Friday, December 23, 2011

മുല്ലപ്പെരിയാര്‍... കുഞ്ഞു അറിയാന്‍...

കുഞ്ഞൂ, മോളാരാണെന്ന്‌ ഇതു കുറിയ്ക്കുന്ന ഈ നേരത്തും അങ്കിളിനു കൃത്യമായി അറിയില്ല. സുകന്യ മേഡത്തിന്റെ പവിഴമല്ലിയിലൂടെ മാത്രമുള്ള പരിചയം.മുല്ലപ്പെരിയാര്‍ ഒരു ദുരന്തമായി മാറുമോ എന്നു വേവലാതിപ്പെടുന്ന ഒരു കൊച്ചു പെണ്‍കുട്ടിയാണ്‌ മോളെന്ന്‌ മനസ്സിലാക്കുന്നു അങ്കിള്‍.

പക്ഷപാതപരമായ വാര്‍ത്തകളുടെ അതിപ്രസരത്താല്‍ മിഴികളുടെ തിളക്കം കെടുത്തുന്ന പത്രപ്രഭാതങ്ങള്‍ക്കും,വിവാദങ്ങള്‍ക്കു തിരി കൊളുത്തി,കഴമ്പില്ലാത്ത തര്‍ക്കങ്ങളും എവിടേയുമെത്താത്ത ചര്‍ച്ചകളുമായി ഒരു പിടി നിവേദ്യച്ചോറിനും,നല്ലൊരു തുക ദക്ഷിണയ്ക്കുമായി അരയില്‍ മുണ്ടുകെട്ടി ഓച്ഛാനിച്ചു നിന്ന്‌ ചാനല്‍ സന്ധ്യകളിലെ ദീപാരാധനയ്ക്ക്‌ മേലാളന്‍മ്മാരുടെ ഇച്ഛാനുസരണം മേളക്കൊഴുപ്പേകുന്ന ന്യൂസ്‌ ഔര്‍ വാദ്യ വിദഗ്ദരുടെ പ്രകടനങ്ങള്‍ക്കും അവധികൊടുത്ത്‌ മറ്റൊരു ലോകത്തായിരുന്നു അങ്കിള്‍ കുറെ ദിവസം.ദൈവത്തിന്റെ നാട്ടില്‍ ഒരൊറ്റപ്പെട്ട കോണില്‍ ഇലക്ട്രോണിക്സ്‌ ഉപകരണങ്ങള്‍ പരമാവധി ഒഴിവാക്കി എല്ലാം മറന്ന്‌ വെക്കേഷന്‍ ആഘോഷിയ്ക്കുകയായിരുന്നു.അല്ലെങ്കിലെ കുറെ നാളുകളായി ന്യൂസ്‌ ചാനലുകളോട്‌ മാനസികമായി അല്‍പ്പം അകല്‍ച്ചയുണ്ട്‌ അങ്കിളിന്‌..ഏതൊരു വിഷയത്തേയും പര്‍വ്വതീകരീച്ചും,രാഷ്ട്രീയവല്‍ക്കരിച്ചും ജനമനസ്സുകളില്‍ ആധിയും ഭീതിയും ആശയക്കുഴപ്പവും വളര്‍ത്തുക ഒരു ശീലമായ്ക്കിയ നമ്മുടെ മാധ്യമങ്ങളോട്‌ ഒരു ശരാശരി പ്രേക്ഷകന്‌ ഉണ്ടാകാവുന്ന അലര്‍ജി.

136 അടി,...137 അടി...ഇപ്പം പൊട്ടും..ഇതാ പൊട്ടി..! ഇതൊന്നു പൊട്ടിയിട്ടു വേണം വൃത്തിയായൊന്നു റ്റോയ്‌ലെറ്റില്‍ പോകാനെന്ന മട്ടില്‍ ഒരു മൂലക്കുരുകാരന്റെ ആധിയും വ്യാധിയും നിറഞ്ഞ മുഖഭാവങ്ങളുമായി രാപ്പകല്‍ വ്യത്യാസമില്ലാതെയുള്ള റിപ്പോര്‍ട്ടറുമാരുടെ പ്രകടനം അറപ്പും വെറുപ്പും ഉളവാക്കുന്ന തലം വരെ എത്തി പലപ്പോഴും..ടിവി സ്ക്രീനില്‍ തുള്ളിത്തുളുമ്പി ഏതുനിമഷവും പൊട്ടിത്തകരാവുന്ന ഡാമിന്റെ ചിത്രം എത്ര ക്രൂരമായാണ്‌ പാവം മലയാളി ഹൃദയങ്ങളിലേയ്ക്ക്‌ അവര്‍ പരസ്പരം മല്‍സരിച്ചൊഴുക്കിവിട്ടത്‌..ഡാം തകര്‍ന്നാല്‍ കുറച്ചു മിനുറ്റുകള്‍,അല്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി തീര്‍ക്കേണ്ട മരണനിമിഷങ്ങള്‍ എത്ര ദിവസങ്ങള്‍ തുടര്‍ച്ചയായി അനുഭവിച്ചുതീര്‍ക്കേണ്ടി വന്നു പാവം,പെരിയാറിന്റെ തീരവാസികള്‍ക്ക്‌.! ഇത്തിരി പൊങ്ങച്ചത്തിന്റെ പേരില്‍ വാങ്ങിയ,കൊച്ചു സ്വീകരണമുറിയ്ക്ക്‌ ഒട്ടും ചേരാത്ത 32" ഇഞ്ച്‌ LCD TV ശാപമായി മാറി പലര്‍ക്കും..ആ സ്ക്രീനില്‍ തികഞ്ഞ ക്ലാരിറ്റിയോടെ നിറഞ്ഞു തുളുമ്പി പൊട്ടിത്തകര്‍ന്നു ചിതറിക്കുതിച്ചൊഴുകാന്‍ വെമ്പി നില്‍ക്കുന്ന ജലലകണങ്ങള്‍ താളം തെറ്റിച്ച മനസ്സുകള്‍.ഉറക്കം കെടുത്തിയ രാവുകള്‍..

തൊടുപുഴയാറിന്റെ തീരത്ത്‌ താമസ്സിയ്ക്കുന്ന എന്റെ ഇളയ ചേച്ചി ബാങ്ക്‌ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും,ആധാരം പോലുള്ള പ്രധാന രേഖകളും ഭദ്രമായി പൊതിഞ്ഞെടുത്ത്‌, അവ പൊതിയാനുപയോഗിച്ച വെള്ളക്കടലാസ്സിനേക്കാള്‍ വിളറിവെളുത്ത മുഖവുമായി ഒരു ദിവസം വീട്ടില്‍ കയറിവന്നു.."കഥയല്ലിതു ജീവിതത്തിലെ എന്നതുപോലെ കെട്ടിയവനോടു പിണങ്ങിയിട്ടൊന്നുമല്ല കേട്ടോ, പിന്നെ എന്തിനാണെന്നല്ലെ. എല്ലാം സെയിഫായി തൃശ്ശൂരില്‍ ഞങ്ങളുടെ ആരുടെയെങ്കിലും ലോക്കറില്‍ സൂക്ഷിയ്ക്കാന്‍.!.തൊടുപുഴ മുഴുവന്‍ വെള്ളം കയറി ബാങ്കുതന്നെ ഒഴുകിപോയി,റബ്ബറും,വീടും അങ്ങിനെ സ്ഥാവരജംഗമ വസ്തുക്കളെല്ലാം നശിച്ച്‌,അവര്‍തന്നെ മരിച്ചു പോയാലും അങ്ങു ദൂരെ ഗോവയിലുള്ള ഏക മകള്‍ക്ക്‌ കഴിയാവുന്നതെല്ലാം കരുതിവെയ്ക്കാനുള്ള ഒരമ്മയുടെ സ്വാഭാവികമായ വ്യഗ്രത, ജാഗ്രത..!.നാളത്തെ പ്രഭാതത്തില്‍ അറബിക്കടലിലെവിടെയെങ്കിലും ഒഴുകിനടക്കുന്ന ഒരു ജഡമായി മാറുമോ എന്ന ആധിയോടെ ഉറങ്ങാന്‍ കിടന്ന്‌ ദുഃസ്വപ്നങ്ങള്‍ കണ്ട്‌ മരിയ്ക്കാതെ മരിച്ച ഇതുപോലെ എത്രയോ ഹതഭാഗ്യന്മാര്‍ ഉണ്ടായിരുന്നിരിയ്ക്കാം മുല്ലപ്പെരിയാര്‍ ശരിയ്ക്കും തകരാന്‍ പോകുന്നുവെന്ന്‌ "മാധ്യമ പ്രവാചകര്‍" ഉറപ്പിച്ചുപറഞ്ഞ ആ ദിനങ്ങളില്‍ പെരിയാറിന്റെ തീരദേശങ്ങളില്‍..

മര്യാദയുടെ സീമകളെല്ലാം ലംഘിച്ച്‌ ഒരു സീരിയിലെന്നപോലെ കഥകള്‍ ചമച്ച്‌ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ മല്‍സരിയ്ക്കുകയായിരുന്നു ഇട്ടാവട്ടം സ്ഥലം മാത്രമുള്ള ഒരു കൊച്ചു സംസ്ഥാനത്തിന്റെ കൊക്കിലൊതുങ്ങാത്ത ചാനലുകള്‍ പരസ്പരം..നിലനില്‍പ്പിന്റെ പ്രശ്നമായിരിയ്ക്കാം,വിപണനതന്ത്രങ്ങളുടെ ഭാഗവുമായിരിയ്ക്കാം .എന്നാലും എല്ലാറ്റിനും ഒരു നിയന്ത്രണം വേണ്ടെ..കാക്കയുടെ റോളായിരുന്നു പണ്ട്‌ സമൂഹത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‌...സമൂഹത്തിലെ മാലിന്യങ്ങള്‍ തുടച്ചു നീക്കുന്നതില്‍ അവന്‍ വഹിച്ചിരുന്ന പങ്ക്‌ അത്രയും വലുതായിരുന്നു...ഇന്ന്‌.! കുപ്പത്തൊട്ടിയിലെ ദുര്‍ഗന്ധം വമിയ്ക്കുന്ന ചവറുകള്‍ വലിച്ചുപുറത്തിട്ട്‌ താല്‍പ്പര്യമുള്ളതുമാത്രം ചികഞ്ഞെടുത്ത്‌ ബാക്കി ഒരു മടിയുംകൂടാതെ നടുറോഡില്‍ത്തന്നെ ഉപേക്ഷിച്ച്‌ സമൂഹത്തെ മൊത്തം മലീമസമാക്കുന്ന പെരുച്ചാഴികളായി മാറിയിരിയ്ക്കുന്നു പലരും.!
മാധ്യമ സുഹൃത്തുക്കള്‍ പൊറുക്കുക, പൊതുവായി പറഞ്ഞതല്ല...ശുദ്ധഗതിക്കൊണ്ടു പറഞ്ഞുപോകുന്നുവെന്നു മാത്രം.ചുറ്റുവട്ടത്തെ പല കാഴ്ചകളും കാണുമ്പോള്‍ പറയാതിരിയ്ക്കാന്‍ കഴിയുന്നില്ല..

അതിഭാവുകത്വവും അതിശയോക്തിയും കലര്‍ന്ന റിപ്പോര്‍ട്ടുകളാല്‍ ജനമനസ്സുകളില്‍ അശാന്തിയും ആശങ്കയും വളര്‍ത്തി ന്യൂസ്‌ വിതച്ച്‌ ന്യൂസ്‌ കൊയ്യുന്ന പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കളെ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഒരു കാര്യം മറന്നുപോയി നിങ്ങള്‍.മരണഭയത്താല്‍ ഉന്മാദാവസ്ഥയിലായ മനസ്സുകളില്‍ പ്രാദേശികവാദത്തിന്റെ വിഷധൂളികള്‍ കൂടിയാണ്‌ വാരി വിതറുക കൂടിയാണ്‌ ചെയ്തതെന്ന ഞെട്ടിപ്പിയ്ക്കുന്ന ആ സത്യം.! ഓര്‍ക്കണമായിരുന്നു കരുതല്‍ വേണമായിരുന്നു! പരസ്പരം ആശ്രയിച്ചും സഹായിച്ചും സഹകരിച്ചും ഒരേ മനസ്സുമായി കഴിഞ്ഞിരുന്ന രണ്ടു സംസ്ഥാനങ്ങളെ തമ്മില്‍ത്തല്ലിച്ചു ഇന്ത്യയും പാകിസ്താനുമാക്കിയപ്പോള്‍ സമാധാനമായി എല്ലാവര്‍ക്കും.പുതിയ വാര്‍ത്തകള്‍ക്കും ഉറവിടമായി..ഒരുപാടു സാധ്യതകളുള്ള വിഷയംത്തന്നെ കിട്ടി. മറുനാട്ടില്‍ പീഡിപ്പിയ്ക്കപ്പെടുന്ന മലയാളികള്‍.! അസ്സലായി ന്യൂസ്‌ വിതച്ചു ന്യൂസു കൊയ്യുന്ന ആധുനിക മാധ്യമ തന്ത്രം ശരിയ്ക്കും ഫലിച്ചു .

ടോള്‍പിരിവെന്ന പകല്‍ക്കൊള്ളയെ എതിര്‍ക്കുന്നതിന്റെ പേരില്‍ ഇന്ന്‌ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന എന്റെ നാട്ടിലെ മണലിപുഴയോരത്തു തമ്പടിച്ചു കിടക്കുന്ന തമിഴന്‍ ലോറികള്‍ ഇന്നും ബാല്യത്തിലെ ഓര്‍മ്മയായി മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. ഐശ്വര്യത്തിന്റെ ലക്ഷണമായിട്ടാണ്‌ എന്നും പാണ്ടിലോറികളെ മലയാളികള്‍ കണ്ടിട്ടുള്ളു..മണിയറയൊരുക്കാനുള്ള മുല്ലപ്പൂ മുതല്‍ ഗര്‍ഭച്ചാക്കൂളിനുള്ള പുളിമാങ്ങ വരെ അങ്ങിനെ മലയാളിയ്ക്കാവശ്യമായ എന്തും കാലാകാലങ്ങളില്‍ എത്ര കൃത്യമായിട്ടാണ്‌ സ്നേഹനിധികളായ ആ അണ്ണന്‍തമ്പിമാര്‍ എത്തിച്ചു തരുന്നത്‌.. മലയാളി മാമന്മാരുടെ "ഫീലിങ്ങ്‌സ്‌" മനസ്സിലാക്കി ആമ്പുലന്‍സിന്റെ വേഗതയില്‍ പാഞ്ഞു വരുന്ന കള്ളു കയറ്റിയ വാഹനങ്ങള്‍ എന്നും രാവിലെ കേരളത്തിലെ ഹൈവേകള്‍ കണികണ്ടുണരുന്ന നന്മയായി മാറിയിരിയ്ക്കുന്നു ഇന്ന്‌. ലോറികളില്‍ അടക്കിവെച്ച കൂടകളിലെ ദീര്‍ഘയാത്രകളിലെ ക്ഷീണത്തിനിടയിലും കൃത്യമായുണരുന്ന പൂവ്വന്‍കോഴികളുടെ തമിഴു ഭാഷയിലുള്ള കൂവല്‍ കേട്ടാണ്‌ കേരളത്തിന്റെ പല ഭാഗങ്ങളിലും സൂര്യന്‍ പോലും ഇന്നുണരുന്നത്‌.നല്ലൊരു സിനിമ കാണണമെങ്കില്‍,നല്ലൊരു പാട്ടു കേള്‍ക്കണമെങ്കില്‍, റിയാലിറ്റി ഷോയില്‍ നല്ലൊരു ഡാന്‍സു നമ്പര്‍ വേണമെങ്കില്‍പോലും തമിഴനെ ആശ്രയിയ്ക്കണം എന്ന അവസ്ഥയിലായിരിയ്ക്കുന്നു നമ്മള്‍..എന്തിനേറെ, ശരാശരി സൗന്ദര്യവും,ശരാശരിയ്ക്കു താഴെ തൊലിമിനുപ്പും മാത്രമുള്ള നമ്മുടെ പെണ്‍കുട്ടികളെപോലു, കലാവാസനയുടെ മികവു നോക്കി ദത്തെടുത്ത്‌,സ്വന്തം തങ്കച്ചികളായി കരുതി, ഒരുപക്ഷെ മുല്ലപ്പെരിയാറിലെ പോലും വെള്ളം ഉപയോഗിച്ചാകാം കുമ്മായം കലക്കി വെള്ളപൂശി വെളുപ്പിയ്ക്കുന്നു,മഴയില്ലാത്ത ആ നാട്ടില്‍ കൃത്രിമ മഴ പെയ്യിച്ച്‌ കുളിപ്പിയ്ക്കുന്നു അങ്ങിനെ അവരെ അപ്സരസ്സുകള്‍ക്കു സമാനം വെള്ളിത്തിരയിലൂടെ നമുക്കു തിരിച്ചു തരുന്നു.അവര്‍ നമ്മുടെയൊക്കെ ഭാവനകള്‍ക്കപ്പുറം,നയനയങ്ങള്‍ക്കു താരകങ്ങളാക്കി മാറുന്നു..നവ്യാനുഭവത്തിന്റെ അനന്യ വിസ്മയ കാഴ്ചകളൊരുക്കുന്നു..എല്ലാം പുഴയില്ലാത്ത രാജ്യത്ത്‌ പൂക്കളമൊരുക്കുന്ന തമിഴന്റെ മായജാലം.!

ഇനിയിതൊക്കെ പറഞ്ഞിട്ടെന്തു കാര്യം അല്ലെ.,.എന്തിനായിരുന്നു ഈ കാടിളക്കം..ഇന്നോ ഇന്നലയോ മുതലല്ലല്ലൊ മുല്ലപ്പെരിയാര്‍ഡാം ഒരു മഹാ സമസ്യയായി നമ്മുടെ മുന്നി നീണ്ടു നിവര്‍ന്നു കിടക്കാന്‍ തുടങ്ങിയത്‌..ഇനിയും അതങ്ങിനെത്തന്നെ കിടക്കും.അടുത്ത ഒക്ടോബറില്‍ വൈഗാ നദിയില്‍ വെള്ളം നിറയും.ഒപ്പം മുല്ലാപ്പെരിയാറിലും..വീണ്ടും നമ്മള്‍ ആര്‍ത്തു വിളിയ്ക്കും.ആക്രോശിയ്ക്കും.പൊട്ടിക്കരയും. മാധ്യമങ്ങള്‍ അതൊരാഘോഷമാക്കി മാറ്റും.

ആര്‍ജവമുള്ള ഒരു കേന്ദ്ര ഭരണാധികാരി രണ്ടു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ വിളിച്ചുവരുത്തി ഒന്നിച്ചിരുത്തി അരമണിക്കൂര്‍ കൊണ്ടു തീര്‍ക്കേണ്ട പ്രശ്നം മാത്രമല്ലെ സത്യത്തില്‍ ഇത്‌.നട്ടെല്ലിന്റെ സ്ഥാനത്ത്‌ ആലു മുളച്ചിട്ട്‌ ഏറേ നാളായിട്ടും അതും തണലെന്നു പറഞ്ഞ്‌ കസേരയില്‍ അള്ളിപിടിച്ചിരിയ്ക്കുന്ന അദ്ദേഹത്തില്‍ നിന്നും എന്തു പ്രതീക്ഷിയ്ക്കാനാണ്‌,.തലപ്പാവിനുള്ളില്‍ ദുരൂഹതകളും ജനദ്രോഹനടപടികളും മാത്രം സൂക്ഷിയ്ക്കുന്ന, എല്ലാ ജനകീയ പ്രശ്നങ്ങള്‍ക്കു മുന്നിലും ഒരു മഹാമുനിയെക്കാള്‍ മൗനിയായി മാറുന്ന ആ മനുഷ്യന്‍ വായ്‌ തുറക്കുന്നത്‌ സ്വകാര്യക്കുത്തകകള്‍ക്കും വിദേശവ്യാപാരികള്‍ക്കും വക്കാലത്തു പറയാന്‍ വേണ്ടി മാത്രമാണ്‌.എന്നൊക്കെ എക്‍ണോമിക്സ്‌ പഠിയ്ക്കാത്ത, രാജ്യപുരോഗതിയെക്കുറിച്ചു വലിയ ഗ്രാഹ്യമില്ലാത്ത,എന്നെപോലെ വിവരദോഷിയായ ഏതെങ്കിലും ശുദ്ധഗതിക്കാരന്‍ നാട്ടിന്‍പുറത്തുക്കാരന്‍ പച്ചയ്ക്കു വിളിച്ചു പറഞ്ഞാല്‍ പൂര്‍ണ്ണമായും അതു നിഷേധിയ്ക്കാന്‍ കഴിയുമോ ഏതെങ്കിലും ഭാരതീയന്‌.

ചോര്‍ന്നൊലിയ്ക്കുന്ന മോന്തായവുമായി തകരാറായ മേല്‍കൂരയ്ക്കു താഴെ സ്വീകരണമുറി അലങ്കരിയ്ക്കാനൊരുങ്ങുന്ന ഗൃഹനാഥനെ അനുസ്മരിപ്പിയ്ക്കുന്നു നമ്മുടെ മുഖ്യമന്ത്രി.മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ രണ്ടുമണിക്കൂര്‍കൊണ്ട്‌ മുങ്ങിയൊലിച്ചുപോകാവുന്ന മഹാനഗരത്തില്‍ സ്മാര്‍ട്‌ സിറ്റി,മെട്രൊ അങ്ങിനെ എല്ലാറ്റിലും അതിവേഗം ബഹുദൂരം മുന്നേറുന്ന അദ്ദേഹത്തിന്റെ വാഹനത്തിന്റെ വേഗത മുല്ലപ്പെരിയാര്‍ ദിശയിലേയ്ക്കു തിരിഞ്ഞാല്‍ പെട്ടന്നു കുറയും...ചിലപ്പോള്‍ ടയറുകളെല്ലാം ഒന്നിച്ചു പഞ്ചറാകും, മനസ്സ്‌ പരിധികള്‍ വിട്ട്‌ സഞ്ചരിയ്ക്കുന്നതുകൊണ്ടായിരിയ്ക്കും ഒട്ടു വൈകാതെ പേനയും കടലാസ്സുമെടുത്തു നല്ല സൗമ്യമായ ഭാഷയില്‍ തലൈവിയ്ക്ക്‌ കത്തെഴുതാന്‍ തുടങ്ങും...പണ്ട്‌ അദേഹത്തിന്റെ നല്ല പ്രായത്തില്‍ അങ്ങ്‌ വെള്ളിത്തിരയില്‍ ഇദയകനിയുമൊത്ത്‌ വിലസുകയായിരുന്നല്ലൊ അവര്‍. .കോരിത്തരിപ്പിയ്ക്കുന്ന പ്രണയരംഗങ്ങള്‍. തറടിക്കറ്റിലെ രോമാഞ്ച നിമിഷങ്ങള്‍.. എല്ലാം ഒര്‍മ്മയില്‍ ഓടിയെത്തുന്നുണ്ടാവും.."ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' എന്ന പോലെ ഒരാരധകന്റെ ഈ കത്തുകളും നാളെ ചരിത്രത്തിന്റെ താളുകളില്‍ സ്ഥാനം പിടിയ്ക്കുമായിരിയ്ക്കും.

ജീവനോ അതോ ജലമോ ഏതാണ്‌ വലുത്‌ എന്ന ചോദ്യത്തിനു മുമ്പില്‍ ദേശീയ വികാരവുമായി പതറി നിന്നു അവയിലിബിള്‍ പോളിറ്റ്‌ ബ്യൂറൊ.പത്തു വോട്ടുപോലും തികച്ചില്ലാത്ത തമിഴ്‌നാടിലെ ജലത്തേക്കാള്‍ വലുതാണ്‌ ഇന്നും ആവേശം കൈവിടാത്ത അണികള്‍ ബാക്കിയുള്ള കേരളത്തിന്റെ ജീവനെന്ന്‌ തിരിച്ചറിയാനുള്ള പ്രായോഗിക രാഷ്ട്രീയ ബുദ്ധി ഇല്ലാതെപോയി അവര്‍ക്ക്‌.അതൊരു വലിയ തെറ്റായി ആഘോഷിച്ചു മാധ്യമവിചാരണക്കാര്‍.പ്രധാനമന്ത്രിയുടെ മൗനത്തേക്കാള്‍,.മുഖ്യമന്ത്രിയുടെ നിസ്സംഗതയെക്കാള്‍ വലിയ തെറ്റ്‌!

നപുംസംക പേക്കോലങ്ങളുടെ കൂത്തരങ്ങായി മാറിയ കേന്ദ്രത്തിനോടു പൊരുതി ജയിയ്ക്കാന്‍ മമതയെപോലെ, തലൈവിയെപോലെ തന്റേടിയായ ഒരു വനിതാ പ്രാദേശിക നേതാവ്‌ നമുക്കുണ്ടായിരുന്നെങ്കില്‍,അവര്‍ക്ക്‌ സ്വന്തമായി പത്തു എം.പി മാരുണ്ടായിരുന്നെങ്കില്‍..നമ്മളിങ്ങിനെ തോറ്റുപോകുമായിരുന്നോ.!! .കക്ഷിരാഷ്ട്രീയ വര്‍ഗ്ഗഭേദമില്ലാതെ ദേശീയവികാരം മറന്ന്‌ ദേശാഭിമാനികളായ മലയാളികള്‍ വിലപിച്ചുപോയ നാളുകളായിരുന്നില്ലെ അത്‌.നമുക്കുമുണ്ടൊരു പ്രദേശിക പാര്‍ട്ടി.കരുത്തനായ നേതാവും.മുല്ലപ്പെരിയാര്‍ ഡാമിനെന്തെങ്കിലും സംഭവിച്ചാല്‍ അദ്ദേഹത്തിന്റെ തട്ടകങ്ങളായിരിയ്ക്കും പൂര്‍ണ്ണമായും നാമവിശേഷമാകുക.അറിയാം,എല്ലാം അറിയാം അദ്ദേഹത്തിന്‌! പക്ഷെ എന്തു ചെയ്യാം.! എന്തെങ്കിലും ഉരിയാടാനും ശക്തമായൊന്ന്‌ ഉറഞ്ഞുത്തുള്ളാനും വയ്യാത്ത അവസ്ഥ.പാവം ആണ്‍ജന്മങ്ങള്‍.!.ദുര്‍ബ്ബലചിത്തരാണവര്‍..കുടുംബസ്നേഹം കൂടിയവര്‍..അന്ധമായ പുത്രവാല്‍സല്യം പലപ്പോഴും പ്രതിബന്ധമാകും അവര്‍ക്ക്‌.അതിന്റെ പേരില്‍ വിട്ടുവീഴ്ചകള്‍ക്ക്‌ തയ്യാറാകേണ്ടി വരും.ശാപമാണത്‌..തലമുറകളായി കിട്ടിയ ശാപം.അങ്ങ്‌ പുരാണത്തിലെ നൂറ്റൊന്നുപേരുടെ പിതാവിന്റെ കാലം മുതല്‍ നമ്മളുടെ പ്രിയപ്പെട്ട ലീഡര്‍ വരെ.. ഭാരതത്തിലെ കരുത്തരായ ഭരണാധികളുടെ വാര്‍ദ്ധക്യകാല നിയോഗമാണത്‌.

ഒരു കൊച്ചുപാര്‍ട്ടിയും വെച്ച്‌ ശരാശരി മിടുക്കു മാത്രമുള്ള മകന്‌ ദെല്‍ഹിയിലെ ജനാധിപത്യ കല്‍പ്പിത കലാശാലയില്‍ ഒരു സീറ്റു വാങ്ങി കൊടുക്കാന്‍ പെട്ടപാട്‌ അദ്ദേഹത്തിനെ അറിയു,അതിനായി സമര്‍ത്ഥനായ വളര്‍ത്തുപുത്രനെ വെറുപ്പിയ്ക്കേണ്ടി വരെ വന്നു..ഇനി അവന്‌ അവിടെ ഗവഷണത്തിനായി ആരുടെയെങ്കിലും കീഴില്‍ നല്ലൊരു വകുപ്പ്‌ ഒപ്പിച്ചെടുക്കാന്‍ ദേശീയ പാര്‍ട്ടിയുടെയും മാഡത്തിന്റെയൊക്കെ സഹായം ആവശ്യമുള്ള സമയമാണ്‌.കേന്ദ്രത്തിനെതിരെ ഒരോ വാക്കു പ്രയോഗിയ്ക്കമ്പോഴും കരുതല്‍ വേണ്ട സമയം..അതിനിടയിലാണ്‌ ഈ കുരിശ്‌, ഒപ്പം കിട്ടിയ അവസരം മുതലാക്കി ആളാകാനുള്ള രണ്ടാമന്റെ ശ്രമവും..വെറുതെ ഒരു സിമ്പതിയുടെ പുറത്ത്‌ വഴിയില്‍ കിടന്നിരുന്ന ആ വയ്യാവേലിയെ എടുത്തു മടിയില്‍ വെച്ചതു പുലിവാലായി.എന്തെങ്കിലും മിണ്ടാതിരിയ്ക്കാന്‍ പറ്റുമോ.രണ്ടാമന്‍ നിര്‍ത്താതെ ചിലച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ ഒന്നാമനായ താന്‍ എന്തെങ്കിലും പറഞ്ഞല്ലെ പറ്റു.പത്തു ദിവസം കാത്തിരിയ്ക്കും,പത്തു ദിവസം കാത്തിരിയ്ക്കും,..പറഞ്ഞുപറഞ്ഞു എത്ര പത്തു ദിവസങ്ങള്‍ കഴിഞ്ഞു. മടുത്തു, കര്‍ത്താവെ ശരിയ്ക്കും മടുത്തു. ഒരു പിതാവു മാത്രമല്ലല്ലോ നേതാവു കൂടിയല്ലെ താന്‍..എന്തിനീ പരീക്ഷണം..! നമ്മുടെ ഒരു പ്രാദേശിക നേതാവിന്റെ ദയനീയ അവസ്ഥയാണിത്‌.ദേശീയമായാലും,പ്രാദേശികമായാലും മലപ്പുറത്തിനും,കുഞ്ഞാലി സാഹിബിന്റെയും അഹമ്മദ്‌ സാഹിബിന്റേയും കസേരകള്‍ക്കും ഇളക്കം തട്ടാത്തിടത്തോളം കാലം ലോകത്തില്‍ ഒരു പ്രശ്നവുമില്ലെന്നു വിശ്വസിയ്ക്കുന്നു മറ്റൊരു കൂട്ടര്‍...പിന്നെ എങ്ങിനെ തലൈവി ജയിയ്ക്കാതിരിയ്ക്കും..! ചിരിയ്ക്കാതിരിയ്ക്കും.!.

മഴ കുറഞ്ഞു, ഭൂപരിശോധനയും കഴിഞ്ഞ്‌ ഇഷ്ട മൃദുഭൂപാളികളും തേടി ഭൂകമ്പവും യാത്രയായി.എല്ലാവരിലും ആശ്വാസത്തിന്റെ ചുടുനിശ്വാസമുതിരുന്ന ആ സമയത്താണ്‌ അപ്രതീക്ഷിതമായി വീണ്ടും ഭൂകമ്പം.!.ബുദ്ധിരാക്ഷസിയായ തലൈവിയുടെ മസ്തിഷ്കമായിരുന്നു അതിന്റെ പ്രഭവ കേന്ദ്രം..ഇത്തവണ കുലുങ്ങിയത്‌ മുല്ലപ്പെരിയാര്‍ ഡാമല്ല..അതിന്റെ  
താഴ്‌വാരങ്ങളില്‍ രഹസ്യമായി ഭൂമി കയ്യടക്കിവെച്ച ശുഭ്രവസ്ത്രധാരിയകള്‍ അടക്കമുള്ളവരുടെ നെഞ്ചകങ്ങള്‍ ആയിരുന്നു..പൂടയുണ്ടോ എന്നറിയാന്‍ പലരും തല തപ്പി നോക്കി..തലയുടെ ചെന്നിഭാഗം വരെ തപ്പിയവരുമുണ്ടായിരുന്നുവത്രെ ആ കൂട്ടത്തില്‍, ജീവിതത്തില്‍ അന്നേവരെ ചീപ്പുപയോഗിയ്ക്കാത്തവര്‍ പോലും പുതിയ ചീപ്പു വാങ്ങി മുടി ചീകിമിനുക്കി പൂടയൊന്നുമവശേഷിയ്ക്കുന്നില്ലെന്നുറപ്പു വരുത്തി. എന്തായാലും ഭരണസിരാകേന്ദ്രം ഞെട്ടിയുണര്‍ന്നു. സര്‍ക്കാര്‍ അറിയാതെ, സര്‍ക്കാറിനുവേണ്ടി സര്‍ക്കാര്‍ പ്രതിനിധി ന്യായാസനത്തിനു മുമ്പില്‍ തലൈവിയെ മയപ്പെടുത്താന്‍ വൃഥാ ഒരു ശ്രമം നടത്തി..ഭീരുക്കളായ കോഴിക്കള്ളന്മാരുടെ വെപ്രാളം കണ്ട്‌ ഡാമിന്റെ മട്ടുപ്പാവിലിരുന്ന്‌ കേരളത്തിലേയ്ക്കു നോക്കി, ഒരു യക്ഷിയെപോലെ മുടിയഴിച്ചിട്ട്‌ തലയുറഞ്ഞാര്‍ത്തുല്ലസിച്ചട്ടഹസ്സിയ്ക്കുകയായിരുന്നു തലൈവിയപ്പോള്‍.അഴിച്ചിട്ട നീണ്ട മുടിചുരുകള്‍ക്കിടയില്‍ നിന്നും ഒരുപാടു പൂടകള്‍ അന്തരീക്ഷത്തിലേയ്ക്കുതിര്‍ന്നുവീണു പാറിപ്പറക്കുന്നുണ്ടെന്നറിഞ്ഞിട്ടും ഒരു കൂസലുമില്ലായിരുന്നു അവര്‍ക്ക്‌.പൊട്ടനും ഷണ്ഠനും കൂട്ടികൊടുപ്പുക്കാരും,ഏറാന്‍മൂളികളുമൊക്കെ നിറഞ്ഞുനിന്ന്‌ നിറംകെട്ട്‌ പ്രകാശിയ്ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ നഭസ്സില്‍ ഫെഡറല്‍ സംവിധാനത്തിന്റെയും,ന്യായാന്യായങ്ങളുടേയും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചട്ടാണെങ്കില്‍പോലും വേറിട്ടുനിന്ന്‌ ശക്തിയോടെ കത്തിജ്വലിയ്ക്കുക തന്നെയായിരുന്നു ആ ദ്രാവിഡ നക്ഷത്രം.!

ഈ പെണ്ണൊരുമ്പെട്ടാല്‍ തകരുന്നത്‌ ഡാമ്മല്ല തങ്ങളുടെ ഇമേജായിരിയ്ക്കും എന്ന തിരിച്ചറവില്‍ പലരും വിരണ്ടു, വിയര്‍ത്തു. ഒട്ടു വൈകാതെ കൂട്ടത്തോടെ വടക്കോട്ടു വിമാനം കയറി, ഒരു ബലത്തിനായി ശത്രുക്കളെ വരെ കൂട്ടുപിടിച്ചു,കൂടെകൂട്ടി.സത്യത്തില്‍ ഒരു ചര്‍ച്ചയായിരുന്നില്ല അത്‌,മാനം രക്ഷിയ്ക്കാനായുള്ള ഏകപക്ഷികമായ ഒരു സങ്കടം പറച്ചില്‍ മാത്രം.തലൈവി വന്നില്ല, ഒരു വളര്‍ത്തു നായയെപോലും അയച്ചില്ല..ജലനിരപ്പിന്റെ ഉയരം 120 അടിയും ആക്കിയില്ല..പക്ഷെ ചര്‍ച്ചക്കിടയില്‍ മുഖത്ത്‌ ഈച്ചയോ കൊതുകോ വന്നിരുന്ന അസ്വസ്ഥതയില്‍ പ്രധാനമന്ത്രിയൊന്നു തലകുലുക്കി.!!!.എല്ലാവരും കാത്തിരുന്നതും ആ നിമിഷത്തിനായിരുന്നു..ക്യാമറകള്‍ മിന്നി..TV സ്ക്രീനുകളില്‍ ദെല്‍ഹിയില്‍ നിന്നും ഫ്ലാസ്‌ ന്യൂസ്‌ ഒഴുകിയെത്തി.." മുല്ലപ്പെരിയാര്‍ വിഷയത്തിന്‌ പരിഹാരം.. പ്രധാനമന്ത്രി തലകുലുക്കി." ജനകീയവിഷയങ്ങളുടെ ചര്‍ച്ചകള്‍ക്കിടയില്‍ പ്രധാനമന്ത്രി തലകുലുക്കുക..!ഒന്നു ചിരിയ്ക്കുക..! വായ തുറന്നെന്തെങ്കിലുമൊന്നു ഉരിയാടുക..! അറിയാതെ ഒന്നു കോട്ടുവാ ഇടുക പോലും ചെയ്താല്‍ അതൊക്കെ വലിയ വാര്‍ത്തകളും സംഭവങ്ങളുമായിരിയ്ക്കുന്നു ഇന്ന്‌ ഇന്ത്യാ മഹാരാജ്യത്ത്‌.!!

മാധ്യമപ്രമാണികള്‍ അപകടം മുന്‍കൂട്ടി മണത്തറിഞ്ഞ്‌ മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു..അന്നദാതാക്കളായ മേലാളന്മാരുടെയും ഒപ്പം തങ്ങളുടെ തന്നെ മാനം രക്ഷിയ്ക്കേണ്ടത്‌ അവരുടെ കൂടെ ആവശ്യമായിരുന്നല്ലൊ ..മുല്ലപ്പെരിയാരില്‍ നിന്നുള്ള ന്യൂസൊഴുക്കിന്റെ വേഗത കുറഞ്ഞു..പ്രേക്ഷകരുടെ മനസ്സിന്റെ ഒഴുക്കു തിരിച്ചുവിടാനായി പുതിയ വിഷയമന്വേഷിച്ച്‌ മുല്ലപ്പെരിയാറിലും പരിസരങ്ങളിലും തമ്പടിച്ചിരുന്ന ലേഖകന്മാര്‍ നാടിന്റെ നാനഭാഗത്തേയ്ക്കും പാഞ്ഞു..വൃശ്ചികക്കാറ്റില്‍ ആടിയുലയുന്ന ചെങ്കൊടികളുടെ ചാരുതായാല്‍ TV സ്ക്രീനുകളുടെ മനസ്സു നിറഞ്ഞു. ഉപ്പള മുതല്‍ തെക്ക്‌ പാറശ്ശാല വരെയുള്ള ഒരോ പഞ്ചായത്തു വാര്‍ഡിലെയും ജനങ്ങളുടെ തലയെണ്ണി ചെങ്കൊടിയിലെ വിഭാഗീതയുടെ അംശബന്ധവും അനുപാതവും അക്കമിട്ടു നിരത്താന്‍ മല്‍സരിച്ചു റിപ്പോര്‍ട്ടര്‍മാര്‍..ചെങ്കോടിയിലെ വിള്ളലിന്റെ ആഴവും പരപ്പും വലിപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡാമിന്റെ വിള്ളല്‍ എത്രയോ നിസ്സാരം..രണ്ടു ചാക്കു സിമന്റ്‌,കുറച്ചു മണല്‌,ഇത്തിരി കുമ്മായം പിന്നെ രണ്ടുപണിക്കാരും..രണ്ടു ദിവസം കൊണ്ടു തലൈവിയ്ക്കു തന്നെ തീര്‍ക്കാവുന്ന നിസ്സാര പ്രശ്നം.! ഏതൊരു സാക്ഷരനേയും നിരക്ഷരനാക്കുന്ന വാചലതയുടെ മാന്ത്രിക നിമിഷങ്ങളൊരുക്കുന്ന ന്യൂസ്‌ഔര്‍ വിദഗ്ദര്‍,എല്ലാറ്റിന്റേയും ഉത്തരവാദിത്വവും രാഷ്ട്രീയക്കാരില്‍ അടിച്ചേല്‍പ്പിച്ചു..അന്നദാതാക്കളായ സ്വന്തക്കാരെ മൃദുവായി സ്പര്‍ശിച്ചും തമിഴു രാഷ്ട്രീയ നേതാക്കളെ നിശതമായി വിമര്‍ശിച്ചും കുറ്റപത്രവും കവര്‍സ്റ്റോറിയും ഒരുക്കി കൈ കഴുകിയതോടെ എല്ലാം ഭദ്രം..ശാന്തം..ശുഭം.! കേരളമാകെ ഒഴുകിനീങ്ങുന്ന ചാനല്‍ കരോള്‍ സംഘങ്ങള്‍ക്ക്‌ ഷോപ്പിങ്‌ നഗരിയിലെ ഗ്രാന്‍ഡ്‌ സ്വര്‍ണ്ണത്തിടമ്പുകളും, മാദക വസ്ത്ര സുന്ദരികളും അകമ്പടിയേകുന്നു..ക്രിസ്മസ്‌ ന്യൂ ഇയര്‍ റിക്കാഡുകളുടെ കണക്കെടുപ്പിനായി മദ്യശാലകള്‍ നിറയുന്നു..കേരളം വീണ്ടും ഉത്സവലഹരിയിലാഴ്‌ന്നിറങ്ങുന്നു....


പശുവും ചത്തു...മോരിലെ പുളിയും പോയി...എന്നിട്ടും മുല്ലപ്പെരിയാറിന്റെ ചുവട്ടില്‍ ഒട്ടും കുറയാത്ത പോരാട്ടവീര്യവുമായി ആവേശം അസ്തമിയ്ക്കാത്ത ആ സത്യഗ്രഹപ്പന്തലില്‍ ഇപ്പോഴുമിരിയ്ക്കുന്ന ആ പാവങ്ങളുടെ നിറംകെട്ട മുഖങ്ങളിലേയ്ക്ക്‌ ഇനി ആരു ക്യാമറ ഫോകസ്‌ ചെയ്യാന്‍ അല്ലെ..ഇനിയെന്തു ന്യൂസ്‌ വാല്യു..!

എഴുതിയെഴുതി അങ്കിള്‍ ബോറാക്കി അല്ലെ മോളെ.എങ്ങിനെ ബോറാക്കാതിരിയ്ക്കും. കൂണു പോലെ മുളച്ചു പൊങ്ങുന്ന ന്യൂസ്‌ചാനലുകള്‍..മൈക്കു കിട്ടിയാല്‍ ഷൈന്‍ ചെയ്യാന്‍ എന്താഭാസത്തരവും വിളിച്ചു പറയാന്‍ മടിയില്ലാത്ത കുറച്ചു രാഷ്ട്രീയ നേതാക്കള്‍..നിരക്ഷരരെന്നപോലെ വായ്‌ പൊളിച്ചിരുന്നു ഇതെല്ലാം ഗ്രഹിയ്ക്കാനൊരുങ്ങുന്ന സാക്ഷരരായ കുറെ വയോജനങ്ങള്‍..
ഈ ഒരു കാലഘട്ടം ദീര്‍ഘദര്‍ശനം ചെയ്തുകൊണ്ടുതന്നെയാകാം സ്വാമി വിവേകാനന്ദന്‍ കേരളത്തെക്കുറിച്ച്‌ അന്ന്‌ അങ്ങിനെ പറഞ്ഞിട്ടുണ്ടാകുക,.അല്ലെ കുഞ്ഞു...? .

കൊല്ലേരി തറവാടി
23/11/2011

Friday, December 9, 2011

ഒരു പാവം തറവാടി ബ്ലോഗറുടെ ഒരു സാധാരണ വെക്കേഷന്‍ ദിനം... (ഭാഗം-1)

അങ്ങിനെ ഒരു വെക്കേഷന്‍ കൂടി കഴിഞ്ഞു...തിരിച്ചെത്തിയിട്ട്‌ നാളു കുറച്ചായി.ഒരു പോസ്റ്റിനായി എന്തെങ്കിലും ടൈപ്പ്‌ ചെയ്തു തുടങ്ങാം എന്ന് ചിന്തയോടെ വരമൊഴി തുറന്നു.ഒരുവട്ടമല്ല,..ഒരുപാടുവട്ടം.....എന്തോ ഒന്നും തോന്നുന്നില്ല...ഹാങ്ങ്‌ ഓവര്‍,.അതുതന്നെ..അല്ലാതെന്താ.

ഇന്നെന്തായാലും അക്ഷരദേവതയെ, അറിവിന്റെ ദേവിയെ മനസ്സില്‍ സ്മരിച്ച്‌ രണ്ടും കല്‍പ്പിച്ച്‌ ഒന്നുകൂടി ശ്രമിയ്ക്കട്ടെ ഞാന്‍.

നെറ്റില്‍ കയറണം,ബൂലോക സഞ്ചാരം നടത്തണം..കമന്റു വര്‍ഷവുമായി എല്ലാവരുമായി സൗഹൃദം സ്ഥാപിയ്ക്കണം അങ്ങിനെ ഒരു പാട്‌ മോഹങ്ങള്‍ ഉണ്ടായിരുന്നു മനസ്സില്‍.പക്ഷെ ഒന്നും നടന്നില്ല..നിത്യവും ഞാനുമായി മെയില്‍ ഇടപാടുകള്‍ നടത്തുന്ന കുറച്ചു സുഹൃത്തുക്കളുണ്ടെനിയ്ക്ക്‌.പ്രായംകൊണ്ട്‌ കുഞ്ഞന്‍മാരെങ്കിലും വിദ്യാഭ്യാസംകൊണ്ടും,അറിവുകൊണ്ടും,ജീവിതാനുഭവങ്ങള്‍കൊണ്ടും പക്വതകൊണ്ടും അങ്ങിനെ എല്ലാ അര്‍ത്ഥത്തിലും എപ്പോഴും എന്നെ അതിശയിപ്പിയ്ക്കുന്നവര്‍...അവരെപോലും മറന്നു കളയേണ്ടി വന്നു..

2G പിറന്നാലും 3G യായി വളര്‍ന്നാലും തറവാടിയ്ക്ക്‌ എന്നും നെറ്റ്‌ കുമ്പിളില്‍തന്നെ..സ്ലോ ആയിരുന്നു എന്റെ BSNL കണക്ഷന്‍,തുറന്നാല്‍ ഒരു ദിവസത്തെ മൂഡുമുഴുവന്‍ നഷ്ടപ്പെടുത്തുന്ന അത്രയും സ്ലോ. പിന്നെ വെക്കേഷന്‍ നാളുകളിലെ ഒരു പ്രവാസിയുടെ തിരക്ക്‌..അതു പിന്നെ പ്രത്യേകം പറേയേണ്ടതില്ലല്ലൊ..യാത്രകള്‍, ആഘോഷങ്ങള്‍. അങ്ങിനയങ്ങിനെ ഒഴുക്കായിരുന്നു.,എല്ലാം മറന്നുള്ള ഒഴുക്ക്‌.

മാളു ലീവല്ലാത്ത, പ്രത്യേകിച്ചു പ്രോഗ്രാമുകളൊന്നുമില്ലാത്ത ദിവസങ്ങളില്‍ രാവിലെ അപ്പുവിനെ ബൈക്കില്‍ സ്കൂളില്‍ കൊണ്ടു വിടും..സൈക്കിളിലാണ്‌ പതിവായി അവന്‍ പോകുന്നത്‌.പിന്നെ ഒരു മോഹത്തിന്‌.എന്റെ മാത്രമല്ല. അവന്റേയും..അതങ്ങിനെയല്ലെ അച്ഛന്റെകൂടെ സ്കൂളില്‍ പോകാന്‍ വല്ലപ്പോഴുമല്ലെ അവന്‌ അവസരം കിട്ടുന്നത്‌.മോഹം തോന്നുക തികച്ചും സ്വാഭാവികമല്ലെ..

രസകരമാണ്‌ ആ പ്രഭാതയാത്ര...കുളിര്‍മ്മ നിറഞ്ഞ അന്തരീക്ഷത്തില്‍ ബല്യകൗമാരയൗവനത്തിന്റെ കുപ്പായങ്ങളോരോന്നായി എടുത്തണിഞ്ഞ വഴികളിലൂടെ ഓര്‍മ്മകളുടെ മഞ്ചലും പേറിയുള്ള യാത്ര.അതു നല്‍കുന്ന സുഖം അവര്‍ണ്ണനീയമാണ്‌. ഒരു കണ്ണാടിയിലെന്നപോലെ മകനിലൂടെ പഴയ ബാല്യവും കൗമാരവും നോക്കിക്കാണാന്‍ കഴിയുക.വല്ലാത്തൊരനുഭവം തന്നെയാണത്‌.

അപ്പുവിനെ വിട്ട്‌ പള്ളിയങ്കണത്തില്‍ കൂട്ടംതെറ്റിയലയുന്ന വെള്ളരിപ്രാവുകളെ കൗതുകത്തോടെ വീക്ഷിച്ച്‌ വീണ്ടും വീടണയുമ്പോള്‍ സമയം ഒമ്പതേകാലയിട്ടുണ്ടാകും. ഇഡ്ഡലി,ദോശ സാമ്പാര്‍,പഴം പുഴുങ്ങിയത്‌ അങ്ങിനെ കുട്ടേട്ടന്റെ ഇഷ്ടവിഭവങ്ങള്‍ ഓരോദിവസം ഓരൊന്നോരോന്നായി മാറി മാറിയൊരുക്കി കുളിയും കഴിഞ്ഞു മുടിയുണക്കി,ചുരിദാറണിഞ്ഞ്‌ ജോലിയ്ക്കു പോകാനുള്ള ഒരുക്കങ്ങളിലായിരിയ്ക്കും മാളുവപ്പോള്‍...പിന്നെ ശേഷിയ്ക്കുന്ന മിനിറ്റുകളില്‍ ഒരു 20-20 മാച്ചിന്റെ വേഗതയിലായിരിയ്ക്കും കാര്യങ്ങള്‍.അവളുടെ ചോറ്റുപാത്രം ഒരുക്കിയും, കുപ്പിയില്‍ വെള്ളം നിറച്ചും, ചാര്‍ജു ചെയ്യാന്‍ വെച്ച്‌ മൊബയില്‍ മറക്കാതെയെടുത്ത്‌ ബാഗില്‍ വെച്ചും ഒപ്പം ഡൈനിംഗ്‌ ടേബിളില്‍ അവളൊരുക്കിയ വിഭവങ്ങള്‍ നിരത്തിയും അണ്ണാറക്കണ്ണനും തന്നാലായത്‌ എന്നമട്ടില്‍ കൊച്ചുകൊച്ചു സഹായങ്ങളുമായി ഞാനുമുണ്ടാകും അവളുടെ ചുറ്റും..പിന്നെ ഒരു പ്ലെയിറ്റില്‍ നിന്നും ഒന്നിച്ചു ബ്രൈക്‌ഫാസ്റ്റ്‌ കഴിയ്ക്കും(തെറ്റിദ്ധരിയ്ക്കേണ്ട...സ്നേഹക്കൂടുതല്‍ കൊണ്ടൊന്നുമല്ല കേട്ടോ, സമയക്കുറവ്‌ പിന്നെ അത്രയും കുറച്ചു പാത്രം കഴികിയാല്‍ മതിയല്ലൊ എന്നോര്‍ത്തിട്ടു മാത്രം..!!.).കഴിച്ചും കഴിപ്പിച്ചും അങ്ങിനെ വിസ്തരിച്ചുള്ള ബ്രൈക്‍ഫാസ്റ്റു കഴിയുമ്പോള്‍ത്തന്നെ നേരം പോയിട്ടുണ്ടാകും.പിന്നെ മുടികെട്ടല്‍,ചന്ദനം ചാലിച്ചു ചാര്‍ത്തല്‍...ഇങ്ങിനെയിങ്ങിനെ പുതുമണവാളനും മണവാട്ടിയ്ക്കുമിടയിലെന്നപോലെ ഒരുപാടു രംഗങ്ങള്‍ക്ക്‌ ആ തിരക്കിനിടയിലും അരങ്ങൊരുങ്ങും ഞങ്ങളുടെ ലോകത്ത്‌. ഇതിനൊക്കെ സാക്ഷ്യം വഹിയ്ക്കാന്‍ മടിച്ചിട്ടെന്നവണ്ണം സിറ്റൗട്ടില്‍ പോയിരുന്നു പത്രംവായിയ്ക്കുകയായിരിയ്ക്കും അമ്മയപ്പോള്‍.

"കുട്ടേട്ടാ, ഈ ചുരിദാറിന്റെ ഷാളില്‍ പിന്നൊന്നു കുത്തി തരു...വേഗമാകട്ടെ നേരം പോയിട്ടോ."കണ്ണാടിയ്ക്കു നേരെ തിരിഞ്ഞു നിന്ന്‌ ഡ്രെസ്സിങ്ങിന്റെ അവസാനഘട്ടത്തിലായിരിയ്ക്കും മാളുവപ്പോള്‍.തിരക്കു വെച്ചു ചെയ്യേണ്ടി വരുന്നതുകൊണ്ടാണോ അതോ നാട്ടിലെ സെയിഫ്റ്റി പിന്നിന്റെ ഗുണനിലവാരം മോശമായതുകൊണ്ടാണോ എന്താണെന്നറിയല്ല ആ കൃത്യം വൃത്തിയായി ചെയ്യാന്‍ ഇന്നേവരെ എനിയ്ക്കു കഴിഞ്ഞിട്ടില്ല." സൂചി കുത്താനുള്ള തത്രപ്പാടില്‍ എന്റെ മുഖചലനങ്ങളില്‍ വരുന്ന വക്രത കണ്ണാടിയിലൂടെ കണ്ട്‌ മാളു ചിരിയ്ക്കാന്‍ തുടങ്ങിയാല്‍ പിന്നെ പറയുകയും വേണ്ട..! അബദ്ധത്തില്‍ പലപ്പോഴും ബ്രേസിയറിന്റെ വള്ളിയടക്കം കൂട്ടി കുത്തികൊടുത്തിട്ടുണ്ട്‌ ഞാന്‍!.

"എന്തിനാ മാളു വെറുതെ സൂചി കുത്തുന്നത്‌...ഷാള്‌ ചുമ്മാ അങ്ങീട്ടാല്‍ പോരേ...."

"നല്ല കാര്യായി..എന്റെ കുട്ടേട്ടാ,..ഇതൊക്കെ എന്നും ഞാന്‍ ഒറ്റയ്ക്കു ചെയ്യുന്നതല്ലെ,.പിന്നെ കുട്ടേട്ടനുള്ളപ്പോള്‍,..കുട്ടേട്ടനും മോഹം കാണില്ലെ എന്നോര്‍ത്തിട്ടല്ലെ..പിന്നെ പിന്നു കുത്തി ഭദ്രമാക്കിയില്ലെങ്കില്‍ കൗണ്ടറിലെ തിരക്കിനിടയില്‍ ഷാളിന്റെ സ്ഥാനം മാറിപോകുന്നതറിയില്ലല്ലോ,.ബാങ്കില്‍ വരുന്ന കസ്റ്റമേര്‍സിനും മറ്റുള്ളവര്‍ക്കും വെറുതെ എന്തിനാ ഒരു കാഴ്ച ഒരുക്കുന്നെ..കുട്ടേട്ടനു വിരോധമില്ലെങ്കില്‍ സാരമില്ല,. ഇനി മുതല്‍ പിന്നു കുത്തിയുറപ്പിയ്ക്കുന്നില്ല.."

സത്യം പറഞ്ഞാല്‍ എനിയ്ക്കു വിരോധമില്ലായിരുന്നു..! സുന്ദരികളായ സ്ത്രീകളുടെ വസ്ത്രങ്ങളക്കിടയിലൂടെ, അവരറിയാതെ, അബദ്ധത്തില്‍ അനാവൃതമായി മിന്നി മറയുന്ന ശരീരഭാഗങ്ങള്‍ക്ക്‌ കൊതിപ്പിയ്ക്കുന്ന എന്തോ ആകര്‍ഷണിയതയുണ്ടെന്നു തോന്നാറുണ്ടെനിയ്ക്ക്‌, പ്രത്യേകിച്ചും സാരിയില്‍.!!. അത്യപൂര്‍വ്വമായി വീണുകിട്ടുന്ന അത്തരം നയനമനോഹര നിമിഷങ്ങളുടേ മാസ്മരികത മറ്റേതു പുരുഷനെപോലേയും കണ്ണിമച്ചിമ്മാതെ ആസ്വദിയ്ക്കാന്‍ ഒട്ടും ചമ്മലില്ലാത്ത കൂട്ടത്തിലാണ്‌ ഈ ഞാനും.ചാനലുകളിലെ പാചകലക്ഷ്മിമാരുടെ സാരിയുടെ ചന്തത്തിലുള്ള ചലനങ്ങളില്‍ മയങ്ങി ഒരെപ്പിസോഡുപോലും മിസ്സാക്കാതെ ശ്രദ്ധയോടെ പാചകരീതികള്‍ സ്വായത്തമാക്കി വെക്കേഷന്‍ നാളുകളില്‍ കിച്ചണില്‍ ഭാര്യമാരെ അമ്പരിപ്പിയ്ക്കുന്ന ഒന്നുരണ്ടു സുഹൃത്തുക്കളുണ്ടെനിയ്ക്ക്‌..ശുദ്ധഗതിക്കാരനയതുകൊണ്ട്‌ ഞാനിതൊക്കെ ഫ്രാങ്കായി എഴുതുന്നു എന്നു മാത്രം...! പുരുഷന്മാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല,. അല്ലെങ്കില്‍പിന്നെ ദൈവമെന്തിനാണ്‌ സ്ത്രീകള്‍ക്ക്‌ ഇത്രയും ചന്തം കൊടുത്തത്ത്‌, ഉള്ള ചന്തം പിന്നേയും പിന്നേയും പൊലിപ്പിച്ചുകാട്ടാന്‍ എന്തിനാണവര്‍ കണ്ണാടിയ്ക്കും മുന്നില്‍ ഇത്രയേറെ നേരം ചിലവഴിയ്ക്കുന്നത്‌..പുരുഷനു കാണാന്‍ വേണ്ടി..അവനെ കാണിയ്ക്കാന്‍ വേണ്ടി മാത്രം.പിന്നെ, എല്ലാം കാഴ്ചയില്‍ മാത്രമൊതുക്കാനുള്ള വിവേകം വേണം പുരുഷന്‌..കാണുന്നതിലെല്ലാം കൈവെയ്ക്കാന്‍ ,അനുഭവിച്ചറിയാന്‍, സ്വന്തമാക്കാന്‍ മോഹം തോന്നുമ്പോഴാണ്‌ സംഗതി വഷളാവുന്നത്‌, പ്രശ്നം സങ്കീര്‍ണമാകുന്നത്‌.

ചിന്തകളെല്ലാം ഒരു പുഞ്ചിരിയിലൊതുക്കി ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ പത്തുമണിയാകാന്‍ അഞ്ചു മിനിറ്റു മാത്രം ബാക്കി.മുറ്റത്തെ തുളസിയില്‍നിന്നും ഒരു കതിരെടുത്ത്‌ മുടിയില്‍ ചൂടി അവളും തിടുക്കത്തില്‍ പുറകില്‍ സ്ഥാനം പിടിച്ചു.റോഡെന്നു പേരു മാത്രമുള്ള ഗട്ടറുകളിലൂടെ രണ്ടുകിലോമീറ്റര്‍ ദൂരമുള്ള ബാങ്കില്‍ പത്തുമണിയ്ക്കുമുമ്പുത്തന്നെ അവളെ എത്തിയ്ക്കുക എന്ന ദുഷ്ക്കരമായ ദൗത്യം എറ്റെടുത്ത്‌ അനുസരണശീലമുള്ള ഞങ്ങളുടെ പ്രിയ ബൈക്ക്‌ പതിവുപോലെ മുന്നോട്ടു കുതിച്ചു.

മാളുവിനെ ബാങ്കില്‍ വിട്ടശേഷം ബൈക്കിന്റെ വേഗതകുറച്ചു പ്രത്യേകിച്ചു യാതൊരു ലക്ഷ്യവുമില്ലാതെ കുറെനേരം വെറുതെ അലയുക..വെക്കേഷന്‍ നാളുകളില്‍ എനിയ്ക്കേറ്റവും പ്രിയപ്പെട്ട ശീലങ്ങളിലൊന്നാണത്‌.കാഴ്ചകള്‍ക്കു തടസ്സം വരാതിരിയ്ക്കാന്‍ ഹെല്‍മെറ്റുപോലും മാറ്റിവെച്ചുകൊണ്ടായിരിയ്ക്കും ആ യാത്ര. അതിന്റെ പേരില്‍ ഒന്നു രണ്ടു തവണ ഫൈന്‍ അടയ്ക്കേണ്ടിയും വന്നു.പാവം പോലീസുകാര്‍..! എന്തു പറഞ്ഞു മനസ്സിലാക്കാനാണവരെ..! ഊണിലും ഉറക്കത്തിലും ഒരു പ്രവാസി തന്റെ നെഞ്ചോടുചേര്‍ത്തുവെച്ച്‌ താലോലിയ്ക്കുന്ന നൊസ്റ്റാള്‍ജിയായുടെ അര്‍ത്ഥവ്യാപ്തിയും ആഴവും അവര്‍ക്കെങ്ങിനെ മനസ്സിലാവാനാണ്‌.!

പരിചിതമായ വഴികളിലൂടെ നാടിനു വന്ന മാറ്റങ്ങള്‍ നോക്കിക്കണ്ട്‌ അങ്ങിനെ ഒഴുകും.പത്തുപതിനൊന്നു കിലോമീറ്ററുകള്‍ താണ്ടി അതു പലപ്പോഴും ചെന്നെത്തുക നഗരത്തിലായിരിയ്ക്കും.അനുദിനം ഗതിവേഗങ്ങള്‍ മാറുന്ന കാറ്റിന്റെ താളത്തിനൊപ്പം മല്‍സരിച്ച്‌ പാഞ്ചവാദ്യവും പാണ്ടിമേളവും മാറിമാറി പെരുക്കുന്ന എണ്ണിയാലൊടുങ്ങാത്ത തണല്‍മരങ്ങളില്‍ ഋതുഭേദങ്ങള്‍ ചമയ്ക്കുന്ന കുടമാറ്റത്തില്‍ ലയിച്ച്‌ മുറുക്കിചുവപ്പിച്ച്‌ രസിച്ചുനില്‍ക്കുന്ന രാജയോഗമുള്ള തേക്കിന്‍ക്കാട്‌, അയ്യന്തോള്‍ചുങ്കം,പടിഞ്ഞാറെകോട്ട, എം.ജി റോഡ്‌,വിജയശ്രീ കണ്ണാശുപത്രിപരിസരം,.കാനാട്ടുകര, സ്വപ്ന, പാറേമേക്കാവങ്കണം പാലസ്‌ റോഡ്‌ അങ്ങിനെയങ്ങിനെ ഇരുപതാംനൂറ്റാണ്ടില്‍ എന്നോ വ്യത്യസ്ഥമായ മനോവ്യാപരങ്ങളുമായി നടന്നുതീര്‍ത്ത വഴിയോരങ്ങളില്‍ ഇന്ന്‌ തീര്‍ത്തും അപരിചിതനായി,കാലോചിതമായി പൂര്‍ണ്ണമായും മാറാന്‍ കഴിയാത്ത മനസ്സുമായി,അന്യഗ്രഹത്തില്‍ നിന്നും വിരുന്നെത്തിയ ഏതോ അപരിഷ്കൃത ജീവിയ്ക്ക്‌ സമാനം വെറുതെ കുറെനേരം അലയും,.നിയോഗംപോലെ,.നേര്‍ച്ചപോലെ.! അപ്പോഴും എന്തോ പഠിച്ചിറങ്ങിയ കലാലയങ്ങളിലേയ്ക്ക്‌ വീണ്ടും കാലെടുത്തുവെയ്ക്കാന്‍ ഒരിയ്ക്കലും തോന്നാറില്ലെനിയ്ക്ക്‌,.ആരോ പുറകിലോട്ടു പിടിച്ചു വലിയ്ക്കുന്നതുപോലെ.!.ആരുമാകാന്‍ കഴിഞ്ഞില്ല,.എടുത്ത പറയാന്‍ നേട്ടങ്ങളുമില്ല, പഠിച്ചതെല്ലാം പാഴായി എന്നൊക്കെയുള്ള തോന്നന്നലുകളില്‍ നിന്നുമുണരുന്ന അപകര്‍ഷതാബോധമാകാം ഒരു പക്ഷെ അതിനു കാരണം,.അല്ലെങ്കില്‍..? അതുപോട്ടെ,എന്നോ വിട്ടു കളഞ്ഞ കാര്യങ്ങള്‍...എന്തായാലും ഒന്നുറപ്പിയ്ക്കാം എന്റെ മാളുവിന്‌ യാത്രകള്‍ക്കിടയില്‍ എതെങ്കിലും ബാറിന്റെ പടിവാതില്‍ ലക്ഷ്യമാക്കിയോ, ബീവറേജസിന്റെ നീണ്ട നിരകളിലുടെ പരിസരം തേടിയോ, ഇരുണ്ടുചുവന്ന തെരുവോരങ്ങളിലെ അഴുക്കുചാലുകളില്‍ തുള്ളിതുളുമ്പുന്ന മദജലത്തിന്റെ ഗന്ധം തേടിയോ ഒരിയ്ക്കലും ഉരുളില്ല അവളുടെ കുട്ടേട്ടന്റെ രഥചക്രങ്ങള്‍.

"എന്നെ ബാങ്കിനകത്തേക്കാക്കി സ്വതന്ത്രനായി ഇന്നിനി എങ്ങോട്ടാ കുട്ടേട്ടന്റെ ഒറ്റയാന്‍ യാത്ര"...ബൈക്കിന്റെ പുറകിലിരിയ്ക്കുമ്പോള്‍ എന്നും പതിവുള്ളതാണവളുടെ ഇത്തിരി അസൂയയോടെ, അതിലുപരി ഒരു ഭാര്യയുടെ സഹജമായ ഉത്‌കണ്ഠയോടെയുള്ള ഈ ചോദ്യം.

"തലോര്‍ക്ക്‌...! അനാശ്യാസ കേന്ദ്രം കാണാന്‍, പറ്റുകയാണെങ്കില്‍ ആ പെണ്ണുങ്ങളേയും കാണണം..സത്യം മാളു,..ഇത്രയും പ്രായമായിട്ടും ജീവിതത്തില്‍ ഇന്നേവരെ അനാശ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു പെണ്ണിനേയും നേരിട്ടു കണ്ടിട്ടില്ല ഞാന്‍.അവളുമാരുടെയൊക്കെ ഷെയ്പ്‌ എന്തായിരിയ്ക്കുമെന്നുപോലുമറിയില്ല,..ആരോടെങ്കിലും പറഞ്ഞാല്‍ വിശ്വസ്സിയ്ക്കുമോ, നാണക്കേടുണ്ട്‌ അല്ലെ..!!..രാവിലെതന്നെ മാളുവിനെ ചൊടിപ്പിയ്ക്കാന്‍ അങ്ങിനെ പറയനാണ്‌ അപ്പോള്‍ തോന്നിയത്‌..

വീട്ടില്‍നിന്നും അധികം ദൂരെയല്ലാത്ത തലോര്‍ എന്ന സ്ഥലത്ത്‌ ലോഡ്ജിന്റെ പേരില്‍ നടത്തിയിരുന്ന പെണ്‍വാണിഭ കേന്ദ്രം റൈഡ്‌ ചെയ്ത്‌ നടത്തിപ്പുകാരായ രണ്ടു സ്ത്രീകളെ അറസ്റ്റു ചെയ്ത വാര്‍ത്ത പത്രത്താളുകളില്‍ നിറഞ്ഞു നിന്ന ദിവസമായിരുന്നു അത്‌...

"പൊയ്ക്കൊള്ളു എവിടെ വേണമെങ്കിലും പൊയ്ക്കൊള്ളു, ആരെ വേണമെങ്കിലും കണ്ടോളു, എന്തു വേണമെങ്കിലും ആയ്ക്കൊള്ളു..പിന്നെ ഒരിയ്ക്കലും എന്റെ അടുത്തു വരരുതെന്നു മാത്രം."..

അവള്‍ ചൊടിച്ചു, ശക്തമായിത്തന്നെ, തുടയില്‍ നുള്ളി.ശരിയ്ക്കും വേദനിച്ചു..നല്ല നീളവും മൂര്‍ച്ചയുമാണണവളുടെ നഖങ്ങള്‍ക്ക്‌, എത്രയെത്രവട്ടം  അതിന്റെ രുചിയറിയാന്‍ ഇതുപോലെ അവസരങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നു...

"എന്താ മാളു ഇത്‌,.ശരിയ്ക്കും വേദനിച്ചൂട്ടോ, അനങ്ങാതിരി നീ, അല്ലെങ്കിലെ ഓവര്‍ സ്പീഡാ..കണ്ട്രോള്‍ പോയി വല്ലയിടത്തും ഇടിയ്ക്കും."

"ഇടിച്ചോട്ടെ,.. ചത്തുപൊക്കോട്ടെ രണ്ടാളും,..വേണ്ടാതീനം പറഞ്ഞിട്ടല്ലെ..വേദനിച്ചെങ്കില്‍ കണക്കായിപോയി, ഇങ്ങിന്യാണോ തമാശ പറയുന്നത്‌.."

മാളുവിനെ പറഞ്ഞിട്ടു കാര്യമില്ല, ഒരു ഭാര്യയും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത തമാശ തന്നെയല്ലെ അത്‌...പിന്നെ വല്ലാതെ പൊസ്സസ്സിവ്‌ ആയ അവളുടെ കാര്യം പറയാനുണ്ടോ..ബ്ലോഗില്‍ എന്റെ എതെങ്കിലുമൊരു പോസ്റ്റിലെ കമന്റ്‌ ബോക്സില്‍ നാലു പെണ്‍മുഖങ്ങള്‍ തികച്ചു കണ്ടാല്‍ അവളുടെ മുഖം ചുളിയും.."അതു ശരി,.ഇവരുടെയൊക്കെ നാലു നല്ല വാക്കുകള്‍ കേക്കാന്‍ വേണ്ടിയാണല്ലെ ഓഫീസിലെ തിരക്കിനടിയിലും എന്തെങ്കിലുമൊക്കെ കുത്തിക്കുറിയ്ക്കാന്‍ കുട്ടേട്ടന്‍ ഇത്രയും ശുഷ്കാന്തി കാണിയ്ക്കുന്നത്‌." ഉടന്‍ ചോദ്യം വരും.

ഇതു വായിച്ചു ബൂലോകവാസികള്‍ ആരും തെറ്റിദ്ധരിയ്ക്കരുത്‌.ഇതിന്റെ പേരില്‍ കമന്റ്‌സ്‌ ഇടാതെയുമിരിയ്ക്കരുത്‌.പാവമാണ്‌ എന്റെ മാളു, ശുദ്ധഗതിക്കാരിയായ വെറുമൊരു നാട്ടിന്‍പുറത്തുക്കാരി.ബാങ്കും,വീടും, പിന്നെ ബന്ധുക്കളുമടങ്ങുന്ന ലോകത്തിനപ്പുറം ബൂലോകമെന്നല്ല കാര്യമായി മറ്റൊരു ലോകവും അവള്‍ കണ്ടിട്ടില്ല.

ഒന്നിച്ചെത്തുന്ന മഴയും വെയിലുമെന്നപോലെ പിണക്കവും സോറിയും ഇണക്കവുമെല്ലാം ഞൊടിയിടയില്‍ പെയ്തിറങ്ങി മഴവില്ലു വിരിയിച്ച നിമിഷങ്ങള്‍ക്കൊടുവില്‍ ബാങ്കിലെത്തിയപ്പോള്‍ പത്തുമണി കഴിഞ്ഞിരുന്നു.

"ഈശ്വരാ, എല്ലാരും എത്തി.കൗണ്ടറിനു മുമ്പിലും ആളുകളുണ്ട്‌`...ലോക്കറിന്റെ താക്കോലാണെങ്കില്‍ എന്റെ കയ്യിലും..ഇന്നാണെങ്കില്‍ ഓഡിറ്റര്‍ വരുന്ന ദിവസവു..ചീത്ത കേട്ടതു തന്നെ.."

യാത്രപറയാന്‍ നില്‍ക്കാതെ, ഒന്നു തിരിഞ്ഞു നോക്കുകപോലും ചെയ്യാതെ വെപ്രാളത്തോടെ അവള്‍ ബാങ്കിന്റെ പടികള്‍ കയറി.

ഇല്ല ആരും ചൂടാവില്ല, വഴക്കും പറയില്ല, നാട്ടിന്‍പുറത്തെ ബാങ്ക്‌, ചിരപരിചിതരായ കസ്റ്റമേര്‍സ്‌.സ്നേഹസമ്പന്നരായ നല്ല സഹപ്രവര്‍ത്തകര്‍.. ഗള്‍ഫിലുള്ള അവളുടെ ഹസ്‌ബന്‍ഡ്‌ അവധിയ്ക്കു വന്ന കാര്യവും എല്ലാവര്‍ക്കുമറിയാം..ഒരു കൊല്ലത്തോളം മരുഭൂമിയില്‍ പട്ടിണിക്കിടന്ന്‌ വിശന്നുപൊരിഞ്ഞോടിയെത്തി ആര്‍ത്തിപൂണ്ടു മദിച്ചുനില്‍ക്കുന്ന ഗള്‍ഫുകാരന്‍ ഭര്‍ത്താവിന്റെ താളത്തിനുത്തുള്ളിതളര്‍ന്ന്‌ ഒരു മാന്‍പേട കണക്കെ രക്ഷപ്പെട്ടോടി വരുന്ന അവളെ ആരു വഴക്കു പറയാന്‍,.അനുകമ്പയല്ലെ തോന്നു എല്ലാവര്‍ക്കും.!

,ടെന്‍ഷനടിച്ച്‌ തിരക്കിട്ടു നടന്നുപോകുന്ന മാളുവിനെ നോക്കി ബൈക്കു തിരിയ്ക്കുമ്പൊള്‍ മനസ്സില്‍ തോന്നിയ ആ കുസൃതി മെല്ലെ എന്റെ ചുണ്ടില്‍ പുഞ്ചിരിയായി പടര്‍ന്നു..തമാശതന്നെയാണത്‌...പക്ഷെ ഗള്‍ഫുകാരായ ഭര്‍ത്താക്കന്മാരെ കുറിച്ചു അങ്ങിനെ ചിന്തിയ്ക്കുന്ന കുറെ ആളുകള്‍ ഉണ്ട്‌ നമ്മുടെ നാട്ടില്‍..അല്ല,അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.രണ്ടു വര്‍ഷത്തെ ഗ്യാപ്പിനു ശേഷമുള്ള വെക്കേഷന്‍ ഒരുക്കത്തിന്റെ ഭാഗമായി മൂന്നോ നാലോ മാസം മുമ്പുതന്നെ നിത്യേന വിസ്തരിച്ചുള്ള തേച്ചുകുളിയും, ബദാം,ഈന്തപ്പഴം,പിസ്ത,ചീസ്‌ പാല്‌, മുട്ട ഇത്യാദി പോഷകാഹാരസേവയുമൊക്കെയായി മസിലുംപെരുപ്പിച്ച്‌ ഒളിമ്പിക്സിനുപോകുന്ന മല്‍പ്പിടുത്തക്കാരെന്നപോലെ നാട്ടിലേയ്ക്കു വിമാനം കയറുന്ന രണ്ടുമൂന്നു സീനിയേര്‍സിനെ കൗതുകത്തോടെ ഞാനും നിരീക്ഷിച്ചിട്ടുണ്ട്‌,കാണുന്നതിലെല്ലാം പുതുമ തോന്നുന്ന പ്രവാസത്തിന്റെ ആദ്യനാളുകളില്‍ ആയിരുന്നു അത്‌ "മരുന്നടിക്കാര്‍" വരെ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍..ഈശ്വരാ,.അവിടെ അങ്ങു നാട്ടില്‍ ഇവരുടെയൊക്കെ വാമഭാഗങ്ങള്‍ ഇപ്പോള്‍ ഇതുപോലെ എന്തെങ്കിലും മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടാവുമോ ആവോ..?,ഇതൊക്കെ താങ്ങാന്‍ തക്കവണ്ണം കെല്‍പ്പുള്ളതാവുമോ അവരുടെയൊക്കെ മാനസികാവസ്ഥ ,ശാരീരികസ്ഥിതിഗതികള്‍ എന്നൊക്കെ കുസൃതി നിറഞ്ഞ മനസ്സോടെ ചിന്തിയ്ക്കാറുണ്ട്‌.അന്നു ഞാന്‍ പാവമൊരു "ബാച്ചിലാറായിരുന്നു കേട്ടോ!

ചീറിപാഞ്ഞു വന്നു മുന്നില്‍ സഡന്‍ ബ്രെയിക്കിട്ടുനിന്ന ഒരു ടിപ്പര്‍ലോറിയുടെ ഉച്ചത്തിലുള്ള ഹോണിന്റെ ശബ്ദം കേട്ട്‌ ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്ന എന്റെ കാലുകള്‍ ബ്രൈക്കിലമര്‍ന്നു.

"ചാവാനായിട്ട്‌ ഇറങ്ങും ഓരോരുത്തര്‌ രാവിലെ തന്നെ,.എന്നിട്ട്‌ ഒടുക്കം എല്ലാ കുറ്റവും ടിപ്പര്‍ ഡ്രൈവര്‍മാരുടെ തലയിലും.."

ഈശ്വരാ,.എന്റെ അനുവാദമില്ലാതെ,ഞാനറിയാതെ മൂന്നു കിലോമീറ്ററോളം സഞ്ചരിച്ച്‌ എന്റെ ബൈക്കെങ്ങിനെ തൃക്കൂര്‍ പാലത്തിനുമുകളിലെത്തി എന്ന ചിന്തയാണ്‌ ഡ്രൈവറുടെ ശകാരവാക്കുകളേക്കാള്‍ ആ സമയത്ത്‌ എന്നെ അമ്പരിപ്പിച്ചത്‌..ബൈക്കിനു നിര്‍ദ്ദേശം നല്‍കാന്‍പോയിട്ട്‌ എങ്ങോട്ടാണ്‌ ആ യാത്രയെന്ന് എനിയ്ക്കുതന്നെ നിശ്ചയമില്ലായിരുന്നു.! ഭാഗ്യം,.എന്തായാലും പരലോകത്തേയ്ക്കായില്ലല്ലോ..!

(യാത്ര തുടരും)

കൊല്ലേരി തറവടി
09/12/2011

Friday, September 16, 2011

ഒരു മുതിര്‍ന്ന പെണ്‍കുട്ടിയുടെ അച്ഛന്‍


മോഹനന്റെ ഫ്ലാറ്റില്‍ നിന്നുമിറങ്ങുമ്പോള്‍ അമ്പരപ്പായിരുന്നു ബാലുവിന്റെ മനസ്സില്‍. സുന്ദരമായ ഒരു സ്വപ്നമെന്നപോലെ കടന്നുപോയ സുഖനിമിഷങ്ങളുടെ ബാക്കിയെന്നപോലെ ഇനിയും പൂര്‍ണ്ണമായും വറ്റാത്ത വിയര്‍പ്പുത്തുള്ളികള്‍...വേണ്ടായിരുന്നു അതും ഈ പ്രായത്തില്‍.. കൗമാരത്തില്‍, എന്തിന്‌ തീക്ഷ്ണയൗവനത്തിന്റെ ഉച്ചഘട്ടങ്ങളില്‍പോലും കൈവിടാതെ കാത്തു സൂക്ഷിച്ച തന്റെ ചാരിത്രശുദ്ധി..കുറച്ചു നിമിഷങ്ങള്‍ക്കുമുമ്പ്‌.! ഈശ്വരാ. !.ഇനി രാധികയുടെ മുഖത്ത്‌ ആ പഴയ നിഷ്കളങ്കതയോടെ എങ്ങിനെ നോക്കാന്‍ കഴിയും തനിയ്ക്ക്‌.

അലീന....! രാധികയെപോലെ ശാന്തമായി തഴുകിയൊഴുകി മെല്ലെമെല്ലെ ചൂടുപിടിച്ച്‌ ഒടുവില്‍ ശക്തിയോടെ ആര്‍ത്തിരമ്പുന്ന ഒരു സാധാരണ കടലായിരുന്നില്ല അവള്‍! അടിയില്‍ അഗ്നിപര്‍വ്വതം പുകയുന്ന, തൊട്ടാല്‍ പൊള്ളുന്ന മഹാസമുദ്രമായിരുന്നു.! സുനാമിത്തിരയിളക്കത്തിന്റെ കരുത്തുമായി ചുറ്റിവരിഞ്ഞു ഒപ്പത്തിനൊപ്പം നിന്ന്‌ ആദ്യവസാനം ആടിത്തിമിര്‍ക്കുകയായിരുന്നു അവള്‍.നിശ്ചിതസമയത്തിനപ്പുറം ഇഞ്ചുറിടൈമും എക്സ്ട്രാ ടൈമും കഴിഞ്ഞ്‌ ഷൂട്ട്‌ ഔട്ടിനൊടുവില്‍ വിജയകാഹളംമുഴക്കി ഗ്രൗണ്ടിലില്‍ വീണുപോകുന്ന കളിക്കാരന്റെ മാനസികാവസ്ഥയായിരുന്നു തനിയ്ക്ക്‌..ഹാ.!.ശരിയ്ക്കും തളര്‍ന്നുപോയി..!എങ്ങിനെ തളരാതിരിയ്ക്കും.പ്രായം കൊണ്ട്‌ തന്നെക്കാള്‍ എത്രയോ ഇളയതാണവള്‍.ഓരോ നിമിഷവും അവളും നന്നായിത്തന്നെ ആസ്വദിയ്ക്കുകയായിരുന്നുവെന്ന്‌ ആ ചലനങ്ങള്‍, ചേഷ്ടകള്‍, ശബ്ദവിന്യാസങ്ങള്‍ എല്ലാം വ്യക്തമാക്കിയിരുന്നു. കുറയൊക്കെ നാട്യമായിരുന്നിരിയ്ക്കാം,..സ്വയം രസിയ്ക്കുന്നതിനോടൊപ്പം പങ്കാളികൂടി രസിച്ചു എന്നറിഞ്ഞാലെ ഒരു പുരുഷന്‍ പൂര്‍ണ്ണ തൃപ്തനാകു എന്ന തിരിച്ചറിവ്‌ ഒരു പ്രൊഫഷണലായ അവള്‍ക്കുണ്ടാവുമല്ലോ..!.

ഒന്നോര്‍ത്താല്‍ വെറുമൊരഭിസാരികയല്ല അലീന..ഈ മണല്‍നഗരത്തില്‍ ഒരു വലിയ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു..വാരന്ത്യങ്ങളില്‍ ഒന്നോ രണ്ടോ പേരുമായി അല്‍പ്പം ആനന്ദം,അതിലുപരി വരുമാനം. ഒരര്‍ത്ഥത്തില്‍ സുഖം പകരുന്ന ഒരു ഓവര്‍ ടൈം വര്‍ക്ക്‌ !.അങ്ങിനെ പരസ്യമായിട്ടൊന്നുമല്ല, മനസ്സിനിണങ്ങി എന്നു തോന്നുന്ന കുറച്ചു കസ്റ്റമേര്‍സില്‍ മാത്രം ഒതുങ്ങുന്നു ഇടപാടുകള്‍. ഒറ്റനോട്ടത്തില്‍ അത്തരമൊരു പെണ്ണാണ്‌ അവളെന്നു തോന്നുകയേ ഇല്ല. ആരേയും ആകര്‍ഷിയ്ക്കുന്ന പെരുമാറ്റം,ഏവിടെയോ കണ്ടുമറന്ന വെളുത്തുമെലിഞ്ഞ നാട്ടിന്‍പുറത്തുകാരി ഒരമ്പലവാസി പെണ്‍കുട്ടിയുടെ നിഷ്കളങ്ക മുഖഭാവം.ഒരു പക്ഷെ ജീവിത സാഹചര്യങ്ങളായിരിയ്ക്കാം അവളെ ഇങ്ങിനെയൊക്കെ ആക്കിതീര്‍ത്തത്‌.! നാട്ടില്‍ ഗോവയില്‍ ആര്‍ത്തിയോടെ, അവളുടെ ടെലിമണിയും കാത്തിരിയ്ക്കുന്ന ഡാഡി, മമ്മി, അനിയന്‍, അനിയത്തിമാര്‍, എത്ര കൊടുത്താലും ഒരിയ്ക്കലും തീരാത്ത അവരുടെ ആവശ്യങ്ങള്‍. കേട്ടു മടുത്ത പഴയ കഥകളിലെ കറവപ്പശുവിന്റെ വേഷം..ഒന്നും ചോദിച്ചില്ല,..പറഞ്ഞതുമില്ല,...മോഹനന്‍ പറഞ്ഞുള്ള അറിവാണിതെല്ലാം,. അവളുടെ ഏറ്റവും അടുപ്പമുള്ള സ്ഥിരം കസ്റ്റമറല്ലെ അവന്‍.

മോഹനന്‍ മോഹിപ്പിച്ച്‌,പ്രലോഭിപ്പിച്ച്‌ നിര്‍ബന്ധപൂര്‍വ്വം ഒരു തളികയിലെന്നവണ്ണം ഒരുക്കിത്തരുകയായിരുന്നു ഈ അവസരം...അങ്ങിനെ അവന്റെ വര്‍ണ്ണനകളില്‍ മയങ്ങി ഒരു പെണ്ണിന്റെ കൂടി ചൂടും ചൂരും എങ്ങിനെയുണ്ടാകുമെന്നറിയാന്‍,, സ്വാദു നോക്കാന്‍,ഒരു ദുര്‍ബല നിമിഷത്തില്‍ തോന്നിയ മനുഷ്യസഹജമായ പൂതിയുടെ പരിണിതഫലം മാത്രമായിരുന്നു ഈ സമാഗമം...സ്ഥിരമായി സമ്പാറും അവിയലും രസവും പപ്പടവും കൂട്ടി നാടന്‍ രീതിയിലുള്ള വീട്ടുചോറുണ്ട്‌ ശീലിച്ചവന്‌ ആദ്യമായി കിട്ടുന്ന ഫൈവ്‌സ്റ്റാര്‍ ഫുഡിന്റെ നിറവും മണവും രുചിയും നല്‍കുന്ന അനുഭൂതി ശരിയ്ക്കും അറിഞ്ഞാസ്വദിച്ചു. സത്യമാണത്‌,നിഷേധിയ്ക്കാന്‍ കഴിയില്ല, എന്നാലും വേണ്ടായിരുന്നു, ഒഴിവാക്കണമായിരുന്നു. സ്വയം മാനിയ്ക്കണമായിരുന്നു.സദാചാരവാദവും, ഏകപത്നിവ്രതത്തിന്റെ മഹത്വവുമൊക്കെ പറഞ്ഞു ഞെളിഞ്ഞുനടന്നിരുന്ന തന്നെ പിടിച്ചു കുടുക്കിയപ്പോള്‍ അവനു സന്തോഷമായിട്ടുണ്ടാകും.ഇനി ഉപദേശിയ്ക്കാനും നേര്‍വഴിയ്ക്കു നടത്താനും ചെല്ലില്ലോ ബാലുവേട്ടന്‍..!എന്തിന്‌ അവനെ പറയണം. അവനെ പോലെയല്ല താന്‍, അവന്‍ കുറെകൂടി ചെറുപ്പമാണ്‌,.ജീവിതത്തിനു ഒരു മൂല്യവും കല്‍പ്പിയ്ക്കാതെ ഓരോ നിമിഷവും സുഖിയ്ക്കാന്‍ മാത്രമാണെന്നു വിശ്വസ്സിയ്ക്കുന്നവനാണവന്‍.! സ്വന്തം ദാമ്പത്യം ഡിവോഴ്സിന്റെ വക്കിലെത്തി നില്‍ക്കുമ്പോഴും തെല്ലും കൂസലില്ലാത്തവന്‍..!

ചാരിത്ര്യം പരിശുദ്ധി ഇതൊക്കെ സ്ത്രീകള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതല്ലല്ലോ., തന്റെ സ്ഥാനത്ത്‌ രാധികയാണ്‌ ഇതുപോലെ പെരുമാറിയതെങ്കില്‍..!ഇന്നു വ്യാഴാഴ്ചയാണെന്നുപോലും ഓര്‍ക്കാന്‍ തോന്നിയില്ലല്ലോ ബാലു നിനക്ക്‌.!സ്വയം കുറ്റപ്പെടുത്തി..വ്യാഴാഴ്ച വൈകുന്നേരമാണ്‌ രാധികയോടും അമ്മുവിനോടും നെറ്റില്‍ നേരിട്ടുകണ്ടു സംസാരിയ്ക്കാന്‍ സമയം കണ്ടെത്തുന്നത്‌...അച്ഛനും അമ്മയും മോളും പരസ്പരം കളിപറഞ്ഞും കളിയാക്കിയും പങ്കുവെച്ചു രസിയ്ക്കുന്ന സ്വര്‍ഗ്ഗീയനിമിഷങ്ങള്‍.

ഇന്നിനി എങ്ങിനെ അവളെ ഫെയിസു ചെയ്യാന്‍ കഴിയും തനിയ്ക്ക്‌!. രാധികയോട്‌ ഒന്നും മറച്ചുവെച്ചിട്ടില്ല..ഒരിയ്ക്കലും തനിയ്ക്കതിനു കഴിയുകയുമില്ല..അതിന്റെ ആവശ്യവും വന്നിട്ടില്ല ഇതുവരെ."നല്ല ക്ഷീണമുണ്ടല്ലൊ,.ഇന്നലെ രാത്രി ഇന്റര്‍നെറ്റിനുമുമ്പില്‍ ഒരു പാടുനേരം ഇരുന്നു അല്ലെ"...അങ്ങിനെയങ്ങിനെ തന്റെ മുഖത്തെ,ശബ്ദത്തിലെ കൊച്ചു കൊച്ചു വ്യതിയാനങ്ങള്‍പോലും വായിച്ചെടുക്കാന്‍ കഴിയും രാധികയ്ക്ക്‌.ടെലിഫോണില്‍ സ്വരമൊന്നിടറിയാല്‍ "പൊടിക്കാറ്റുണ്ടല്ലെ ബാലുവേട്ടാ,.സൂക്ഷിയ്ക്കണം..പുറത്തധികം ഇറങ്ങി നടയ്ക്കേണ്ട.." എന്നു ഉപദേശിയ്ക്കാനുള്ള അറിവും പരിചയവും ഈ മണല്‍നഗരവുമായി അവള്‍ക്കുണ്ട്‌..വിവാഹം കഴിഞ്ഞ്‌ ആദ്യ ആറു വര്‍ഷങ്ങള്‍...അവളുടെ കാലടിപാടുകള്‍ പതിയാത്ത ഒരു ഷോപ്പിംഗ്‌ മാളോ, കടല്‍ത്തീരമോ, പൂന്തോട്ടമോ ഉണ്ടായിരുന്നില്ല ഈ എമിറേറ്റ്‌സില്‍.ഉദ്യാനഗരിയില്‍, ഉത്സവനഗരയില്‍ തലസ്ഥാനനഗരയില്‍ അങ്ങിനെ എല്ലായിടത്തും എല്ലാം മറന്ന്‌ കറങ്ങി നടക്കുകയായിരുന്നു. അതിനിടയില്‍ ഒട്ടും വൈകാതെ സ്നേഹനിമിഷങ്ങളുടെ സാക്ഷിപത്രമായി അമ്മുക്കുട്ടിയും കടന്നു വന്നു...

അച്ചന്റെ മരണം അതേതുടര്‍ന്ന്‌ അമ്മയ്ക്കുണ്ടായ മാനസികതളര്‍ച്ച,.അധികം വൈകാതെ അവളുടെ അമ്മയുടെ മരണം..ഒന്നിനുപുറകെ ഒന്നായി അശനിപാതങ്ങള്‍..താനാണെങ്കില്‍ വീട്ടിലെ ഏക സന്താനം.രാധികയുടെ വീട്ടിലെ സ്ഥിതിയും അതുതന്നെയായിരുന്നു .അങ്ങിനെ അവളുടെ തിരിച്ചുപോക്ക്‌ അനിവാര്യമായി.എന്നിട്ടും അമ്മുവിന്റെ വേനലവധിയ്ക്ക്‌ ഓടിയെത്തും അവള്‍.കിട്ടുന്ന കൊച്ചുകൊച്ചു അവധികള്‍ക്ക്‌ താനും അങ്ങോട്ടു പറന്നു പോകും.അങ്ങിനെ സ്നേഹത്തിന്റെ മഞ്ചലിലേറി അല്ലലുമലട്ടുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും പറന്നു നടന്നു ഇത്രയും വര്‍ഷങ്ങള്‍..എന്നിട്ടിപ്പോള്‍ ആദ്യമായി..എന്തിനായിരുന്നു.. വെറുതെ.! ചീത്ത കൂട്ടുകെട്ട്‌. പരസ്ത്രീഗമനം.ഏഷ്യാനെറ്റില്‍ ആറ്റുകാല്‍ പറയുന്നതൊക്കെ എത്ര കിറുകൃത്യം..ഏഴരശ്ശനി ശരിയ്ക്കും കളിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു.

മോഹനന്റെ ഫ്ലാറ്റിനുമുമ്പില്‍ കാറ്‌ സ്റ്റാര്‍റ്റ്‌ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ കുറ്റബോധം പൊടിക്കാറ്റായി അസ്വസ്ഥതകളുടെ മണ്‍ല്‍ത്തരികള്‍ വാരിയെറിഞ്ഞ്‌ നൊമ്പരപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു ബാലുവിന്റെ മനസ്സിനെ. സ്റ്റിയറിങ്‌ വീലില്‍ അലസതയോടെ വിരലുകള്‍ പിടിമുറുക്കാന്‍ ഒരുങ്ങുന്ന ആ നിമിഷം ഡാഷ്‌ബോഡില്‍ കിടന്ന ബ്ലാക്ക്‌ബെറിയില്‍ കിളി ചിലച്ചു...! രാധികയുടെ കോള്‍..! അനങ്ങന്‍ കഴിഞ്ഞില്ല....ഹൃദയമിഡിപ്പു നിലയ്ക്കാന്‍ പോകുന്നതുപോലെ തോന്നി ബാലുവിനപ്പോള്‍. ഇന്നു ഗുഡ്‌മോണിംഗ്‌ കോളിനുശേഷം അവളെ ഇതുവരെ വിളിച്ചില്ലല്ലോ താന്‍.അത്ഭുതത്തോടെ അവനോര്‍ത്തു.! വീണ്ടും കിളി ചിലയ്ക്കാന്‍ തുടങ്ങി.!.ജീവിതത്തില്‍ ആദ്യമായി ആ കിളിനാദത്തോട്‌ അവനു ഭയം തോന്നി.

"എന്താ ബാലുവേട്ടാ, എന്തുപറ്റി, ഇന്ന്‌ ഹാഫ്‌ഡേ അല്ലെ, ഓഫീസില്‍ നിന്നും ഇറങ്ങിയില്ലെ ഇതുവരെ..എന്തെ വിളിച്ചില്ല,.?."

"സോറി രാധികെ, തിരക്കായിരുന്നു ഇന്ന്‌, വല്ലാത്ത തിരക്ക്‌.ഇന്നുതന്നെ തീര്‍ക്കേണ്ട ഒരു അസൈന്‍മന്റ്‌..നിനക്കറിയാലോ, എല്ലാരും വെക്കേഷനിലല്ലെ ഇപ്പോള്‍, ക്ലെരിക്കല്‍ ജോബ്‌ വരെ സ്വയം ചെയ്യേണ്ടി വരുന്നു.ഓഫീസില്‍ നിന്നും ഇറങ്ങി വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ പോകുന്നതെ ഉള്ളു..."

"ബാലുവേട്ടാ പിന്നെ ഇപ്പോ എന്തിനാ വിളിച്ചേന്നു ഗെസ്സു ചെയ്യാന്‍ പറ്റ്വോ.. ഒരു വിശേഷമുണ്ട്‌ "നമ്മുടെ അമ്മു.!രാധികയുടെ ശബ്ദത്തില്‍ ഉത്സാഹം തുളുമ്പിനിന്നു."നമ്മുടെ അമ്മു...അവള്‌ വലിയ കുട്ടിയായി..അല്‍പ്പം മുമ്പ്‌..! അതിന്റെ തിരക്കിലായിരുന്നു ഞങ്ങളിവിടെ..ഭാഗ്യം,സ്കൂളില്‍ വെച്ചാവാഞ്ഞത്‌..മനസ്സിലായില്ലെ,ഞാനൊരൂസം പറഞ്ഞിരുന്നില്ലെ,.അവളുടെ നെഞ്ചിന്‌ വലിപ്പം വെച്ചു,കവിള്‌ തുടുത്ത്‌ മാംസളമാകാന്‍ തുടങ്ങി എന്നൊക്കെ..ഒന്നും പറയേണ്ടെന്റെ ബാലുവേട്ടാ, അവളുടെ ഒരു നാണം കാണണമായിരുന്നു..!പാഡു വെച്ചു കൊടുക്കാനൊന്നും സമ്മതച്ചില്ല പെണ്ണ്‌...ബാത്ത്‌റൂമില്‍ കയറി കതകടച്ചു കളഞ്ഞു.!അവള്‍ക്കു പേടിയൊന്നുമുണ്ടായില്ല കെട്ടോ, എല്ലാം ഞാന്‍ മുമ്പെ പറഞ്ഞുമനസ്സിലാക്കിയിരുന്നു.അങ്ങിനെ പറഞ്ഞു പറഞ്ഞ്‌ നമ്മള്‌ ഒരു മുതിര്‍ന്ന പെണ്‍കുട്ടിയുടെ അച്ഛനുമമ്മയുമായി..! എത്ര പെട്ടന്നാ കാലം കടന്നു പോകുന്നത്‌ അല്ലെ .കുട്ടികളിയൊക്കെ മാറ്റി ഇനി കുറെകൂടി സീരിയസ്സാവണം ബാലുവേട്ടന്‍..ആവേശത്തള്ളലില്‍ ഒറ്റശ്വാസത്തില്‍ എല്ലാം പറഞ്ഞുതീര്‍ക്കുമ്പോള്‍ ഉത്സാഹത്തിമിര്‍പ്പില്‍ വീര്‍പ്പുമുട്ടുകയായിരുന്നു രാധിക.

അവളുടെ ആവേശം അതേ അളവിലേറ്റുവാങ്ങാന്‍ ആ മാനസികാവസ്ഥയില്‍ പെട്ടന്നു കഴിഞ്ഞില്ല..സ്തബ്‌ധനായി പോയി. ഒരു നിമിഷം മനസ്സ്‌ പൂര്‍ണ്ണമായും നിശ്ചലമായി.

"അവളിപ്പോഴും കൊച്ചു കുട്ടിയല്ലെ രാധികെ,.വിശ്വസിയ്ക്കാനെ കഴിയുന്നില്ല !..എത്ര മണിയ്ക്കായിരുന്നു" അങ്ങിനെ ചോദിയ്ക്കാനാണ്‌ ബാലുവിനപ്പോള്‍ തോന്നിയത്‌.

"ഓ..! ഈ ബാലുവേട്ടന്റെ ഒരു കാര്യം..!ഇതിനങ്ങിനെ മുഹൂര്‍ത്തം വല്ലതുമുണ്ടോ. സമയമാകുമ്പോള്‍ അതങ്ങു താനെ വരില്ലെ, തടുക്കാന്‍ പറ്റുമൊ...എന്തായാലും വ്യാഴാഴ്ചയല്ലെ, നല്ല ദിവസമാണ്‌,..പിന്നെ അഞ്ചുമണിയ്ക്കു തൊട്ടുമുമ്പായതു നന്നായി, പാട്ടുരാശിയും ഒഴിവായി.സമാധനമായില്ലെ ആറ്റുകാല്‍ രാധാകൃഷ്ണന്റെ ശിഷ്യന്‌.."

ഓ മൈ ഗോഡ്‌..! അമ്മു ആദ്യമായി പുഷ്പിണിയായ ആ നിമിഷങ്ങളില്‍ ഇവിടെ ഒരഭിസാരികയുടെ അടിവയറ്റില്‍ താന്‍..!അതും ജീവിതത്തില്‍ ആദ്യമായി.! ഭൂമിയോളം താണുപോകുന്നതുപോലെ തോന്നി ബാലുവിന്‌.ലോകത്തില്‍ ഒരച്ഛനും ഇതുപോലെ ഒരനുഭവം ഉണ്ടായിട്ടുണ്ടാവില്ല.! ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല ഒരു നിമിഷം.."എവിടെ നമ്മുടെ അമ്മുക്കുട്ടി..ക്ഷീണമൊന്നുമില്ലല്ല്ലോ അവള്‍ക്ക്‌" അങ്ങിനെ ചോദിച്ചൊപ്പിയ്ക്കുമ്പോള്‍ പാതാളത്തില്‍ നിന്നും വരുന്നതുപോലെ നേര്‍ത്തുപോയിരുന്നു ബാലുവിന്റെ ശബ്ദം.

"എന്തൊക്കെ പറഞ്ഞാലും ശാരീരികവും മാനസികവുമായി പെട്ടന്നുണ്ടാകുന്ന മാറ്റമല്ലെ ബാലുവേട്ടാ,..ചെറിയ വാട്ടം കാണതിരിയ്ക്കുമോ അവള്‍ക്ക്‌..,അതിരിയ്ക്കട്ടെ. ബാലുവേട്ടനെന്തുപറ്റി.സുഖോല്ല്ല്യെ ശബ്ദം വല്ലാതിരിയ്ക്കുന്നു.." തന്റെ പ്രതികരണത്തിലെ ശൈത്യം അവള്‍ വായിച്ചെടുത്തിരിക്കുന്നു..പൊടിക്കാറ്റ്‌, തലവേദന..ആ പഴയ മൈഗ്രയിന്‍ വീണ്ടും തലപൊക്കുന്നുവോ എന്ന സംശയം, നുണകളുടെ ഒരു കൂമ്പാരം നിരത്തി വൈകുന്നേരം നെറ്റില്‍ കാണുമ്പോള്‍ മോളോട്‌ നേരിട്ടു സംസാരിയ്ക്കാം എന്നു പറഞ്ഞു രക്ഷപ്പെടുമ്പോള്‍ ഒരു നിമിഷം കൂടി വൈകിയിരുന്നെങ്കില്‍ ഹൃദയം നിലച്ചു പോകുമായിരുന്നുവെന്നു തോന്നി ബാലുവിന്‌.

രണ്ടുമൂന്നു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു രാധികയുടെ ടെലിഫോണ്‍ കോള്‍ വന്നിരുന്നതെങ്കില്‍.! എത്ര ആനന്ദിയ്ക്കേണ്ട നിമിഷങ്ങളായിരുന്നു ജീവിതത്തില്‍ ഇത്‌.. എന്നിട്ട്‌ ഇന്ന്‌, അതും കൃത്യം ഈ മുഹൂര്‍ത്തത്തില്‍.!.എന്തിനായിരുന്നു കൃഷ്ണാ ഈ കളി, ഇങ്ങിനെ പരീക്ഷിയ്ക്കാന്‍ ജീവിതത്തില്‍ അങ്ങിനെ വലിയ പാപമൊന്നും ചെയ്തിട്ടില്ലല്ലോ പാവം ഈ ബാലു.

അതങ്ങിനെയല്ലെ, ക്ഷണികമായ സുഖനിമിഷങ്ങള്‍ക്കു വേണ്ടിയുള്ള താല്‍ക്കാലിക ബന്ധങ്ങള്‍ മിക്കതും അവസാനം ദുഖഹേതുകങ്ങളായി മാറും.പലതും വന്‍ ദുരന്തങ്ങളില്‍ ചെന്നു പതിയ്ക്കും..എന്തൊക്കെ വാര്‍ത്തകളാണ്‌ ഇന്നത്തെ കാലത്ത്‌ ചുറ്റുവട്ടത്തും.സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവര്‍ പോലും മൃഗതൃഷ്ണയില്‍ സ്വയം മറക്കുന്നു..പ്രായപൂര്‍ത്തിയാകാത്ത കുരുന്നു പുഷ്പങ്ങള്‍ പോലും നിര്‍ദ്ദയം പിച്ചിചീന്തപ്പെടുന്നു.മനപൂര്‍വ്വമായിരിയ്ക്കില്ല പലതും സംഭവിച്ചിട്ടുണ്ടാകുക.ഉല്ലാസയാത്രകളുടെ ഇടവേളകളില്‍ മദ്യലഹരിയില്‍, കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി, അവരുടെയിടയില്‍ ഭീരുവെന്ന പേരുകേള്‍ക്കാന്‍ മടിച്ച്‌ ഒരാവേശത്തില്‍ സ്വയംമറന്ന്‌ ചെയ്തുപോകുന്നതയായിരിയ്ക്കും പലരും,.ആദ്യാനുഭവം പോലുമായിരിയ്ക്കും ചിലര്‍ക്കെങ്കിലും. തൊട്ടുമുന്നില്‍ വീണുകിടന്നുപിടഞ്ഞു ഞെരിഞ്ഞമര്‍ന്ന ഇര വൃദ്ധയോ, യുവതിയോ, കൗമാരക്കാരിയോ എന്നറിയാനുള്ള സാവകാശം പോലും ലഭിച്ചിട്ടുണ്ടാവില്ല. അമ്യൂസ്‌മെന്റെ പാര്‍ക്കിലെ വളഞ്ഞുപുളഞ്ഞു നീണ്ടുകിടക്കുന്ന ടണലിലൂടെ നനഞ്ഞുകുതിര്‍ന്നൊഴുകിയെത്തുന്ന സാഹസികനിമിഷങ്ങളിലെ ത്രില്ലുപോലും അനുഭവിയ്ക്കാന്‍ കഴിഞ്ഞിട്ടുമുണ്ടാകില്ല...പക്ഷെ,എല്ലാം കഴിഞ്ഞു ചെയ്തുപോയ തെറ്റിന്റെ ആഴത്തെക്കുറിച്ച്‌ തിരച്ചറിവുണ്ടാകുമ്പോഴേയ്ക്കും വല്ലാതെ വൈകിയിരിയ്ക്കും. പിന്നെ, ഒരു തിരിച്ചുപോക്ക്‌ തീര്‍ത്തും അസാധ്യമായിരിയ്ക്കും...ആത്മഹത്യ മുനമ്പില്‍, അല്ലെങ്കില്‍ ഏതെങ്കിലും കടല്‍ത്തിരകളില്‍ അലിഞ്ഞുചേരാനിയിരിയ്ക്കും ചിലരുടേയെങ്കിലും നിയോഗം.! ഇത്രയും നല്ല ആ അധ്യാപകനോ,?...കൈപ്പുണ്യമുള്ള ആ ഡോക്ടറോ..? വിശ്വസ്സിയ്ക്കാനാവാതെ അന്തം വിട്ടു നില്‍ക്കാനെ കഴിയു നേരിട്ടറിയാവുന്നവര്‍ക്ക്‌.

അപ്രിയങ്ങളായ സംഭവങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ ആകസ്മികമായാണ്‌ വന്നു ചേരുന്നു.ചിലര്‍ തളരുന്നു,മറ്റു ചിലരതിനെ ഭംഗിയായി തരണം ചെയ്യുന്നു...പ്രപഞ്ചത്തിനുപോലും മാറ്റങ്ങള്‍ സംഭവിയ്ക്കുന്നില്ലെ..മാറ്റങ്ങള്‍ക്കു വിധേയമാകാത്തായി ഒന്നേയുള്ളു കാലം.ഒരിയ്ക്കലും തളരാതെ തീര്‍ത്തും നിസ്സംഗമായി കാലം അതിന്റെ യാത്ര തുടരുന്നു..ഉദിച്ചും അസ്തമിച്ചും ഉഷ്ണിച്ചും ഒപ്പമോടിയോടി തളര്‍ന്നുപോകുന്നു ശക്തിമാനെന്നു സ്വയം അഹങ്കരിയ്ക്കുന്ന സൂര്യന്‍ പോലും.

കഴിഞ്ഞുപോയ നിമിഷം അതൊരു നഷ്ടയാഥാര്‍ത്ഥ്യം മാത്രം..വരാനുള്ള നിമിഷമോ കേവലം സങ്കല്‍പ്പവും...അതിനിടയിലുള്ള നിമിഷം അതാണ്‌ നിര്‍ണ്ണായകം,.അതു മാത്രമെ ശാശ്വതമായുള്ളു.ആ നിമിഷത്തിലെ കരുതലും ശ്രദ്ധയുമാണ്‌ വരാനിരിയ്ക്കുന്ന ഓരോ നിമിഷങ്ങളിലെ ശാന്തിയ്ക്കും സമാധാനത്തിനും നിദാനം,.ഇത്രയും ലളിതമായ യാഥാര്‍ത്ഥ്യം,ആത്യന്തികമായി ജീവിത വിജയത്തിന്റെ രഹസ്യം തിരിച്ചറിയാതെ വെറുതെ ദുഃഖങ്ങള്‍ വിലയ്ക്കു വാങ്ങുന്നു മനുഷ്യന്‍.

ട്രാഫിക്ക്‌ ജാമും സിഗ്നലുകളും ശ്വാസം മുട്ടിയ്ക്കുന്ന നഗരത്തിലെ തിരക്കുകളില്‍ നിന്നുമകന്ന്‌ മരുഭൂമിയിലെ വിശാലമായ വീഥീകളിലൂടെ അലസമായി കാറോടിച്ചു നടക്കുമ്പോള്‍ ചിന്തകളുടെ നെരിപ്പോടില്‍ വെന്തെരിയുകയായിരുന്നു ബാലുവിന്റെ മനസ്സ്‌.മനസ്സ്‌ വല്ലാതെ അസ്വസ്ഥമാകുമ്പോള്‍ തന്റെ പ്രിയപ്പെട്ട ഇളം നീല ഹുന്‍ഡായ്‌ ടക്സണില്‍ പഴയക്കാല മെലഡികളും,ഗസലുകളും കേട്ട്‌ എങ്ങോട്ടിന്നില്ലാതെ മരുഭൂമിയിലൂടെ വെറുതെ കുറേനേരം അലയുക,.ബാലുവിന്റെ ശീലമാണത്‌.. പക്ഷെ ഇന്ന്‌ മ്യൂസിക്‌ സിസ്റ്റം നിശ്ശബ്ദമാണ്‌,..വയ്യ ഒന്നിനും വയ്യ.പാപക്കറയില്‍ കുതിര്‍ന്ന മനസ്സും തളര്‍ന്നു നിറംകെട്ട മുഖവുമായി ഇന്നിനി നെറ്റില്‍ രാധികയെ നേരിടുന്ന കാര്യം ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല..പിന്നെ അമ്മുക്കുട്ടി..കാമാഗ്നിയില്‍ കത്തിജ്വലിച്ചു തളര്‍ന്ന കണ്ണുകള്‍കൊണ്ട്‌,കളങ്കമില്ലാത്ത മനസ്സോടെ,സ്നേഹവാല്‍സ്യങ്ങളോടെ, പൂര്‍ണ്ണമായും ഒരച്ഛന്റെ വികാരവായ്പ്പോടെ പ്രായപൂര്‍ത്തിയായ മകളെ ആദ്യമായി ദര്‍ശിയ്ക്കാന്‍ ഇന്നത്തെ ദിവസം തനിയ്ക്കു കഴിഞ്ഞില്ലെങ്കിലോ..? ആ ആത്മവിശ്വാസക്കുറവ്‌ ബാലുവിനെ കൂടുതല്‍ വിവശനാക്കി.

"നെറ്റു കണക്റ്റാവുന്നില്ല" ഒരു നുണകൂടി പറഞ്ഞു രാധികയോട്‌,..അതിനെ സാധൂകരികാന്‍ പിന്നെയും, പിന്നെയും..!.ഇന്നത്തെ ദിവസം ഇതെത്രാമത്തെ നുണയാണ്‌..!ഇനി ജീവിതത്തിലൊരിക്കലും രാധികയോടു നുണ പറയേണ്ടിവരുന്ന അവസങ്ങള്‍ ഒരുക്കില്ല എന്നുമനസ്സിലുറപ്പിയ്ക്കുകയായിരുന്നു അപ്പോളവന്‍. ഇനി നേരത്തെ ഉറങ്ങാന്‍ കിടക്കണം,.മയക്കത്തിനും ഉണര്‍വിനും ഇടയില്‍ കിടന്ന്‌ ഉമിത്തീയ്യില്‍ നീറി നീറി സ്ഫുടം ചെയ്തെടുത്ത മനസ്സുമായി രാവിലെ ഉണരുമ്പോള്‍ കഴിഞ്ഞതെല്ലാം ഒരു ദുഃസ്വപ്നമായി മാറും.താന്‍ വീണ്ടും പഴയ ബാലുവാകും..പഴയ ബാലുവല്ല, കുറെകൂടി പക്വതയുള്ള, ഒരു മുതിര്‍ന്ന പെണ്‍കുട്ടിയുടെ അച്ഛനായ ബാലു..അസ്വസ്ഥതകളുടെ കൊടുമുടികള്‍ താണ്ടി തളര്‍ന്ന്‌ തളര്‍ന്ന്‌ തളര്‍ന്ന്‌ അവസാനം അനിവാര്യമായ ശാന്തിയുടെ താഴ്‌വാരങ്ങളിലേയ്ക്കു തിരിച്ചു പറന്നിറങ്ങാന്‍ വെമ്പുകയായിരുന്നു പാവം അവന്റെ മനസ്സ്‌.

തിരിച്ച്‌ റൂമിലേയ്ക്കു ഡ്രൈവ്‌ ചെയ്യുമ്പോള്‍,അങ്ങു ദൂരെ വിശാലമായ മരുക്കടലിന്റെ പടിഞ്ഞാറെ ചക്രവാളസീമയില്‍ കാലത്തിന്റെ കയ്യും പിടിച്ച്‌,നഗരത്തിലുള്ള സ്കൂളിലേയ്ക്കു മടിയോടെ പോകാനൊരുങ്ങുന്ന ഗ്രാമീണബാലനുസമാനം സങ്കടംകൊണ്ടു ചുവന്നുതുടുത്ത മുഖവുമായി തീര്‍ത്തും വ്യത്യസ്തമായ ആചാരങ്ങളും ഉപചാരങ്ങളും സംസ്കാരവുമുള്ള മറ്റൊരു ലോകത്തേയ്ക്ക്‌ യാത്രയാവുന്ന സൂര്യനോട്‌ വല്ലാത്ത സഹതാപം തോന്നി ബാലുവിന്‌.

കണക്കുപുസ്തകത്തില്‍ നേട്ടങ്ങളുടെ കോളത്തില്‍ ഒരു പകല്‍കൂടി കുറിച്ചിടുമ്പോള്‍ ഒരു കൊള്ളപ്പലിശക്കാരന്റേതെന്നപോലെ ക്രൂരതയില്‍ പൊതിഞ്ഞ നിസ്സംഗത നിറഞ്ഞ പുഞ്ചിരി വിടരുകയായിരുന്നു കാലത്തിന്റെ കറുത്തുതടിച്ചിരുണ്ട ചുണ്ടില്‍...........

കൊല്ലേരി തറവാടി
16/09/2011

Sunday, September 4, 2011

കൊടകര... കൊടകര... കൊടകര..... !!!


ഇതൊരു പോസ്റ്റിന്റെ തുടക്കമാണ്‌. എന്താണ്‌ എഴുതേണ്ടതെന്നെനിയ്ക്കറിയില്ല,.. എഴുതിയെഴുതി എവിടെ എത്തുമെന്നും അറിയില്ല, അതുകൊണ്ടുതന്നെയാണ്‌ പോസ്റ്റുകള്‍ക്ക്‌ നീളം കൂടുന്നുവെന്ന പഴി എപ്പോഴും എനിയ്ക്കു കേള്‍ക്കേണ്ടിവരുന്നത്‌. കടലിലേയ്ക്കു തോണി തുഴഞ്ഞു പോയി, ഇരുട്ടാന്‍ തുടങ്ങുമ്പോള്‍, തളരാന്‍ തുടങ്ങുമ്പോള്‍ പയ്യെ മടങ്ങുന്ന ലക്ഷ്യബോധമില്ലാത്ത ഒരു സഞ്ചാരിയുടെ മനസ്സാണ്‌ പോസ്റ്റൊരുക്കുന്ന നിമിഷങ്ങളില്‍ എനിയ്ക്കും..എന്നിട്ടും ചിലപ്പോഴെക്കെ എന്റെ പോസ്റ്റുകളും കമ്മന്റ്‌സുകള്‍ കൊണ്ട്‌ സമ്പന്നമാകാറുണ്ട്‌. 

കമന്റ്ബോക്സിലെ സ്ഥിരാംഗത്വംകൊണ്ട്‌ എന്റെ മനസ്സില്‍ പതിഞ്ഞുപോയ ആ അഞ്ചാറു മുഖങ്ങള്‍ക്കു പുറമെ ബൂലോകത്തെ പേരുകേട്ട കുമാരന്‍മാരും, രാജകുമാരിമാരും, ലീല ടീച്ചർ ‍, മിനി ടീച്ചര്‍ അങ്ങിനെ ഗുരുതുല്യരായ ഒരുപാടു വ്യക്തികളും അപൂര്‍വ്വമായിട്ടെങ്കിലും ഈ തറവാട്ടുമുറ്റത്തും കടന്നു വരാറുണ്ട്‌.. അലസനാണ്‌ ഞാന്‍, ഒരു പക്ഷെ അഹങ്കാരിയും. അല്ലെങ്കില്‍ ഓരോരുത്തരേയും പേരെടുത്ത്‌ നന്ദി പറഞ്ഞ്‌ സൗഹൃദം സ്ഥാപിയ്ക്കാന്‍ വീണുകിട്ടുന്ന അത്തരം സുവര്‍ണ്ണാവസരങ്ങള്‍ ഭംഗിയായി വിനിയോഗിയ്ക്കില്ലായിരുന്നോ ?

നൂറും നൂറ്റമ്പതും കമന്റ്‌സ്‌ ലഭിയ്ക്കുന്ന വലിയ വലിയ ബ്ലോഗേര്‍സു പോലും ആരേയും അവഗണിയ്ക്കാതെ ഇമ്പോസിഷന്‍ എഴുതുന്ന കുട്ടിയുടേ ക്ഷമയോടെ ഓരോരുത്തരുടെയും പേരെടുത്തു പറഞ്ഞ്‌ മറുപടിയെഴുതാന്‍ കാണിയ്ക്കുന്ന ശുഷ്‌കാന്തി കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്‌, ഒപ്പം ആദരവും.ജീവിതപ്രാരാബ്‌ധങ്ങളുടെ മാറാപ്പും പേറിയുള്ള നെട്ടോട്ടങ്ങള്‍ക്കിടയിലും സൗഹൃദങ്ങള്‍ക്കു പ്രാധാന്യം നല്‍കാന്‍ കഴിയുക, ഒപ്പം എന്തു വിലകൊടുത്തും അതു നിലനിര്‍ത്താന്‍ വേണ്ടി പരിശ്രമിയ്ക്കുക മഹത്തായ കാര്യങ്ങളാണ്‌ അതൊക്കെ...ഈ ഒരു കാഴ്ചപ്പാടിലാണ്‌ ബൂലോക മീറ്റുകളെക്കുറിച്ചുള്ള ഓരോ പോസ്റ്റുകളും ഒരു വരിപോലും വിടാതെ ഞാന്‍ വായിയ്ക്കാറുള്ളത്‌.അങ്ങിനെയെങ്കിലും ഞാനൊന്നു നേരെയാക്കട്ടെ എന്ന മോഹത്തോടെ..എവടെ.! ആരു നേരേയാകാന്‍..!

കൂട്ടായ്മയുടെ മഹത്വവും,സൗഹൃദത്തിന്റെ മൂല്യവും ഇനിയും അറിയില്ലെനിയ്ക്ക്‌.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍ തലയെടുപ്പോടെ അണിനിരക്കുന്ന ഉത്സവപറമ്പില്‍ വനത്തില്‍ നിന്നും എങ്ങിനെയോ വഴിതെറ്റിവന്ന്‌ തികഞ്ഞ അപരിചിതത്വത്തൊടെ പകച്ചു നില്‍ക്കുന്ന ഒറ്റയാനെപോലെയാണ്‌ ഇന്നും ഞാന്‍ ഈ ബൂലോകത്തില്‍..നിരുപദ്രവകാരിയാണ്‌.പക്ഷെ, ആചാരങ്ങള്‍ പാലിയ്ക്കാത്തവന്‍..,ഉപചാരങ്ങള്‍ അറിയാത്തവന്‍..ചെളിയും മണ്ണും വാരിയണിഞ്ഞ്‌ തറയും തരികടയും ഒരുക്കി സ്വന്തം രൂപഭാവങ്ങള്‍ വികൃതമാക്കാന്‍ മടിയില്ലാത്തവന്‍..

സൗഹൃദത്തിന്റെ ഊഷ്മളാരവങ്ങള്‍ നിറഞ്ഞ ഉത്സവാന്തരീക്ഷത്തേക്കാള്‍, ഉത്സവപ്പിറ്റേന്ന്‌ സന്ധ്യയ്ക്ക്‌ ആള്‍ത്തിരക്കൊഴിഞ്ഞ്‌ വിജനമാകുന്ന അമ്പലപ്പറമ്പില്‍ ഏകാകിയായി നിന്ന്‌ കണ്ണുനീര്‍പൊഴിച്ച്‌ കാറ്റിനോടു കലമ്പുന്ന ആല്‍മരത്തിന്റെ എണ്ണിപ്പെറിക്കിയുള്ള മര്‍മ്മരത്തിനായി കാതോര്‍ക്കാനായിരുന്നു എന്നും എനിയ്ക്കിഷ്ടം.ലാളിത്യത്തിന്റെ പ്രതീകമായി ഒരു പരാതിയും കൂടാതെ, ഒരിറ്റു എണ്ണയില്‍, ഒറ്റത്തിരിയില്‍ ഒരുപാടു നേരം തെളിഞ്ഞുകത്തുന്ന അമ്പലമുറ്റത്തെ കല്‍ച്ചിരാതിലെ ദീപനാളത്തിനെ സാക്ഷിയാക്കി, മേലേമാനത്ത്‌ രാവിനൊപ്പം വിരിയുന്ന കുരുന്നു നക്ഷത്രങ്ങളോടു കണ്ണുറുക്കി ആല്‍ത്തറയില്‍ മലര്‍ന്നുകിടക്കുന്ന ആ നിമിഷങ്ങളില്‍ ലഭിച്ചിരുന്ന മനഃശ്ശാന്തി ഇന്ന്‌ വരമൊഴിയിലൂടെ അക്ഷരങ്ങളൊരുക്കി രസിയ്ക്കുന്ന നിമിഷങ്ങളില്‍ തിരികെ കൈവരുന്നതുപോലെ പലപ്പോഴും തോന്നാറുണ്ട്‌.സത്യത്തില്‍ ആ സുഖനിമിഷങ്ങളുടെ ഒരോര്‍മ്മപ്പുതുക്കലിനുമാത്രമായാണ്‌ തിരക്കുകള്‍ക്കിടയിലും ഈ പാഴ്‌വേലയ്ക്കു ഞാന്‍ മുതിരുന്നത്‌.!

ചുറ്റുവിളയ്ക്കും നിറമാലയും കാഴ്ചശീവേലിയും കാവടിചിന്തുമായി ആടിത്തിമിര്‍ക്കാന്‍ വര്‍ഷത്തില്‍ കുറച്ചു ദിവസങ്ങള്‍മാത്രം,.പിന്നെ അടുത്ത ഉത്സവനാളിനായുള്ള കാത്തിരിപ്പിന്റെ നീണ്ട ശൈത്യകാലം..ഓര്‍ക്കുമ്പോള്‍ ഇന്നും കണ്ണുകളെ ഈറനണിയ്ക്കുന്ന,ശോകമൂകമായ ആ ക്ഷേത്രാന്തരീക്ഷത്തിനു വിദൂരതയിലെവിടെയ്ക്കൊ പറന്നുപോയ പ്രിയനെയും കാത്തിരിയ്ക്കുന്ന ഒരു പ്രിയതമയുടെ വിരഹാദ്രഭാവങ്ങളാണെന്ന്‌ അന്നെനിയ്ക്കറിയില്ലായിരുന്നു..! പ്രവാസം എന്ന വാക്കിന്റെ തീക്ഷ്ണതയും തീവൃതയും അതിന്റെ എല്ലാ അര്‍ത്ഥവ്യാപ്തിയോടും ഇത്രയും ആഴത്തില്‍ അനുഭവിച്ചറിയേണ്ടിവരുമെന്നു സ്വപ്നത്തില്‍പോലും നിനച്ചിരുന്നില്ല.!

അതിമോഹത്തിന്റെ അതിപ്രസരത്തില്‍ ജീവിതം ആടിയുലയാത്ത കാലമായിരുന്നു അത്‌..ഇല്ലായ്മയുടെ വല്ലായ്മ നല്‍കുന്ന കൂട്ടായ്മയ്ക്ക്‌ വല്ലാത്ത ശക്തിയായിരുന്നു..കൊച്ചുകൊച്ചു മോഹങ്ങളെ ഉണ്ടായിരുന്നുള്ളു. കൊച്ചുകൊച്ചാഘോഷങ്ങളും..അതിനിടയില്‍ അറിയാതെ ഉതിര്‍ന്നുവീഴുന്ന ഒരു പുഞ്ചിരി,കടാക്ഷം,.ദര്‍ശനം,.ബാല്യകൗമാരങ്ങളുടെ മഞ്ചലിലേറി വിരുന്നുവരുന്ന യൗവ്വനം ഊഞ്ചാലുടുന്ന ഋതുഭേദങ്ങളുടെ മാസ്മരികഭാവങ്ങള്‍,വര്‍ണ്ണവിന്യാസവിലാസങ്ങള്‍.മോഹിയ്ക്കാനും അനുഭവിയ്ക്കാനും അതിലപ്പുറം വേറെ ഒന്നും ഇല്ലായിരുന്നു ആര്‍ക്കും അക്കാലത്ത്‌.എന്നിട്ടും ദാരിദ്ര്യം നിറഞ്ഞതെങ്കിലും സാന്ദ്രസുന്ദരമായ ആ അന്തരീക്ഷത്തില്‍ രൂപപ്പെടുന്ന കൂട്ടായ്മകള്‍ക്ക്‌ അഭൗമ ചാരുതയായിരുന്നു.നക്ഷത്രദ്യുതിയാര്‍ന്ന സ്വപ്നങ്ങള്‍ക്ക്‌ വല്ലാത്ത സുഗന്ധമായിരുന്നു.

ചൊല്ലിയും കേട്ടും മടുത്ത ഗൃഹാതുരതയുടെ തേഞ്ഞരഞ്ഞ പദങ്ങള്‍ ചേര്‍ത്തുവെച്ചൊരുക്കുന്ന ഈ പൈങ്കിളിവാചകങ്ങള്‍ വായിയ്ക്കുമ്പോള്‍ ചുണ്ടില്‍ പരിഹാസച്ചിരി പടരുന്നു അല്ലെ. ചൂടും ചൂരുമുള്ള സമകാലിക വിഷയങ്ങള്‍ മാറ്റിവെച്ച്‌ എന്തെ പ്രവാസികള്‍ എപ്പോഴും ഇങ്ങിനെ ഭൂതത്തിനു പുറകെ അലയുന്നതില്‍ ആനന്ദംകണ്ടെത്തുന്നു..?.കുറ്റപ്പെടുത്തുന്നതിനും പരിഹസിയ്ക്കുന്നതിനു മുമ്പ്‌ ഓര്‍ത്തു നോക്കിയിട്ടുണ്ടൊ എപ്പോഴെങ്കിലും.വര്‍ത്തമാനക്കാലത്തെ നവ്യാനുഭവങ്ങള്‍ പാവം അവന്‌ എന്നും അന്യമാണ്‌..കുടുംബം,സമൂഹം ഇതെല്ലാം ഏറെ ദൂരെയാണെന്ന തിരിച്ചറിവ്‌ പലപ്പോഴും അസഹനീയമാകുന്നു .!.ഉത്സവനാളുകളില്‍ നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന,ആഘോഷകാഴ്ചകള്‍ പലപ്പോഴും സമ്പന്നരുടെ കെട്ടിയെഴുന്നെള്ളിപ്പുകള്‍ മാത്രമായി മാറുന്നു.ധൂര്‍ത്തിന്റേയും ആഡംബരത്തിന്റേയും നേര്‍ക്കാഴ്ചകളായി മാറുന്ന അത്തരം താരോല്‍സവങ്ങള്‍ അവന്റെ കണ്ണുകളെ മാത്രം കുളിരണിയിച്ചു ഹൃദയത്തില്‍ സ്പര്‍ശിയ്ക്കാതെ കടന്നു പോകുന്നു.തികഞ്ഞ അനിശ്ചിതത്വം മാത്രം സമ്മാനിച്ച്‌ നിരന്തരം വേട്ടയാടുന്ന ഭാവിചിന്തകള്‍ ജീവിതാന്ത്യം വരെ അവനെ പ്രവാസലോകത്തു തന്നെ തളച്ചിടുന്നു..

മരുഭൂമിയിലെ കാലാവസ്ഥാവ്യതിയാനങ്ങള്‍പോലെ പ്രവചാനാതീതമായിരിയ്ക്കും ഓരോ പ്രവാസിമനസ്സും. അസ്വസ്ഥതയുടെ പൊടിക്കാറ്റു നിറഞ്ഞ മനസ്സില്‍ പെട്ടന്നായിരിയ്ക്കും നിസ്സംഗതയുടെ, നിസ്സഹായതയുടെ മൂടല്‍മഞ്ഞു നിറയുന്നത്‌.അമ്പരിപ്പിയ്ക്കുന്ന വേഗത്തിലായിരിയ്ക്കും അതുപിന്നെ ആകുലതകളുടെ, വ്യാകുലതകളുടെ, ആശങ്കകളുടെ ഉഷ്ണക്കാറ്റായി മാറുന്നത്‌.തീര്‍ത്തും അപ്രതീക്ഷിതമായി അടുത്ത നിമിഷത്തില്‍ തന്നെയായിരിയ്ക്കും അറബിക്കടലും കടന്നു നാട്ടില്‍ നിന്നും വരുന്ന ഓര്‍മ്മകളുടെ മഴമേഘങ്ങള്‍ ചെറുമഴത്തുള്ളികളായി പെയ്ത്‌ ഹൃദയത്തിന്റെ അടിത്തട്ടോളം ആഴ്‌ന്നിറങ്ങി കുളിരു പകരുന്നത്‌.

എന്താണെന്നറിയില്ല, ഇപ്പോള്‍ ഈ ഓണാന്തരീക്ഷത്തിലും എന്റെ മനസ്സില്‍ വീശിയടിയ്ക്കുന്നത്‌ വൃശ്ചികക്കാറ്റാണ്‌.!.പാലക്കാടു ചുരം കടന്ന്‌ നിളയിലെ കുളിരും കോരിയെടുത്ത്‌ കാതങ്ങള്‍ താണ്ടി കേരളവര്‍മ്മ കാമ്പസ്സിലെ മാമരങ്ങളെയും പൂമരങ്ങളെയും ഗൗരവക്കാരായ ആല്‍മരങ്ങളെപോലും കുസൃതികാട്ടി, കിക്കിളിയൂട്ടി തഴുകിയുണര്‍ത്തുന്ന ആ കള്ളക്കാറ്റിന്‌ കുറുമാലി പുഴ കടക്കുന്നതോടെ ശക്തി കുറയും..ചാലക്കുടി പുഴയെത്തുമ്പോഴേയ്ക്കും നേര്‍ത്തു നേര്‍ത്ത്‌ അതില്ല്ലതാകും..കുറുമാലി പുഴയ്ക്കും ചാലക്കുടി പുഴയ്ക്കും ഇടയില്‍ കൊടകര എന്നൊരു ദേശമുണ്ട്‌. ചരിത്രത്തിന്റെ ഭൂമികയില്‍ ഒരു വിധത്തിലും സ്ഥാനം പിടിയ്ക്കാത്ത ഒരു സാധാരണ ദേശം..എന്നാല്‍ ഇന്ന്‌ ആ ദേശത്തെക്കുറിച്ചു കേള്‍ക്കുന്ന നിമിഷം വായനാശീലമുള്ള എതൊരു മലയാളിയുടെയും ചുണ്ടില്‍ അവരറിയാതെതന്നെ ചെറുപുഞ്ചിരി വിരിയും.

ഇപ്പോള്‍ മനസ്സിലായില്ലെ ലക്ഷ്യമില്ലാതെ ഒഴുകിയൊഴുകി കൊല്ലേരി എവിടെയാണ്‌ എത്തിചേര്‍ന്നതെന്ന്‌..!

സാഹിത്യത്തിന്റെ അകമ്പടിയില്ലാതെ, പദസമ്പത്തിന്റെ വാദ്യഘോഷങ്ങളില്ലാതെ ഉറ്റവരില്‍നിന്നും ഉടയവരില്‍നിന്നും കേട്ടും പറഞ്ഞും ശീലിച്ച ഭാഷയില്‍,നിഷ്കളങ്കനായ ഒരു ഗ്രാമീണന്റെ നര്‍മ്മചാതുരിയോടെ സ്വന്തം നാടിന്റെ ഹൃദയത്തിലേയ്ക്കുള്ള കിളിവാതില്‍ വിശാലമായി തുറന്നു നല്‍കിയ വിശാല ഹൃദയമുള്ള ആ ബൂലോകവാസിയെ പരിചയപ്പെടുത്താന്‍ ഒരുങ്ങുന്നതുതന്നെ അവിവേകമാണെന്നറിയാം. ബൂലോക മഠാധിപതി,ബൂലോക മുത്തപ്പന്റെ ഉപാസകന്‍ സാക്ഷാല്‍ ശ്രീ വിശാലമനസ്കനെ അറിയാത്തവരും ആദരിയ്ക്കാത്തവരുമായി ആരെങ്കിലും കാണുമോ ഈ ബൂലോകത്ത്‌.

ഒന്നോര്‍ത്താല്‍ എച്ചുമുവിനെക്കുറിച്ചെഴുതുന്നതിനു എത്രയൊ മുമ്പുതന്നെ വിശാല്‍ജിക്കുറിച്ച്‌ ഞാന്‍ എഴുതണമായിരുന്നു. സത്യത്തില്‍ ചെറിയൊരു പേടി തോന്നിയതുകൊണ്ടുമാത്രമാണ്‌ എഴുതാതിരുന്നത്‌.. കാരണം ബ്ലോഗെഴുത്തില്‍ ഗുരുതുല്യനാണ്‌ എനിയ്ക്കു വിശാല്‍ജി.. ഇതെന്റെ മാത്രം കാര്യമായിരിക്കില്ലെന്നറിയാം, ബൂലോകത്ത്‌ ഇന്ന്‌ സജീവമായ ഒരുപാടുപേര്‍ക്ക്‌ കാരണവസ്ഥാനീയനായിരിയ്ക്കും അദ്ദേഹം, ഒപ്പം വരമൊഴിയിലെ വഴികാട്ടിയും. "കൊടകരപുരാണം" വായിച്ചാണ്‌ ബൂലോകത്തേയ്ക്കു എന്റെ കടന്നു വരവ്‌. സാഹിത്യവുമായി പുലബന്ധം പോലുമില്ലാതിരുന്ന എനിയ്ക്ക്‌ വരമൊഴിയില്‍ എന്തെങ്കിലും കുത്തികുറിയ്ക്കണമെന്ന്‌ ആദ്യമായി മോഹവുമുണര്‍ന്നത്‌ അങ്ങിനെയായിരുന്നു.

പണ്ട്‌ ദ്രോണാചാര്യര്‍ക്ക്‌ പറയാന്‍ ഒരു ഏകലവ്യന്റെ കഥയെ ഉണ്ടായിരുന്നുള്ളു. പക്ഷെ ഈ ഗുരുജിയ്ക്ക്‌ അദ്ദേഹത്തിനൂഹിയ്ക്കാന്‍ കഴിയാവുന്നതിനുമപ്പുറം വിശാലമായ ശിഷ്യസമ്പത്തുണ്ട്‌.. നേരിട്ടോ, മെയില്‍ വഴിയോ അങ്ങിനെ യാതൊരുവിധത്തിലും പരിചയമില്ലാത്ത ഒരുപാടുപേര്‍,. എന്നെപോലെ.....ഇതൊക്കെകേട്ട്‌ ഗമ കൂടി ആരോടും കയറി പെരുവിരലൊന്നും ചോദിച്ചു കളയല്ലെ സര്‍ . "പാവറട്ടി പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി" എന്നായിരിയ്ക്കും ഒരു പക്ഷെ, ഞങ്ങള്‍ ശിഷ്യഗണങ്ങളുടെ മറുപടി.. കാലം മാറി, ഗുരുശിഷ്യബന്ധങ്ങളുടെ പവിത്രതയൊക്കെ എങ്ങോ പോയ്‌മറഞ്ഞു.. കല്‍പ്പിത കലാശാലകളിലും, കല്‍പ്പിയ്ക്കാന്‍ മാത്രമറിയാവുന്ന സ്വയാശ്രയകലാശാലകളിലും എല്ലാം കൊള്ളപ്പലിശക്കാരന്റെ മനസ്സുമായി ഗുരുനാഥന്മാര്‍ നിറഞ്ഞാടുന്ന കാലമാണിത്‌.

ഒരു ദേശത്തെക്കുറിച്ചു പറയാന്‍ ഇത്രയേറെ കഥകളോ.! വായിയ്ക്കുമ്പോഴെല്ലാം ഞാന്‍ അത്ഭുതം കൂറിയിട്ടുണ്ട്‌.. വഴിയരികില്‍ വിടര്‍ന്നു നിന്നിരുന്ന മുക്കുറ്റി കാശിത്തുമ്പ, എന്തിന്‌ സ്ലേറ്റു മായ്ക്കാന്‍ ഉപയോഗിച്ച മഷിത്തണ്ടിനെ വരെ ഓര്‍ത്തെടുത്ത്‌ ബാല്യ കൗമാരങ്ങളില്‍ നടന്നുതീര്‍ത്ത നാട്ടുവഴികളിലൂടെ കയ്യും വീശി ഒരാവര്‍ത്തികൂടി നടക്കാന്‍ കഴിയുക, കാല്‍പ്പനികതയുടെ മേമ്പൊടിയില്ലാതെ, തികഞ്ഞ ലാളിത്യത്തോടെ ഹൃദ്യമായി മറ്റുള്ളവര്‍ക്ക്‌ അതെല്ലാമ്പകര്‍ന്നു നല്‍കാന്‍ കഴിയുക. ഒരു സിദ്ധി തന്നെയാണത്‌! താല്‍ക്കാലികമായിട്ടാണെങ്കിലും സ്വന്തം വേരുകള്‍ പിഴുതെറിഞ്ഞ്‌ ജീവിതമാര്‍ഗം തേടി ഭൂലോകത്തിന്റെ ഏതൊക്കയോ കോണില്‍ എത്തപ്പെട്ട്‌ സമ്പന്നതയിലും ഒറ്റപ്പെടലിന്റെ വീര്‍പ്പുമുട്ടലില്‍ വേദനിയ്ക്കുന്ന അനേകം പേര്‍ക്ക്‌ പലപ്പോഴും ആശ്വാസത്തിന്റെ തേന്‍തുള്ളികളായി മാറുന്നു വിശാല്‍ജിയുടെ നര്‍മ്മം തുളുമ്പുന്ന വരമൊഴികള്‍ . കൊടകരപുരാണത്തെ മാല്‍ഗുഡിഡേയ്‌സുമായി താരതമ്യം ചെയ്തു ഒരിയ്ക്കല്‍ ആരോ എഴുതിയിരുന്നു. ഒട്ടും തന്നെ അതിശോയക്തിയില്ല ആ പ്രസ്താവനയിൽ‍.

"വീട്‌ കൊടകരേല്‌ .. ജോലി ജെബലലീല്‌.. ഡെയിലി പോയിവരും..“ ഒരു കൊച്ചു ശംഖിനുള്ളില്‍ ഇരമ്പുന്ന മഹാസമുദ്രത്തിനു സമാനം ഒരു പ്രവാസസമൂഹത്തിന്റെ മുഴുവന്‍ മനസ്സിലും അലയടിയ്ക്കുന്ന ഗൃഹാതുരത്വം അപ്പാടെ ആവാഹിച്ച്‌ ഈ ഒരു കൊച്ചു വാചകത്തില്‍ എങ്ങിനെ ഇത്ര മനോഹരമായി ഒതുക്കിവെയ്ക്കാന്‍ കഴിഞ്ഞു വിശാല്‍ജി താങ്കള്‍ക്ക്‌.!

പല വലിയ എഴുത്തുകാരും ഒരായുഷ്‌ക്കാലം മുഴുവെനെടുത്തെഴുതിതീര്‍ക്കുന്നതിനെക്കാള്‍ എത്രയോ അധികം കാര്യങ്ങള്‍ ചുരുങ്ങിയ നാള്‍കൊണ്ട്‌, ഒറ്റശ്വാസത്തില്‍ എഴുതിതീര്‍ത്തതിന്റെ കിതപ്പുകൊണ്ടാകാം വിശാല്‍ജി ഇന്ന്‌ മൗനത്തിന്റെ വാല്മീകത്തിലാണ്‌. ആ മൗനത്തിലെ വാചാലതയെപോലും മാനിയ്ക്കുന്നു ഞങ്ങള്‍ . എഴുതാന്‍ വേണ്ടി എന്തെങ്കിലും എഴുതുന്നതിനെക്കാള്‍ നല്ലതു തന്നെയാണ്‌ ഒന്നും എഴുതാനില്ല എന്നു തോന്നുമ്പോള്‍ തൂലികയ്ക്കു വിശ്രമം നല്‍കുന്നത്‌. പ്രത്യേകിച്ചും താങ്കളെപോലെ പ്രശസ്തനായ ഒരാൾ‍. ഈ മൗനം താല്‍ക്കാലികം മാത്രമാണെന്നറിയാം. നര്‍മ്മം മാത്രമല്ല എഴുത്തിന്റെ മര്‍മ്മം കൂടി അറിയാവുന്ന വിശാല്‍ജിയ്ക്ക്‌ എത്രകാലം തുടരാന്‍ കഴിയും ഈ അജ്ഞാതവാസം.! ഉപമകളുടെ തമ്പുരാന്റെ മനസ്സിന്റെ അടിത്തട്ടില്‍ ഊറികൂടുന്ന ആശയങ്ങള്‍ വായനക്കാരുടെ ആമാശയം വരെ അലയടിയ്ക്കുന്ന ചിരിയുടെ സുനാമിതിരയിളക്കമാക്കമായി മാറ്റുന്ന വാഗ്‌ചാതുരിയുടെ കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തതയായി മാത്രമെ ബൂലോകം ഈ നിശ്ശബ്ദതയെ വിലയിരുത്തുന്നുള്ളു.

"ദശരഥ മഹാരാജാവിന്‌ ഹെര്‍ണിയ ഓപ്പേറേഷന്‍ കഴിഞ്ഞു.! കൊട്ടാരത്തില്‍ ഒന്നരയുടെ മോട്ടോര്‍ വെച്ചു! രാജാവിന്റെ തലോരുള്ള വല്യമ്മ വിരുന്നു വന്നു."!! വലിയ വലിയ ചാനലുകളുടെ പ്രൈം ടൈമില്‍ ശരിയ്ക്കും കാക്ക തൂറിയെന്നു തോന്നിപ്പിയ്ക്കുന്ന മുഖഭാവങ്ങളോടെ, എന്തോ വലിയ സംഗതികളെന്ന മട്ടില്‍ ചില റിട്ടയേഡ്‌ താരങ്ങള്‍ അവതരിപ്പിയ്ക്കുന്ന കോമഡി പ്രോഗ്രാമുകള്‍ക്കു മാത്രം ചേരുന്നതാണ്‌ ഇത്തരം ശൈലിയും കഥാഖ്യാനവും.. താങ്കളെപോലുയുള്ള ഒരു എഴുത്തുകാരന്റെ തൂലികയില്‍ നിന്നും..? പൊറുക്കുക..എന്റെ മാത്രം വിമര്‍ശനമായി ഇതിനെ കരുതുക. എം.ടി അടക്കമുള്ള വലിയ എഴുത്തുകാര്‍ വ്യത്യസ്ത കോണുകളില്‍നിന്നും വിശകലനം ചെയ്ത്‌ അക്ഷരങ്ങളില്‍ ചെത്തിമിനുക്കി അതിമനോഹരമായി വായനക്കാരുടെ മനസ്സില്‍ അരക്കിട്ടുറപ്പിച്ച പുരാണകഥാപാത്രങ്ങള്‍ക്ക്‌ നര്‍മ്മത്തിന്റെ ഭാഷ്യം നല്‍കുക ദുഷ്ക്കരമായ കാര്യമാണ്‌..അടിതെറ്റാനും അതിരു വിടാനും എളുപ്പമാണ്‌.. എന്തിനുവെറുതെ റിസ്ക്‌ എടുക്കണം..തൊട്ടു കണ്‍മുമ്പില്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിറഞ്ഞുനിന്നാടുകയല്ലെ ഒരുപാടു കത്തി വേഷങ്ങൾ ‍.!!

ഇന്ത്യന്‍ ജനതയുടെ മനസ്സറിയാന്‍ ശ്രമിയ്ക്കാതെ, അവരുടെ ജീവിതപ്രശ്നങ്ങളില്‍ ആഴത്തില്‍ ഇറങ്ങിചെല്ലാന്‍ മുതിരാതെ പ്രതിസന്ധിഘട്ടങ്ങളില്‍ അഴിമതിയില്‍ ആറാടിനില്‍ക്കുന്ന "കേന്ദ്രത്തെ" പിന്തുണച്ചും, മൂന്നു സംസ്ഥാനങ്ങളിലെ അണികളുടെ എണ്ണവും ഗ്രൂപ്പുസമവാക്യങ്ങളും കൂട്ടിയും കിഴിച്ചും എഴുതാപ്പുറങ്ങള്‍ വായിച്ച്‌ ജന്മനിയോഗം തിരിച്ചറിയാതെ ജീവിതം പാഴാക്കുന്ന അവയലബിള്‍ പോളിറ്റ്ബ്യൂറോ അംഗങ്ങൾ‍. അല്‍പ്പം ആത്മാര്‍ത്ഥതയും, അര്‍പ്പണബോധവും ഉണ്ടായിരുന്നുവെങ്കില്‍ ഇന്നു ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഹസാരയണ്ണന്റെ സ്ഥാനം അലങ്കരിയ്ക്കേണ്ടവരായിരുന്നു തങ്ങളെന്ന തിരിച്ചറിവ്‌ ഇല്ലാതെ പോകുന്നു അവര്‍ക്ക്‌.!

പിന്നെയുമുണ്ട്‌ കഥാപാത്രങ്ങൾ. വടക്കെ ഇല്ലത്തെ സുന്ദരിയായ സുഷമ അന്തര്‍ജനം.. വിഫലമായ രഥയാത്രകൾ‍, ലക്ഷ്യം കാണാത്ത അശ്വമേധങ്ങൾ‍, അങ്ങിനെ എത്ര അദ്ധ്വാനിച്ചിട്ടും ഒരിയ്ക്കല്‍പോലും സ്ഥാനാരോഹണത്തിനു യോഗമില്ലാതെ നൊസ്സു പിടിച്ചലയുന്ന അവരുടെ സഹോദരന്‍ കൃഷ്ണന്‍ നമ്പൂതിരി. നൈഷ്ഠിക ബ്രഹ്മചാരിയും ഒപ്പം ബന്ധുജനപക്ഷപാതം ഇല്ലാത്തവനും ആണെങ്കിലും ആഭിചാരവും ദുര്‍മന്ത്രവാദവുമായി നാട്ടിലെ എല്ലാ ദുര്‍മരണങ്ങളുടേയും പഴി ഏറ്റു വാങ്ങി ഇല്ലത്തിനു ദുഷ്പ്പേരുണ്ടാക്കി ഫലത്തില്‍ ദുഷ്ടനായി മാറുന്ന അനിയന്‍ നമ്പൂതിരി...

തൊട്ടപ്പുറത്ത്‌ ഹൈക്കമാന്റ്‌ മാളികയില്‍ ശീമത്തമ്പുരാട്ടി.. അവരുടെ മന്ദബുദ്ധിയായ മകന്‍ ഉണ്ണിത്തമ്പുരാന്‍... പണ്ട്‌ വലിയ ഇല്ലങ്ങളിലും നായര്‍ തറവാടുകളിലും, പീഡിപ്പിയ്ക്കപ്പെടുന്ന കുടിയാന്മാരുടെയും അടിയാത്തിപ്പെണ്ണുങ്ങളുടെയുമൊക്കെ ശാപം കൊണ്ടാകാം ഒന്നു രണ്ടു തലമുറ കൂടുമ്പോള്‍ ഇങ്ങിനെ ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു ഉണ്ണിത്തമ്പുരാനുണ്ടാകും.. പാവം ഈ ഉണ്ണിത്തമ്പുരാന്‍.! നാല്‍പ്പത്തിയൊന്നു തികഞ്ഞിട്ടും രാജ്യഭാരം ഏല്‍ക്കാന്‍ പ്രാപ്തിയില്ലാതെ , വേളിപോലും കഴിയ്ക്കാന്‍ ത്രാണിയില്ലാതെ നാടു നീളെ സംബന്ധവും യോഗവുമായി പാരമ്പര്യത്തിന്റെ വിത്തു വിതച്ചു നടക്കുന്നു, അങ്ങിനെ ഒരു തറവാടിന്റെ ദുഃഖം നാടിന്റെ മൊത്തം ശാപമായി മാറുന്നു..!

ഉണ്ണിത്തമ്പുരാന്‌ ബുദ്ധിയും വിദ്യയും പകര്‍ന്ന്‌ അമ്മത്തമ്പുരാട്ടിയുടെ പ്രീതി പിടിച്ചുപറ്റാന്‍ അടുക്കളമുറ്റത്തും കാര്‍പോര്‍ച്ചിലുംവരെ കാവല്‍ കിടന്ന്‌ പരസ്പരം മല്‍സരിയ്ക്കുന്ന കാര്യസ്ഥന്മാരുടെ ഒരു വലിയ പടതന്നെയുണ്ട്‌ ഹൈക്കമാന്‍ഡു മാളികയുടെ ഇടനാഴികളില്‍ എപ്പോഴും...കുരുത്വംകെട്ടവന്‍, നാടിനും വീടിനും കൊള്ളാത്തവന്‍ എന്നൊക്കെ പറഞ്ഞു നാട്ടുകാരും വീട്ടുകാരും എല്ലാരുംകൂടി വടക്കോട്ടു വണ്ടി കയറ്റിവിടുന്ന പല മലയാളികളും തീവണ്ടി വാളയാര്‍ ചുരം കടക്കുന്നതോടെ ആളാകെ മാറി, കേമനാനായി, ആര്‍ക്കും പാര വെച്ച്‌ സ്വന്തം തൊഴിലില്‍ മിടുക്കുകാണിച്ച്‌ നാട്ടുകാരേയും വീട്ടുകാരേയും ഒരുപോലെ അതിശയിപ്പിയ്ക്കാറില്ലെ,.. കാക്കയുടെ കണ്ണുകളും, കുറുക്കന്റെ കൗശലവുമുള്ള അത്തരം ഒരു മിടുക്കനാണത്രെ കാര്യസ്ഥന്‍മാരുടെ കൂട്ടത്തില്‍ ഇപ്പോള്‍ അമ്മത്തമ്പുരാട്ടിയുടെ വിശ്വസ്ഥന്‍.!

ഇങ്ങിനെ എത്രയെത്ര കഥാപാത്രങ്ങൾ‍.!.. അസാമാന്യ നിരീക്ഷണപാടവവും അതിലേറെ നര്‍മ്മ ഭാവനയുമുള്ള വിശാല്‍ജിയ്ക്ക്‌ "എടുത്തിട്ട്‌ പൂശാന്‍" ഈ അഭിനവ മഹാഭാരതത്തിൽ‍..!

എന്താ കഥ..! കലികാലം, ഗുരുവിനെ വിദ്യ പഠിപ്പിയ്ക്കാന്‍ ഇറങ്ങിപുറപ്പെടുന്ന ഗുരുത്വദോഷികളായ ശിഷ്യന്‍മാരുടെ കാലം.! പൊറുക്കണം സര്‍ പൊറുക്കണം...

ഈ പോസ്റ്റ്‌, ഞാന്‍ കുട്ടന്‍ മേനോനായി ഡെഡിക്കേറ്റു ചെയ്യുന്നു.മമ്മുട്ടി-ലാല്‍ കൂട്ടുകെട്ടിലെന്നപോലെ വിശാല്‍ജിയ്ക്കൊപ്പം,സമാന്തരമായി,തീര്‍ത്തും വ്യത്യസ്തരീതിയില്‍ ഗൃഹതുരത്വമുണര്‍ത്തുന്ന ഒരുപാടു കഥകളെഴുതി ബൂലോകവാസികളെ വിസ്മയിപ്പിച്ച കുട്ടന്‍മേനോന്‍ എനിയ്ക്കു പ്രിയപ്പെട്ട മറ്റൊരു ബ്ലോഗറാണ്‌.അദ്ദേഹത്തെ പരിചയമില്ലാത്ത പുതിയ ബൂലോകവാസികള്‍ക്കായി ആ ബ്ലോഗിലേയ്ക്കുള്ള ലിങ്ക്‌ താഴെ കൊടുക്കുന്നു. ഒപ്പം വിശാല്‍ജിയുടെയും.

http://kuttamenon.blogspot.com/
http://kodakarapuranam.sajeevedathadan.com/

ഇതും പതിവുപോലെ നീണ്ടുപോയി സർ‍...!
കൊല്ലേരി തറവാടി
04/09/11

Friday, August 19, 2011

തിരക്കില്‍ അല്‍പ്പം ആപ്പീസ്‌ വിശേഷങ്ങള്‍

നോയ്‌മ്പുകാലത്തോടൊപ്പം ഗള്‍ഫ്‌ മേഖലയില്‍ ഇത്‌ വേനലവധിക്കാലവും..ബൂലോകവാസികളായ പ്രവാസികളില്‍ പലരും അവധിയിലാണ്‌. ശേഷിയ്ക്കുന്നവരില്‍ ചിലര്‍ ഒരു തരത്തിലുമുള്ള വൃതഭംഗത്തിനും ഇടവരുത്തില്ലെന്ന നിശ്ചയദാര്‍ഡ്ഠ്യവുമായി ബൂലോകത്തിലേയ്ക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചിരിയ്ക്കുന്നു.
കുറച്ചു ദിവസങ്ങളായി കൊല്ലേരിയും ബൂലോകത്തിലെയ്ക്കുള്ള വാതില്‍ തുറന്നിട്ട്‌..വിശേഷങ്ങള്‍ അറിഞ്ഞിട്ട്‌.. നോയ്‌മ്പുകാലത്ത്‌ ഓഫീസിലെ പുതിയ സമയക്രമീകരണങ്ങള്‍ നിത്യ ജീവിതത്തിലെ ചിട്ടവട്ടങ്ങളെ താല്‍ക്കാലിലമായിട്ടാണെങ്കിലും തകിടം മറച്ചിരിയ്ക്കുന്നു.

സുഭിക്ഷമായ ഓര്‍ഡറുകളുമായി യന്ത്രങ്ങള്‍ നിറഞ്ഞാടുന്ന മേളക്കൊഴുപ്പിന്റെ ശബ്ദവിന്യാസങ്ങളില്‍ മനസ്സ്‌ പൂര്‍ണ്ണമായും ലയിയ്ക്കുന്ന സമൃദ്ധിയുടെ ഇടവേളകളില്‍ മാത്രമെ പ്ലാന്റ്‌ ഓഫിസിലിരുന്നു കാര്യമായെന്തെങ്കിലും ചിന്തിയ്ക്കാനും അതു വരമൊഴിയിലേയ്ക്കു പകര്‍ത്താനും കഴിയുകയുള്ളു.അങ്ങിനെ ഒട്ടും അനുകൂലമായ ഒരന്തരീക്ഷമല്ല ഇവിടെ കുറെ നാളുകളായിട്ട്‌..

സ്കൂളവധിയുടെ പേരും പറഞ്ഞ്‌ കമ്പനിയിലെ ഫാമിലിക്കാര്‍ ഒന്നടങ്കം ഒരു ദയയുമില്ലാതെ, വിമാനം കയറി സ്വന്തം നാടു പിടിയ്ക്കുന്ന മാസങ്ങളാണ്‌ ജൂലായും ഓഗസ്റ്റും..നോയ്‌മ്പെടുക്കുന്ന മറ്റു സഹപ്രവര്‍ത്തകരാകട്ടെ ഈ ചൂടില്‍ ആറു മണിക്കൂറില്‍ കൂടുതല്‍ ജോലിചെയ്യാന്‍ പറ്റാത്ത അവസ്ഥയിലും.അങ്ങിനെ എല്ലാ ഉത്തരവാദിത്വങ്ങളും എന്നെപ്പോലെയുള്ള പാവം ബാച്ചിലേര്‍സിന്റെ തലയിലും.ബാച്ചിലേര്‍സ്‌ എന്നൊക്കെ പറയുമ്പോള്‍ എല്ലാവരും എന്നെപ്പൊലെ ചെത്തു ചുള്ളന്‍ പയ്യന്മാരാണെന്നു വിചാരിയ്ക്കരുത്‌. അമ്പതു കഴിഞ്ഞാലും അപ്പൂപ്പനായാലും കുടുംബം കൂടെയില്ലെങ്കില്‍ അവന്‍ ഗള്‍ഫില്‍ ബാച്ചിലറാണ്‌!

നിവര്‍ത്തിയുണ്ടെങ്കില്‍ ഗള്‍ഫില്‌ ഫാമിലിയെ കൂട്ടിയെ താമസിയ്ക്കാന്‍ പാടുള്ളു..എന്നാലെ ചുറ്റുവട്ടത്ത്‌ ഒരു നിലയും വിലയും ഉണ്ടാകു. ദുബായ്‌പൂരപ്പറമ്പിലൊക്കെ ബാച്ചിലേര്‍സ്‌ അനുഭവിയ്ക്കുന്ന അവഗണന പറയാതെ തന്നെ അറിയാലോ.

ഫാമിലിക്കാര്‍ക്കായി സ്പെഷ്യല്‍ ഇഫ്ത്താര്‍, ക്രിസ്മസ്‌ പാര്‍ട്ടികള്‍, കുടുംബാങ്ങള്‍ക്ക്‌ ഗിഫ്റ്റുകള്‍.ഇങ്ങിനെ എത്രയെത്ര ആനുകൂല്യങ്ങളാണെന്നോ കമ്പനികള്‍ അവര്‍ക്കായി ഒരുക്കുന്നത്‌.സ്ക്കൂളില്‍ പാരന്റ്‌സ്‌ മീറ്റിങ്‌, മാസാമാസം "ആ രണ്ടു" ദിവസങ്ങളില്‍ ഭാര്യമാര്‍ക്കു വരുന്ന വയറുവേദന, കുഞ്ഞുങ്ങളുടെ അസുഖം..ഉദ്യോഗസ്ഥകളായ ഭാര്യമാരുടെ ഷിഫ്റ്റ്‌ ചെയിഞ്ച്‌, ഇങ്ങിനെ എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ്‌ അവര്‍ക്ക്‌ എന്നു വേണമെങ്കിലും നേരംവൈകി വരാം,നേരത്തെ പോകാം.വേണമെങ്കില്‍ ലീവു വരെ എടുക്കാം..മേലാളന്മാര്‍ ദയാപൂര്‍വ്വം കണ്ണടയ്ക്കും..

പാവം ബാച്ചിലര്‍ അവനിതൊന്നും പറഞ്ഞിട്ടില്ല.! കുടുംബമില്ല, മാനാസികവും ശാരീരികവും സാമ്പത്തികവുമായി പ്രത്യേകാനുകൂല്യങ്ങളൊന്നുമില്ല.! ഇവരുടെയൊക്കെ പണികൂടി ഏറ്റെടുത്ത്‌ കഴുതയെപോലെ ഭാരം വലിയ്ക്കാന്‍ മാത്രമാണ്‌ ഗള്‍ഫു രാജ്യത്ത്‌ അവനു നിയോഗം.!.കാമം പോലും കരഞ്ഞുതീര്‍ക്കാന്‍ നേരമില്ലാത്ത അവസ്ഥയിലാകുന്നു പലപ്പോഴും അവന്റെ ജീവിതം.

"അരീം തിന്നു ആശാരിച്ചിയേയും കടിച്ചു" എന്നിട്ടും ഈ ഫാമിലിക്കാര്‍ക്ക്‌ ബാച്ചികളോടു വല്ലാത്ത അസൂയയാണ്‌.അവരുടെ കണ്ണില്‍ ബാച്ചികള്‍ സര്‍വ്വതന്ത്ര സ്വതന്ത്രരാണ്‌..നെറ്റില്‍ ഇഷ്ടംപോലെ ചാറ്റാം,ചീറ്റാം.ഏതു ഹോട്ട്‌ ചാനല്‍ വേണമെങ്കിലും കാണാം,ഇഷ്ടമുള്ള റെസ്റ്റോറണ്ടില്‍ പോകാം, ആവശ്യത്തിനു പൂസാകം,.ഇഷ്ടമുള്ളതൊക്കെ കഴിയ്ക്കാം,.അവിടുത്തെ പരിചാരികമാരായ സുന്ദരികളുമായി ചങ്ങാത്തമാകാം.ഇങ്ങിനെയങ്ങിനെ ഈ ഉത്സവനഗരത്തില്‍ ഒരു ബാച്ചിയുടെ മുമ്പില്‍ മാറു വിടര്‍ത്തി നീണ്ടുനിവര്‍ന്നു കിടക്കുന്ന അനന്തസാധ്യതകള്‍ ഫാമിലി പുരുഷന്മാരെ വല്ലാതെ അലസോരപ്പെടുത്തുന്നു..

ഷോപ്പിംഗ്‌ മാളുകളില്‍, ഫെസ്റ്റിവല്‍ പവലിയനുകളില്‍ കുരിശും രൂപക്കൂടും പോലെ കുടുംബത്തെ അണിയിച്ചൊരുക്കി കെട്ടിയെഴുന്നെള്ളിച്ച്‌ അച്ചടക്കത്തോടെ നടക്കുന്ന പല കെട്ടിയവന്മാരെയും കാണുമ്പോള്‍ സഹതാപം തോന്നാറുണ്ട്‌. അവരുടെ അസൂയയിലും അല്ലറ ചില്ലറ ന്യായങ്ങളില്ലെ എന്നു തോന്നാറുണ്ട്‌.

അസൂയ മൂത്ത ഫാമിലിക്കാരില്‍ പലരും ബാച്ചികളോട്‌ കടുത്ത അവഗണനയാണ്‌ പുലര്‍ത്തുന്നത്‌.ഓണം,പെരുന്നാള്‍ വിഷു ഇത്തരം ഉത്സവവേളകളില്‍ വീട്ടിലേയ്ക്കു ക്ഷണിച്ച്‌ ഒരില ചോറു തരാനുള്ള സാമാന്യ മര്യാദപോലും കാണിയ്ക്കാറില്ല ഇവരില്‍ പലരും. ഗൃഹാന്തരീക്ഷത്തില്‍, വളയിട്ട കൈകള്‍ കൊണ്ടുണ്ടാക്കി ഇലയിട്ടു വിളമ്പിയ വിഭവങ്ങള്‍ കഴിയ്ക്കാന്‍ ബാച്ചിലേര്‍സിനും ഉണ്ടാവില്ലെ മോഹം.ഒന്നുമില്ലെങ്കിലും സഹപ്രവര്‍ത്തകരല്ലെ അവര്‍ എന്ന ചിന്തപോലുമില്ല പലര്‍ക്കും..!.കൊല്ലേരിയെ വിട്‌, തരികിടയെഴുതുന്നവന്‍, ധാര്‍മിക മൂല്യങ്ങള്‍ക്ക്‌ വില കല്‍പ്പിയ്ക്കാത്തവന്‍, വെറുതെ എന്തിനാ വഴിയേ പോകുന്ന വയ്യാവേലിയെ പിടിച്ച്‌ ഡൈനിങ്‌ ടേബിളിന്റെ മുന്നിലിരുത്തുന്നത്‌ എന്നു ചിന്തിയ്ക്കുന്നുണ്ടാവും അവര്‍. ഈ തറയും തരികിടയും മറ്റും വെറും എഴുത്തില്‍ മാത്രമെ ഉള്ളു യഥാര്‍ത്ഥ ജീവിതത്തില്‍ കൊല്ലേരി ഭയങ്കര ഡീസന്റാണെന്നാ സത്യം കൂടെ ജോലി ചെയ്യുന്നവര്‍, എന്തിന്‌ അടുത്ത സുഹൃത്തുക്കള്‍ പോലും തിരിച്ചറിയാതെ പോകുന്നു..കഷ്ടം.!

വാഴക്കുളംക്കാരനായ ഒരു ചങ്ങാതിയുണ്ടെനിയ്ക്ക്‌..പ്രായം കൊണ്ട്‌ ഇളയതാണെങ്കിലും പക്വതകൊണ്ട്‌ ഞാന്‍ ഏട്ടനെപോലെ ബഹുമാനിയ്ക്കുന്നവന്‍.തികഞ്ഞ ഭക്തന്‍,പ്രാര്‍ത്ഥനാവീരന്‍,സ്വയാശ്രയ പോരാളി..കഴിഞ്ഞായാഴ്ച വേക്കേഷന്‍ കഴിഞ്ഞു വന്നപ്പോള്‍ എന്റെ ഇഷ്ടവിഭവമായ പൈനാപ്പിളിനൊപ്പം ആടുജീവിതത്തിന്റെ ഒരു കോപ്പിയുംസമ്മാനിച്ച്‌ ഗൗരവത്തില്‍ അവന്‍ പറഞ്ഞു. "ചേട്ടായി ഇതൊന്നു മനസ്സിരുത്തി വായിച്ചു നോക്ക്‌ പിന്നെ ബ്ലോഗില്‍ ഇങ്ങിനെ ഒരു കാര്യവുമില്ലാതെ വളു വള ഓരോന്ന്‌ എഴുതിപ്പിടിപ്പിയ്ക്കാതെ കാമ്പും കഴമ്പുമുള്ള എന്തെങ്കിലും എഴുതാന്‍ പഠിയ്ക്ക്‌"

കല്യാണമൊക്കെ കഴിഞ്ഞു നാളേറേയായില്ലെ, മോനൊക്കെ വലുതാവാന്‍ തുടങ്ങിയില്ലെ..ഇനിയെങ്കിലും നേരേ ചൊവ്വെ ജീവിയ്ക്കാന്‍ നോക്ക്‌ ചേട്ടായി" പറയാതെ പറഞ്ഞ അവന്റെ വാക്കുകളിലെ ധ്വനി വാഴക്കുളം പൈനാപ്പിളിന്റെ സ്വാദോര്‍ത്ത്‌ കേട്ടില്ലെന്നു നടിച്ചു.

സത്യമായിരുന്നു അവന്‍ പറഞ്ഞത്‌. പ്രതിസന്ധിഘട്ടത്തില്‍ വിശ്വാസം ഒരു മനുഷ്യന്‌ കരുത്തേകി എങ്ങിനെ തുണയാകുമെന്നതിന്റെ ഉത്തമോദാഹരണമാണ്‌ "ആടുജീവിതം" എന്ന നോവല്‍.ഒരു തുള്ളി വെള്ളം..കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന മരുപ്പറമ്പില്‍ ഒരത്ഭുതം കണക്കെ ഒരു മരുപ്പച്ച..അപരിചിതനായ മനുഷ്യന്റെ സാന്ത്വനസ്പര്‍ശം.ഇങ്ങിനെയിങ്ങിനെ വ്യത്യസ്ത രൂപത്തില്‍, ഭാവത്തില്‍ ഈ നോവലിലെ പല ഘട്ടങ്ങളിലും ദൈവസാന്നിധ്യം നിറഞ്ഞു നില്‍ക്കുന്നതായി ഒരവിശ്വസിയ്ക്കു പോലും തോന്നിപോയാല്‍ അത്ഭുതപ്പെടാനില്ല.!

ഓര്‍ത്തുനോക്കു രാത്രി,കാടും പടലും നിറഞ്ഞ നാട്ടുപാതയിലൂടെ സര്‍പ്പക്കാവിനടുത്തുകൂടി കുറ്റാകൂരിരുട്ടില്‍ കുറെ ദൂരം ,അതും ഒറ്റയ്ക്ക്‌ നടക്കേണ്ടിവന്നാലത്തെ അവസ്ഥ..ഒരു പോറലും കൂടാതെ ലക്ഷ്യസ്ഥാനത്തെത്തുമായിരിയ്ക്കാം, പക്ഷെ ഓരോ ചുവടും പാമ്പിന്റെ വായിലെയ്ക്കായിരിയ്ക്കാം കാലെടുത്തു വെയ്ക്കുന്നതെന്ന ചിന്ത യാത്രയിലുടനീളം സ്വസ്ഥതയ്ക്കു ഭംഗം വരുത്തും.അതെ സമയം ഒരു വെളിച്ചം കയ്യിലുണ്ടെങ്കിലോ, വല്ലാത്ത ആത്മവിശ്വാസത്തോടെ അനായാസകരമായിരിക്കും ആ യാത്ര. ജീവിതയാത്രയില്‍ ആത്മവിശ്വാസം പകര്‍ന്നുതരുന്ന ആ വെളിച്ചം തന്നെയാണ്‌ ഈശ്വരവിശ്വാസം...ഒരു പക്ഷെ,ആ വെളിച്ചത്തിന്റെ അകമ്പടിയോടു കൂടിയുള്ള യാത്രയിലാകാം സര്‍പ്പദംശനമേറ്റു മരണം സംഭവിയ്ക്കുന്നത്‌.! അതിനേയാണ്‌ നിയോഗം എന്നു പറയുന്നത്‌..നിയോഗം അതെന്തായാലും ആത്മസംയമനത്തോടെ സ്വീകരിയ്ക്കുന്നവനാണ്‌ യഥാര്‍ത്ഥ വിശ്വാസി..

നിയോഗം.. ജീവിതത്തിലെ ഏറ്റവും അര്‍ത്ഥവത്തായ പദമാണെന്ന്‌ അനുഭവസാക്ഷ്യം പറയാനില്ലാത്ത ആരെങ്കിലുമുണ്ടാവുമോ ഈ ബൂലോകത്ത്‌..എവിടെ പോകണം, ആരെയൊക്കെ കാണണം, എന്തൊക്കെ അനുഭവിയ്ക്കണം..ഇതെല്ലാം മുന്‍കൂട്ടി ചിട്ടപ്പെടുത്തിയ തിരക്കഥയുടെ ഭാഗം മാത്രമാണെന്നറിയാതെ എന്തൊക്കയോ വെട്ടിപ്പിടിയ്ക്കാനുള്ള തിടുക്കത്തിനിടയില്‍ തീരാമോഹങ്ങളുടെ കൂമ്പാരവും ബാക്കിയാക്കി ഓര്‍ക്കാപ്പുറത്ത്‌ എത്രയെത്ര മനുഷ്യജന്മങ്ങളാണ്‌ നമ്മുടെ ചുറ്റുവട്ടത്തുതന്നെ നിത്യവും പൊലിഞ്ഞു പോകുന്നത്‌.

അന്യരുടെ, എന്തിന്‌ സ്വാനുഭവങ്ങളില്‍ നിന്നുപോലും ഒരു പാഠവും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം സങ്കുചിതമായിരിയ്ക്കുന്നു ആധുനിക മനസ്സുകള്‍.ധനത്തിനെ മാത്രമടിസ്ഥാനമാക്കി മനുഷ്യ ബന്ധങ്ങളിലെ സമകാലിക സമവാക്യങ്ങള്‍ തിരുത്തിയെഴുതപ്പെടുന്നു പലപ്പോഴും..

നിനക്കായുള്ള ഓരോ ധാന്യമണിയിലും നിന്റെ പേരെഴുതി വെച്ചിട്ടുണ്ട്‌ എന്ന വിശുദ്ധ വചനം ജീവിതദര്‍ശനത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി മുന്നില്‍ തെളിഞ്ഞു നില്‍ക്കുമ്പോഴും ആധുനികത നല്‍കുന്ന അറിവിന്റെ നിറവുകൊണ്ടാകാം മറ്റുള്ളവന്റെ ധാന്യമണികള്‍ കൂടി തട്ടിയെടുത്ത്‌ ഒരു മനസ്താപവും കൂടാതെ അതിലും സ്വന്തം പേരെഴുതിചേര്‍ക്കാന്‍ പ്രാപ്തരായിരിയ്ക്കുന്നു പലരും.

ദൈവത്തോടു ചേര്‍ന്നു നില്‍ക്കുന്നെവെന്നവകാശപ്പെടുന്നവര്‍പോലും നീതി ന്യായങ്ങളെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച്‌ വ്യാഖ്യാനം ചെയ്യാന്‍ തുടങ്ങിയിരിയ്ക്കുന്നതു കാണുമ്പോള്‍ സങ്കടവും ഒപ്പം അമര്‍ഷവും തോന്നറുണ്ട്‌..

"ഇക്കൊല്ലം ഞങ്ങളുടെ ഇഷ്ടത്തിന്‌ സീറ്റുകള്‍ വില്‍ക്കും.,അടുത്തകൊല്ലത്തെ കാര്യം അതപ്പോള്‍ നോക്കാം." ദൈവപുത്രനെ സാക്ഷിയാക്കി, ദൈവവചനങ്ങള്‍ മറന്ന്‌, വിശ്വാസപ്രമാണങ്ങളുടെ പരിപാവാവനതയ്ക്ക്‌ കളങ്കം ചാര്‍ത്തി,അവസാനം എന്താണിവര്‍ നേടാന്‍ പോകുന്നത്‌..നാളെ സൂചിക്കുഴിയ്ക്കു ചുറ്റും കറങ്ങി നടക്കാന്‍ വിധിയ്ക്കപ്പെടാന്‍ പോകുന്ന ഒട്ടകങ്ങള്‍ ഇവര്‍ തന്നെയായിരിയ്ക്കില്ലെ..?

എന്തൊക്കയോ സ്വാര്‍ത്ഥ മോഹങ്ങളുടെ പേരില്‍ സമദൂരത്തില്‍ കണ്ടെത്തിയ ശരിദൂരം എന്താണെന്ന്‌ സ്വന്തം സമുദായക്കാരെയെങ്കിലും പറഞ്ഞ്‌ മനസ്സിലാക്കാനുള്ള സാമാന്യ മര്യാദപോലും പല "ആചാര്യന്മാര്‍ക്കും' ഇല്ലാതെ പോകുന്നു.

സ്വന്തം തട്ടകത്തിലെ സുഖലോലുപതയില്‍ സ്വയം മറന്നു രമിയ്ക്കുന്ന കുണ്ടന്‍ കിണറ്റിലെ തവളകളായി മാറിയിരിക്കുന്നു ഇവരില്‍ ചിലരെങ്കിലും..ഭക്തജനങ്ങളുടെ ആദരവ്‌,ഒപ്പം അംഗീകാരവും.നല്ല ഭക്ഷണം, ഏ .സി കാറില്‍ യാത്ര, എ.സി റൂമില്‍ ഉറക്കം,വിജ്ഞാനദാഹം തീര്‍ക്കാന്‍ യൂറോപ്യന്‍ ചാനലുകള്‍,കൊഴുപ്പു കൂട്ടാന്‍ ഇന്റര്‍നെറ്റും...പിന്നെ ,എങ്ങിനെ തല മറന്ന്‌ എണ്ണ തേയ്ക്കാതിരിയ്ക്കും.! ലാളിത്യത്തിന്റെ പ്രതീകമായി കുഞ്ഞാടുകള്‍ക്കിടയില്‍ ഗ്രാമത്തിലൂടെ സൈക്കിളില്‍ കറങ്ങി നടന്നിരുന്ന വികാരിയച്ചനും,ദാരിദ്ര്യദുഃഖത്തിലുഴലൂമ്പോഴും ഭക്തജനങ്ങളുടെ ക്ഷേമം മാത്രം ജീവിതവ്രതമാക്കി ഭഗവതിയെ ഉപാസിയ്ക്കുന്ന വെളിച്ചപ്പാടുമൊക്കെ പഴയകാല മലയാള സിനിമയിലെ ഗൃഹാതുരത്വമുണര്‍ത്തുന്ന കഥാപാത്രങ്ങള്‍ മാത്രമായി മാറി.

എന്നിട്ടും, എല്ലാമറിഞ്ഞിട്ടും സാക്ഷരരായ നമ്മളില്‍ പലര്‍ക്കും ഇന്നും ദൈവത്തിനേക്കാള്‍ പ്രിയം പുരോഹിതന്മാരോടാണ്‌..!..ശബരിമലയില്‍ മേല്‍ശാന്തിയെ നേരില്‍കണ്ടു ദക്ഷിണ നല്‍കി പ്രസാദം വാങ്ങുന്നതില്‍ സായുജ്യം കണ്ടെത്തുന്ന ഭക്തന്‍ ശ്രീകോവിലില്‍ നെയ്യഭിഷേകത്തില്‍ ആറാടി നില്‍ക്കുന്ന അയ്യപ്പ വിഗ്രഹത്തില്‍ നിന്നും പ്രവഹിയ്ക്കുന്ന അനന്തമായ ചൈതന്യത്തിന്റെ കോടാനുകോടി അംശങ്ങളില്‍ ഒരു സഹസ്രാംശമെങ്കിലും മനസ്സിലേയ്ക്കാവാഹിച്ചെടുത്ത്‌ തീര്‍ത്ഥയാത്ര സഫലമാക്കാന്‍ തിരക്കിനിടയില്‍ പലപ്പോഴും നാം മറന്നു പോകുന്നു..

ദൈവസന്നിധിയില്‍ സ്വര്‍ത്ഥമോഹങ്ങള്‍ വെടിഞ്ഞ്‌, ഉപാധികളൊന്നുമില്ലാതെ, നിഷ്‌കാമമായ മനസ്സുമായി തികഞ്ഞ ഏകാഗ്രതയോടെ കുറച്ചു സെക്കന്‍ഡുകളെങ്കിലും പ്രാര്‍ത്ഥിയ്ക്കാന്‍ നമ്മളില്‍ എത്രപേര്‍ക്കു കഴിയാറുണ്ട്‌..

സത്യത്തില്‍ ഓരോരുത്തരും ദേവാലയങ്ങള്‍ ഒരുക്കേണ്ടത്‌ അവരവരുടെ മനസ്സില്‍ തന്നെയാണ്‌.ശ്രമിച്ചാല്‍ എല്ലാവര്‍ക്കുമതിനു കഴിയുകയും ചെയ്യും.പക്ഷെ ശ്രമിയ്ക്കില്ല,.പേടിയാണ്‌ നമുക്ക്‌! മനസ്സില്‍ ദൈവം കുടിയിരുന്നാല്‍ പിന്നെ ആ മനസ്സുകൊണ്ട്‌, ശരീരം കൊണ്ട്‌ എങ്ങിനെ തെറ്റുകള്‍ ചെയ്യാന്‍ കഴിയും..തെറ്റുകള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതത്തില്‍ പിന്നെ എന്താഘോഷം...! അങ്ങിനെ സൂത്രാശാലിയായ മനുഷ്യന്‍ ദൈവത്തിനെ അമ്പലത്തിലെ ശ്രീകോവിലില്‍ തളച്ചിടുന്നു...വീട്ടില്‍ പൂജമുറിയൊരുക്കി അടച്ചിടുന്നു.ഭക്തിയും നിഷ്ഠയും ആചാരങ്ങളുമൊക്കെ ആ അതിരുകളില്‍ പരിമിതപ്പെടുത്തുന്നു..പിന്നെ നമ്മുടെ സൗകര്യത്തിന്‌ സന്ധ്യാസമയത്തെ സീരിയലിന്റെ ഇടവേളകളില്‍ നടതുറന്ന്‌ ദീപം തെളിയിയ്ക്കുന്നു.! ടൂ മച്ച്‌ ബിസി എന്ന മട്ടില്‍ തിടുക്കത്തില്‍ പ്രാര്‍ത്ഥന തീര്‍ക്കുന്നു.!

വ്യഭിചരിയ്ക്കാന്‍ പോകുന്നതിനുമുമ്പ്‌ പ്രിയതമയുടെ ഫോട്ടോയ്ക്കു മുമ്പില്‍ വിവാഹമോതിരം ഊരിവെച്ച്‌ ഒപ്പം കണ്ണു തട്ടാതിരിയ്ക്കാന്‍, പേടി പറ്റാതിരിയ്ക്കാന്‍, കാക്കയും കഴുകനും റാഞ്ചികൊണ്ടുപോകാതിരിയ്ക്കാന്‍ ഒരു കൊച്ചുകുഞ്ഞിനെന്നവണ്ണം പിരിയാന്‍ നേരത്ത്‌ കണ്ണീരോടെ അവള്‍ കെട്ടികൊടുത്ത വിശ്വാസച്ചരടുകള്‍ ഓരോന്നായി അഴിച്ചുവെച്ച്‌, മനമുരുകി സോറി പറയുന്ന ഭര്‍ത്താക്കന്മാരെക്കുറിച്ചു കേട്ടിട്ടുണ്ടൊ.!.പാവങ്ങളാണവരായിരിയ്ക്കും അവര്‍, ഭാര്യയെ ജീവനു തുല്യം സ്നേഹിയ്ക്കുന്നവര്‍..അപ്പോഴും ലൗകിക പ്രലോഭനങ്ങള്‍ക്ക്‌ വശംവദരാകാതിരിയ്ക്കാന്‍, സാത്താന്റെ വിളി കേള്‍ക്കാതിരിയ്ക്കാന്‍ കഴിയുന്നില്ല അവര്‍ക്ക്‌..!

ഭക്തിയുടെ കാര്യത്തില്‍ ഇതുതന്നെയാണ്‌ സമൂഹത്തില്‍ ഭൂരിപക്ഷത്തിന്റേയും അവസ്ഥ..

പതിവുപോലെ എഴുതിയെഴുതി വല്ലാതെ കാടുകയറി അല്ലെ ...വല്ല ആവശ്യവുമുണ്ടോ കൊല്ലേരിയ്ക്കിതിന്റെ.. ഈശ്വരന്മാരെയും അവരുടെ പേരും പറഞ്ഞ്‌ ഉപജീവനം നടത്തുന്നവരേയും വിമര്‍ശിച്ചെഴുന്നതിന്റെ കൂലി ജോലിസ്ഥലത്തുത്തന്നെ കയ്യോടെ കിട്ടുന്നുണ്ട്‌ ..അഞ്ചു ദിര്‍ഹത്തിനു പ്രയോജനമില്ലാതെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഇടിത്തീയ്യായി തലയില്‍ വീഴുന്നു...ഓണത്തിനു തീര്‍ച്ചയായും നാട്ടില്‍ പോകാമെന്ന സ്വപ്നം പൊലിഞ്ഞു. ആഗസ്റ്റ്‌ 29..വിവാഹവാര്‍ഷിക ദിനത്തില്‍ കൂടെയുണ്ടാവുമെന്ന്‌ മാളുവിന്‌ കൊടുത്ത വാക്ക്‌ വെറും വാക്കായി മാറും ഇത്തവണ..

കൂനിന്മേല്‍ കുരുവെന്നപോലെ ഞങ്ങളുടെ ഓഫീസ്സിലെ ടീ ബോയ്‌ നജീബ്‌ രണ്ടാഴ്ച്ച മുമ്പ്‌ പണി മതിയാക്കി നാട്ടിലേയ്ക്കു പോയി.അവന്‌ നാട്ടില്‌ ഏതോ സര്‍വകലാശാലയില്‍ എന്തോ മുന്തിയ ഉദ്യോഗം കിട്ടാന്‍ പോകുന്നുവത്രെ,ഇവിടുത്തേക്കാള്‍ പത്തിരിട്ടി ശമ്പളം, കാറ്‌ ബംഗ്ലാവ്‌.എന്തോ കൊമ്പത്തെ ജോലിയാണ്‌..ആ ഉദ്യോഗത്തിന്റെ പേരെന്താണെന്നു പറയാനുള്ള വിദ്യാഭ്യാസമൊന്നും അവനില്ല.. മീശ കുരുക്കാന്‍ തുടങ്ങിയ പ്രായത്തില്‍ ഇവിടെ എത്തിയതല്ലെ ഇവിടെ ഞങ്ങളുടെ കമ്പനിയില്‍..മുപ്പതു തികഞ്ഞിട്ടില്ല അപ്പോഴേയുക്കും പന്ത്രണ്ടു വര്‍ഷം സര്‍വീസ്സായി..അഞ്ചുകൊല്ലമായി കല്യാണം കഴിഞ്ഞിട്ട്‌, പാവം ഇതുവരെ കുഞ്ഞുങ്ങളായില്ല. വെറും ടീ ബോയ്‌ മാത്രമായ അവന്‍ ഫാമിലിയെ ഇങ്ങോട്ടു എങ്ങിനെ കൊണ്ടുവരാനാണ്‌. അങ്ങിനെ അവന്റെ സങ്കടം കണ്ട്‌ അവന്റെ അകന്ന ബന്ധത്തിലുള്ള ഒരു മാമാ വാങ്ങികൊടുത്തതാണ്‌ നാട്ടില്‍ വീടിനു തൊട്ടടുത്തുതന്നെ ഈ മുന്തിയ ജോലി. അവന്റെ മാമ കേരളരാഷ്ട്രീയത്തിലെ സൂപ്പര്‍താരമാണ്‌.ഭരണത്തിന്റെ ചുക്കാന്‍ പിടിയ്ക്കുന്നവന്‍.അദ്ദേഹം ഇവിടെ സന്ദര്‍ശനത്തിനു വരുന്ന സമയത്തൊക്കെ നജീബ്‌ പോയികാണാറുണ്ട്‌, സങ്കടം പറയാറുണ്ട്‌.

മിടുക്കനാണ്‌ നജീബ്‌,.മധുരം വേണ്ടവര്‍, വേണ്ടാത്തവര്‍, കടുപ്പം കൂടിയവര്‍, സുലൈമാനിപ്രിയര്‍ എല്ലാവരുടെ രുചിയും അവന്‌ കൃത്യമായറിയാം..ആരേയും പിണക്കാതെ കൃത്യമായി ചായയെത്തിയ്ക്കും,..പിന്നെ ഫയലിംഗ്‌.. അങ്ങിനെ അല്ലറ ചില്ലറ പണികളും തെറ്റു കൂടാതെ ചെയ്യാനറിയാം ഒപ്പം ഇംഗ്ലീഷില്‍ വൃത്തിയായി പേരെഴുതി ഒപ്പിടും,പിന്നെ ചെറുപ്പത്തില്‍ ഓത്തു പള്ളിക്കൂടത്തില്‍ കൃത്യമായി പോയിരുന്നതുകൊണ്ട്‌ ഉര്‍ദ്ദുവും അറബിയുമൊക്കെ വെള്ളംപോലെ സംസാരിയ്ക്കും. ഇതൊക്കെ മതിയായിരിയ്ക്കും അല്ലെ അവന്‍ പറഞ്ഞ ആ മുന്തിയ ഉദ്യോഗത്തിന്‌ .

അതിവേഗം,. ബഹുദൂരം എന്റെ കാര്യം കട്ടപ്പുകയായി.എങ്ങിനെ ആകാതിരിയ്ക്കും ഏഴരശ്ശനി കളിയ്ക്കാതിരിയ്ക്കുമോ.നജീബ്‌ പോയ ദിവസം സ്വയം ചായ ഉണ്ടാക്കികുടിച്ച കൂട്ടത്തില്‍ പാവമല്ലെ, വയസ്സനല്ലെ എന്നൊക്കെ കരുതി ബോസിനും കൊടുത്തു ഒരു ചായ. സത്യം പറയണമല്ലോ നല്ല ടെയിസ്റ്റ്‌ ആയിരുന്നു അന്നത്തെ ചായയ്ക്ക്‌..!.അതോടെ അതൊരു ശീലമായി,..താല്‍ക്കാലികമായെങ്കിലും ബോസ്സിന്റെ മുമ്പില്‍ ഞാനൊരു ടീബോയുമായി..മാളു അറിയേണ്ട ഇതൊന്നും അറിയപ്പെടുന്ന ബ്ലോഗറയായ അവളുടെ കുട്ടേട്ടന്റെ അവസ്ഥ....!

ജോലി സ്ഥലത്ത്‌ സിമ്പതിയുടെ പേരില്‍ ഒരു ജോലിയും ഏറ്റെടുക്കരുത്‌ പ്രതേകിച്ചും ഗള്‍ഫ്‌ മേഖലയില്‍,...അവസാനം അതൊരു ബാധ്യതയാകും, കുരിശാകും..നോയ്‌മ്പുകാലമായതിനാല്‍ ചായപ്പണിയ്ക്കു വിരാമം ..എന്നാലും ഫയലിങ്‌...പുതിയൊരു ടീ ബോയ്‌ വരുന്നതു വരെ ഇനി എന്തെങ്കില്‍ എഴുതാന്‍ പറ്റുമോ എന്തൊരോ എന്തോ...!!

നജീബിന്‌ ആ ജോലി കിട്ടിയെല്ലെന്നാണ്‌ ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌..നല്ല പിടിവലിയായിരുന്നത്രെ.അവനെക്കാള്‍ യോഗ്യതയുള്ള മറ്റാരോ ഉണ്ടായിരുന്നു പോലും.! ഇതു പോയാല്‍ മറ്റൊന്ന്‌,..അത്രതന്നെ.ചായക്കോപ്പ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം അതായിരിയ്ക്കും മിക്കവാറും അവനു ഇനി കിട്ടാന്‍ പോകുന്നത്‌.അതാവുമ്പോള്‍ ചെയ്തു ശീലമുള്ള പണിയുമല്ലെ..അതെന്തു കോര്‍പ്പറേഷന്‍..? എന്നല്ലെ ഇപ്പോഴത്തെ ചിന്ത.അവന്റെ മാമ വിചാരിച്ചാല്‍ എന്താ നടക്കാത്തത്‌ ഇന്ന്‌ നാട്ടില്‌. ഫീനിക്സ്‌ പക്ഷിയെ പോലെ ചാരത്തില്‍ നിന്നുമുയര്‍ന്നുവന്ന പുലിക്കുട്ടിയല്ലെ, അല്ല,. സാക്ഷാല്‍ പുലി തന്നെയാണ്‌ അവന്റെ മാമാ..!

.സ്വതവെ ശാന്തനായ മുഖ്യന്‍സാറ്‌ അവന്റെ മാമായുടെ മുമ്പില്‍ ഒന്നുകൂടി ശാന്താനാകും...മാമായുടെ പച്ചപ്പിന്റെ തണലില്ലെങ്കില്‍ സാറിന്റെ മുന്നണി തൃശ്ശൂരിനു വടക്കോട്ടു ഇളംവെയിലേറ്റാല്‍ പോലും വാടിപോകാവുന്ന വെറും ചണ്ടിയ്ക്കു സമമാണെന്ന്‌ മറ്റാരേക്കളും നന്നായി മുഖ്യന്‍ സാറിന്‌ അറിയാം.പക്ഷെ അതിന്റെ അഹങ്കാരമൊന്നുമില്ല നജീബിന്റെ മാമയ്ക്ക്‌..ജനപ്രിയനാണ്‌ അദ്ദേഹം,..സത്‌ഗുണസമ്പന്നന്‍ ഒപ്പം ആശ്രിതവല്‍സലനും...പഴയ ലീഡറെ പോലെ......

ദാ വീണ്ടും എന്നെ ബോസ്സു വിളിയ്ക്കുന്നു.,.ഇന്നിതെത്രാമത്തെ തവണയാ.വല്ല നിസാര കാര്യവുമായിരിയ്ക്കും..ഒന്നോര്‍ത്തു നോക്കിയാല്‍ കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കുപോലും മറ്റുള്ളവരെ ആശ്രയിയ്ക്കുന്ന ബോസ്സിന്റെ ഈ ശീലം തന്നെയല്ലെ നാട്ടില്‍ എന്റെ സമ്പത്തിക ഭദ്രതയ്ക്ക്‌ നിദാനം.! നജീബിന്റെ പുറകെ ഞാനുംകൂടെ നാട്ടിലേയ്ക്കു പോയാല്‍....! പിന്നെ എന്തായിരിയ്ക്കും ഈ ഫാക്ടറിയുടെ അവസ്ഥ.!പെരുന്നാളു കഴിയട്ടെ ബോസ്സിനെ ശരിയ്ക്കുമൊന്നു വിരട്ടണം....നല്ലൊരു സാലറി ഇന്‍ക്രിമെന്റുകൂടി വാങ്ങിയെടുക്കണം..

ഇനി പിന്നെ എഴുതാട്ടോ..

അള്ളാഹുവിന്റെ കാരുണ്യത്താല്‍ നോയ്‌മ്പിന്റെ ശിഷ്ടദിനങ്ങളിലൂടേയും ആയാസരഹിതമായി കടന്നു പോകാന്‍ വിശ്വാസികള്‍ക്കു കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ .

കൊല്ലേരി തറവാടി
19/08/2011

Friday, August 5, 2011

ഇതു നോയ്‌മ്പുകാലം ഈശ്വരചിന്തയുടെ കാലം

നോയ്‌മ്പിന്റെ നാളുകള്‍ . പ്രവാസലോകത്തില്‍ ഐശ്വര്യത്തിന്റെ നാളുകള്‍ .. ലൗകിക ജീവിതത്തിലെ നെട്ടോട്ടങ്ങള്‍ക്കിടയില്‍ പലപ്പോഴും നാം അറിയാതെ മറന്നുപോകുന്ന ആത്മീയതയുടെ ഇശലുകള്‍ മനസ്സിലെയ്ക്കൊഴുകിയെത്തുന്ന പുണ്യ നാളുകള്‍ .. നാല്‍പ്പതു ഡിഗ്രിയ്ക്കു മുകളിലാണ്‌ ചൂട്‌, ഒപ്പം താങ്ങാനാവാത്ത ഹുമിഡിറ്റിയും.. കഠിനമായിരിയ്ക്കും ഗള്‍ഫ്‌ മേഖലയില്‍ ഈ നോയ്‌മ്പുകാലം. കരിമല കയറ്റത്തേക്കാള്‍ കഠിനം,. ഹജ്ജ്‌ യാത്രയോളം പവിത്രം. ഒരു മാസത്തോളം നീളുന്ന വെല്ലുവിളി നിറഞ്ഞ ഈ യാത്ര ഒരു പ്രതിസന്ധിയും കൂടാതെ ആയാസരഹിതമായി തരണം ചെയ്യാന്‍ സര്‍വ്വശക്തനായ അള്ളാഹുവില്‍ മനസ്സും ശരീരവും പൂര്‍ണ്ണമായും സമര്‍പ്പണം ചെയ്യുന്ന ഏതൊരു വിശ്വാസിയ്ക്കും കഴിയും... അള്ളാഃ കരീം.

ഒരു ദിവസം പോലും ഉപവാസത്തിന്റെ രുചി അനുഭവിച്ചറിഞ്ഞിട്ടില്ലെങ്കില്‍ പോലും എല്ലാ ദിവസവും, നോയ്‌മ്പു നോല്‍ക്കുന്ന മുസ്ലീം സഹാദരന്മാരോടൊത്ത്‌ സായാഹ്നങ്ങളിലെ ഇഫ്ത്താര്‍ വിരുന്നുകളില്‍ കൃത്യമായി പങ്കെടുക്കാറുണ്ട്‌.. അങ്ങിനെ ഒരുപാടാനന്ദത്തോടെ, ആദരവോടെ പവിത്രമായ ഈ നാളുകളിലെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഞാനും എന്നാല്‍ കഴിയാവുന്ന വിധം പങ്കാളിയാകാറുണ്ട്‌.

ഈശ്വരചിന്തകള്‍ക്കെപ്പോഴുംവിശാലമായ കാഴ്ചപ്പടല്ലെ വേണ്ടത്‌`..ആത്യന്തികമായി ഒറ്റ ദൈവം മാത്രമല്ലെ ഉള്ളു.വ്യത്യസ്ഥ രാജ്യങ്ങളില്‍ വ്യത്യസ്ഥ വിഭാഗങ്ങള്‍ വിവിധ രീതികളില്‍ ആരാധിയ്ക്കുന്നു എന്ന വ്യത്യാസം മാത്രം.. മതാചാരങ്ങളുടെ അനുഷ്ടാനങ്ങള്‍ ദൈവസങ്കല്‍പ്പവും ബാല്യത്തിലല്ലെ നമ്മുടെ മനസ്സില്‍ വേരുപിടിയ്ക്കുന്നത്‌.പിന്നെ അര്‍ത്ഥമറിഞ്ഞും പലപ്പോഴും അര്‍ത്ഥമറിയാതേയും മരണം വരെ കൃത്യമായിനമ്മളതു പാലിയ്ക്കുന്നു.കൃസ്തുവും കൃഷണനും അങ്ങിനെ എതൊരു ദൈവത്തിന്റേയും ബിംബങ്ങള്‍ ഒരിക്കല്‍ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞാല്‍ പിന്നെ പറിച്ചെറിയാന്‍ പ്രയാസമായിരിയ്ക്കും..ഓര്‍ത്തുനോക്കിയാല്‍ ഒരു മതം മാത്രമല്ലെ ഉള്ളു..മനുഷ്യമതം..ഒരു സന്ദേശം മാത്രമല്ലെ എല്ല മതങ്ങളും പ്രചരിപ്പിയ്ക്കുന്നുള്ളു നന്മയുടെ സന്ദേശം..മരണാനന്തരം ജാതിമതഭേദമന്യെ എല്ലാവരും ചെന്നെത്തുന്നതും ഒരേ സ്വര്‍ഗ്ഗത്തിന്റേയും നരകത്തിന്റേയും പടിവാതില്‍ക്കലും.എന്നിട്ടും പലപ്പോഴും ഇതിന്റെയൊക്കെ പേരില്‍ കലഹിയ്ക്കുന്നു പലരും..മതസ്പര്‍ദ്ധകളും വര്‍ഗ്ഗീയ കലാപങ്ങളും മനുഷ്യമനസ്സുകളുടെ അജ്ഞതയില്‍ നിന്നും അതിലുപരി സ്വാര്‍ത്ഥതയില്‍ നിന്നുമാണ്‌ ഉടലെടുക്കുന്നത്‌.റംസാന്‍ മാസത്തോടൊപ്പം ഇതു രാമായണമാസം കൂടിയാണ്‌. പഞ്ഞമാസത്തിന്റെ വറുതിയില്‍ അണമുറിയാതെ പെയ്തിറങ്ങുന്ന നൊമ്പരം പരത്തുന്ന ആധിയിലും വ്യാധിയിലും ആടിത്തിമിര്‍ക്കുന്ന ആടിമാസത്തിന്റെ ദേവതയായ ചേട്ടാ ഭഗവതിയെ  ചൂലു കൊണ്ടടിച്ചു പടിയിറക്കി,ചാണകം തളിച്ചു ശുദ്ധമാക്കി ചിങ്ങവെയിലും ഓണനിലാവും നിറഞ്ഞ രാപ്പകലുകള്‍ സമൃദ്ധമായി വിളയുന്ന ആവണിമാസവുമായി പടികടന്നു വരുന്ന ശ്രീഭഗവതിയേയും കാത്ത്‌ ഈശ്വരനാമം ജപിച്ച്‌ ക്ഷമയോടെ കാത്തിരിയ്ക്കുന്ന നാളുകള്‍...ആചാരങ്ങള്‍ എന്നും അര്‍ത്ഥവത്തായിരിയ്ക്കും..കാലികമായ മാറ്റങ്ങളില്‍ അതു പലപ്പോഴും അര്‍ത്ഥരഹിതമാകുന്നുവെന്നു മത്രം..

ശരിയ്ക്കും ദാരിദ്രത്തിന്റെ കാലമായിരുന്നു അന്ന്‌..ഡൈനിംഗ്‌ ടേബിളൊന്നുമില്ലാത്ത മേലടുക്കളയില്‍, അല്ലെങ്കില്‍ അടുക്കളയുടെ വടക്കേപുറത്തെ ഉമ്മറത്തിണ്ണയില്‍ വടക്കെപാടത്തെ കാറ്റുമേറ്റ്‌ പലകയില്‍ ചമ്രം പടിഞ്ഞിരുന്നു ഊണു കഴിയ്ക്കുമ്പോള്‍ ഒരു വറ്റു പോലും നിലത്തു കളയാന്‍ സമ്മതിയ്ക്കില്ലായിരുന്നു അമ്മ,.. ഏതു വറ്റിലാണ്‌ ശ്രീ ഭഗവതി കുടിയിരിയ്ക്കുന്നതെന്ന് പറയാന്‍ പറ്റില്ലല്ലോ,.അതായിരുന്നു അമ്മയുടെ ന്യായം.! വല്ലാത്ത കരുതലായിരുന്നു അന്നത്തെ അമ്മമാര്‍ക്ക്‌..ഇന്നും ഓരോ ഗ്യാസ്‌ സിലിന്‍ഡര്‍ മാറുമ്പോഴും അടുക്കള ചുമരില്‍ ചോക്കുകൊണ്ട്‌ തിയ്യതി കുറിച്ചിടും അമ്മ..വെക്കേഷന്‍ സമയത്തു ഞാനതു കൗതുകപൂര്‍വ്വം വീക്ഷിയ്ക്കാറുണ്ട്‌..നാലുമാസം,അഞ്ചുമാസം കണക്കു കൂട്ടി നോക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്‌..ഭാഗ്യം,.അമ്മയുടെ ശീലം ക്രമേണ മാളുവിനും പകര്‍ന്നു കിട്ടാന്‍ തുടങ്ങിയിരിയ്ക്കുന്നു..പുതിയ വീടു പണിയുമ്പോള്‍ മെയിന്‍ അടുക്കളയില്‍ തന്നെ വിറകടുപ്പു വേണമെന്ന്‌ അവള്‍ക്കു നിര്‍ബന്ധമായിരുന്നു.പലരും കളിയാക്കി.പക്ഷെ ഇന്ന്‌ ഐശ്വര്യമുള്ള ആ അടുപ്പുകളിലെ തീനാളങ്ങളിലെ പ്രകാശം മാളുവിന്റെ മുഖത്തു സംതൃപ്തിയായി പ്രതിഫലിയ്ക്കുന്നത്‌ കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്‌.പഴയ തലമുറയുടെ ഒതുക്കവും കരുതലും ലാളിത്യവും ഏറ്റു വാങ്ങാന്‍ മറന്നു പോകുന്നു നമ്മളില്‍ പലരും..ഓണം കണ്ടു തവിടു കളയുന്നു.സമ്പന്നതയുടെ അതിപ്രസരമായിരിയ്ക്കാം കാരണം.എത്ര സമ്പത്തുണ്ടായാലും ഭൂമിദേവി സംഭരിച്ചു വെച്ചിട്ടുള്ള ഊര്‍ജത്തിനു പരിധിയുണ്ടെന്ന കാര്യം തിരിച്ചറിയാതെ പോകുന്നു. ഗുരുത്വം വിവേകം,എളിമ,..അങ്ങിനെ എത്ര പൈസ കൊടുത്താലും നേടാനാകാത്ത ഓരുപാടു കാര്യങ്ങള്‍ പിന്നേയും ബാക്കിയുണ്ടെന്ന്‌ ഓര്‍ക്കാതെ പോകുന്നു..ധനമോഹം, ആഡംബരഭ്രമം,ധാരാളിത്വം,സ്വാര്‍ഥവിചാരങ്ങള്‍ അങ്ങിനെ എല്ലാ 'അശ്രീകേര' ശീലങ്ങളുടെയും ദേവതയായ ചേട്ടാഭഗവതി ഒരിയ്ക്കലും പടിയിറക്കാന്‍ കഴിയാത്ത വിധം രൂഢമൂലമായിരിയ്ക്കുന്നു ആധുനിക മനസ്സുകളില്‍.ക്ഷേത്ര ദര്‍ശനവേളകളില്‍ ആത്മീയ നിലവറയ്ക്കു സമാനം ഈശ്വരചൈതന്യം തുളുമ്പുന്ന ശ്രീകോവിലിനെ മറന്ന്‌ തൊട്ടപ്പുറത്തെവിടെയൊ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകാവുന്ന ഭൗതിക നിലവറയുടെ ഉറവിടം തേടി അലയാനൊരുങ്ങുന്നു ഭക്തമനസ്സുകളും മിഴികളും..

ഇതു ശ്രീ പദ്‌മനാഭന്റെ കാലം,പരസ്യങ്ങളില്‍ പോലും ഗുരുവായൂരപ്പനോടൊപ്പം ശ്രീ പദ്‌മനാഭനും പ്രാധാന്യം ലഭിച്ചു തുടങ്ങി. ഗുരുവായൂരപ്പന്റെ വണ്‍മേന്‍ ഷോയ്ക്ക്‌ അല്‍പ്പം മങ്ങലേറ്റുവോ എന്നൊരു ശങ്ക മനസ്സില്‍ ബാക്കി നില്‍ക്കുന്നു...!

ഭഗവാന്റെ മാസ്മരിക സാന്നിധ്യം നിറഞ്ഞു തുളുമ്പി ഭക്തഹൃദയങ്ങളിലേയ്ക്കു നവ്യാനൂഭുതിയായി അനസ്യൂതം പടര്‍ന്നിറങ്ങുന്ന ഗുരുവായൂരമ്പലം ഒരത്ഭുത ലോകം തന്നെയാണ്‌.അമ്പാടിക്കണ്ണന്റെ മായലീലകളാല്‍ വിളങ്ങി നില്‍ക്കുന്നു ആ പുണ്യഭൂമിയുടെ ചൈതന്യം വാക്കുകള്‍ക്കതീതമാണ്‌.!.ഓന്നോര്‍ത്തു നോക്കു "എടാ കള്ളാ.." ചുള്ളാ എന്നൊക്കെ വിളിച്ച്‌ തോളില്‍ കയ്യിട്ടു മനസ്സുതുറന്ന്‌ സങ്കടങ്ങള്‍ പങ്കിട്ട്‌ ആശ്വാസം കണ്ടെത്തനായി സുഹൃത്തിനെപോലെ ഒരാവതാരം ഈ ഭൂമിയില്‍ വേറെ എവിടെയുണ്ടാകും ഉണ്ണികൃഷ്ണനല്ലാതെ..! ഒരിടത്ത്‌ ഗോപികമാരുടെ ചേല കവര്‍ന്ന്‌ അവരോടു കളി പറഞ്ഞും രസിച്ചുല്ലസിച്ചും കള്ളപുഞ്ചിരിയുമായി നില്‍ക്കുന്ന കുഞ്ഞാലിക്കണ്ണന്‍ മറ്റൊരിടത്ത്‌ ഉപദേശിച്ചും ശാസിച്ചും പാണ്ഡവരെ ധര്‍മ്മയുദ്ധത്തിനു സജ്ജരാക്കുന്ന അച്ചുതനാന്ദനായി മാറുന്നു.!അതിരു വിടാത്ത,പരിധികളുള്ള ലൗകികതയുടെ അഭൗമ സൗന്ദര്യവും ഒപ്പം ആത്മീയതയുടെ അനന്തലോകവും തുറന്നു തരുന്നു കൃഷ്ണാവതാരം...

ഗുരുവായൂരമ്പലത്തില്‍ പ്രവേശിയ്ക്കുന്ന നിമിഷം ഒരോ സ്ത്രീകളും അവരറിയാതെത്തന്നെ സ്വയം ഗോപികമാരായി മാറുന്നുണ്ടാകും.ഭക്തിസാഗരത്തില്‍ നീരാടി ശുദ്ധി വരുത്തി സ്ഫുടം ചെയ്തെടുത്ത മനസ്സും,കണ്ണനോടുള്ള പ്രണയപാരവശ്യത്താല്‍ കൂമ്പിപോയ മിഴികളും ഐശ്വര്യം നിറഞ്ഞുതുളുമ്പുന്ന മുഖഭാവങ്ങളുമായി സെറ്റു മുണ്ടിന്റെ ലാളിത്യത്തില്‍ നാലമ്പലത്തിനകത്ത്‌ ഒറ്റയടി വെച്ച്‌ എഴുതവണ ഭഗവാനു ചുറ്റും വലം വെച്ചു ഹൃദയംകൊണ്ട്‌ ഭഗവാനില്‍ അലിഞ്ഞു ചേരുന്ന നിമിഷങ്ങളിലാണ്‌ ഒരു മലയാളി മങ്ക ഏറ്റവും മനോഹരിയാകുന്നതെന്ന്‌ തോന്നാറുണ്ടെനിയ്ക്ക്‌.ആ സുന്ദരദൃശ്യം മതിമറന്നാസ്വദിയ്ക്കുന്ന ഓരോ ഭക്തന്റേയും കണ്ണുകളില്‍ അപ്പോള്‍ ഭഗവാന്‍ സ്വയം തന്റെ കൃഷ്ണമണികളും ഒളിപ്പിച്ചു വെയ്ക്കുന്നുണ്ടാകും.തുലാഭാരം,കളഭം,വെണ്ണ,പഞ്ചസാര, പഴം അങ്ങിനെ വഴിപാടുകള്‍ അനവധിയാണ്‌ ഭഗവാന്‌ പ്രിയപ്പെട്ടതായി.പക്ഷെ അതിനെല്ലാറ്റിനുമുപരി അതിരുകള്‍ വിടാത്ത കുലീനമായ "വായ്‌നോട്ടം" തന്നെയായിരിക്കും കണ്ണന്‌ ഏറ്റവും പ്രിയങ്കരമായിട്ടുള്ള വഴിപാടെന്ന്‌ അമ്പലത്തിനകത്ത്‌ ചിലവഴിയ്ക്കുന്ന നിമിഷങ്ങളില്‍ എപ്പോഴും എനിയ്ക്കു തോന്നാറുണ്ട്‌,. എന്തോ,.ഒരു പക്ഷെ ഞാനുമൊരു തറവാടിയായതുകൊണ്ടാകാം അങ്ങിനെ.!.കൃഷ്ണാ കാത്തോളണേ.!

കരുത്തനായ കുടുംബനാഥന്‌ ഉത്തമോദാഹരണമാണ്‌ പരമശിവന്‍.ഏതു പുരുഷനും മനസ്സുകൊണ്ട്‌ മാതൃകയാക്കാന്‍ കൊതിയ്ക്കുന്ന ദേവന്‍.പൗരുഷത്തിന്റെ പ്രതീകം. പാര്‍വതിദേവി അറിയുമെന്നറിഞ്ഞിട്ടും സ്വന്തം തലയില്‍ ഗംഗാദേവിയ്ക്ക്‌ ചിന്നവീടൊരുക്കിയ ധീരന്‍. .എന്നിട്ടും എല്ലാമറിഞ്ഞിട്ടും നിഷേധിയ്ക്കാന്‍ കഴിഞ്ഞില്ലല്ലോ ദേവിയ്ക്ക്‌.! ഡിവോര്‍സ്‌ പെറ്റിഷന്‍ ഒരുക്കാനുമായില്ല..വിധുബാല മാഡത്തിനെ സാക്ഷിയാക്കി "കഥയില്ലിതു ജീവിതത്തില്‍" ഗംഗയുമായി മുഖാമുഖം വാഗ്‌വാദങ്ങള്‍ക്കും ഒരുങ്ങിയില്ല, കാരണം അത്രയ്ക്കും പ്രിയമായിരുന്നു പാര്‍വ്വതിദേവിയ്ക്കു തന്റെ പ്രിയതമനെ.അതങ്ങനെയല്ലെ വരു. അപമാനിതയായി തന്നിലെ കലാസിദ്ധിയുടെ ചിലങ്ക തന്നെ എന്നന്നേയ്ക്കുമായി അഴിച്ചു വെയ്ക്കാന്‍ കാരണഭൂതനായ "നീലകണ്ഠന്റെ" വ്യക്തിപ്രഭാവത്തിനു മുമ്പില്‍ കീഴടങ്ങാനല്ലെ അവസാനം എത്ര തന്റേടിയായലും ഏതു "ഭാനുമതിയ്ക്കും" നിയോഗം.ക്ലാസ്‌റൂമുകളില്‍ കള്ളകണ്ണനുമായി സൗഹൃദസല്ലാപങ്ങളില്‍ മുഴുകി രസിക്കുന്ന നാളുകളില്‍പോലും ഭാവിവരനായി ശിവനെപോലെ ഒരു കരുത്തനെ സ്വപ്നം കാണുന്ന എത്രയൊ പെണ്‍കുട്ടികള്‍ ഉണ്ടായിരിയ്ക്കും നമ്മുടെ കാമ്പസുകളില്‍.

ഹിന്ദു പുരാണങ്ങളില്‍ ഏറ്റവും മാന്യത കല്‍പ്പിയ്ക്കപ്പെടുന്ന അവതാരമാണ്‌ ശ്രീരാമാന്‍.ദൈവീകപരിവേഷം മാറ്റിനിര്‍ത്തി വിശകലനം ചെയ്താല്‍ നല്ലൊരു ഭരണാധികാരി മാത്രമായിരുന്നു ശ്രീരാമന്‍, സ്വന്തം സല്‍പ്പേര്‌ കാത്തു സൂക്ഷിയ്ക്കാനുള്ള തത്രപ്പാടില്‍ പ്രിയപ്പെട്ടവരുടെ വിചാരവികാരങ്ങള്‍ ഒരു മടിയും കൂടാതെ ബലികഴിയ്ക്കാനൊരുങ്ങുന്ന ഒരു ഭരണാധികാരിയുടെ സ്വാര്‍ത്ഥമനസ്സായിരുന്നു രാമനും.അതുകൊണ്ടല്ലെ രാമായണാന്ത്യത്തില്‍ കഥനായികയ്ക്ക്‌ പീഡനം സഹിയ്ക്കാന്‍ കഴിയാതെ ഭൂമിയില്‍നിന്നും അപ്രത്യക്ഷയാകേണ്ടി വന്നത്‌.കാനനത്തിലേയ്ക്ക്‌ യാത്ര തിരിയ്ക്കുന്ന സമയം ഊര്‍മിളയെകൂടി കൂടെകൂട്ടാന്‍ ലക്ഷ്മണനോടു പറയാതെ മൗനം പാലിച്ചു രാമന്‍.. അവര്‍ക്കൊരു കുടുംബ ജീവിതവുമായെനെ, ഒപ്പം സീതയ്ക്കൊരു കൂട്ടും എന്നു കരുതാമായിരുന്നു..!സുന്ദരനും,ധീരനും വില്ലാളിയുമായ ഒരു പുരുഷനോട്‌ ഒരു യുവതിയ്ക്കു പ്രണയം തോന്നുക സ്വാഭാവികം.ആ കുറ്റത്തിന്റെ പേരില്‍ അവരുടെ മൂക്കും മുലയും ഛേദിയ്ക്കുന്നത്‌ ഒരു പുരുഷോത്തമന്‌ ചേര്‍ന്ന പ്രവര്‍ത്തിയല്ലായിരുന്നു. അവര്‍ണ്ണസ്ത്രീകളുടെ മേല്‍ സവര്‍ണ്ണര്‍ ഇന്നും തുടരുന്ന കാട്ടുനീതിയുടെ ഭാഗം തന്നെയായിരുന്നു അത്‌.

എല്ലാം കഴിഞ്ഞ്‌ വലിയൊരു യുദ്ധത്തിനൊടുവില്‍ അഗ്നിശുദ്ധി വരുത്തി വീണ്ടെടുത്ത പ്രിയപത്നിയെ കേവലം ഒരു അലക്കുക്കാരന്റെ വാക്കുകേട്ട്‌ ഉപേക്ഷിയ്ക്കാനും ഒരു മടിയുമുണ്ടായില്ല നായകന്‌..അവിടേയും പീഡിയ്ക്കപ്പെട്ടത്‌ സ്ത്രീത്വം തന്നെയാണ്‌..എത്രയെത്ര അഗ്നിശുദ്ധി വരുത്തിയാലും ഒരിയ്ക്കലും പവിത്രത തെളിയ്ക്കാന്‍ കഴിയാതെ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്ന പാവം സ്ത്രീജന്മങ്ങളില്‍ അറിയപ്പെടുന്ന ആദ്യത്തെ ഇരയായിരുന്നിരിയ്ക്കാം ഒരു പക്ഷെ സീതാദേവി.

ഇക്കാലത്താണ്‌ ഇതു സംഭവിച്ചിരുന്നതെങ്കില്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിയ്ക്കപ്പെട്ട്‌ കാര്യമായ രേഖകളുമില്ലാതെ കാനനത്തില്‍ ഒറ്റപ്പെട്ടു പോയ സീത "കൈരളി പ്രവാസലോകത്തിലെ" റഫീക്ക്‌ റാവുത്തര്‍ക്ക്‌ പരാതി നല്‍കുമായിരുന്നു.

"ഇനി എനിയ്ക്കു രാമനോടാണു പറയാനുള്ളത്‌`..എന്തു പണിയടോ താന്‍ കാണിച്ചത്‌.വിവരവും വിദ്യഭ്യാസവും ഉള്ള ആളല്ലെ താന്‍.എന്തു തെറ്റാ അവര്‌ തന്നോട്‌ ചെയ്തത്‌,. എല്ലാം ഉപേക്ഷിച്ച്‌ കൂടെ കാട്ടിലേയ്ക്കു വന്നതോ. .ഒന്നുമില്ലെങ്കില്‍ ഗര്‍ഭിണിയല്ലെ അവര്‌...നാളെ അവരു പ്രസവിയ്ക്കുന്ന കുഞ്ഞിന്‌ ആരുണ്ടെടോ പിന്നെ,...അതെങ്കിലും ഓര്‍ക്കേണ്ടടോ താന്‍" ചാനലില്‍ "പ്രവാസലോകം" വേദിയില്‍ കുഞ്ഞുമുഹമ്മദ്‌ സാഹിബ്‌ രോഷം കൊള്ളുമായിരുന്നു.അയോധ്യയിലെ പ്രവാസലോകം പ്രവര്‍ത്തകരോട്‌ എത്രയും പെട്ടന്ന്‌ രാമനെ കണ്ടെത്തി കാര്യം പറഞ്ഞു മനസിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമായിരുന്നു.

ഉത്തരമില്ലാത്ത ഒരുപാടു ചോദ്യങ്ങള്‍ രാമായണം മനസ്സില്‍ അവശേഷിപ്പിയ്ക്കുന്നു.എല്ലാം അവതാരലക്ഷ്യം എന്നു പറഞ്ഞാശ്വസ്സിയ്ക്കാം ഭക്തരായ നമുക്ക്‌ അല്ലെ...അല്ലെങ്കിലും അതങ്ങിനെയല്ലെ, ചരിത്രം തീരുമാനിയ്ക്കുന്നത്‌ അതെഴുതുന്നവരാണ്‌.നായകനെയും പ്രതിനായകനെയും തീരുമാനിയ്ക്കുന്നതും അവര്‍ തന്നെ .!അല്ലെങ്കില്‍ സ്വന്തം സഹോദരിയെ മുലയും തലയും ഛേദിച്ചപമാനിച്ചവന്റെ പത്നിയെ തടവുകാരിയായി കയ്യെത്തു ദൂരെ കിട്ടിയിട്ടും ഒരു പോറല്‍ പോലുമേല്‍പ്പിയ്ക്കാതെ സന്യസിനിയെന്നപോലെ ബഹുമാനിച്ച്‌, അശോകമരചുവട്ടില്‍ കരുതലോടെ കാത്തു സൂക്ഷിച്ച രാവണന്‍ എങ്ങിനെ ദുഷ്ടകഥാപാത്രമാകുമായിരുന്നു.!.രാവണനായാലും മഹാബലിയായാലും ശക്തരും അവര്‍ണ്ണരുമായ ഭരണാധികാരികളെ ദുഷ്ടന്മാരായി ചിത്രികരിച്ച്‌, അസുരന്മാരായി മുദ്രകുത്തി ഉന്മൂലനം ചെയ്യുന്ന സവര്‍ണ്ണ മേധാവിത്വം തന്നെയല്ലെ ഇന്നും ലോകചരിത്രവും ഒപ്പം ഭാവിയും തീരുമാനിയ്ക്കുന്നത്‌.

ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം,അംബാനിയിസം.ഭരണത്തിലെ ഓരോ നിമിഷവും ജനങ്ങളുടെ ഹൃദയത്തിലേയ്ക്ക്‌ എന്‍ഡോസള്‍ഫാന്‍ത്തുള്ളികള്‍ കോരിയൊഴിയ്ക്കുന്ന ഇന്നത്തെ ഭരണാധികാരികളായിരിയ്ക്കും ഒരു പക്ഷെ നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ ചരിത്രത്തിലെ നവഭാരതശില്‍പ്പികള്‍.ആ ചരിത്രത്തില്‍ പാവം ബാപ്പുജിയുടെയും മറ്റു സ്വാതന്ത്ര സമരസേനാനികളുടെയും വേഷം എന്താകുമൊ ആവോ?.തലസ്ഥാന നഗരിയില്‍ ഗാന്ധിമാര്‍ഗം സ്വീകരിച്ച്‌ സമാധാനപരമായി സത്യാഗ്രഹം നടത്താന്‍ പോലും അനുമതി നിഷേധിയ്ക്കുന്ന അവര്‍ ഒരു പക്ഷെ, നാളെ ഇന്ദ്രപ്രസ്ഥത്തിലെ ഗാന്ധിപ്രതിമകള്‍ വരെ പിഴുതുമാറ്റിയെന്നുവരാം...കലികാലം അല്ലാതെ എന്തു പറയാന്‍ കഴിയും..!!

കൊള്ളാം,. കൊല്ലേരിയുടെ ആത്മീയ ചിന്തകള്‍.!നിങ്ങളുടെ ചുണ്ടില്‍ വിരിയുന്ന പരിഹാസച്ചിരി എനിയ്ക്കു കാണന്‍ കഴിയുന്നു..അല്ലെങ്കില്‍ തന്നെ ആത്മീയ വിഷയങ്ങള്‍ക്കുറിച്ചു സംസാരിയ്ക്കാന്‍ എന്തറിവാണെനിയ്ക്കുള്ളത്‌.! ഭാരം കയറ്റാതെ ചലിയ്ക്കുന്ന വണ്ടി വല്ലാതെ ശബ്ദം പുറപ്പെടുവിയ്ക്കും.അതുപോലെതന്നെയാണ്‌ അജ്ഞത നിറഞ്ഞ മനസ്സും.അങ്ങിനെ മാത്രമെ എന്റെ എല്ലാ ജല്‍പ്പനങ്ങളേയും കണക്കാക്കാവു..

അല്ലെങ്കിലെ ജോലിഭാരം മൂലം ഓഫീസിലെ എല്ലാവരെയും പിണക്കി,..ഇപ്പോളിതാ ഈശ്വരന്മാരേയും.!

ഏഴരശ്ശനിയല്ലെ എനിയ്ക്ക്‌,..വേണ്ടാത്തതേ തോന്നു...അല്ലെങ്കില്‍ ഈ തിരക്കിനിടയില്‍ ഇതൊക്കെ ടൈപ്പ്‌ ചെയ്യേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ..? ഒരുപാടു പേര്‍ വായിയ്ക്കും ..ആരെങ്കിലിലുമൊക്കെ നല്ല കമന്റിടും .? എവടേ, ആരു വായിയ്ക്കാന്‍..അതിമോഹം അല്ലാതെന്താ..!

എന്നാലും ഒന്നോര്‍ത്തോളു, ദൈവീകത നിറഞ്ഞു നില്‍ക്കുന്ന ഈ കുറിപ്പ്‌ വായിച്ചു നല്ല അഭിപ്രായം പറഞ്ഞ ഓഫീസിലെ എന്റെ ഒരുസുഹൃത്തിന്‌ അടുത്ത നിമിഷം നാട്ടില്‍നിന്നും വന്ന ഫോണ്‍കോളുവഴി സഹോദരിപുത്രന്‌ ഇന്റര്‍ചര്‍ച്ച്‌ മെഡിക്കല്‍ കോളേജില്‍ അഡ്‌മിഷന്‍ കിട്ടിയ ശുഭവാര്‍ത്ത ശ്രവിയ്ക്കാന്‍ ഇടവന്നു.. ജോലിത്തിരക്കുമൂലം കല്ലിവല്ലി എന്നു പറഞ്ഞ്‌ ഇതു വായിയ്ക്കാതെ മാറ്റിവെച്ച മറ്റൊരു സുഹൃത്തിന്റെ മകള്‍ക്ക്‌ അടുത്ത ദിവസംതന്നെ വൈറല്‍ ഫീവര്‍ ബാധിച്ച്‌ സ്വയാശ്രയ ആശുപത്രി വാസം അതുവഴി ധനനഷ്ടം, സമയനഷ്ടം, മാനഹാനി, എന്നി ദുരാനുഭവങ്ങള്‍ വന്നു ഭവിച്ചു.. ഈ പോസ്റ്റ്‌ വായിച്ച്‌ കമന്റിട്ട്‌ ഈ ബ്ലോഗിന്റെ ലിങ്ക്‌ പത്തുപേര്‍ക്ക്‌ അയച്ചു കൊടുക്കുന്ന യുവതിയുവാക്കള്‍ക്ക്‌ ചാറ്റിങ്ങില്‍ ഉയര്‍ച്ച, പ്രേമസാഫല്യം,. ദാമ്പത്യസൗഖ്യം, സന്താനലബ്ദി എന്നീ ശുഭഫലങ്ങള്‍ തീര്‍ച്ച. മറ്റെല്ലാ പ്രായക്കാര്‍ക്കും അവരവരുടെ പ്രായത്തിനും കയ്യിലിരിപ്പിനും അനുസരിച്ചുള്ള ഫലമൂലാദികള്‍ക്കും മുസലിശക്തികള്‍ക്കും യോഗം നിശ്ചയം..

മംഗളം ഭവന്തു..!!

അല്‍പ്പം യോഗയും, സംസ്കൃതവും പുരാണങ്ങളുമൊക്കെ പഠിച്ച്‌ പ്രവാസക്കാലത്തിനുശേഷം ശിഷ്ടക്കാലം ആത്മീയലോകത്തിലേയ്ക്കു പ്രവേശിച്ചാലോ എന്നൊരു ചിന്ത മനസ്സില്‍ കടന്നു കൂടിയിരിയ്ക്കുന്നു.. അങ്കവും കാണാം ക്യാമറയൊന്നും ഓണല്ലെന്നുറപ്പുവരുത്തി തഞ്ചത്തില്‍ അത്യാവശ്യം താളിയും ഒടിയ്ക്കാം.! ഐശ്വര്യമുള്ള ഒരു മുഖമുണ്ട്‌.. ഒപ്പം തെറ്റില്ലാത്ത നിറവും,നിഷ്കളത നിറഞ്ഞ കണ്ണുകളും,ഒരുയോഗാചാര്യനു ചേരും വിധം മെലിഞ്ഞ ശരീരവും നല്ല ഉയരവും..ഞാന്‍ നോക്കിയിട്ട്‌ ആനന്ദദായകവും ഉല്ലാസപ്രദവും സര്‍വ്വോപരി ആദായകരവുമായ മറ്റൊരു തൊഴിലും കാണുന്നില്ല. "ആരുമില്ലാത്തവന്‌ ദൈവം മാത്രം തുണ" അതല്ലെ ഒരു ശരാശരി ഭാരതീയന്റെ ഇന്നത്തെ അവസ്ഥ. അതുകൊണ്ടുത്തന്നെ ആള്‍ദൈവങ്ങള്‍ക്ക്‌ നല്ല ഡിമാന്റുള്ള കാലവും.. എന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഈ ഒരു വിഷയത്തില്‍ ബൂലോക സുഹൃത്തുക്കളുടെ വിലയേറിയ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു.

നിങ്ങളുടെ സ്വന്തം
ബൂലോകാനന്ദ കൊല്ലേരി തിരുവടികള്‍ (പേര്‌ എപ്പടി?)
05/08/2011

Monday, July 18, 2011

എച്ച്‌മുകുട്ടി നമസ്തേസ്തു..

എച്ചുമുവിന്റെ പുതിയ രണ്ടു പോസ്റ്റുകള്‍ക്കുള്ള കമെന്റായി എഴുതിതുടങ്ങിയതാണ്‌, പിന്നെ എപ്പൊഴോ, എങ്ങിനെയോ കമെന്റിനനുവദിച്ച വാക്കുകളുടെ പരിധികളും കടന്ന്‌ വല്ലാതെ നീണ്ടുപോയി ഈ കുറിപ്പ്‌. അതുകൊണ്ട്‌ ഇതൊരു പോസ്റ്റാക്കി മാറ്റുന്നു... പൊറുക്കുക.


ബൂലോകത്തെ ഒരുപാടുപേരെ ശ്രദ്ധിച്ചിട്ടുണ്ട്‌ ഞാന്‍... മറ്റുപലരേയും കണ്ട്‌ ഒരു മോഹത്തിന്റെ പുറത്ത്‌, അതിന്റെ ആവേശത്തള്ളലില്‍ വൈകി എഴുതി തുടങ്ങിയവരായിരിയ്ക്കും എന്നെപോലെ അക്കൂട്ടത്തില്‍ പലരും. ഇച്ചിരിപ്പൊട്ടുവട്ടത്തിലുള്ള ലോകപരിചയമെ ഉണ്ടാകു. നാമമാത്രമായ അനുഭവസമ്പത്തും ശുഷ്ക്കമായ ഭാവനയും മാത്രമായിരിയ്ക്കും കൈമുതല്‍ . കാലം തെറ്റി പെയ്യുന്ന മഴപോലെ അക്ഷരത്തുള്ളികള്‍ക്ക്‌ കരുത്തു കുറവായിരിയ്ക്കും, ദൈര്‍ഘ്യവും.. ആദ്യ വായനയില്‍ തന്നെ കുളിര്‌ നഷ്ടപ്പെടും.. അസഹ്യമായ വേനലിലെ ആവി പടര്‍ന്നിറങ്ങുന്ന അനുഭവമായിരിയ്ക്കും പുനര്‍വായനയെക്കുറിച്ചുള്ള ചിന്തപോലും മനസ്സില്‍ നിറയ്ക്കുക.. ബൂലോകമുത്തപ്പന്റെ സ്ഥലം മിനക്കെടുത്താന്‍ വേണ്ടിയുള്ള കുറെ നേരമ്പോക്കുകള്‍ . അതുമാത്രമാകും ഫലത്തില്‍ അത്തരത്തിലുള്ള ബ്ലോഗെഴുത്തുകള്‍ .

മറ്റാരെക്കുറിച്ചും പറഞ്ഞതല്ല ഇത്‌, ഒരു സ്വയം വിലയിരുത്തല്‍ .. അത്ര മാത്രം. അതങ്ങിനെയല്ലെ, സുന്ദരമായ ഒരു മുഖം കാണുമ്പോഴല്ലെ കണ്ണാടി നോക്കി സ്വന്തം മുഖം വിശകലനം ചെയ്യാന്‍ പലപ്പോഴും നാം മുതിരുക.. വേണ്ടായിരുന്നു എന്നു തോന്നും അപ്പോഴൊക്കെ.. എന്നാലും അതൊരാവാശ്യമാണ്‌; സ്വന്തം അവസ്ഥ, നിലവാരം ഇതൊക്കെ തിരിച്ചറിയാന്‍ ഈ വിശകലനം ഒരുപാടു സഹായിയ്ക്കും.. പോസിറ്റിവായി കാണണമെന്നു മാത്രം.

ബൂലോകത്തിലെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ എല്ലാ നല്ല എഴുത്തുകാരുടേയും പോസ്റ്റുകളെ ഇത്തരമൊരു മാനസ്സികാവസ്ഥയോടേയാണ്‌ എപ്പോഴും ഞാന്‍ സമീപിയ്ക്കാറുള്ളത്‌.. അത്തരം എഴുത്തുകാരില്‍ മുന്‍പന്തിയില്‍ തന്നെയാണ്‌ എച്ചുമുവിന്റെ സ്ഥാനം എന്നു പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലൊ.. വായനയെ സീരിയസ്സായി എടുക്കുന്ന ബൂലോകവാസികള്‍ക്ക്‌ ലഭിച്ച "ഡബിള്‍ ധമാക്ക". എല്ലാ അര്‍ത്ഥത്തിലും അതു തന്നെയാണ്‌ എച്ചുമുവിന്റെ “ഉലകം".

ബ്ലോഗെഴുത്തിനെ ലാഘവബുദ്ധിയോടെ സമീപിയ്ക്കാതെ, സത്യമാണോ അസത്യമാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധം മിഥ്യയും യാഥാര്‍ത്ഥ്യവും ഭംഗിയായി ഇഴചേര്‍ത്ത്‌ നിറം മുക്കിയെടുത്ത സ്വാനുഭവങ്ങളെ സ്വാംശീകരിച്ചും, ഒപ്പം ജീവിതത്തില്‍ കണ്ടുമുട്ടിയ മനുഷ്യരെ കഥാപാത്രങ്ങളാക്കിയും വ്യത്യസ്ഥാനുഭവങ്ങളുടെ അഗാധതലങ്ങളിലേയ്ക്കു വായനക്കാരെ കൂട്ടികൊണ്ടുപോയി അവരുടെ മനസ്സില്‍ വിസ്മയത്തോടൊപ്പം വിഭ്രാന്തിയും പടര്‍ത്തി, ഒരുനിമിഷമെങ്കില്‍ ഒരു നിമിഷം മനുഷ്യജീവിതത്തിന്റെ നൈമിഷികതയും അര്‍ത്ഥരാഹിത്യവും ഓര്‍മ്മിപ്പിയ്ക്കാന്‍ കഴിവുള്ള അപൂര്‍വ്വം ബ്ലോഗെഴുത്തുകാരില്‍ ഒരാളാണ്‌ എച്ചുമുക്കുട്ടി..

നിരലാംബരും, നിസ്സഹായരുമായ സ്ത്രീജന്മങ്ങള്‍ , അവരുടെ വിഹ്വലതകള്‍ ഇതാണല്ലൊ എച്ചുമുവിന്റെ പ്രിയ വിഷയം. ആകുലതകളിലും വ്യാകുലതകളിലും പെട്ടുഴലുമ്പോള്‍പോലും കീഴടങ്ങാന്‍ തയ്യാറല്ലാത്ത പെണ്മനസ്സിന്റെ വാശി, അതിലേറെ വാശിയോടെ മനോഹരമായി എച്ചുമു വരച്ചു കാട്ടുന്നത്‌ കാണുമ്പോള്‍ കൗതുകം തോന്നാറുണ്ട്‌. എച്ചുമുക്കുട്ടി നമസ്തേതു എന്നറിയാതെ പറഞ്ഞുപോകാറുണ്ട്‌`..

"അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു.. ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു.".. ഈ പാട്ടിന്റെ ഈണവും താളവും ലയവുമാണ്‌ എച്ചുമുവിന്റെ പോസ്റ്റുകളിലൂടെ കടന്നു പോകുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. മാതൃഭാവത്തിന്റെ വ്യത്യസ്ഥ തലങ്ങള്‍ ; അതാണ്‌ സൂക്ഷ്മ വിശകലനത്തില്‍ അവിടെ ദര്‍ശിയ്ക്കാന്‍ കഴിയുന്നത്‌. രക്തവര്‍ണ്ണമുള്ള നാവു നീട്ടി സംഹാരരുദ്രയായി അലറിവിളിച്ചാലും അവസാനം തന്റെ പുരുഷന്റെ ജീവനു വേണ്ടി സ്വന്തം മാനത്തിന്റെ മടിശ്ശീല അഴിച്ചുമാറ്റാന്‍ മടിയ്ക്കാത്ത സര്‍വ്വംസഹയല്ലെ സ്ത്രീ. കീഴടങ്ങലല്ലല്ലൊ അത്‌... സ്നേഹത്തിനു വേണ്ടി കത്തിജ്വലിച്ച്‌, സ്വയം ത്വജിച്ച്‌ ഇങ്ങിനെ ഉരുകിതീരാന്‍ മാതൃഹൃദയത്തിനു മാത്രമല്ലെ കഴിയു..

അമ്മയുടെ താരാട്ടിന്റെ മാധുര്യം, അമ്മിഞ്ഞപ്പാലിന്റെ ആര്‍ദ്രത... ഇതൊക്കെ നുകര്‍ന്നല്ലെ ഓരോ കുഞ്ഞും വളരുന്നത്‌.. വളരേണ്ടത്‌. കാരണങ്ങള്‍ എന്തുമാകട്ടെ, ഇന്നത്തെ തലമുറക്ക്‌ ഇതെല്ലാം അന്യമാകാന്‍ തുടങ്ങിയിരിയ്ക്കുന്നു... അതുകൊണ്ടല്ലെ പത്താം വയസ്സിലും പന്ത്രണ്ടാം വയസ്സിലുമൊക്കെ നമ്മെ അമ്പരപ്പിച്ചു കൊണ്ട്‌ ദുര്‍ഗുണപരിഹാരപാഠശാലയിലേയ്ക്കു മിടുക്കന്മാരായ പല ആണ്‍കുട്ടികളും യാത്രാകുന്നത്‌. കൗമാരത്തിന്റെ പടിവാതില്‍ കടക്കുന്നതിനുമുമ്പെ അബോര്‍ഷന്‍ ടേബിളിലെത്തിചേരുന്ന പെണ്‍കുഞ്ഞുകളുടെ എണ്ണം പെരുകുന്നത്‌. അവര്‍ക്കതിനുള്ള സാഹചര്യവും, മാനസ്സികാവസ്ഥയും ആരാണ്‌ ഒരുക്കികൊടുക്കുന്നത്‌.. ഒരുക്കികൊടുക്കുന്നവരില്‍ പലരും സദ്ഗുണസമ്പന്നരാണ്‌.. സമൂഹത്തിലെ മാന്യന്മാര്‍ ...

എന്റര്‍ടൈന്‍മെന്റു ചനാലുകളിലൂടെ കൗമാര, യുവ, സ്ത്രീ മനസ്സുകളിലേക്ക്‌ അനുനിമിഷം മാലിന്യങ്ങള്‍ നിറച്ച്‌, അതിരുകളില്ലാത്ത ഭൗതിക മോഹങ്ങള്‍ വളര്‍ത്തി, സമൂഹത്തെ മൊത്തം മലീമസമാക്കിയശേഷം രണ്ടാംചാനലെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ന്യൂസ്‌ ചാനലില്‍ ആഴ്ചയറുതിയില്‍ കണ്ണാടിക്കൂട്ടില്‍ കയറിയിരുന്നു നടത്തുന്ന ഒന്നോ രണ്ടോ കുമ്പസാര പ്രോഗ്രാമുകളിലൂടെ അതിന്റെ പാപക്കറ മുഴുവന്‍ കഴുകിക്കളയാമെന്നു വൃഥാ മോഹിയ്ക്കുന്ന ദൃശ്യമാധ്യമങ്ങള്‍ തന്നെയല്ലെ ഇന്നത്തെ കേരളീയ സമൂഹത്തിന്റെ ധാര്‍മിക അധഃപതനത്തിന്റെ മുഖ്യ കാരണക്കാര്‍ ? ശുഭ്രവസ്ത്രധാരികള്‍ ?

എഫ്‌.ഐ ആര്‍ പോലുള്ള നാലാംകിട പ്രോഗ്രാമുകളല്ലാതെ, കാലികപ്രാധാന്യമുള്ള എന്തെങ്കിലുമൊരു റിപ്പോര്‍ട്ടിന്റെ ഒരു വരിയെങ്കിലും മാധ്യമമുതലാളിയുടെ ഇംഗിതങ്ങള്‍ക്കപ്പുറം സംപ്രേക്ഷണം ചെയ്യാന്‍ കഴിയുമെന്ന്‌ കേരളത്തില്‍ എതെങ്കിലും ന്യൂസ്‌ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‌ നെഞ്ചത്തു കൈവെച്ചു പറയാന്‍ കഴിയുമോ.? സ്വന്തം സഹപ്രവര്‍ത്തകര്‍ക്ക്‌ തല്ലുകൊണ്ടതിന്റെ ചൂടാറും മുമ്പെ, അതിന്റെ പേരില്‍ ഒന്നു ഭംഗിയായി പരിഭവിയ്ക്കാന്‍ പോലും കഴിയാത്ത വിധം നാവടക്കാന്‍ നിര്‍ബന്ധിതനായി ന്യൂസ്‌ നൈറ്റില്‍ ഇരുന്നു വീര്‍പ്പുമുട്ടേണ്ടി വന്നപ്പോഴും "ഞങ്ങളില്ലായിരുന്നെങ്കില്‍ കാണാമായിരുന്നു കേരളത്തിന്റെ അവസ്ഥ “ എന്ന്‌ ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വിതുമ്പലൊതുക്കി വീമ്പു പറയുന്നതു കണ്ടപ്പോള്‍ സഹതാപം തോന്നി. ഉദരനിമിത്തം ബഹുകൃത വേഷം..!

നാട്ടില്‍ ഇതു നോയ്‌മ്പുകാലം.. ഉപവാസം, പ്രാര്‍ത്ഥന, സഹനസമരം, വിദ്യ പകര്‍ന്നുനല്‍കുന്നതിനു തടസ്സം നില്‍ക്കാനൊരുങ്ങുന്ന സ്നേഹനിരാസത്തിന്റേയും വിശ്വാസരാഹിത്യത്തിന്റെയും വക്താക്കളായ സാത്താന്റെ സന്തതികളുടെ നേരെയുള്ള ചെറിയ കൈക്രിയപ്രയോഗങ്ങള്‍ .. അങ്ങിനെ ജൂലായ്‌ മാസം കേരളത്തില്‍ ഫീസുറപ്പിയ്ക്കലിന്റെ പുണ്യമാസമായി മാറിയിരിയ്ക്കുന്നു. "ഒട്ടകം സൂചിക്കുഴിയിലൂടെ കടന്നാലും 'വിദ്യാധനത്തിന്റെ' മൂല്യമറിയാത്തവന്‌ സ്വര്‍ഗ്ഗവാതിലിന്റെ പടിവാതില്‍ കണി കാണാന്‍ പോലും കഴിയില്ല." .. ദൈവ വചനങ്ങള്‍ തിരുത്തിയെഴുതപ്പെടുന്നു.. എല്ലാം കണ്ടിട്ടും ഒന്നും കണ്ടില്ലെന്നു നടിച്ചു നിസ്സംഗത പാലിയ്ക്കാന്‍ ദൈവങ്ങള്‍ പോലും ശീലിച്ചിരിയ്ക്കുന്നു..

സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഒന്നു മാത്രമെ നിറഞ്ഞു നില്‍ക്കുന്നുള്ളു.. ധനം..! അതിന്റെ പുറകെ ആസക്തിയോടെ പായുന്നവരുടെ ഒരിയ്ക്കലും തീരാത്ത മോഹങ്ങളും മോഹഭംഗങ്ങളും മാത്രമെ വിഷയമാകുന്നുള്ളു.... ചങ്ങലക്കുതന്നെ ഭ്രാന്തു പിടിച്ചിരിയ്ക്കുന്നു.. പിന്നെ സമൂഹത്തിന്റെ കാര്യം പറയണോ. .!

ബൂലോകത്തു തന്നെ നോക്കു.. എഴുതാന്‍ ഒരു പാടു വിഷയങ്ങള്‍ ചുറ്റിലും. പക്ഷെ പലരും എഴുതുന്നില്ല.. അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ്‌ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ അപ്രീതി പിടിച്ചു വാങ്ങി ബൂലോകത്ത്‌ കഷ്ടപ്പെട്ടു നേടിയേടുത്ത മാന്യതയുടെ പരിവേഷം കളഞ്ഞുകുളിയ്ക്കാന്‍ മടി തോന്നുന്നത്‌ സ്വഭാവികം.. മാസാമാസം അരങ്ങേറുന്ന ബൂലോകമീറ്റുകള്‍ , പഴയകാല സിനിമകളുടെ റീമേക്കുകള്‍ , ഇങ്ങിനെ അല്‍പ്പം മസാലയും കോമഡിയുമൊക്കെ ചേര്‍ത്ത്‌ പൊലിപ്പിച്ചെഴുതുതാന്‍ ഒരുപാട്‌ ഈസി വിഷയങ്ങള്‍ മുന്നില്‍ കിടക്കുമ്പോള്‍ വെറുതെ എന്തിനാ ചുണ്ണാമ്പു തൊട്ട്‌ കൈപൊള്ളിക്കാന്‍ ഒരുങ്ങുന്നത്‌. !

രാജാവ്‌ നഗ്നനാണ്‌ എന്ന സത്യം വിളിച്ചു പറയണമെങ്കില്‍ നിഷ്ക്കളങ്കമായൊരു മനസ്സ്‌ വേണം, ഒപ്പം ചീറിപാഞ്ഞടുക്കുന്ന കാട്ടുനീതിയുടേ കരാളഹസ്തങ്ങള്‍ക്കു നേരെ വളയിട്ട ദുര്‍ബല കരങ്ങള്‍ ഉയര്‍ത്തി സ്ത്രൈണത നിറഞ്ഞതെങ്കിലും ഉറച്ച സ്വരത്തില്‍ "മാ നിഷാദാ.." എന്നുറക്കെ വിളിച്ചുപറയണമെങ്കില്‍ തെസ്‌നി ബാനുവിനെപോലെ അസാധാരണ തന്റേടവും വേണം.. ഈ രണ്ടും ഗുണങ്ങളും എച്ചുമുക്കുട്ടിയിടെ ഓരോ പോസ്റ്റിലും നിറഞ്ഞുനില്‍ക്കുന്നു..

"എല്ലാവരും തോക്കും കുന്തവും എടുക്കുന്ന ഒരു കാലം വരും.." ഈ വാചകം വായിച്ചു കിടുങ്ങി പോയി ഞാന്‍.... ഒരു പുരുഷനായ എനിയ്ക്ക്‌ എതെങ്കിലുമൊരു പോസ്റ്റില്‍ ഇത്രയും തന്റേടത്തോടെ ഒരു വാചകം എഴുതാന്‍ കഴിയുന്നില്ലല്ലൊ എന്നോര്‍ത്തു സ്വയം ചെറുതാവുന്നതുപോലെ തോന്നി.. അല്ലെങ്കിലും ജീവിതസഖിയെ വസ്ത്രാക്ഷേപം ചെയ്തപമാനിയ്ക്കാന്‍ ശ്രമിച്ച ദുശ്ശാസനനന്റെ കുടല്‍മാല പിളര്‍ന്നെടുത്ത ഭാരത്തിലെ മഹാപുരുഷന്‍മാരുടെ കഥകളൊക്കെ വെറും പഴംക്കഥകളായി മാറി.. കലാലയത്തിലെത്തുമ്പൊഴെ വരിയുടച്ച്‌ അരാക്ഷ്ട്രീയവല്‍ക്കരിയ്ക്കപ്പെട്ട്‌ മനസ്സില്‍ രാഷ്ട്രീയ ഷണ്ഢത്വം പേറുന്ന ഒരു തലമുറയാണ്‌ വര്‍ഷങ്ങളായി നമ്മുടെ മുന്നിലേക്കു കടന്നു വരുന്നത്‌. താനുമായി നേരിട്ടു ബന്ധമില്ലാത്ത ഒന്നിനോടും പ്രതികരിയ്ക്കാതെ ഉള്ളിലേയ്ക്ക്‌ തല വലിയ്ക്കുന്നു അവര്‍. ആമയുടെ പുറംതോടിനേക്കാള്‍ കട്ടിയായിരിയ്ക്കും അവരണിഞ്ഞിരിയ്ക്കുന്ന ആധുനികതയുടെ മേലങ്കിയ്ക്ക്‌..

ആലുക്കാസ്‌, അറ്റ്‌ലസ്‌, കല്യാണ്‍ , സ്വര്‍ണ്ണം, വസ്ത്രം, ഫേഷന്‍ .. ഇതൊക്കയാകും കാശുള്ള വീട്ടിലെ നാലുപെണ്ണുങ്ങള്‍ കൂടുമ്പോളുള്ള ചര്‍ച്ചാവിഷയങ്ങള്‍ എന്നു നാം കളി പറയാറില്ലെ,.. ഇക്കാര്യത്തില്‍ ഞങ്ങള്‍ ആണുങ്ങളും ഒട്ടും പുറകിലല്ല. പുതിയ ഇനം കാറുകള്‍ , മൊബയിലുകള്‍ , മറ്റു ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ , സിനിമാതാരങ്ങളുടെ സ്വകാര്യങ്ങള്‍ , പെണ്‍വാണിഭവാര്‍ത്തകള്‍ ... അല്‍പ്പം ജീവിതസൗകര്യങ്ങളൊക്കെ ആയിക്കഴിയുമ്പോള്‍ ഞങ്ങള്‍ ആണുങ്ങളുടെ സംഭാഷണങ്ങളിലും ഈ മെയില്‍ സന്ദേശങ്ങളിലും ഇതൊക്കെ മാത്രമെ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കാറുള്ളു. ഏതെങ്കിലും അശ്ലീലസന്ദേശത്തില്‍ ആര്‍ത്തവരക്തത്തെക്കുറിച്ചുള്ള പരമാര്‍ശം കാണുമ്പോഴായിരിയ്ക്കും ഒരു കാലത്ത്‌ ചുവപ്പു നിറം മാത്രമെ സ്വപ്നങ്ങളില്‍ നിറഞ്ഞുനിന്നിരുന്നുള്ളു എന്ന ചിന്ത തെല്ലുനേരമെങ്കിലും മനസ്സിനെ അലസോരപ്പെടുത്തുക.

ലാളിത്യം, സഹാനുഭൂതി, കാരുണ്യം ഈ വാക്കുകളുടെയൊക്കെ അര്‍ത്ഥം മറക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു എല്ലാവരും. മറ്റൊരാളുടെ ജീവിതവും പ്രശ്നങ്ങളും മനസ്സിലാവുന്നില്ല എന്നു മാത്രമല്ല, അതിനുവേണ്ടി ഒന്നു ശ്രമിയ്ക്കാന്‍, ചുറ്റുപാടുകളെ ഒന്നു നിരീക്ഷിയ്ക്കാന്‍ പോലും തയ്യാറാകാത്തവിധം സ്വാര്‍ത്ഥരായി മാറിയിയ്ക്കുന്നു നമ്മള്‍ .. പ്രത്യേകിച്ചും വിദ്യാസമ്പന്നര്‍ .!

പൊള്ളിയ്ക്കുന്ന ഇത്തരം പരമാര്‍ത്ഥങ്ങള്‍ പലപ്പോഴും എച്ചുമുവിന്റെ വരികളിലൂടെ മിന്നലായി ഹൃദയത്തിലേയ്ക്കു പതിയ്ക്കുന്നു.. കുറ്റബോധം ഇടിമുഴക്കമായി ഹൃദയഭിത്തികളെ പ്രകമ്പനം കൊള്ളിയ്ക്കുന്നു.

കൊച്ചുകൊച്ചു കാര്യങ്ങളുടെ തമ്പുരക്കന്മാരുടെ കഥകള്‍ മറ്റാരെങ്കിലും പറയട്ടെ,.. രംഗോബതി,. ഫൂല്‍മതി... അശരണരും നിരക്ഷരരുമായ ഉത്തരേന്ത്യന്‍ സ്ത്രീത്വത്തിന്റെ കഥകള്‍ .. ഇനിയും ഇത്തരംജീവിതയാഥാര്‍ത്ഥ്യങ്ങളുടേ നേര്‍ചിത്രങ്ങള്‍ വരച്ചുകാട്ടണം.. തീര്‍ത്തും അരക്ഷിതാവസ്ഥയിലുള്ള ജീവിതം നയിയ്ക്കുമ്പോഴും നിഷ്കളങ്കമായ മനസ്സില്‍ സ്നേഹവും, നല്ല നാളയെക്കുറിച്ചുള്ള പ്രതീക്ഷകളും ഒപ്പം വിപ്ലവവീര്യവും കാത്തു സൂക്ഷിയ്ക്കുന്ന വലിയ വലിയ കാര്യങ്ങളുടെ തമ്പുരാട്ടിമാരുടെ ജീവിതം... "കഥയല്ലിതു ജീവിതവും" സീരിയലുകളും കണ്ട്‌ കണ്ണു മടുത്ത നമ്മുടെ വീട്ടമ്മമാര്‍ക്ക്‌ ഒരു പുതുമയാകും അത്‌. പുതിയതായി എന്തെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയും..

പുരുഷന്മാരോട്‌ താണും കേണും അപേക്ഷിച്ചും സംവരണനിയമം വഴി നേടിയെടുക്കേണ്ടതല്ല സ്ത്രീയുടെ അവകാശങ്ങളും സ്വാതന്ത്യവും. പടപൊരുതി ജയിച്ചു പിടിച്ചെടുക്കെണ്ടതാണ്‌. സത്യത്തില്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരു മാറ്റം വരുത്താന്‍, സമാധനപരമായി പട നയിയ്ക്കാന്‍ സ്ത്രീകള്‍ക്കു മാത്രമെ കഴിയു.. ഒരു രൂപയ്ക്ക്‌ അരി നല്‍കി അതു പാകം ചെയ്തെടുക്കാന്‍ എണ്ണൂറ്റിയമ്പതു രൂപയുടെ പാചകവാതകം വാങ്ങിയ്ക്കാന്‍ പറഞ്ഞ്, പട്ടാപകല്‍ മനുഷരെ കഴുതകളാക്കി പരസ്യമായി കൊള്ളയടിച്ച്‌ കോര്‍പരേറ്റു തമ്പുരക്കന്മാരുടെ കീശ നിറച്ച്, അതില്‍ നിന്നുമുതിര്‍ന്നുവീഴുന്ന നാണയത്തുട്ടുക്കള്‍ നക്കിയെടുക്കാന്‍ ഒരുങ്ങി, നാവു നുണഞ്ഞ്‌ വാലാട്ടി നില്‍ക്കുന്ന ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളുടെ ആസ്ഥാന മന്ദിരങ്ങളിലേയ്ക്ക്‌ ഭാരതത്തിലെ വീട്ടമ്മമാര്‍ ഒന്നിച്ചു മാര്‍ച്ചു ചെയ്യണം... തോക്കും ബോംബും ഒന്നും ആവശ്യമില്ല.. അടുക്കളയിലെ കറിക്കത്തി മാത്രം കരുതിയാല്‍ മതി കയ്യില്‍ .. ഭരണകേന്ദ്രത്തില്‍ തലപ്പാവും വെച്ച്‌ തലയും കുനിച്ച്‌ മൂങ്ങയ്ക്കു സമാനം മൗനം പാലിയ്ക്കുന്ന ആ മഹാനായ ഭരണത്തലവന്‍ പേടിച്ചു വിറയ്ക്കാന്‍ അതു തന്നെ ധാരാളം.. ആ സത്യം ഘടകകക്ഷികളൊക്കെ എന്നോ മനസ്സിലാക്കിക്കഴിഞ്ഞു...!

വെറുതെ ഒരു കമെന്റെഴുതിതുടങ്ങിയ ഞാന്‍ എന്തൊക്കെ എഴുതിക്കൂട്ടി അല്ലെ ! അറിയില്ലെനിയ്ക്ക്‌, ആറ്റിക്കുറുക്കി, കയ്യടക്കത്തോടെ എഴുതാന്‍ ഇനിയും പഠിയ്ക്കേണ്ടിയിരിയ്ക്കുന്നു..

അല്ലെങ്കില്‍ത്തന്നെ തരം കിട്ടിയാല്‍ തറയും തരികിടയും മസാലയുമൊക്കെ ചേര്‍ത്ത്‌ പോസ്റ്റൊരുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന കൊല്ലേരിയ്ക്ക്‌ ഇതൊക്കെ പറയാന്‍ എന്തവകാശം .? ഓര്‍ത്തുനോക്കിയാല്‍ അതും ശരിയാണ്‌,.. ഇല്ല, ഇനി ഞാന്‍ ഒന്നും പറയുന്നില്ല..

എന്നാലും ഒന്നു ചോദിച്ചോട്ടെ എച്ചുമു..? പാട്ടോര്‍മ്മ.. ആശ.. ഫൂല്‍മതി.. ഇപ്പോഴിതാ എന്റെ കൂട്ടുകാരന്‍.. ധമാക്ക.. എങ്ങിനെ ഇങ്ങിനെ തുടര്‍ച്ചയായി നല്ലപോസ്റ്റുകള്‍ മാത്രം ഒരുക്കാന്‍ കഴിയുന്നു..? അറിയാം ഇതൊരു വരദാനമാണ്‌. അക്ഷരദേവതയുടെ വരദാനം.. ലോകം മുഴുവന്‍ പരന്നു കിടക്കുന്ന ഭൂമിമലയാളത്തിന്റെ ഏതു കോണില്‍നിന്നാണ്‌ എച്ചുമു പോസ്റ്റുകളൊരുക്കുന്നത്‌ എന്നറിയില്ലെനിയ്ക്ക്‌.. എന്നാലും ഒന്നു ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ സമയം അനുസരിച്ച്‌ അര്‍ദ്ധരാത്രിയുടെ നിശ്ശബ്ദതയെ സാക്ഷി നിര്‍ത്തിയാണ്‌ എച്ചുമുവിന്റെ കുറെ നല്ല പോസ്റ്റുകള്‍ പിറന്നുവീണിട്ടുള്ളത്‌.. ഉറക്കമൊളിച്ചിരുന്നു പഠിയ്ക്കാനൊരുങ്ങുന്ന കുട്ടിയ്ക്ക്‌ അമ്മയെന്നപോലെ, സര്‍ഗ്ഗവേദനയാല്‍ ഉറക്കം നഷ്ടപ്പെട്ട്‌ വിങ്ങുന്ന മനസ്സിന്‌ സാന്ത്വനം പകരുന്ന തോഴിയെന്നപോലെ അക്ഷരദേവതയും ഒപ്പം കൂട്ടിരിയ്ക്കുന്നുണ്ടാവും അല്ലെ. അതുകൊണ്ടായിരിയ്ക്കാം എഴുത്തിന്‌ ഇത്രയും ചാരുത കൈവരുന്നത്‌.

വായ്‌പ്പാട്ടു പാടാനല്ല, പകരം കീബോഡില്‍ തംബുരു മീട്ടി മോണിട്ടറില്‍ വരമൊഴിയിലൂടെ അക്ഷരക്കച്ചേരി ഒരുക്കാനാണ്‌ എച്ചുമുവിന്റെ നിയോഗം... എഴുതു... ഏകാഗ്രതയോടെ എഴുതിക്കൊണ്ടേയിരിയ്ക്കു..

അമ്മീമ്മയോടു പറഞ്ഞ്‌ കടുകും മുളകും ഉഴിഞ്ഞിടീച്ചോളു, കണ്ണു തട്ടാതിരിയ്ക്കട്ടെ.. വാഗ്‌ദേവതയുടെ, ഗുരുകാരണവന്‍മാരുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും കൂടെ..

ശുഭാശംസകള്‍ ..

കൊല്ലേരി തറവാടി
18/07/2011


എച്മുവിന്റെ പോസ്റ്റുകൾ ഇവിടെ വായിക്കാം..