പൂക്കളിലും മാറിമാറി ചുംബിച്ച്‌,മുട്ടിയുരുമി,.ഇക്കിളിയൂട്ടി സ്വര്‍ഗ്ഗീയനിമിഷങ്ങള്‍ പങ്കുവെച്ചു രസിച്ച പൂര്‍വ്വികരുടെ സൗഭാഗ്യകഥകള്‍ അയവിറക്കി കുളത്തിലെ നിശ്ചലജലത്തില്‍ നെടുവീര്‍പ്പിന്റെ കുമിളകളുതിര്‍ക്കുന്ന പാവം പരല്‍മീനുകളുടെ മനസ്സും ഇന്ന്‌ ശൂന്യമാണ്‌.

ഇത്രയേറെ മൃദുനിതംബസ്പര്‍ശനങ്ങള്‍ അനുദിനമേറ്റുവാങ്ങുവാന്‍ ഏതു ജന്മം എന്തു പുണ്യമാവോ ചെയ്തതെന്ന ചിന്തയുമായി, ഈ ജന്മം മാത്രമല്ല ഇനിയുള്ള എല്ലാ ജന്മങ്ങളിലും ഈ സുകൃതം നല്‍കിയനുഗ്രഹിയ്ക്കണമെ എന്ന നിശബ്ദപ്രാര്‍ത്ഥനയോടെ, കള്ളച്ചിരിയോടെ, അല്‍പ്പം അഹങ്കാരത്തോടെ, നനഞ്ഞുകുതിര്‍ന്നസ്വപ്നങ്ങളുമായി നീണ്ടുനിവര്‍ന്നു മലര്‍ന്നുകിടന്നു വിശ്രമിയ്ക്കാറുള്ള കരിങ്കല്‍ പടവുകള്‍ ഇന്ന്‌ ഒരു പാദസ്പര്‍ശമെങ്കിലും ലഭിച്ചിരുന്നെങ്കില്‍ എന്ന്‌ വേഴാമ്പലിലെപോലെ കേണും കൊതിച്ചും വല്ലാതെ വറ്റിവരണ്ടിരിയ്ക്കുന്നു.ഏതു ശിലാഹൃദയത്തിന്റേയും കരളലിയിയ്ക്കുന്ന ദൃശ്യങ്ങള്‍,അവിശ്വസിനീയമായ മാറ്റങ്ങള്‍.!

അല്ലെങ്കിലും അതങ്ങിനെയല്ലെ, കാലം എന്ന മഹാമാന്ത്രികന്റെ കരവിരുതില്‍ വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍, ദേശങ്ങള്‍ അങ്ങിനെ എല്ലാറ്റിന്റേയും മുഖച്ഛായയ്ക്കു മാറ്റം വരില്ലെ..ചിലത്‌ ഔന്ന്യത്യത്തിലേയ്ക്ക്‌ കുതിയ്ക്കും, പലതിനും അപചയം സംഭവിയ്ക്കും, മറ്റു ചിലത്‌ പാടെ നശിച്ച്‌ നാമാവിശേഷമാകും.

എന്റെ നാട്ടിന്‍പുറവും ഒരുപാടു മാറിയിരിയ്ക്കുന്നു.പൂവ്വന്‍കോഴിയുടെ കൂവലും, പുറകെ അമ്പലത്തിലെ ശംഖുനാദവും കേട്ടിണുര്‍ന്നിരുന്ന സൂര്യന്‍ അതെല്ലാം അവഗണിച്ച്‌ മൊബയിലിലെ സംഗീതത്തിനു കാതോര്‍ത്തുകിടന്നു മടിപിടിച്ചു വൈകിയുണരുന്ന പട്ടണപരിഷ്ക്കാരിയായി മാറി.. നാട്ടിന്‍പുറത്തെ പ്രഭാതങ്ങളില്‍ ഇടവഴികളിലൂടെ കുണുങ്ങികുണുങ്ങിയൊഴുകുന്ന മുട്ടയിടാന്‍ പ്രായമാകാത്ത കുരുന്നുപിടക്കോഴികളും ഒപ്പം മുട്ടിമുട്ടിയില്ലെന്ന മട്ടില്‍ അകമ്പടിസേവിയ്ക്കുന്ന പെട്ടന്നു മീശയൊന്നു മുളച്ചിരുന്നെങ്കില്‍ എന്നു മോഹിയ്ക്കാന്‍ തുടങ്ങുന്ന പ്രായത്തിലുള്ള പൂവ്വന്‍കോഴികളും ഇന്നു വെറും ഓര്‍മ്മ മാത്രമാവാന്‍ തുടങ്ങി. സ്ക്കൂള്‍ബാഗിന്റെ ഭാരം പേറി അട്ടിയിട്ട ബ്രോയിലര്‍ചിക്കനു സമാനം ഓട്ടോയുടെ ഇടുങ്ങിയ ഇടനാഴികളിലും സ്ക്കൂള്‍ വാനുകള്‍ക്കകത്തും തിങ്ങിഞ്ഞെരുങ്ങി ഒരിറ്റു ശുദ്ധവായുവിനായി ചില്ലുജാലകത്തില്‍ മുഖം ചേര്‍ത്തു വീര്‍പ്പുമുട്ടുന്നു ഇന്ന്‌ പാവം ആ കുരുന്നുകള്‍.

ഗ്രാമത്തിന്റെ നന്മകളില്‍ നാഗരികതയുടെ എന്‍ഡോസല്‍ഫാന്‍തുള്ളികള്‍ കലരാന്‍ തുടങ്ങി നിഷ്കളങ്കമായ കണ്ണുകളോടെ നിശബ്ദമായി എല്ലാം നോക്കികണ്ടിരുന്ന പാവം ബൈനോകുലറിന്റെ സ്ഥാനം മൊബയില്‍ക്യാമ എന്ന വില്ലന്‍ കയ്യടക്കി..എവിടെയോ ഇരിയ്ക്കുന്ന അജ്ഞാതമായ ഏതോ ക്യാമറയുടെ ഫ്രെയിമിനകത്താണ്‌ എപ്പോഴും തങ്ങളെന്ന ചിന്ത പട്ടണങ്ങളിലെന്ന പോലെ ഗ്രാമത്തിലേയും ഓരോ മനുഷ്യന്റേയും ചലനങ്ങളിലും രൂപഭാവങ്ങളിലും വസ്ത്രധാരണത്തില്‍ പോലും പ്രതിഫലിയ്ക്കാന്‍ തുടങ്ങി.വിശാലമായ കൊയ്ത്തുപാടത്തേയും ഞാറ്റടികണ്ടങ്ങളിലേയും പണിയ്ക്കിടയില്‍ വരമ്പോരങ്ങളിലേയ്ക്കൊതുങ്ങിമാറിയിരുന്ന്‌ നിസങ്കോചം മൂത്രശങ്ക തീര്‍ത്തിരുന്ന പാവം പണിക്കാരിപെണ്ണുങ്ങള്‍ ഇന്ന്‌ അത്തരം സാഹസങ്ങള്‍ക്കൊന്നും മുതിരാതെ വീര്‍ത്ത അടിവയറുമായി ക്ഷമയോടെ, ശങ്കകളെല്ലാം അന്തിയാവോളം അടക്കിപിടിയ്ക്കുന്നു.

വ്യക്തിജീവിതത്തിലേയ്ക്ക്‌ ഒളിക്യാമറയുമായിറങ്ങുന്ന ശാസ്ത്രസാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യന്റെ സ്വകാര്യതയ്ക്കു വിലങ്ങുതടിയായി മാറുന്നു.പ്രകൃതിയുടെ വിശാലമായ തിരുമുറ്റത്ത്‌ പാറിപറത്തിയും ആടിതിമര്‍ത്തും കളിച്ചുതീര്‍ക്കേണ്ട മോഹങ്ങള്‍ പലതും സ്വന്തം താവളത്തിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കേണ്ടി വരുന്നു.

പണ്ട്‌ കവര്‍ന്നെടുക്കുന്നതെന്തും സ്വന്തം മനസ്സിലെ ഫേസ്‌ ബുക്കില്‍ മോഹാസാക്ഷാത്ക്കാരത്തിന്റെ സമ്പാദ്യമായി മധുരനൊമ്പരമുണര്‍ത്തുന്ന കുറ്റബോധത്തോടെ സ്വകാര്യമായി സൂക്ഷിയ്ക്കാനുള്ള ഔചിത്യമുണ്ടായിരുന്നു മനുഷ്യന്‌..ഇന്ന്‌ കിട്ടുന്നതെന്തും സ്വന്തമായി ആസ്വദിയ്ക്കാന്‍ പോലും ക്ഷമ കാണിയ്ക്കാതെ, അതിന്റെ സ്വകാര്യതയെ മാനിയ്ക്കാതെ,യാതൊരു ഔചിത്യവുമില്ലാതെ ഇന്റര്‍നെറ്റിന്റെ പുസ്തകത്താളുകളിലേയ്ക്കു പകര്‍ന്നു നല്‍കി ആളാകാനുള്ള തത്രപ്പാടില്‍ പലപ്പോഴുംസ്വന്തം മുഖം വികൃതമാകുന്നതു തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു പലര്‍ക്കും.ആരേയും അല്ലെങ്കില്‍ ഒന്നിനേയും കുറ്റപ്പെടുത്തിയതല്ല..ഈജിപ്റ്റ്‌ പോലുള്ള രാജ്യങ്ങളില്‍ അത്ഭുതം സൃഷ്ടിച്ച ഇന്റര്‍നെറ്റിലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ അവഗണിയ്ക്കാന്‍ കഴിയാത്ത അനന്തസാധ്യതകളെക്കുറിച്ചുള്ള അജ്ഞത കൊണ്ടുമല്ല.

"കുട്ടമാമനെന്താ ഓര്‍ക്കൂട്ടിലും,ഫെയിസ്‌ബുക്കിലുമൊന്നും വരാത്തത്‌."ന്യൂഇയറിനു വിളിച്ചപ്പോള്‍ ഇളയചേച്ചിയുടെ ഗോവയിലുള്ള മകളുടെ ചോദ്യം."കുട്ടമാമനൊക്കെ ഔട്ട്‌ ഡേറ്റഡ്‌ അല്ലെ മോളെ .നിങ്ങളെപോലെയുള്ള ചെറുപ്പക്കാര്‍ക്കൊക്കെ ഷൈന്‍ ചെയ്യാനുള്ള ലോകമല്ലെ നെറ്റിന്റേത്‌". കള്ളച്ചിരി ഉള്ളിലൊതുക്കി ഒരമ്മാവന്റെ എല്ലാ ഗൗരവവും ശബ്ദത്തില്‍ ആവാഹിച്ച്‌ ഞാന്‍ മറുപടി പറഞ്ഞു.

സത്യമാണത്‌,പുതിയതായി കടന്നുവരുന്ന എന്തിനേയും പെട്ടന്ന്‌ സ്വീകരിയ്ക്കാനും ഉള്‍ക്കൊള്ളാനും വല്ലാത്ത വിമുഖത കാട്ടുന്നു എന്റെ പഴയമനസ്സ്‌, പക്ഷെ,ഒരിയ്ക്കല്‍ രുചിയറിഞ്ഞാല്‍,.രസം പിടിച്ചാല്‍ പിന്നെ എത്ര തിരക്കായാലും അതൊരിയ്ക്കലും മുടക്കം വരാത്ത ദിനചര്യയായി മാറും എനിയ്ക്ക്‌,. അതണെന്റെ രീതി .അതുകൊണ്ടല്ലെ അമ്പതുപേര്‍ പോലും തികച്ചു കടന്നുവരില്ല എന്നറഞ്ഞിട്ടും, അതില്‍ത്തന്നെ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമെ എന്തെങ്കിലും ഉരിയാടാന്‍ പോകുന്നുള്ളു എന്നുറപ്പുണ്ടായിട്ടും ഓഫീസിലെ ഈ തിരക്കിനിടയില്‍ എന്നും ഞാന്‍ ചുരുങ്ങിയത്‌ രണ്ടുവരി വീതമെങ്കിലും കുത്തിക്കുറിച്ച്‌ അതൊക്കെ പെറുക്കികൂട്ടി ഇത്രയേറെ ജാഗ്രതയോടെ പോസ്റ്റ്‌ ചെയ്യുന്നത്‌.

ഓര്‍ത്തുനോക്കിയല്‍ ശരിയ്ക്കും ഞാനെന്തു പാവമാണ്‌ അല്ലെ,!..അല്ലെങ്കില്‍ എല്ലാം ഇങ്ങിനെ പരസ്യമായി വെട്ടിതുറന്നു പറയുമായിരിന്നോ...!എന്റെ മാളു ഇതൊക്കെ വായിയ്ക്കിനിടവന്നാല്‍ അവളും ഇതുതന്നെ പറയും." ഈ കുട്ടേട്ടന്റെ ഒരു കാര്യം .! തോറ്റു എന്റെ കൃഷ്ണാ...തോറ്റു ഞാന്‍..".

അവള്‍ ഉദ്ദേശിയ്ക്കുന്ന കൃഷ്ണന്‍ ഞാനല്ല കേട്ടോ, സാക്ഷാല്‍ ഉണ്ണികണ്ണന്‍ ...ഗോപികമാരുടെ ചേലകവര്‍ന്ന വെണ്ണക്കള്ളന്‍....!!!

കൊല്ലേരി തറവാടി
29/04/2011

Thursday, April 14, 2011

ഒരു പാവം തറവാടി ബ്ലോഗറുടെ പ്രൊഫെയില്‍ (ഏഴാം ഭാഗം)

മാളുവും കാവ്യയും പിന്നെ എന്റെ ഭാവനയും...

പ്രൊഫയിലുമായി ബന്ധപ്പെടുത്തേണ്ട ഒരു സീനല്ല എന്നറിയാം,.. എന്നിട്ടും ഏതാണ്ട്‌ ഒന്നരവര്‍ഷംമുമ്പ്‌, സ്വന്തമായി ബ്ലോഗൊന്നുമില്ലാതിരുന്ന കാലത്ത്‌, എഴുതി ആരുമായി പങ്കുവെയ്ക്കാത്ത ഈ കുറിപ്പ്‌ ഒന്നു എഡിറ്റു ചെയ്തു ചെറുതാക്കാനോ സെന്‍സര്‍ ചെയ്തു മാന്യമാക്കാനോ (സമയക്കുറവുമൂലം) മുതിരാതെ വിഷു റിലീസായി പോസ്റ്റ്‌ ചെയ്യുന്നു. അജ്ഞാത ബ്ലോഗറല്ലെ ഞാന്‍, എന്തും ആവാമല്ലൊ എന്ന ചിന്ത അതിനു കരുത്തേകുന്നു. സദയം പൊറുക്കുക... (പറഞ്ഞതൊന്നും ബിലാത്തി കേട്ടില്ലല്ലൊ അല്ലെ..!)  ഇനി ഓടിച്ചെങ്കിലും ഒന്നു വായിച്ചു നോക്കു...

-----------------------------------------

“കുട്ടേട്ടാ,.... നമ്മുടെ അമ്പലത്തിലെ ശാന്തിക്കാരന്‍ തിരുമേനി മരിച്ചുപോയി,...... ആത്മഹത്യ,...... രാവിലെ വീട്ടിന്നിറങ്ങി റെയില്‍വേസ്റ്റേഷന്‍ പരിസരംവരെ നടന്നുപോയി,...  ട്രെയിനിനിനു മുമ്പില്‍ ചാടി... വല്ല കാര്യവുമുണ്ടായിരുന്നോ അങ്ങേര്‍ക്കിതിന്റെ..." മാളുവിന്റെ ഫോണ്‍കോള്‍......
വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല...!!

സാമ്പത്തികമായി നല്ല നിലയിലായിരുന്നു തിരുമേനിയുടെ കുടുംബം.... രണ്ടുമക്കളും ഉന്നതമായ നിലയില്‍ കഴിയുന്നു..... തിരുമേനിയുടെ മകള്‍ ഇന്ദിരയ്ക്ക്‌ എന്റെ അതെ പ്രായമാണ്‌. പഠിയ്ക്കാന്‍ മിടുക്കിയായിരുന്നു ആകുട്ടിയ്ക്ക്‌ PG കഴിയുമ്പോഴെയ്ക്കും ബാങ്കില്‍ ജോലികിട്ടി.. വലിയ കാര്യമായിരുന്നു തിരുമേനിയ്ക്കെന്നെ.. "കുട്ടനു ഇതുവരെ ജോലിയൊന്നും ശരിയായില്ല അല്ലെ..... ഇപ്പോഴും പാരലല്‍ കോളേജ്‌ തന്നെ ശരണം..!! സരസനായ തിരുമേനിയുടെ ഇത്തരം ചോദ്യങ്ങളില്‍നിന്നും രക്ഷപ്പെടനായി ഞാന്‍ അമ്പലത്തിന്റെ പരിസരത്തു പോലുംപോകാറില്ലായിരുന്നു അക്കാലത്ത്‌`.....

എത്ര വിശകലനം ചെയ്തിട്ടും മനസിനു ആ വാര്‍ത്ത പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല...... മനുഷ്യമനസ്സ്‌.... അതൊരു പ്രഹേളികയാണ്‌..... എത്ര അന്വേഷിച്ചാലും..... ഒരിയ്ക്കലും ഉത്തരം കിട്ടാതെ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേയ്ക്കു നീളുന്ന ഒരുപാടു ചോദ്യങ്ങളുടെ കലവറ..... അതറിയാഞ്ഞിട്ടല്ല..... പക്ഷെ ശാന്തനും നിഷ്കളങ്കനും ശുദ്ധനാട്ടിന്‍പുറത്തുകാരനുമായ ആ നല്ലമനുഷ്യന്‌ എന്തെ ഇങ്ങിനെ തോന്നാന്‍..!!

നാലമ്പലത്തിന്റേയും ശ്രീകോവിലിന്റേയും അകത്ത്‌ മാത്രമൊതുങ്ങി അദ്ദേഹത്തിന്റെ പ്രഭാതങ്ങളും പ്രദോഷങ്ങളും.... കര്‍പ്പുരത്തിന്റെയും, ചന്ദനത്തിരിയുടെയും, കത്തുന്ന നെയ്‌ വിളക്കിന്റേയും പരിശുദ്ധി നിറഞ്ഞ അന്തരീക്ഷത്തിലൂടെ മാത്രം കടന്നു പോയജീവിതം. എന്നിട്ടും ..? എനിയ്ക്കോര്‍മ്മ വെച്ച നാള്‍തൊട്ടെ അദ്ദേഹംതന്നെയായിരുന്നു അമ്പലത്തിലെ ശാന്തി... എങ്ങിനെ പോയാലും ഒരെഴുപത്തിയഞ്ചു വയസ്സെങ്കിലും കാണും തിരുമേനിയ്ക്ക്‌. ഉള്ളിലെത്ര ദുഃഖമുണ്ടായിരുന്നെങ്കിലും  അതൊക്കെ ശാസ്താവില്‍ അര്‍പ്പിച്ചു കുറച്ചുനാളുകള്‍കൂടി കാത്തിരിയ്ക്കാമായിരുന്നു അദ്ദേഹത്തിന്‌..സ്വഭാവികമായും മരണം സ്വയം വന്നു കൂട്ടികൊണ്ടുപോകുമായിരുന്നു. എന്നിട്ടും...?

എണ്ണവിളക്കിന്റേയും, പുഷ്പാഞ്ചലിയുടേയും രൂപത്തിലെത്തുന്ന ഭക്തരുടെ നിവേദനങ്ങള്‍ ശാസ്ത്താവിനര്‍പ്പിച്ച്‌... ആത്മാര്‍ത്ഥമായി നിവേദിച്ച്‌... "എല്ലാം നേരെയാകും.... ശാസ്താവു നേരെയാക്കിത്തരും " എന്നു പറഞ്ഞു നിഷ്കളങ്കമായ പുഞ്ചിരിയോടെ പ്രസാദം നല്‍കി ഭക്തരെ ആശ്വസിപ്പിയ്ക്കാറുള്ള അദ്ദേഹത്തിനു എന്തെ സ്വന്തം സങ്കടങ്ങള്‍ ഈശ്വരന്റെ മുമ്പില്‍ അവതരിപ്പിച്ചു പരിഹാരം തേടാന്‍ നേരംകിട്ടാതെപോയി.....? ചോദ്യങ്ങള്‍ ...! ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങള്‍....!

ഒരു മരണവാര്‍ത്ത കൂടിയുണ്ട്‌ കുട്ടേട്ടാ... കുറെദിവസമായി... കുട്ടേട്ടനെ വിഷമമാകുമൊ എന്നു കരുതി ഞാനത്‌ പറയാതെയിരിയ്ക്കുകയായിരുന്നു.... കുട്ടേട്ടന്റെ കൂടെ  പാരലല്‍ കോളേജില്‍ പഠിപ്പിച്ച ജോസ്‌ മാഷ്‌  മരിച്ചുപോയി.. മാരകമായ എന്തോ അസുഖവുമായി കുറെ ദിവസം ഹോസ്പിറ്റിലായിരുന്നു."

എന്നേക്കാള്‍ ഒന്നോ രണ്ടോ വയസ്സുമാത്രം മൂപ്പൂള്ള  ജോസ്‌ മാഷ്‌...... നന്നായി പാടുമായിരുന്നു... സെമിനാരിയില്‍ അച്ചനാകാന്‍ പോയി പാതിയില്‍ ഉപേക്ഷിച്ചു തിരിച്ചുവന്ന ജോസിന്റെ ഇംഗ്ലിഷുക്ലാസുകള്‍ കുട്ടികളുടെ ഇടയില്‍ പ്രസിദ്ധമായിരുന്നു.... ബി.എഡിനു  കൂടെ പഠിച്ച ഹിന്ദു പെണ്‍കുട്ടിയോടുള്ള  ജോസിന്റെ പ്രണയം, കോലാഹലം സൃഷ്ടിച്ച വിവാഹം... എല്ലാം ഒരു തിരക്കഥയിലെന്നപോലെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു..... എന്തു ഞെട്ടിയ്ക്കുന്ന വാര്‍ത്ത കേട്ടാലും ഒരു നിമിഷനേരം മാത്രം നീണ്ടുനില്‍ക്കുന്നഹൃദയത്തിലെ വിങ്ങല്...... കുറച്ചു നേരത്തേയ്ക്ക്‌ മനസ്സില്‍ നിറിഞ്ഞുനില്‍ക്കുന്നവിഭ്രാന്തി... അവിടെ തീരുന്നു എല്ലാ സങ്കടങ്ങളും...... പിന്നെ നോര്‍മലാകുന്ന മനസ്സ്‌, നിര്‍വികാരം അതുള്‍ക്കൊള്ളാനും വിശകലനം ചെയ്യാനും പഠിച്ചിരിയ്ക്കുന്നു.... ഒരാധുനിക മാധ്യമപ്രവര്‍ത്തകനെപോലെ ക്രൂരവും യാന്ത്രികവുമാവാന്‍ തുടങ്ങിയിരിയ്ക്കുന്നു  എന്റെ മനസ്സുമെന്ന ദുഃഖസത്യം  ഒരു ഞെട്ടലോടെതിരിച്ചറിഞ്ഞു......

"മനുഷ്യന്റെ കാര്യമൊക്കെ അത്രയ്ക്കല്ലെ ഉള്ളു മാളു,...... ഒരുനിമിഷിത്തിനപ്പുറം അടുത്ത നിമിഷത്തിനെക്കുറിച്ചു ചിന്തിയ്ക്കാന്‍ പോലും അവകാശമില്ലല്ലൊ നമുക്ക്‌ ഈ ജീവിതത്തില്‍.... ഒരു തിരക്കഥയിലെന്നപോലെ എല്ലാം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരിയ്ക്കുന്നു..... അനുസരിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട കഥാപാത്രങ്ങള്‍ മാത്രമല്ലെ നമ്മള്.... അതിനിടയില്‍ ക്രൂരമായി ബലിയാടക്കപ്പെടുന്നു പലരും....

 കുറച്ചുദിവസം മുമ്പുവരെ വരെ നമ്മുടെയൊക്കെ കണ്ണില്‍ കേരളത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടിയായിരുന്നിലെ കാവ്യാ മാധവന്..... ഒരു ജനത ഒറ്റക്കെട്ടായി ഏറ്റെടുത്തു നടത്തിയ കല്യാണം.... മറ്റൊരു നടിയ്ക്കും ലഭിയ്ക്കാത്ത സൗഭാഗ്യം.. എന്നിട്ട്‌,.. ഇപ്പോള്‍ കല്ല്യാണപട്ടിന്റെ പുതുമണം മാറുംമുമ്പെ,... മംഗല്യചരടിന്റെ മഞ്ഞനിറം മങ്ങുംമുമ്പെ,... ആ കുട്ടിയുടെ അവസ്ഥ നോക്കു..... അത്രയ്ക്കൊക്കെയുള്ളു മാളു മനുഷ്യന്റെ കാര്യങ്ങള്‍......"

പതിവുപോലെ ഇന്റര്‍നാഷണല്‍ ടെലിഫോണ്‍  കാര്‍ഡിന്റെ സൗജന്യം തത്വചിന്തകള്‍ക്കായിപ്രയോജനപ്പെടുത്തുകയായിരുന്നു ഞാന്‍..

മാളുവിനു ഇഷ്ടമാണ്‌ അവളുടെ കുട്ടേട്ടന്റെ ഇത്തരം സംസാരങ്ങള്‍...

 "അതു നിങ്ങളുടെ, ആണുങ്ങളുടെയൊക്കെ പ്രാര്‍ത്ഥനയുടെ ഫലമാകും...!!"

പക്ഷെ, അവളുടെ പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. 

"അതെന്താ മാളു ,... നീ അങ്ങിനെ പറഞ്ഞത്‌..."

"കുട്ടേട്ടനൊന്നും ഓര്‍മ്മയില്ല അല്ലെ,..!! കുട്ടേട്ടന്‍ തന്നെ എന്തൊക്കിയാ എഴുതികൂട്ടിയത്.... കാവ്യയുടെ മൂക്കിനിടയിലെ കറുത്ത  മറുകിന്റെ ചന്തം എങ്ങിനെയൊക്കെ വര്‍ണ്ണിച്ചിട്ടും കുട്ടേട്ടനു മതിവരുന്നുണ്ടായിരുന്നില്ലല്ലൊ., എന്റെ മാളുപോലും അറിയാതെയല്ലെ നിന്നെ ഞാന്‍ മനസ്സില്‍ സൂക്ഷിച്ചത്‌---.!!! അങ്ങിനെ ഒരാവേശത്തില്‍ കുട്ടേട്ടന്‍ എന്തൊക്കെയാഎഴുതി..!! ഞാനൊന്നും മറന്നിട്ടില്ല,.... എനിയ്ക്കു പെട്ടന്നു മറക്കാനുംകഴിയില്ല".. മാളുവിന്റെ പരിഭവത്തിന്റെ തീക്ഷ്ണത വാക്കുകളില്‍ തെളിഞ്ഞുനിന്നിരുന്നു...

"അയ്യോ മോളെ,... അതൊക്കെ വെറുതെ മെയില്‍ അയച്ചു ഫ്രന്റ്‌സിന്റെ മുമ്പില്‍ ഷൈന്‍ചെയ്യാനുള്ള കുട്ടേട്ടന്റെ ഓരോ നമ്പറുകളല്ലെ...."

"ഒന്നുമല്ല,. എനിയ്ക്കറിയാം... പിന്നെയും എന്തൊക്കെ എഴുതികൂട്ടി,..... ഇന്ദു,... ജയശ്രീ,..... ഇപ്പോഴിതാ ഒരു രാധികയും.... സോണിയായും..... ഞാന്‍ വിചാരിച്ചയത്ര പാവമല്ല കുട്ടേട്ടന്‍.... എല്ലാം എനിയ്ക്കു മനസ്സിലാവുന്നു..." ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ ഇടിയും മിന്നലും പൊട്ടലും ചീറ്റലുമായി കാലവര്‍ഷം കനക്കുന്നു...

"എന്നെ പറഞ്ഞാല്‍ മതിയല്ലൊ,... എഴുതുന്നതെല്ലാത്തിന്റെയും ഒരോ കോപ്പി ഫോര്‍വേര്‍ഡ്‌ ചെയ്യാന്‍ തോന്നിയ സൗമനസ്യം മാത്രം പോരെ എന്റെ മനസ്സിന്റെ ഇന്നസെന്‍സ്‌ നിനക്കു ബോധ്യമാകാന്‍.. എടി മണ്ടൂസെ,.... വലിയ വലിയ എഴുത്തുകാര്.. അവര്‍ എന്തൊക്കെഎഴുതുന്നു.... അതൊക്കെ ജീവിതാനുഭവങ്ങളാണെന്നു അവരുടെ വീട്ടുകാരികളൊക്കെ വിശ്വസ്സിയ്ക്കാന്‍ തുടങ്ങിയാലത്തെ അവസ്ഥ ഒന്നോര്‍ത്തു നോക്ക്‌ നീ....."

" അവരൊക്കെ സാഹിത്യകാരന്മാരല്ലെ കുട്ടെട്ടാ,.. ചെറുപ്പം മുതലെ സര്‍ഗ്ഗവാസനകാണും,..  ഭാവനയില്‍ നിന്നുമെഴുതാന്‍ കുട്ടേട്ടന്‌ അങ്ങിനെ സിദ്ധികളൊന്നുമില്ലല്ലൊ.. അതുമാത്രമല്ല,. കുട്ടേട്ടന്‍ ശ്രദ്ധിച്ചിട്ടിണ്ടൊ, റോമാന്‍സ്‌ എഴുമ്പോളാണ്‌ കുട്ടേട്ടന്‍ ഏറ്റവുമധികം ഇന്‍വോള്‍വാവുന്നത്‌.. എല്ലാമറിഞ്ഞനുഭവിച്ചപോലെ,.... വായിയ്ക്കുന്നവര്‍ക്കുപോലും അനുഭവവേദ്യമാക്കി വല്ലാത്ത സുഖം പകരുന്ന രീതിയിലല്ലെ ആ എഴുത്ത്‌.....!. എന്തെങ്കിലും അനുഭവങ്ങളില്ലാതെ എങ്ങിനെയാ കുട്ടേട്ടാ ഇതൊക്കെ ഇത്രയും ഭംഗിയായി എഴുതാന്‍സാധിയ്ക്കുന്നത്‌..."

ഭാഗ്യം,... അവള്‍ വീണ്ടും ഇണങ്ങാന്‍ തുടങ്ങിയിരിയ്ക്കുന്നു..... മഴ പൂര്‍ണ്ണമായുംശമിച്ചു.. ഇടിയുടെയും മിന്നലിന്റേയും ശക്തിയും കുറഞ്ഞു.... പക്ഷെ ആകാശത്ത്‌ ഇപ്പോഴും കാര്‍മേഘങ്ങള്‍ വിട്ടുമാറാതെ ശേഷിയ്ക്കുന്നു..... എന്റെ സൂര്യന്റെ തിളക്കത്തിന്‌ ഇന്ന്‌ വല്ലാതെ മങ്ങലേറ്റിരിയ്ക്കുന്നു....

"എന്റെ മോളെ ഇപ്പോള്‍ത്തന്നെ കാവ്യയുണ്ട്‌ നമ്മുടെ ഇടയില്‍,... ഇനി നീ എന്തിനാ വെറുതെ ആ പാവം ഭാവനയെ കൂടി ഇതിലേയ്ക്കു വലിച്ചിഴയ്ക്കുന്നത്‌....."

"വേണ്ടവേണ്ടാ,.. ഈ കോമഡിയൊന്നും എനിയ്ക്കു കേക്കേണ്ടാ..... എന്റെ പിണക്കം മാറിയിട്ടൊന്നുമില്ലാട്ടൊ"

"പിണങ്ങല്ലടാ കണ്ണാ,.... എന്റെ ഭാവനയ്ക്കു ചിറകുകള്‍ നല്‍കിയ സുന്ദരമായമുഖം,.. റൊമാന്റിക്‌ ചിന്തകള്‍ക്ക്‌ നിദാനമായിതീര്‍ന്ന കരിനീലക്കണ്ണുകള്‍.,. അതിനു തിളക്കമേകിയ വെളുത്ത മൂക്കുത്തിക്കല്ലലങ്കരിയ്ക്കുന്ന നീണ്ടു വിടര്‍ന്നനാസിക... അതു പീലിവിടര്‍ത്തിയാടി  പടര്‍ന്നിറിങ്ങി രുചിച്ചറിഞ്ഞ വിടര്‍ന്നു തുടുത്ത അധരങ്ങള്‍... ഇതൊക്കെ ആരുടേതാണെന്നു നിനക്കറിയണം അത്രയല്ലെ വേണ്ടൂ.!!... അതു കണ്ടുപിടിയ്ക്കാന്‍ കുട്ടേട്ടനൊരു ട്രിക്ക്‌ മാജിക്‌പറഞ്ഞുതരാം,... ഇന്നു ഡ്യൂട്ടിയും കഴിഞ്ഞ്‌,.. വീട്ടില്‍ച്ചെന്ന്‌ കുളിച്ചു ഫ്രെഷായി, കുട്ടേട്ടനേറ്റവും ഇഷ്ടപ്പെട്ട ആ കിളിപ്പച്ച ബ്ലൗസുമിട്ട്‌,പച്ചക്കരസെറ്റുമുണ്ടുമുടുത്ത്‌ ചന്ദനക്കുറിയുമണിഞ്ഞ്‌ നന്നായൊന്നൊരുങ്ങണം... പിന്നെ, നമ്മുടെ അഭൗമനിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു തിളങ്ങി നില്‍ക്കാറുള്ള, ബെഡ്‌റൂമിലെ ആ വലിയ നിലകണ്ണാടിയ്ക്കു മുമ്പില്‍ ചെന്നു നില്‍ക്കണം,. എന്നിട്ട്‌......? ഒരുനിമിഷം കണ്ണടച്ച്, നന്നായി പ്രാര്‍ത്ഥിച്ച്‌, കുട്ടേട്ടനെ മാത്രമോര്‍ത്ത്‌,..., നമ്മുടെ പ്രിയനിമിമിഷങ്ങള്‍ മനസ്സില്‍ നിനച്ച്‌,...  കണ്ണടിയില്‍നോക്കി നന്നായൊന്നു പുഞ്ചിരിയ്ക്കണം..... അപ്പോള്‍ നാണംകൊണ്ടു തുടുത്ത മുഖഭാവങ്ങളൊടെ,... വികാരം അലയടിയ്ക്കുന്ന വിടര്‍ന്ന മിഴിയിതളുകളും വിടര്‍ത്തി... നിറഞ്ഞു നില്‍ക്കുന്ന പാല്‍നിലാപുഞ്ചിരിയുമായി ഒരു പെണ്ണ്‌ കണ്ണാടിച്ചില്ലിലേയ്ക്കിറങ്ങിവരും.. കുട്ടെട്ടന്റെ മനസ്സിലെ മാന്ത്രികകണ്ണാടിയിലെ സുന്ദരി...! കുട്ടേട്ടന്റെ ഭാവനയെ തൊട്ടുണര്‍ത്തിയ പെണ്‍കൊടി......!!"

"എന്റെ കൃഷ്ണാ,.... ഫോണില്‍കൂടി വാക്കുകള്‍കൊണ്ടു ഇന്ദ്രജാലം,.... അടുത്തുള്ള നിമിഷങ്ങളില്‍......!!  ഈ കുട്ടേട്ടന്റെ ഒരു കാര്യം...."

അവളുടെ ചുണ്ടുകളില്‍ നിന്നുമുതിരുന്ന ചിരിമഴത്തുള്ളികിലുക്കം...

വീണ്ടും ജ്വലിയ്ക്കാന്‍ തുടങ്ങിയ സൂര്യന്റെ തിളക്കത്തില്‍ ആ കണ്ണുകളില്‍ വിടരുന്ന മഴവില്ലിന്റെ ഏഴുനിറങ്ങള്‍.... വിദൂരതയിലാണെങ്കിലും  എന്റെ മനസ്സിലെ കണ്ണാടിയില്‍ എല്ലാം വ്യക്തമായി പ്രതിഫലിയ്ക്കുകയായിരുന്നു...

ഇന്ന്‌ വെള്ളിയാഴ്ചയല്ലെ .. കുട്ടേട്ടനു ഉച്ചയ്ക്ക്‌ ഓഫീസില്‍ നിന്നുമിറങ്ങാന്‍പറ്റുന്ന ദിവസം.. ഇനി റൂമില്‍ ചെന്നിട്ട്‌ വിളിയ്ക്കാം,.. വൈകുന്നേരം നെറ്റിലും കാണാട്ടോ.......

പാവമാണ്‌ മാളു, പക്ഷെ, വളരെ പൊസ്സസ്സീവ്‌ ആണവള്‍..... അവള്‍ക്കു എന്തെങ്കിലും അയയ്ക്കുമ്പോള്‍ വളരെ കരുതല്‍ വേണം,...ഭാഗ്യം,..ആലീസ്‌ചേച്ചി,  എല്‍സി ഇവരെക്കുറിച്ചെഴുതിയതൊന്നും ഫോര്‍വേഡ്‌ ചെയ്യാന്‍ തോന്നാഞ്ഞത്‌.....

അവളുടെ പൊസ്സസ്സിവിനെസ്സിന്റെ ശക്തി കല്യാണം കഴിഞ്ഞ്‌ ആദ്യ നാളുകളൊന്നില്‍ ശരിയ്ക്കും അനുഭവച്ചതറിഞ്ഞതാണ്‌...

വിവാഹം കഴിഞ്ഞ ആദ്യദിനങ്ങളിലെ ഒരപരാഹനത്തില്‍ വിശാലമായ പാടവരമ്പിലൂടെ നടക്കാനിറങ്ങിയതായിരുന്നു ഞങ്ങള്‍...

വെയില്‍ നേരത്തെ തന്നെ മങ്ങാന്‍ തുടങ്ങിയിരുന്നു.... പുതുമണവാളനായ വൃശ്ചികക്കാറ്റ്‌ സൂര്യനെ ശപിച്ചും,..പകലിനെ കല്ലെറിഞ്ഞും,.. കുളിരുംപേറി കുണിങ്ങിയെത്തുന്ന സുന്ദരിയായി നിശയേയും കാത്ത്‌ അക്ഷമയോടെ അവിടെയൊക്കെ കറങ്ങിനടക്കുന്നുണ്ടായിരുന്നു..

"നോക്കു മാളു,..... ആ വരുന്നതാണ്‌ കവിത മോള്‍.... കുട്ടേട്ടനു കല്യണമാലോചിച്ചതാ ആ കുട്ടിയെ ... ജാതകം ചേരാത്തതുകൊണ്ടുമാത്രം നടക്കാതെ പോയി.... എന്തു സുന്ദരിയാ  അല്ലെ ആ കുട്ടി....."

സ്കൂളൂം വിട്ട്‌ ദൂരെ ചിറവരമ്പിലൂടെ നടന്നുവരുകയായിരുന്നു കവിതടീച്ചറപ്പോള്‍....

നാട്ടിലെ മേലേടത്ത്‌ തറവാട്ടിലെ ശങ്കരന്‍ മാഷുടെ  മകളായിരുന്നു കവിത... വലിയ തറവാട്ടുകാരായ അവര്‍ക്കു തറവാട്ടുവക സ്കൂളുണ്ടായിരുന്നു. ആ സ്കൂളില്‍തന്നെ ടീച്ചറായിരുന്നു ആ കുട്ടി.....

"നല്ല കുട്ടിയാ കവിത..... കാഴ്ചയിലും സ്വഭാവത്തിലും,.... പക്ഷെ ഭയങ്കര തടിയല്ലെ ആകുട്ടിയ്ക്ക്‌ ..... നമ്മുടെ കുട്ടന്‌ എങ്ങിനെയാ ചേരുക.... വലിയ തറവാട്ടുകാര്‌.. അവരായിട്ടു കൊണ്ടു വന്ന ആലോചന.... എങ്ങിനെയാ വേണ്ടാന്നു പറയുക... എന്തായാലും ജാതകം നോക്കട്ടെ എന്നിട്ടു തീരുമാനിയ്ക്കാം..." അമ്മയ്ക്കായിരുന്നു കൂടുതല്‍ ഉത്‌കണ്ഠ......

കവിതയുടെ വിശേഷങ്ങള്‍ വിളമ്പിയ അന്നു രാത്രി പിണക്കത്തിന്റെ ശിവരാത്രിയായിരുന്നു.......

"കുട്ടേട്ടന്‍ ഏന്താ ആ കുട്ടിയെ വിളിച്ചെ.... മോളെന്ന്‌ അല്ലെ.... ഇത്രയും ദിവസമായിട്ട്‌ എന്നെ ഇതുവരെ ഒരുവട്ടം പോലും അങ്ങിനെ വിളിച്ചിട്ടില്ലല്ലൊ.... ഇന്നിനി എന്നോടു മിണ്ടാന്‍ വരേണ്ട.... കവിതമോളുടെ അടുത്തേയ്ക്ക്‌ തന്നെ പൊയ്ക്കൊ.. കുട്ടേട്ടന്‍ ശ്രദ്ധിച്ചോ..... നമ്മളെ നോക്കി ചിരിയ്ക്കുമ്പോള്‍ ആ കുട്ടിയുടെ മുഖത്തു നല്ല വിഷമമുണ്ടായിരുന്നു.... കുട്ടേട്ടനോട്‌ ആ കുട്ടിയ്ക്ക്‌ ശരിയ്ക്കും ഇഷ്ടമുണ്ടായിരുന്നു...."

"ഭഗവാനെ,.... ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ ഇനി എന്തൊക്കെ കേള്‍ക്കണം...." ശരിയ്ക്കും തലയ്ക്കു കൈയും വെച്ചിരിയ്ക്കുകയായിരുന്നു  ഞാനപ്പോള്‍.... നുള്ളും പിച്ചും മാന്തുമൊക്കെയായി വ്യര്‍ത്ഥമായി പോയി ആ രാവ്‌....

ക്രമേണ   ഞങ്ങള്‍  ഇണങ്ങുകയായിരുന്നു.... ജീവിതം ശക്തമാകുകയായിരുന്നു... കുട്ടേട്ടനും മാളുവും ഒന്നായി മാറാന്‍ തുടങ്ങുകയായിരുന്നു...

പിന്നെപ്പിന്നെ ഒരു വാക്ക്‌, ഒരു നോട്ടം,.. എനിയ്ക്ക്‌ മാത്രമറിയാവുന്ന ആ "സ്വിച്ചി"ലെ ഒരു നനുത്ത സ്പര്‍ശം,... ഇതൊക്കെ മാത്രം മതി അവളുടെ പിണക്കം മാറ്റാന്‍, ഇണക്കിയെടുക്കാന്‍.....

മധുവിധുവിന്റെ നാളുകളിലൊന്നില്‍ ശാന്തസുന്ദരമായ ഞങ്ങളുടെ ഏകാന്തസുന്ദരമായ നിമിഷങ്ങളിലെപ്പോഴോ അവളുടെ വിടര്‍ന്നുതുടുത്ത ചെവിയിതളുകള്‍ക്കു താഴെ വലത്തെ കവിള്‍ത്തടത്തില്‍ അധരങ്ങള്‍കൊണ്ടു കവിത രചിച്ചു രസം കൊള്ളുകയായിരുന്നു ഞാന്‍...  അവളും അതാസ്വദിയ്ക്കുകയായിരുന്നു.....

"അവിടെ ,.. അവിടെതന്നെ ഒന്നുകൂടി അമര്‍ത്തി... കുട്ടേട്ടാ,.. അവിടെ, ആ സ്പോട്ടില്‍  എനിയ്ക്കെന്തോ ഒരു മാന്ത്രിക സ്വിച്ചുണ്ടെന്നു തോന്നുന്നു.......!" മെല്ലെ അവള്‍ മന്ത്രിച്ചു... അവളുണര്‍ന്നു.. അടിമുടിപൂത്തുലഞ്ഞു.. ചുവന്നു തുടുത്തു. .

ചെവിയ്ക്കു താഴെ കുറുനിരകള്‍ പാറിക്കളിയ്ക്കുന്ന കവിള്‍ത്തടത്തിലെ ആ മാസ്മരികബിന്ദുവില്‍ ആവേശത്തോടെ.... ഒരുവട്ടമല്ല..... ഒരുപാടുവട്ടം ... ഒരുപാടൊരുപാടുവട്ടം... ഒരായിരംവട്ടം....!!
പിന്നെ എപ്പോഴും അവളെ ഉണര്‍ത്താന്‍ , ഒരുക്കാന്.... പിണക്കം മാറ്റിയെടുത്തു മെരുക്കിയെടുക്കാന്‍.... എല്ലാറ്റിനും  എളുപ്പവഴിയായി മാറുകയായിരുന്നു ആ സ്വിച്ച്‌...!

"കുട്ടേട്ട,..... വേണ്ട,... ഇന്നു എത്ര കഷ്ടപ്പെട്ടാലും കാര്യമില്ലാട്ടൊ,. സ്വിച്ച്‌ കേടാണെന്നു തോന്നുന്നു... വയ്യാ,..  ഒരു പക്ഷെ വോള്‍റ്റേജില്ലാണ്ടാവും ."

"അതു കള മോളേ... അതു നന്നാക്കാനുള്ള മെക്കാനിസമൊക്കെ കുട്ടേട്ടന്‍ എന്നേ പഠിച്ചു കഴിഞ്ഞു,. പിന്നെ മണി പത്തു കഴിഞ്ഞില്ലെ,.  ഇനി  വോള്‍റ്റേജൊക്കെ വന്നോളും"

ഇന്നും,.. വര്‍ഷങ്ങളിത്ര പിന്നിട്ടിട്ടും,.. ഒട്ടും ഒളിമങ്ങാതെ നില്‍ക്കുന്നു ആ മാന്ത്രിക സ്വിച്ച്‌...!
 എന്തോ,..  മാളുവിന്റെ പിണക്കം, തിരുമേനിയുടെയും,  ജോസിന്റെയും  മരണവാര്‍ത്തകള്‍ എല്ലാം കൂടി ആകെ മൂഡു നഷ്ടപ്പെട്ടതുപോലെ... ഒന്നും കുത്തികുറിയ്ക്കാന്‍പോലും തോന്നുന്നില്ല,...
എന്തെങ്കിലും എഴുതാതെ ഒരു വെള്ളിയാഴ്ച കടന്നു പോകുന്നു...... അസ്വസ്ഥമായ മനസ്സുമായി വെറുതെ മൗസിലൂടെ ഒഴുകി നടന്ന വിരലുകള്‍...

“എന്റെ   പ്രമാണങ്ങളില്‍ " എന്റെ ചിത്രങ്ങളിലെ" താരാപഥത്തില്‍ പ്രഥമസ്ഥാനം കൊടുത്തു സൂക്ഷിച്ച്‌ കാവ്യയുടെ ചിത്രങ്ങളില്‍ ചെന്നെത്തിയത്‌ യാദൃച്ഛികമല്ലായായിരുന്നു... സ്വസ്ഥതയുടെ ഒരു പച്ചപ്പു തേടുന്ന മനസ്സിന്റെ കുറുമ്പായിരുന്നു ..

സ്ലൈഡ്‌ഷോയിലൂടെ LCD സ്ക്രീനില്‍ നിരനിരയായി ഒഴുകിയെത്തുന്ന കാവ്യയുടെ വിവിധരൂപങ്ങള്‍, ഭാവങ്ങള്‍.. അവയ്ക്കു ശരിയ്ക്കും ജീവനുണ്ടെന്നു തോന്നും പലപ്പോഴും..... വിടര്‍ന്നു നീണ്ട കരിനീലക്കണ്ണുകള്‍,.. വിടര്‍ന്നുമലരാന്‍ വെമ്പുന്ന അധരങ്ങള്‍ക്കിടയിലൂടെ, മാധുരിദീക്ഷിതിനെ പോലും തോല്‍പ്പിയ്ക്കുന്ന നറുനിലാപാല്‍പുഞ്ചിരി... വടിവൊത്ത  മൂക്കിനലങ്കാരമായ  മലയാളിസ്ത്രീത്വത്തിന്റെ മുഴുവന്‍ സൗന്ദര്യവും കാച്ചിക്കുറിക്കിയിടുത്ത്‌ സമന്വയിച്ച്‌ ആരിലും മോഹങ്ങളുണര്‍ത്തുന്ന മറുകിന്റെ മാസ്മരികത...

ഡെലീറ്റ്‌ ചെയ്ത് കളയാന്‍ ഒരുങ്ങിയതാണൊരിയ്ക്കല്‍.. കാവ്യയുടെ കല്യാണത്തിനു തൊട്ടു മുമ്പുള്ള എതോ ഒരുദിവസം,... അന്യപുരുഷന്റെ ഭാര്യയാകാന്‍പോകുന്ന ആഭിജാത്യവും കുലീനത്വവുമുള്ള ഒരു പെണ്ണിന്റെ ഫോട്ടോ ഇനിയും എന്റെ പ്രമാണങ്ങളില്‍ സൂക്ഷിയ്ക്കുന്നത്‌ ശരിയല്ല എന്ന് തോന്നല്‍  മനസ്സില്‍ നിറഞ്ഞുനിന്ന സമയമായിരുന്നു അത്‌....

delete all. ?.......no,?....no,?.....no.....!! എത്ര ശ്രമിച്ചിട്ടും "യെസ്‌" എന്നു പ്രസ്സ്‌ ചെയ്യാന്‍ കഴിഞ്ഞില്ല.,. ആ സുന്ദരമായ മുഖം മായ്ച്ചു കളയാന്‍ കഴിഞ്ഞില്ല....

കാവ്യക്ക്‌ പലപ്പോഴും  നിളാപുത്രിയുടെ രൂപഭാവങ്ങളാണെന്നു തോന്നും... നിളാനദിയുടെ തീരത്തു ജനിച്ച്‌... നിളയുടെ കാറ്റേറ്റ്‌ ആ കുളിരില്‍ നീന്തിതുടിച്ചുകളിച്ചുവളര്‍ന്ന  അവളുടെ പാലക്കാടന്‍ ഗ്രാമീണവശ്യചാരുത, ശാലീനത...! എല്ലാം അപ്പാടെ കാവ്യയിലും പ്രതിഫലിയ്ക്കുന്നതുപോലെ ...
ആ മുഖകാന്തിയില്‍ മറ്റൊരു താരത്തിലും ദര്‍ശിയ്ക്കാന്‍ കഴിയാത്ത ചന്തം, ആകര്‍ഷണം ഇതൊക്കെ തോന്നാന്‍ അതായിരിയ്ക്കാം, അതുമാത്രമായിരിയ്ക്കാം കാരണം.... ....!

പാവം കാവ്യ...,. വിണ്ണിലിരുന്നു ഒരുപാടു മോഹിപ്പിച്ച്‌ പാവം ആ താരകം ഇന്ന്‌ പൊടിമണ്ണില്‍വീണു കിടന്നുരുളുന്നു... എന്നിട്ടും  മനസ്സിലെ കൗതുകത്തിന്‌ ,.. തിളക്കത്തിന്‌, ഒരു കുറവും വരുന്നില്ല,....
ഹേമമാലിനിയെ പ്രണയിച്ച ഒരു പാവം ഭിക്ഷാടകന്റെ കഥ കുട്ടന്റെ മനസ്സിലോര്‍മ്മവന്നു... പണ്ടെന്നൊ കേട്ടതാണ്‌., കേട്ടിട്ടില്ലെ നിങ്ങള്‍? ഇല്ലെങ്കില്‍ പിന്നെ പറയാട്ടോ...


കൊല്ലേരി തറവാടി
14/08/2009                             

Monday, April 4, 2011

ഒരു പാവം തറവാടിബ്ലോഗറുടെ പ്രൊഫെയില്‍ (ആറാം ഭാഗം)

അച്ഛന്റെ ശ്രാദ്ധദിനത്തിന്റെ ഓര്‍മ്മയ്ക്ക്‌..

ഇതൊരു സ്പെഷ്യല്‍ എപ്പിസോഡാണ്‌..

ഞാനൊരിയ്ക്കല്‍ പറഞ്ഞിട്ടില്ലെ മീനമാസത്തിലെ അശ്വതിനക്ഷത്രത്തിലാണ്‌ അച്ഛന്റെ ശ്രാദ്ധം..ഈ വര്‍ഷം ഏപ്രില്‍ അഞ്ചിന്‌ ആണ്‌ ആ ദിനം.. .

പത്തു വര്‍ഷമാകുന്നു അച്ഛന്‍ മരിച്ചിട്ട്‌.. എല്ലാ കൊല്ലവും ഞങ്ങള്‍ മക്കള്‍ എല്ലാവരും ഒത്തുകൂടി ഒന്നിച്ച്‌ ചിട്ടയോടെ വൃതശുദ്ധിയോടെ ആചരിയ്ക്കുന്ന ഒരു കര്‍മ്മമാണ്‌ അച്ഛനുള്ള ബലിതര്‍പ്പണം..

കഴിഞ്ഞതിനു തൊട്ടുമുമ്പുള്ള വര്‍ഷം വരെ കൃത്യമായി ഈ സമയത്ത്‌ എനിയ്ക്ക്‌ അവിടെ എത്തിചേരാന്‍ കഴിയാറുണ്ടായിരുന്നു...പക്ഷെ പിന്നെ എങ്ങിനെയൊ എന്റെ വെക്കേഷന്‍ ദിനങ്ങള്‍ മാറിപോയി..എങ്കിലും ഇവിടെയിരുന്നുകൊണ്ടുതന്നെ ഞാന്‍ ആ ചടങ്ങുങ്ങളില്‍ മനസ്സും ശരീരവും പൂര്‍ണ്ണമായും അര്‍പ്പിയ്ക്കും..പിന്നെ എന്റെ തല്‍സ്വരൂപമായി അപ്പുവുണ്ടല്ലൊ അവിടെ എല്ലാറ്റിനും എന്നാശ്വസിയ്ക്കും..

പക്ഷെ, എങ്ങിനെയൊക്കെ ന്യായികരിച്ചാലും ഒരു വലിയ നഷ്ടം തന്നെയാണ്‌ എനിയ്ക്കത്‌. അതങ്ങിനെയല്ലെ, ജീവിതത്തിലെ ഒരുപാടു ധന്യമുഹൂര്‍ത്തങ്ങള്‍ അനുഭവിയ്ക്കാന്‍ യോഗമില്ലാതെ മനസ്സില്‍ സങ്കല്‍പ്പിച്ചു നെടുവീര്‍പ്പിടാന്‍ വിധിയ്ക്കപ്പെട്ടവരണാല്ലോ പാവം പ്രവാസികളെന്നും...

വലിയൊരു കുടുംബമാണ്‌ ഞങ്ങളുടേത്‌...ഞങ്ങള്‍ ഏഴു സഹോദരിസഹോദരന്മാരും, അവരുടെ മക്കളും മക്കളുടെ മക്കളുമൊക്കെയായി അങ്ങിനെ മൂന്നു തലമുറയായി മുപ്പതലധികം പേരുള്ള ഒരു വലിയ കുടുംബം...മക്കളില്‍ എനിയ്ക്കു മാത്രമെ ഒരു കടല്‍ കടന്നു പുറത്തു പോകാനുള്ള "സൗഭാഗ്യം" ലഭിച്ചുള്ളു..പക്ഷെ, ഐ ടി വിപ്ലവം നാട്ടില്‍ വരുത്തിയ മാറ്റങ്ങളുടെ ഫലമായിട്ടാകാം അടുത്ത തലമുറയില്‍ ചേച്ചിമാരുടെ മക്കളില്‍ ഭൂരിഭാഗവും പുറത്തു തന്നെയാണ്‌,..പലരും ഏഴാംക്കടലിനക്കരെ.

ശ്രാദ്ധ ദിനത്തിന്റെ തലേദിവസം "ഒരിയ്ക്കലാണ്‌". അന്ന്‌ ഒരു നേരം ഉച്ചയ്ക്ക്‌ മാത്രമാണ്‌ അരിഭക്ഷണം.ഒരിയ്ക്കല്‍ നാളില്‍ രാവിലെകുളിച്ചു ശുദ്ധിയോടെ മാത്രമെ പച്ചവെള്ളം പോലും കുടിയ്ക്കാന്‍ പാടുള്ളു. ഉച്ചയാവുമ്പോഴേയ്ക്കും യാത്ര ചെയ്ത്‌ മീനചൂടില്‍ തളര്‍ന്ന്‌ ചേച്ചിമാര്‍ രണ്ടു പേര്‍ എത്തി ചേരും.കൊച്ചിയില്‍ നിന്നും മൂത്ത ചേച്ചി, തൊടുപുഴയില്‍ നിന്നും ഇളയ ചേച്ചി... രണ്ടാമത്തെ ചേച്ചി പിന്നെ വീടിനടുത്തു തന്നെ സെറ്റില്‍ ചെയ്തതതുകൊണ്ട്‌ ആ ചേച്ചിയ്ക്കു മാത്രം എപ്പോഴും എന്താവശ്യത്തിനും എളുപ്പത്തിലോടിവരാന്‍ കഴിയും.

എത്ര വൈകിയാലും ചേച്ചിമാരെല്ലാരും എത്തി ഒന്നിച്ചിരുന്നെ അന്ന് ഉച്ചയൂണൂ കഴിയ്ക്കു,....അമ്മയും മാളുവും അനിയന്റെ ഭാര്യയും ചേര്‍ന്ന്‌ സാമ്പാറും മെഴുക്കുപുരട്ടിയും അച്ചാറും മോരുമൊക്കെ അടങ്ങുന്ന ലളിതമായ വെജിറ്റേറിയന്‍ ശാപ്പാടൊരുക്കും.

ഒരു പക്ഷെ, നാളുകള്‍കൂടി എല്ലാരും ഒന്നിച്ചിരുന്നു കഴിയ്ക്കുന്നതുകൊണ്ടാകാം വര്‍ണ്ണനാതീതമായ രുചിയായിയ്ക്കും ആ ഉച്ചയൂണിന്‌.! ഇപ്പോള്‍ ആയിരക്കണക്കിനു കിലോമീറ്ററുകള്‍ക്കപ്പുറം ഈ പ്രവാസലോകത്തിരുന്നു ഇതെഴുതുമ്പോള്‍ നാക്കിന്‍തുമ്പില്‍ വെള്ളമൂറുന്നു,അവിടെയെത്തി വടക്കിനിയില്‍ വടക്കെപാടത്തു നിന്നും വീശുന്ന കാറ്റേറ്റ്‌ അമ്മയുടെ മടിത്തട്ടില്‍ മയങ്ങാന്‍ വല്ലാതെ കൊതിയ്ക്കുന്നു എന്റെ മനസ്സ്‌.

വൈകുന്നേരമാവുമ്പോഴേയ്ക്കും ഏട്ടന്‍മാരും ഏട്ടത്തിയമ്മമാരും എത്തുന്നതോടെ അരങ്ങു കൊഴുക്കും..പിന്നെ എന്റെ വീട്ടിലും അനിയന്റെ വീട്ടിലുമായി ഒരു മേളമാണ്‌..വൈകുന്നേരത്തെ "ഒരിയ്ക്കലിനുള്ള" ചപ്പാത്തിയൊരുക്കുന്നതിനൊപ്പം ചുരളഴിയുന്ന വീട്ടു വിശേഷങ്ങളും, നാട്ടു വിശേഷങ്ങളും ഒപ്പം അല്‍പ്പം പരദൂഷണവും..

"ആണുങ്ങള്‍ക്കെന്താ അടുക്കളയില്‍ കാര്യം" എന്ന ചോദ്യമൊന്നും മുഖവിലയ്ക്കെടുക്കാതെ ചേച്ചിമാരുടെ കൂട്ടത്തില്‍ ഒത്ത നടുക്കു തന്നെ ഞാനുമുണ്ടാവും..."പാവം അവനു വല്ലപ്പോഴുമല്ലെ ഇതുപോലെ നാട്ടുവിശേഷങ്ങളൊക്കെ കേല്‍ക്കാന്‍ പറ്റു., നീ ഇവിടെത്തന്നെ ഇരുന്നോടാ..!" അവിടെയും കിട്ടും എനിയ്ക്ക്‌ ഒരു പ്രവാസിയ്ക്കുള്ള പരിഗണനയും സഹതാപവും. അല്ലെങ്കിലും ചേച്ചിമാരുടേ മനസ്സില്‍ ഞാനിന്നും കൊച്ചുകുട്ടിയാണ്‌...എട്ടുപൊട്ടും തിരിയാത്ത നിഷ്കളങ്കനായ അവരുടെ പാവം കുഞ്ഞനിയന്‍.!

"ഗള്‍ഫിലല്ല, അമേരിയ്ക്കയിലല്ല, യൂറോപ്പിലല്ല, എവിടെ പോയാലും നിനക്കൊരു മാറ്റോം വരില്ല നീ എപ്പോഴും ആ പഴയ കുട്ടന്‍ തന്നെയയിരിയ്ക്കും..!."ഇതാണ്‌ ചേച്ചിമാര്‍ക്ക്‌ ഇന്നും എന്നെക്കുറിച്ചുള്ള നിഗമനം..

.മൂത്ത ചേച്ചി കല്യാണം കഴിഞ്ഞു പോകുമ്പോള്‍ രണ്ടാം ക്ലാസില്‍ പഠിയ്ക്കുകയായിരുന്നു ഞാന്‍,.കല്യാണശേഷം വല്ലപ്പോഴും പിള്ളേരുടെ അവധിനാളുകളില്‍ കുറച്ചു ദിവസങ്ങള്‍ മാത്രം വിരുന്നുകാരെ പോലെ വീട്ടില്‍ വരുന്ന ചേച്ചിമാരുടെ മനസ്സില്‍ ഞാനിപ്പോഴും പഴയ സ്കൂള്‍ കുട്ടി തന്നെയാണ്‌, അവര്‍ക്കങ്ങിനെ തോന്നുന്നതില്‍ അത്ഭുതമില്ല,ആ തഞ്ചത്തിലും താളത്തിലുമെ ഞാനവരോടു എപ്പോഴും പെരുമാറാന്‍ ശ്രമിയ്ക്കു.കൊച്ചുകൊച്ചു സംശയങ്ങളുമായി അറിയുന്ന കാര്യങ്ങള്‍ പോലും അറിയില്ലെന്നെന്നു നടിച്ചും കള്ളത്തരംകാണിച്ചും അവരുടെ ഇടയില്‍ കുഞ്ഞനുജനായി കൊഞ്ചി കറങ്ങി നടക്കുമ്പോള്‍ അനിര്‍വചനീയമായ ഒരു സുഖം അനുഭവിയ്ക്കുന്നു ഞാന്‍.!.അല്ലെങ്കില്‍തന്നെ മനസ്സുകൊണ്ടു ബാല്യത്തിലേയ്ക്കു മടങ്ങിപോകാന്‍ കൊതിയ്ക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ മനുഷ്യരായി.!

ചേച്ചിമാരുള്‍പ്പെടുന്ന ഈ സീന്‍ എഴുതുമ്പോള്‍ സത്യത്തില്‍ എന്തെഴുതണം, എങ്ങിനെ എഴുതണമെന്നൊക്കെ അറിയാതെ ആദ്യം മുതലെ ഞാന്‍ വല്ലതെ വീര്‍പ്പുമുട്ടുന്നു..!.ഇങ്ങിനെ ഞാനൊരു അജ്ഞാതബ്ലോഗറായി കുറിപ്പുകള്‍ എഴുതുന്നുവെന്ന കാര്യം എന്നെങ്കിലും അവരെങ്ങാനും അറിഞ്ഞാല്‍, വായിയ്ക്കാനിട വന്നാല്‍..! "എന്റെ കുട്ടാ, എടാ ഭയങ്കര,... എന്നാലും നീയാ ഇതൊക്കെ എഴുത്യത്‌..ഈശ്വരാ...വിശ്വസിയ്ക്കാനെ കഴിയിണില്ല്യാ.!" അതായിരിയ്ക്കും പ്രതികരണം..കഴിയില്ല അവര്‍ക്ക്‌, എത്ര പറഞ്ഞാലും വിശ്വസ്സിയ്ക്കില്ല,.കാരണം അവരുടെ കുട്ടന്‌ ഇത്രയും അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല...!, അതുമല്ല ഇനി പുതിയതായി എന്തെങ്കിലും നിനച്ചെടുക്കാനൊ,ചമച്ചെഴുതാനൊ ഉള്ള മിടുക്കുമില്ല അവന്‌...!

കളിയും ചിരിയും ഒപ്പം ശ്രാദ്ധമൂട്ടലിനുള്ള ഒരുക്കങ്ങളുമായി മക്കള്‍ ഒന്നിയ്ക്കുന്ന ആ നിമിഷങ്ങളില്‍ അമ്മയുടെ കണ്ണുകള്‍ ആനന്ദനിര്‍വൃതിയാല്‍ നിറഞ്ഞുതിളങ്ങും.ചുവരില്‍ അച്ഛന്റെ പുഞ്ചിരിയ്ക്കുന്ന മുഖത്തിനു പുതുജീവന്‍ വെയ്ക്കുന്നതുപോലെ തോന്നും.

ശ്രാദ്ധമൂട്ടും കഴിഞ്ഞ്‌ നാത്തൂന്‍മാരൊരുക്കുന്ന നാടന്‍ സദ്യയുമുണ്ട്‌ ഉച്ചതിരിഞ്ഞപ്പോഴേയ്ക്കും ചേച്ചിമാര്‍ ഒരോരുത്തരായി അവരവരുടെ കൂടുകളിലേയ്ക്കു പറന്നുപോയി.തിരക്കാണ്‌ എല്ലാവര്‍ക്കും തിരക്കാണ്‌,.എത്ര നിര്‍ബന്ധിച്ചാലും ഒരു നാള്‍കൂടി ആരും നില്‍ക്കില്ല,..സങ്കടം തോന്നി!

മുറ്റത്ത്‌ നാലുമണിച്ചെടിയെ തൊട്ടും തലോടിയും കിന്നരിച്ചും സൂത്രത്തില്‍ പൂക്കളരോന്നായി വിടര്‍ത്തി രസിയ്ക്കുന്ന പോക്കുവെയിലിന്റെ മതിലില്‍തട്ടി പ്രതിഫലിയ്ക്കുന്ന പുഞ്ചിരിയുടെ ശോഭയിലേയ്ക്കു മിഴികള്‍ നട്ട്‌ ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പുപോലെ നിശ്ശബ്ദമായ വീടിന്റെ സിറ്റ്‌ ഔട്ടില്‍ ഞാന്‍ തളര്‍ന്നിരുന്നു...

എന്തൊക്കൊ അസൗകര്യങ്ങളും പോരായ്മകളുമുണ്ടെങ്കിലും കൂട്ടായ്മയുടെ പ്രസരിപ്പും ഊര്‍ജ്ജവും പ്രദാനം ചെയ്യുന്ന പഴയകാല കൂട്ടുകുടുംബവ്യവസ്ഥിതിയെക്കുറിച്ചുള്ള ചിന്തയായിരുന്നു എന്റെ മനസ്സിലപ്പോള്‍..ഇന്ന്‌ അച്ഛന്റെ ബലികര്‍മ്മങ്ങള്‍ക്ക്‌ ഞങ്ങള്‍ ഏഴുപേരുണ്ട്‌,..എനിയ്ക്ക്‌ കൊഞ്ചാനും കളിപറയാനും സഹോദരങ്ങളുണ്ട്‌..പക്ഷെ അപ്പുവിന്‌...? അവനും കടന്നുപോകേണ്ടി വരില്ലെ ജീവിതത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളിലൂടെ.! നാളെ, ഞാനും മാളുവും മരിച്ചാല്‍..ആരുണ്ടാവും അവന്‌ കൂട്ടായി ..അല്ലെങ്കില്‍തന്നെ ഇത്തരം മുഹൂര്‍ത്തങ്ങള്‍ ഒക്കെ ഓര്‍ത്തുവെയ്ക്കാന്‍ എവിടെയാണവന്‌ നേരമുണ്ടാവുക..

സാഹോദര്യത്തിന്റെ മാധുര്യം നുണയാതെ,..കുടുംബബന്ധങ്ങളുടെ പൂര്‍ണ്ണതയറിയാതെ വളരുന്ന ഈ ഒറ്റയാന്‍ കുട്ടികള്‍ നാളെ വളര്‍ച്ചയുടെ നാളുകളില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി വിദൂരതയിലേയ്ക്കു പറന്നുപോയാല്‍ പിന്നെ മണ്ണിന്റെ മണവും പാരമ്പര്യത്തിന്റെ വേരുകളും മറന്ന്‌ അവര്‍ ഒരിയ്ക്കലും മടങ്ങി വരാതിരുന്നാല്‍ എങ്ങിനെ കുറ്റപ്പെടുത്താന്‍ കഴിയും.

ഞാനില്ലാത്ത ലോകത്ത്‌, എത്ര സൗകര്യമുള്ളതാണെങ്കില്‍ പോലും ഒരു ശരണാലയത്തിന്റെ ഇടനാഴികളില്‍ ഒരു പാടു വൃദ്ധമുഖങ്ങള്‍ക്കൊപ്പം, കൊഞ്ചാനും നൊടിയിടയ്ക്കുള്ളില്‍ ഇണങ്ങാനും പിന്നെ പിണങ്ങാനും മാത്രമറിയാവുന്ന ഒരു കൊച്ചുകുട്ടിയുടെ മനസുള്ള എന്റെ മാളുവിന്റെ നിസ്സംഗത നിറഞ്ഞ മുഖം.! വയ്യ..! ഓര്‍ക്കാനെ കഴിയുന്നില്ലെനിയ്ക്ക്‌. തളര്‍ന്ന മനസ്സിന്റെ ശൂന്യതയിലേയ്ക്ക്‌ അശാന്തിയുടെ ചൂടുകാറ്റു വീശാന്‍ തുടങ്ങുകയായിരുന്നു.

"ചേച്ചിമാരൊക്കെ പോയപ്പോ സങ്കടമായി അല്ലെ കുട്ടേട്ടാ,.." മാളു അടുത്തു വന്നിരുന്നു,.ഒന്നരദിവസം നീണ്ട തിരക്കിനുശേഷം സന്ധ്യയ്ക്കു മുമ്പേ വിസ്തരിച്ചൊന്നു കുളിയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവള്‍.

"എന്നാലും ചേച്ചിമാരെ കണ്ടപ്പോള്‍ കുട്ടേട്ടന്‍ എന്നെ മറന്നു അല്ലെ,.അല്ലെങ്കില്‍ എപ്പോഴും മാളു...മാളു എന്നു പറഞ്ഞു പുറകെ നടക്കുന്ന ആള്‍ എന്നെ ഒന്നു തിരിഞ്ഞു നോക്കിയതുപോലുമില്ല...ഞാന്‍ ഒറ്റയ്ക്കാണ്‌ പായസം വെച്ചത്‌ എന്നറിഞ്ഞിട്ടും "നന്നായിട്ടുണ്ട്‌" എന്നൊരു വാക്കുപോലും പറഞ്ഞില്ല..എന്തായിരുന്നു അവരുടെ അടുത്തുള്ള കൊഞ്ചല്‍, ഗമ,.ഒന്നാംക്ലാസില്‍ പഠിയ്ക്കുന്ന കുട്ടിയല്ലെ കൊഞ്ചാനായിട്ട്‌.!.. ഇനി മിണ്ടാന്‍ വരു എന്നോട്‌, അപ്പോ കാണിച്ചു തരാം ഞാന്‍! " അതു പറഞ്ഞു പരിഭവിയ്ക്കുമ്പോള്‍ അപ്പുവിനേക്കാള്‍ ചെറിയ കുട്ടിയുടെ മുഖഭാവങ്ങളായിരുന്നു മാളുവിന്‌.

അതു പിന്നെ എന്റെ മാളു,...അവരു വല്ലപ്പോഴുമല്ലെ വരുന്നത്‌,അതോണ്ടല്ലെ കുട്ടേട്ടന്‍..നോക്ക്‌ ഞാനിപ്പോഴും ആ കൊച്ചു കുട്ടിയുടെ മൂഡില്‍ തന്നെയാ,.. ഏതായാലും കുളിയ്ക്കാന്‍ പോകുകയല്ലെ നീ,..ഈ "ബാലഗോപാലനെ" കൂടി ഒന്ന്‌ എണ്ണ തേപ്പിച്ചു കുളിപ്പിയ്ക്കെടീ,..എത്ര നാളായി മാളു നമ്മളൊന്നിച്ച്‌ ഷവറിന്റെ ചുവട്ടില്‍ വിസ്തരിച്ചൊന്നു കുളിച്ചിട്ട്‌." .ഞാനവളെ ചേര്‍ത്തു പിടിച്ച്‌ അനുനയിപ്പിയ്ക്കാന്‍ ശ്രമിച്ചു.

എന്താ കുട്ടേട്ടാ ഇത്‌, ഒരു ബോധവുമില്ലാതെ, കണ്ടില്ലെ അപ്പു പുറകില്‍ നില്‍ക്കുന്നു,.അവന്‌ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള പ്രായമൊക്കെ ആയിരിയ്ക്കുന്നു.. ഈ കുട്ടേട്ടന്റെ ഒരു കാര്യം..! അവള്‍ മന്ത്രിച്ചു.

ശരിയാണ്‌,.മോന്‍ പുറകില്‍ നിന്നിരുന്ന കാര്യം ശ്രദ്ധിച്ചില്ലായിരുന്നു ഞാന്‍.അവന്‍ വളരാന്‍ തുടങ്ങിയിരിയ്ക്കുന്നു.അമ്മയോളം ഉയരമാകാന്‍ തുടങ്ങിയിരിയ്ക്കുന്നു..

"അച്ഛന്‌ അമ്മയെ മാത്രമെ കൊഞ്ചിയ്ക്കാന്‍ അറിയു, എന്നെ കൊഞ്ചിയ്ക്കാന്‍ ഒരിഷ്ടവുമില്ല."...കുഞ്ഞുപ്രായം മുതലെ അച്ഛനെക്കുറിച്ചുള്ള അവന്റെ ഏക പരാതി അതു മാത്രമാണ്‌.അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല...മാന്തിയും പിച്ചിയും ഉപദ്രവിച്ചും മാത്രമെ കൊച്ചുകുഞ്ഞുങ്ങളെ കൊഞ്ചിയ്ക്കാന്‍ എനിയ്ക്കറിയു...മാളുവിനെ കൈകാര്യം ചെയ്യുന്ന നിമിഷങ്ങളില്‍ കാണിയ്ക്കുന്ന ക്ഷമയും കരുതലും ഒതുക്കവും വഴക്കവും എന്തെ അപ്പുവിന്റെ കാര്യത്തില്‍ വരുമ്പോള്‍ ഇല്ലാതെ പോകുന്നു എന്നോര്‍ത്ത്‌ സ്വയം അത്ഭുതപ്പെടാറുണ്ട്‌ ഞാന്‍.

ഞാനവനെ അടുത്തിരുത്തി,വാല്‍സല്യത്തോടെ, ഒരച്ഛന്റെ എല്ലാ ഭാവങ്ങളുമുള്‍ക്കൊണ്ട്‌ ലാളിയ്ക്കാനൊരുങ്ങി..

"നോക്ക്‌ മാളു,.അപ്പുവിന്റെ മേല്‍ചുണ്ടില്‍ മീശ കുരുക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു,ഒരു രണ്ടുമൂന്നു കൊല്ലമൊന്നു കഴിഞ്ഞോട്ടെ ചുള്ളനാകും അവന്‍, നിന്നേക്കാള്‍ സുന്ദരിയായ ഒരു പെണ്ണിനെത്തന്നെ ഗേള്‍ഫ്രന്‍ഡായി കിട്ടും അവന്‌,.കണ്ടോ നീ".

അപ്പുവിന്റെ മുഖം നാണംകൊണ്ടു തുടുത്തു.. മേല്‍ചുണ്ടില്‍ കുരുക്കാന്‍ തുടങ്ങിയ മീശയുടെ കരുത്തറിയാന്‍ അവന്‍ കണ്ണാടിയുടെ മുമ്പിലേയ്ക്കോടി..

"നല്ല അച്ഛന്‍..! ഇങ്ങിനെത്തന്നെ വേണം മക്കളെ കൊഞ്ചിയ്ക്കാന്‍..!,.എന്റെ കുട്ടേട്ടാ, ഇത്രയും പ്രായമായില്ലെ, മോന്‍ അച്ഛനോളം വലുതാവാന്‍ തുടങ്ങിയില്ലെ എന്നിട്ടും,.!. കഷ്ടം..! ഇനി എന്നാ ഈ കുട്ടികളിയൊക്കെ മാറാന്‍ പോണത്‌.."

മാളുവിന്റെ മുഖം കനത്തു....ആ നിമിഷം അവള്‍ ശരിയ്ക്കും മുതിരന്ന ഒരമ്മയായി അപ്പുവിന്റെ മാത്രമല്ല എന്റേയും..!"

നീ നോക്കിക്കൊ മാളു, മരണശേഷം നിലവിളക്കിന്റെ തെളിച്ചത്തില്‍ ആറടി നീളത്തില്‍ നീണ്ടുനിവര്‍ന്ന്‌ നടുത്തളത്തില്‍ കിടക്കുമ്പോള്‍ നിന്റെ കുട്ടേട്ടന്‌ കുട്ടിക്കളിയൊക്കെ മാറി നല്ല പക്വതയും ഗൗരവവും ഉണ്ടാകും, അന്നേരം കരയാനും പിഴിയാനുമൊന്നും നില്‍ക്കാതെ മതിയാവോളം ശരിയ്ക്കും നോക്കികണ്ടോണം."

"ഒന്നു മിണ്ടാതിരിയ്ക്കു കുട്ടേട്ടാ, എന്റെ കൃഷ്ണാ,..ഈ കുട്ടേട്ടന്റെ ഒരു കാര്യം."

കളിയും ചിരിയും തമാശയുമായി അണുകുടുംബം ഒരുക്കുന്ന സ്വകാര്യതയുടെ ഊഞ്ഞാലിലാടിയാടി മനസ്സിലെ അസ്വസ്ഥകള്‍ എങ്ങോ പോയ്‌മറഞ്ഞു..പുറത്തു വിഷുപക്ഷിയുടെ പാട്ടില്‍ രാവു തരളിതമായി..ദൂരെയെവിടെയൊ മഴ പെയ്യുന്നുണ്ടായിരുന്നു..പുതുമണ്ണിന്റെ ഗന്ധവും പുതുമഴയുടെ കുളിരുമായി വേനല്‍ക്കാറ്റ്‌ പറമ്പിലെ മൂവാണ്ടന്‍മാവിന്റെ ചില്ലകളെ എന്തിനോവേണ്ടി വെറുതെ തൊട്ടുണര്‍ത്തികൊണ്ടിരുന്നു..

മുടി മുഴുവന്‍ മുകളിലേയ്ക്കൊതുക്കി ഉയര്‍ത്തിക്കെട്ടി ഉറങ്ങാനുള്ള തെയ്യാറെടുപ്പിലായിരുന്നു മാളു. മാളുവിന്റെ മുഖത്തിനു ഏറ്റവും നന്നായി ചേരുന്ന ഹെയര്‍ സ്റ്റെയിലാണത്‌...മുടിചുരുളുകളില്‍നിന്നും മോചനം നേടിയ,സ്പോഞ്ചിനുസമാനം മൃദുവാര്‍ന്ന അവളുടെ വിടര്‍ന്ന ചെവിയിതളുകളുടെ ചന്തം എന്നില്‍ മോഹങ്ങള്‍ നിറച്ചു..ഹൃദയം ത്രസിച്ചു,..പെട്ടന്ന്‌ മനസ്സ്‌ ചഞ്ചലമായി..വിടര്‍ന്നു ചുവന്ന വെളിച്ചം വാരിവിതറാന്‍ തയ്യാറായി നിന്നിരുന്ന ബെഡ്‌റൂം ലാമ്പിലേയ്ക്കു കൈവിരലുകള്‍ അറിയാതെ നീണ്ടു..

"വേണ്ട കുട്ടേട്ടാ വേണ്ട,.കുറമ്പ്‌ കാണിയ്ക്കാന്‍ നില്‍ക്കാതെ കിടന്നുറങ്ങാന്‍ നോക്കു ..കഷ്ടമുണ്ടൂട്ടോ,.. ഇത്രയും വലിയ ദിവസമായിട്ട്‌.!"

ഒരു ടീച്ചറമ്മയുടെ ഗൗരവത്തോടെ ശാസ്സിയ്ക്കാനൊരുങ്ങുന്ന മാളുവിന്റെ മുമ്പില്‍ കള്ളത്തരം കയ്യോടെ പിടിയ്ക്കപ്പെട്ട ഒരു കുട്ടിയുടെ ജാള്യതയോടെ ഞാന്‍ ചുരുങ്ങി..

സ്വന്തം പെണ്‍മക്കളേക്കാള്‍ മരുമക്കളെയായിരുന്നു അച്ഛനിഷ്ടം..പ്രത്യേകിച്ചും മാളുവിനെ..മാളുവിനും തിരിച്ചും.. കുറച്ചു വര്‍ഷങ്ങളുടെ പരിചയം മാത്രമെ ഉള്ളുവെങ്കിലും സ്വന്തം അച്ഛനെക്കാള്‍ ഇഷ്ടമായിരുന്നു അവള്‍ക്കെന്റെ അച്ഛനെ..അതങ്ങിനെയാണ്‌ ഒരിയ്ക്കല്‍ പരിചയപ്പെട്ടാല്‍, അടുത്തിടപഴകിയാല്‍ ആര്‍ക്കാണ്‌ അച്ഛനെ മറക്കാന്‍ കഴിയുക..!

നാളെ എന്റെ മകന്‌ ഇതുപോലെ എന്നെപ്പറ്റി ഓര്‍ക്കാന്‍ എന്താണ്‌ എനിയ്ക്കു ബാക്കി വെയ്ക്കാനുണ്ടാവുക..! നിത്യവും ഞാന്‍ ഡയറിയില്‍ കുത്തിക്കുറിയ്ക്കുന്ന വരികള്‍ വലുതായശേഷം എന്നെങ്കിലും അവന്‍ വായിയ്ക്കാനിടവന്നാല്‍...അമ്മയെ വര്‍ഷങ്ങളോളം ഒറ്റയ്ക്കാക്കി വൃഥാ വിലപിച്ചു ജീവിതം തീര്‍ത്ത അച്ഛനോട്‌ പുച്ഛമല്ലെ തോന്നു. അവന്‌!. .

"ഉറങ്ങിയില്ലെ കുട്ടേട്ടാ,." മാളുവും ഉറങ്ങിയിരുന്നില്ല...

"ഇല്ല മാളു ഉറക്കം വരുന്നില്ല"

അവള്‍ എന്റെ നെറ്റിയില്‍ മെല്ലെ തലോടി, ഉമ്മ വെച്ചു, മാറില്‍ചേര്‍ത്തു കിടത്തി മെല്ലെ ചെവിയില്‍ ഈണത്തില്‍ മൂളി...."കണ്ടു കണ്ണേറരുത്‌,..ചൊല്ലി നാവേറരുത്‌, പിള്ളദോഷം തീരാന്‍ മൂളു പുള്ളോര്‍ക്കുടമെ.."ഞാനുറങ്ങുവോളം അവള്‍ പാടികൊണ്ടിരുന്നു.

അതങ്ങിനെയാണ്‌, പാടാതിരിയ്ക്കാന്‍ കഴിയില്ല അവള്‍ക്ക്‌, ആ പാട്ടു കേള്‍ക്കാതെ ഉറങ്ങാന്‍ അവളുടെ കുട്ടേട്ടനും...........!.

(പ്രൊഫെയില്‍ യാത്ര തുടരും)
 
കൊല്ലേരി തറവാടി
04/04/2011