Monday, December 27, 2010

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ...

ഈ കുറിപ്പൊരു നന്ദിപ്രകടനം മാത്രമാണ്‌.... ബൂലോകത്തെ എന്റെ തറവാട്ടിലേയ്ക്ക്‌ സന്ദര്‍ശനം നടത്തിയ എല്ലാരോടും നന്ദി അറിയിക്കാന്‍ മാത്രമായി കുറിയ്ക്കപ്പെടുന്നതാണ്‌ ഈ വരികള്‍..

ഒരു വര്‍ഷം കൂടി കടന്നുപോകുന്നു.. ഇതു തിരിഞ്ഞുനോട്ടത്തിന്റെ സമയം പുതിയ തീരുമാനങ്ങളെടുക്കാനുള്ള അവസരം.

"നിര്‍ത്തി എല്ലാം നിര്‍ത്തി.. ഒന്നാം തിയ്യതി വരെ മാത്രം.. പിന്നെ ഇനി ജീവിതത്തിലൊരിയ്ക്കലുമില്ല..." മൂന്നാലു ദിവസം മാത്രം ബാക്കി എന്ന എക്സ്‌ക്യൂസുമായി തങ്ങളുടെ പ്രിയപ്പെട്ട ശീലക്കേടുകള്‍ ആസക്തിയോടെ ആസ്വദിച്ചു തീര്‍ക്കുന്ന തിരക്കില്‍"പട്ടിയുടെ വാല്‌ പന്തിരാണ്ടുകാലം കുഴലിലിട്ടാലും..." എന്ന പഴമൊഴി താല്‍ക്കാലികമായിട്ടെങ്കിലും നമുക്കു മറക്കാം..

2010 വ്യക്തിപരമായി എനിയ്ക്ക്‌ വിസ്മയത്തിന്റെ വര്‍ഷമാണ്‌..

മണ്‍കുടിലിന്റെ ഇത്തിരിവട്ടത്തില്‍ പുകപരത്തി മുനിഞ്ഞുകത്തി ഇത്തിരിവെട്ടം പരത്തുന്ന മണ്ണെണ്ണവിളക്ക്‌ ജനലിലൂടെ വിശാലമായ ആകാശത്തില്‍ പ്രഭപരത്തി നില്‍ക്കുന്ന പൂര്‍ണചന്ദ്രനെ നോക്കികാണുന്ന അതേ അത്ഭുതത്തോടെ, ഇത്തിരി അസൂയയോടെ ആണ്‌ ഞാനും ഈ 'ബൂലോകത്തെ" നോക്കികണ്ടിരുന്നത്‌..

ആ "ബൂലോകത്ത്‌" തോന്നുന്നതെല്ലാം കുറിച്ചിടാന്‍ എനിയ്ക്കും കുറച്ചു സ്ഥലം പതിച്ചുകിട്ടുക..!

അവിടെ ഞാന്‍ കുറിച്ചിട്ട വരികളിലൂടെ ആയിരത്തിനു താഴെ മാന്യജനങ്ങള്‍ കണ്ണോടിയ്ക്കുക,..അതില്‍തന്നെ നൂറില്‍പ്പരമാളുകള്‍ എന്തെങ്കിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക...!

ഇതെല്ലാം മഹാത്ഭുതമായി മാത്രമേ ഇപ്പോഴുമെന്റെ മനസ്സിനുള്‍ക്കൊള്ളാന്‍കഴിയുന്നുള്ളു..

വാരന്ത്യവും വാരാദ്യവും തമ്മിലുള്ള അന്തരമെന്തെന്നറിയാത്ത, ആഘോഷങ്ങള്‍ക്കെല്ലാം അവധി കൊടുത്ത്‌... മരുഭൂമിയുടെ നടുവില്‍... കാതടപ്പിയ്ക്കുന്ന ശബ്ദത്തില്‍ ഇരമ്പുന്ന യന്ത്രങ്ങള്‍ക്കിടയിലൂടെ ഉരുകിയൊഴുകുന്ന നിര്‍ജ്ജീവമായ പ്ലാസ്റ്റിക്കിനെ പോലെ വിചാരവികാരങ്ങള്‍ നഷ്ടപ്പെട്ട തീര്‍ത്തും നിസ്സംഗരായി ജോലിചെയ്യുന്ന ഒരുപറ്റം മനുഷ്യരുടെ ഇടയില്‍, അവരില്‍ ഒരാളായി നിത്യവും പന്ത്രണ്ടുമണിക്കൂര്‍ ചിലവഴിയ്ക്കുന്ന ഒരു സാധാരണ പ്രവാസിയാണ്‌ ഞാന്‍.

യാത്രയ്ക്കായി പിന്നേയും രണ്ടുമണിക്കൂര്‍... ഉറക്കത്തിനായി ആറുമണിക്കൂര്‍... പിന്നെ എന്തെങ്കിലും ചെയ്യാനായി ബാക്കി കിട്ടുന്നത്‌ നാലുമണിക്കൂര്‍ മാത്രം.. എത്രയൊക്കെ ചുരുക്കിയാലും പ്രാഥമികകാര്യങ്ങള്‍ക്കും ചിലവഴിയ്ക്കേണ്ടേ കുറച്ചു സമയം...! അതിനിടയില്‍ നിത്യവും നെറ്റിലും മറ്റും കയറാന്‍ എങ്ങിനെ കഴിയാനാണ്‌... പല.ബ്ലോഗുകളും തുറക്കാനോ വായിയ്ക്കാനോ,... എന്തിന്‌ എന്റെ ബ്ലോഗിലൂടെ കയറിയിറങ്ങുന്നവര്‍ക്ക്‌, അഭിപ്രായം രേഖപ്പെടുത്തുന്നവര്‍ക്ക്‌ ഒരു മറുപടി നല്‍കാന്‍... ഒരു നന്ദിവാക്കു പോലും എഴുതാന്‍ പറ്റാറില്ല.

ഇത്‌ ഒരഹങ്കാരമായി, അവഗണനയായി,. നന്ദികേടായി,.. ജാടയായിവരെ കരുതിയിരിയ്ക്കാം പലരും.... അങ്ങിനെ എന്നെ തെറ്റിദ്ധരിച്ചിരിയ്ക്കാം.....ആ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടിതന്നെയാണ്‌ ഇത്രയും നീണ്ട ഒരു വിശദീകരണത്തിനു ഞാന്‍ മുതിര്‍ന്നത്‌ ഒപ്പം ഈ വര്‍ഷം എന്റെ ബ്ലോഗിലൂടെ കയറിയിറങ്ങിയ എല്ലാവര്‍ക്കും നന്ദിപറയാനും.

ഇനിയും വീണുകിട്ടുന്ന ഇടവേളകളില്‍ വീണ്ടും ഞാന്‍ വരും, പഴാണെന്നൊ പതിരാണെന്നൊ നോക്കാതെ പലതും കുത്തിക്കുറിയ്ക്കും...ഒഴിവാക്കാന്‍ പറ്റാതായിരിയ്ക്കുന്നു എനിയ്ക്കീ ശീലം....

അതും ഈ ഗള്‍ഫ്‌ ബാച്ചിലര്‍ ജീവിതത്തിന്റെ ഒരു പ്രത്യേകതയാണ്‌.. പ്രാര്‍ത്ഥന, മദ്യം, സീരിയലുകള്‍ അടക്കമുള്ള TV പ്രോഗ്രാമുകള്‍. ഇന്റര്‍നെറ്റിന്റെ ലോകത്തുകൂടിയുള്ള സ്വയം മറന്നുള്ള യാത്രകള്‍. ഇന്റര്‍നെറ്റ്‌ വന്നതോടെ നീലചിത്രങ്ങളുടെ പ്രാധാന്യം കുറഞ്ഞുപോയി. ഇങ്ങിനെ നല്ലതും ചീത്തയുമായ എന്തെക്കിലുമൊന്നിന്റെ പുറകെ ആസക്തിയോടെ അലയാന്‍ വിട്ടാലെ ഒരുപാടുവര്‍ഷം ഗള്‍ഫില്‍ താമസ്സിയ്ക്കേണ്ടി വരുന്ന ഒരു സാധാരണമനുഷ്യന്‌ അവന്റെ മനസ്സിനെ ബാലന്‍സ്‌ചെയ്തുനിര്‍ത്താന്‍ കഴിയു... അത്രയ്ക്കും വിരസവും അരോചകവുമാണ്‌ ഇവിടത്തെ ജീവിതം. നൂറ്റാണ്ടുകളായി ഈ അന്തരീക്ഷത്തില്‍ പാറിപറന്നുനടക്കേണ്ടിവന്നതിനാലാകാം പാവം മണല്‍ത്തരികള്‍ ഇത്രയും നിറംകെട്ടു അനാകര്‍ഷകമായിപോയത്‌....

സത്യത്തില്‍ വരമൊഴിയിലേയ്ക്കുള്ള എന്റെ യാത്രയും ഒരു തരം രക്ഷപ്പെടലായിരുന്നു.. പരിധികളും പരിമിതികളും അറിയമായിരുന്നു,.. എന്നിട്ടും രണ്ടുകല്‍പ്പിച്ച്‌ ഞാനിറങ്ങിപുറപ്പെടുകയായിരുന്നു... അതിനെന്നെ പ്രേരിപ്പിച്ചതും സഹായിച്ചതും വിനുവേട്ടന്‍, ജിമ്മി, ആന്റണി, അനില്‍, അരുണ്‍, പപ്പന്‍, റിജു തുടങ്ങി ഒരുപാട്‌ നല്ല സുഹൃത്തുക്കളാണ്‌....

ബൂലോകത്തു സജീവമല്ലെങ്കിലും ബൂലോകവാസികളുടെ വിശേഷങ്ങള്‍ എന്റെ ചെവിയിലുമെത്താറുണ്ട്‌. ഈ വര്‍ഷം സാഹിത്യരംഗത്ത്‌ ബൂലോകവാസികള്‍ നേടിയെടുത്ത സ്ഥാനമാനങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍.. ഇങ്ങിനെ ഉയര്‍ച്ചയുടെ കഥകള്‍.. ഒപ്പം ഹൃദയത്തില്‍ നൊമ്പരം പടര്‍ത്തിയ ചില ദുരന്തവാര്‍ത്തകളും.... ജീവിതം അങ്ങിനെയല്ലെ ഒരിടത്തു ജനനം. ഒരിടത്തു മരണം.. ഇതിനിടയില്‍ ചുമലില്‍ ജീവിതഭാരവും താങ്ങിയുള്ള യാത്ര.

കാലത്തിനെ മനക്കണക്കുകളിലൊതുക്കി പന്ത്രണ്ടു മാസങ്ങളുള്ള വര്‍ഷങ്ങളുടെ കലണ്ടറൊരുക്കി ബുദ്ധിയും വിവേചനശേഷിയുമുള്ള മനുഷ്യന്‍.!.."ഈ വര്‍ഷം മോശമായാലെന്താ, അടുത്ത വര്‍ഷം ഗംഭീരമായിരിയ്ക്കും"..ഒരിയ്ക്കലും മങ്ങാത്ത ശുഭപ്രതീക്ഷകളും സ്വയം സൃഷ്ടിച്ചെടുത്ത കാലനിര്‍ണ്ണയകണക്കുകളുമായി ഇത്രയും കരുതലോടെ,.ഉത്‌കണ്ഠയോടെ ജീവിതാന്ത്യംവരെ ചുവടുകള്‍ വെയ്ക്കുന്ന മറ്റേതെങ്കിലും ജീവജാലമുണ്ടാകുമോ ഈ ഭൂമിയില്‍!...എന്നിട്ടും പലപ്പോഴും ചുവടുകള്‍ പിഴയ്ക്കുന്നു.കാലിടറിവീഴുന്നു..!.പക്ഷെ ഒരു നിമിഷത്തെ പതറിച്ചയ്ക്കുശേഷം പിടഞ്ഞെഴുന്നേറ്റ്‌ വീണ്ടും ഒരു ചെറുപുഞ്ചിരിയുമായി യാത്ര തുടരുന്നു.! ഇന്നും ഇന്നലേയും തുടങ്ങിയതല്ലല്ലോ ഈ ജീവിതനാടകം.!

ഈ കുറിപ്പ്‌ വേണമെങ്കില്‍ എനിയ്ക്ക്‌ ഇവിടെ വെച്ചവസാനിപ്പിയ്ക്കാമായിരുന്നു...

വിഷയത്തില്‍ നിന്നും വിഷയത്തിലിലേയ്ക്കു തെന്നിമാറി കാടുകയറി വിരസവും അരോചകവുമാക്കി വായനാസുഖം നശിപ്പിയ്ക്കുന്ന എന്റെ രീതി മാറ്റണമെന്ന്‌ ഉഷയ്ക്ക്‌ നമ്പ്യാരെന്നപോലെ, ടിന്റുവിന്‌ ഉഷയെന്നപോലെ, ബ്ലോഗെഴുത്തില്‍ എന്റെ ഗുരുവായ വിനുവേട്ടന്‍ എപ്പോഴും എന്നെ ഉപദേശിയ്ക്കാറുണ്ട്‌... പക്ഷെ പറഞ്ഞിട്ടെന്തുഫലം..! ശീലിച്ചതല്ലെ പാലിയ്ക്കാന്‍ കഴിയൂ..! കാടുകയറി ശീലമുള്ളവന്‍ കാടുകയറിയല്ലേ അടങ്ങൂ...!

2010 ഭാരതത്തിനും വിസ്മയകരമായ വര്‍ഷം തന്നെയായിരുന്നു.... കോടാനുകോടി ഭാരതിയരെ ഒറ്റയടിയ്ക്കു സമ്പന്നരാക്കിയ വര്‍ഷം.... പണ്ടൊക്കെ അമ്പതിനായിരംരൂപയുടെ ചെക്കെഴുതേണ്ടിവരുമ്പോള്‍ ഒരു നാലുതവണയെങ്കിലും അതിലെ അക്കങ്ങള്‍ എണ്ണിനോക്കുമായിരുന്നു ഞാന്‍.. ഇന്ന്‌ 176 ആയിരംകോടി രൂപ(1760000000000) എന്ന്‌ എത്ര ലാഘവത്തോടെ എഴുതാന്‍ കഴിയുന്നു.. ഇതെന്റെ മാത്രം അവസ്ഥയല്ല... ഓരോ ഭാരതീയന്റെയും അവസ്ഥയാണ്‌...

ലോകരാഷ്ട്രങ്ങള്‍ അത്ഭുതത്തോടെ അതിലേറെ അമ്പരപ്പോടെയാണ്‌ നമ്മെ നോക്കികാണുന്നത്‌....

ഇത്രയും വലിയൊരിടപാടിനെ തികഞ്ഞ നിസ്സംഗതയോടെ, ലാഘവത്തോടെ സമീപിയ്ക്കുന്ന ഒരു ജനത...! വലതുകയ്യുകൊണ്ട്‌ ചെയ്യുന്ന അഴമതിയെ ഇടതുകയ്യുകൊണ്ടു പരസ്യമായി മറയ്ക്കുന്നതു നിഷ്ക്രിയരായി നോക്കിക്കാണാനും ക്ഷമിയ്ക്കാനും സഹിയ്ക്കാനും ശീലിച്ചുപോയ ജനത...!

ഇത്തരമൊരു ജനതയെ ഇന്ത്യയില്ലതെ ലോകത്ത്‌ മറ്റെവിടെയാണ്‌ കാണാന്‍ കഴിയുക. താന്‍ മഹാത്മഗാന്ധിയെ വല്ലാതെ ആരാധിയ്ക്കുന്നു എന്ന്‌ ഒബാമ പറഞ്ഞതിന്റെ പൊരുളും മറ്റൊന്നയിരിയ്ക്കില്ല.......

ആദ്യം അമേരിക്ക, പുറകെ ചൈന, ഫ്രാന്‍സ്‌, റഷ്യ..... ഇങ്ങിനെ രാഷ്ട്രതലവന്മാര്‍ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിയ്ക്കുന്നു.. തികച്ചുംസ്വാഭാവികം...നിറയെ ഫലങ്ങളുള്ള വൃക്ഷത്തിന്റെ ശിഖരിങ്ങള്‍ ലക്ഷ്യമാക്കിയല്ലേ പക്ഷികള്‍ പറന്നു വരൂ.

ഇനിയും ഒരുപാടു പേര്‍ വരും ഒരുപാടു ഫലങ്ങള്‍ ഭക്ഷിയ്ക്കും.. അതിനിടെ നമ്മുടെ തലയിലേയ്ക്ക്‌ കാഷ്ടിച്ചെന്നും വരും. കരുതിയിരിയ്ക്കുക. എല്ലാവര്‍ക്കും എപ്പോഴും തലപ്പാവും ധരിച്ച്‌, തലയും കുനിച്ചു മൂകരായി നടക്കാന്‍ കഴിയില്ലല്ലോ.

ഒരുപാട്‌ ഇടപാടുകള്‍ ഇനിയും നടക്കും... ക്ഷമയുടെയും സഹിഷ്ണുതയുടെയും മാതൃകകളായി മാറി ലോകത്തെ വിസ്മയിപ്പിയ്ക്കാന്‍ ഒരുപാട്‌ അവസരങ്ങള്‍ നമുക്കു കൈവരും.. അങ്ങിനെ 2011 ഒരു നല്ല വര്‍ഷമായിരിയ്ക്കും.. ഭാരതത്തിന്റെ യശസ്സ്‌ വീണ്ടുമുയരും......

ആരോടാണ്‌ നന്ദി പറയേണ്ടത്‌...!

നന്ദിപറയേണ്ടത്‌... എല്ലാറ്റിനും നന്ദി പറയേണ്ടത്‌..... നമ്മുടെ പ്രധാനമന്ത്രിയോടുതന്നെ....

എല്ലാവര്‍ക്കും ശുഭവര്‍ഷം നേര്‍ന്നുകൊണ്ട്‌...


നന്ദിപൂര്‍വ്വം

കൊല്ലേരി തറവാടി

Sunday, December 12, 2010

ഒരു തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയുടെ ഓര്‍മ്മയ്ക്ക്‌...

23-10-2010- ശനിയാഴ്ച...


പരോള്‍ കാലാവധി തീരാന്‍ പോകുന്നു.... ഒരു തിരിച്ചുപോക്കിനുകൂടി സമയമായി.

എത്ര പെട്ടന്നാണ്‌ ദിവസങ്ങള്‍ കടന്നുപോയത്‌..ഇനി ശേഷിയ്ക്കുന്ന മൂന്നു ദിവസങ്ങളില്‍നാളെയും മറ്റന്നാളും മാളുവിന്‌ എലക്ഷന്‍ ഡ്യൂട്ടി...പിന്നെ സ്വന്തമായുള്ളത്‌ ഒരു ദിവസം മാത്രം....

ബുധനാഴ്ച വെളുപ്പിന്‌ ഗള്‍ഫ്‌ എയറില്‍ വീണ്ടും മരുഭൂമിയിലെ വരണ്ട കാറ്റില്‍ ലക്ഷ്യമില്ലാതെ അലയുന്ന മണല്‍തരികളൊന്നായിമാറുന്ന മനസ്സുമായി അലയാനുള്ള ഒരു യാത്രകൂടി....എത്രവര്‍ഷമായി ഈ തനിയാവര്‍ത്തനം തുടങ്ങിയിട്ട്‌...

ആലോചിയ്ക്കുമ്പോള്‍ മനസ്സ്‌ വല്ലാതെ അസ്വസ്ഥമാകുന്നു......

കുറച്ചുനേരമായി സിറ്റൗട്ടിലെ ചെയറില്‍ തളര്‍ന്നിരിയ്ക്കാന്‍ തുടങ്ങിയിട്ട്‌..മടക്കയാത്രയ്ക്കുള്ള സമയമടുക്കുമ്പോള്‍ എപ്പോഴും ഉള്ളതാണ്‌ കുട്ടന്‌ ഇത്തരം വിമ്മിഷ്ടങ്ങള്‍.

"മടങ്ങിപോകാന്‍ മനസ്സുവരുന്നില്ല അല്ലെ"... എന്ന ചോദ്യവുമായി ആകാശത്തു പൂര്‍ണ്ണചന്ദ്രന്‍ ആര്‍ദ്രതയോടെ തന്നെനോക്കി പുഞ്ചിരിച്ചു...ശരിയാണ്‌ റംസാന്‍പിറ കണ്ട നാള്‍ വന്നിറങ്ങിയതാണ്‌...പിന്നെ ഒരു പൗര്‍ണ്ണമിയും അമാവാസിയും കഴിഞ്ഞ്‌ അടുത്ത പൗര്‍ണ്ണമി ആയിരിയ്ക്കുന്നു..തിരിച്ചു പോകാന്‍ ശരിയ്ക്കും വൈകിയിരിയ്ക്കുന്നു ഇത്തവണ...

പാവം മാളു,. കിച്ചണില്‍ അവള്‍ ഒറ്റയ്ക്ക്‌ .....സാധാരണ ഈ സമയത്ത്‌ അവളെ സഹായിച്ചുകൊണ്ട്‌ ആ സാമീപ്യത്തില്‍ ലയിച്ച്‌ നില്‍ക്കാറുള്ളതാണ്‌...വര്‍ഷത്തില്‍ ഒരുമാസം മാത്രം വീണുകിട്ടുന്ന ദാമ്പത്യനിമിഷങ്ങളിലൊന്നുപോലും മിസ്‌ ആവരുതെന്ന്‌ വല്ലാത്ത നിര്‍ബന്ധമാണ്‌ രണ്ടുപേര്‍ക്കും .

പാത്രം ക്ലീന്‍ ചെയ്യലാണ്‌ ആകെ അറിയാവുന്ന അടുക്കളജോലി.

"കുട്ടേട്ടന്‌ പാത്രം കഴുകാന്‍ ഒരു ടാങ്ക്‌ വെള്ളം വേണം..ഒരു വര്‍ഷത്തെ വെള്ളം മുഴുവന്‍ ഒരു മാസംകൊണ്ടു ഉപയോഗിച്ചു തീര്‍ക്കും.."..

മാളുവിന്റെ തമാശ കലര്‍ന്ന ആ പരാതിയില്‍ കാര്യമില്ലാതില്ല."

"അതിനെന്താ മാളു ഒരിയ്ക്കലും വറ്റാത്ത അക്ഷയപാത്രം പോലെ ഒരു കിണറില്ലെ നമുക്കു സ്വന്തമായുള്ളത്‌.... ഭാഗ്യമല്ലെ കണ്ണാ അത്‌..."

സിങ്കിനുപകരം പടിഞ്ഞാറെ മുറ്റത്ത്‌ അലക്കുക്കല്ലിന്റെ ചുവട്ടിലെ പൈപ്പിന്റെ ചുവട്ടില്‍ പാത്രം ക്ലീന്‍ ചെയ്യുമ്പോഴാകും, ഏതാണ്ട്‌ ഒമ്പതരയോടെ വടക്കോട്ടുള്ള ഏതൊ ഒരു ഫ്ലൈറ്റ്‌ ഞങ്ങളുടെ വീടിന്റെ മുകളിലൂടെ എന്നും കടന്നുപോകുക....നെടുമ്പാശേരിയില്‍നിന്നും ടേക്ക്‌`ഓഫ്‌ കഴിഞ്ഞു സ്റ്റെഡി ആയി വേഗത കൈവരിയ്ക്കാന്‍ തുടങ്ങിയിട്ടെ ഉണ്ടാവു അതിനപ്പോള്‍...

എത്ര തവണ ഫ്ലൈറ്റില്‍ കയറിയിരിക്കുന്നു....എന്നിട്ടും ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടേ ഇന്നും ആകാശത്തേയ്ക്കു നോക്കിനില്‍ക്കുന്ന തന്റെ ശീലം ഇപ്പോഴുംതുടരുന്നു.

"അല്ലെങ്കിലും ഇത്രയൊക്കെയായിട്ടും കുട്ടേട്ടന്‌ ഏതു കാര്യത്തിലാ കൗതുകവും പുതുമയും വിട്ടു മാറിയിട്ടുള്ളത്‌...ഇപ്പോഴും ...."വാചകം മുഴിപ്പിയ്ക്കാന്‍ നില്‍ക്കാതെ കള്ളചിരിയുമായി നില്‍ക്കുന്ന മാളുവിന്റെ നാണം കാണാന്‍ വല്ലാത്ത ചന്തമായിരിയ്ക്കും ആ നിമിഷങ്ങളില്‍..

രാത്രി കനത്തു,.. മൂടല്‍മഞ്ഞിന്റെ കമ്പളം വാരിയണിഞ്ഞു..

രണ്ടുദിവസമായി മഴമേഘങ്ങള്‍ ഒഴിഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട്‌..പെയ്തുപെയ്തു മടുത്തിട്ടുണ്ടാകും.

ഒരിയ്ക്കലും അടങ്ങാത്ത ആസക്തികളാല്‍ കലുഷിതമായ മനുഷ്യമനസ്സുപോലെയായിരിയ്ക്കുന്നു എപ്പോഴും കാളിമ നിറഞ്ഞുകലങ്ങിമറഞ്ഞു വിതുമ്പിനില്‍ക്കുയായിരുന്നു കുറേ നാളുകളായി ആകാശം....

ന്യൂനമര്‍ദ്ദം-ഡിപ്രെഷന്‍...! പ്രകൃതിയുടെ മനോനിലപോലും തെറ്റാന്‍ തുടങ്ങിയിരിയ്ക്കുന്നു...കാലവര്‍ഷം....പിന്നെ തുലാവര്‍ഷം .ചുള്ളന്‍പയ്യന്റെ കുസൃതിഭാവങ്ങളുമായി നാടിന്റെ ഓരോമുക്കിലുംമൂലയിലും കറങ്ങി നടക്കുന്ന വൃശ്ചികക്കാറ്റും കരളില്‍ കുളിരുകോരി വിതറുന്ന മകരമഞ്ഞും.....ഉഷ്ണം ഉഷ്ണേന ശാന്തി എന്ന്‌ ആരും അറിയാതെ പറഞ്ഞുപോകുന്ന മീനമേടമാസങ്ങള്‍...ഋതുഭേദങ്ങള്‍ക്കും ഒരു കണക്കും ചിട്ടയും ഉണ്ടായിരുന്നു പണ്ട്‌.

കിച്ചണിലെ വെളിച്ചമണഞ്ഞു..വാച്ചിലേയ്ക്കു നോക്കി.....ഒമ്പതരയുടെ ഫ്ലൈറ്റ്‌ കടന്നുപോയിട്ട്‌ നേരം ഒരുപാടായിരിയ്ക്കുന്നു.....

"എന്തുപറ്റി കുട്ടേട്ടാ....തിരിച്ചുപോക്കിനെക്കുറിച്ചാലോച്ചിച്ചു വിഷമിയ്ക്കാന്‍ തുടങ്ങി.അല്ലെ.....എന്തിനാ കുട്ടേട്ടാ ഇങ്ങിനെ വെറുതെ മനസ്സു വിഷമിപ്പിയ്ക്കുന്നത്‌..ഇതവസാനത്തേതല്ലെ പിന്നെയൊരു തിരിച്ചുപോക്കില്ലല്ലൊ..

ഓരോ വെക്കേഷനും അവള്‍ക്കു കൊടുക്കാറുള്ളതാണീ ഉറപ്പ്‌` -ജീവിതത്തില്‍ ഇങ്ങിനെ പാലിയ്ക്കപ്പെടാതെ പോകുന്ന എത്രയെത്ര "മദര്‍ പ്രോമിസുകള്‍."....! .

നമുക്കുറങ്ങാം കുട്ടേട്ടാ,...നാളേ രാവിലെ എട്ടു മണിയ്ക്കു റിപ്പോര്‍ട്ടു ചെയ്യേണ്ടതല്ലെ......

ഇലക്ഷന്‍ ഡ്യൂട്ടിയുടെ ടെന്‍ഷന്‍ അവളുടെ വാക്കുകളില്‍ പ്രകടമായിരുന്നു....ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചതാണ്‌..പക്ഷെ, ഭംഗിയായി പരാജയപ്പെട്ടു..നാട്ടിലിപ്പോള്‍ ഇത്തരം കാര്യങ്ങളൊന്നും പഴയപോലെ എളുപ്പമല്ല എന്നു മനസ്സിലായതുമാത്രം മിച്ചം..!

ഉറങ്ങാം മാളു..പക്ഷെ അതിനുമുമ്പ്‌ മിനിയാന്നു മാമ്പഴത്തില്‍ കേട്ട,... പണ്ടു സ്കൂളില്‍വെച്ചു നീ പഠിച്ചിട്ടുള്ള ആ കവിത രണ്ടുവരിയെങ്കിലും....കുട്ടേട്ടന്റെ ടെന്‍ഷന്‍ മാറാന്‍ ....മനസ്സു ശാന്തമാകാന്‍.സ്വസ്ഥമയുറങ്ങാന്‍....

'പൂക്കുന്നിതാ മുല്ല,...പൂക്കുന്നിലഞ്ഞി....പൂക്കുന്നു തേന്മാവ്‌..പൂക്കുന്നശോകം....." ..

അവളുടെ മടിയില്‍ തലചായ്ച്ച്‌. വരികളിലുടെ ഈണത്തില്‍ ലയിച്ച്‌..ആ പൂക്കളുടെ സുഗന്ധം നുകര്‍ന്ന്‌..ചിരപരിചിതമായ ബെഡ്‌റൂമി ലാമ്പിന്റെ ഇളം ചുവപ്പാര്‍ന്ന മുഖകാന്തിയില്‍ തിളങ്ങുന്ന വെളുത്തമൂക്കുത്തിക്കല്ലില്‍ മിഴികളര്‍പ്പിച്ച്‌ മെല്ലെ,.മെല്ലെ ശാന്തിയുടെ തീരങ്ങളിലേയ്ക്ക്‌,...ഉറക്കത്തിന്റെ അഗാധതലങ്ങളിലേയ്ക്ക്‌..ഒരു ദിനാന്ത്യംകൂടി....

* * * * * * * * * * * * * * * * *

24-10-2010 ഞായറാഴ്ച...


രാവിലെ എട്ടുമണിയ്ക്കു തന്നെ ഇലക്ഷന്‍ഡ്യൂട്ടിയ്ക്കു തയ്യാറായി ഞങ്ങള്‍ എത്തി... ഒരു പൂരപ്പറമ്പിലെ തിരക്കായിരുന്നു ആ കലാലയാങ്കണത്തില്‍. ..

ഒരു ഒഴിവുദിനം നഷ്ടപ്പെട്ടതിന്റെ നിരാശ എല്ല മുഖങ്ങളിലും പ്രകടമായിരുന്നു...ബാലറ്റു സാമഗ്രികളുമായി വിവിധ പഞ്ചായത്തുകളിലെ ബൂത്തുകളിലേയ്ക്കു പോകാന്‍ തയ്യാറായി റോഡിലും കോളേജു കാമ്പസിലും നിരന്നുനില്‍ക്കുന്ന അമ്പതോളം ബസ്സുകള്‍...

ഏകദേശം ഇരുപത്തിയഞ്ചോളം കിലോമീറ്റര്‍ തെക്കുകിഴക്കുമാറി"ഹാരിസണ്‍ മലയാളം" പ്ലാന്റേഷന്റെ അതിര്‍ത്തിയിലുള്ള ഒരു കുഗ്രാമത്തിലയിരുന്നു മാളുവിനു ഡ്യൂട്ടിയുള്ള ബൂത്ത്‌.

പ്രിസൈഡിംഗ്‌ ഓഫിസര്‍ സുഷമാമേഡം,..പിന്നെ മാളുവിനെ കൂടാതെ പോളിംഗ്‌ ഓഫിസേര്‍സ്‌ ആയി പോളി മാഷ്‌, എലിസബത്ത്‌ ടീച്ചര്‍, ക്രിസ്റ്റി...അങ്ങിനെ ആറുപേര്‍,..ആ തിരക്കിനടയില്‍ നിന്നും ഇതിനുമുമ്പ്‌ പരിചയമില്ലാത്ത ഇവരയൊക്കെ കണ്ടുപിടിയ്ക്കാന്‍ ഒരു യജ്ഞം തന്നെ നടത്തേണ്ടി വന്നു.

എല്ലാം കഴിഞ്ഞു ബൂത്തിലേയ്ക്കു പോകാന്‍ രണ്ടു മണിയെങ്കിലും ആകും " ഈ രംഗത്തെ പഴമസ്വാമികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

മാളുവിനെ അവിടെ വിട്ട്‌ തല്‍ക്കാലം സ്ഥലം കാലിയാക്കുന്നതാണ്‌ ബുദ്ധി എന്നു മനസ്സിലായി...

മടക്കയാത്രയ്ക്കു മുമ്പ്‌ ചെയ്തുതീര്‍ക്കാന്‍ ഇനിയുമൊരുപാടു കാര്യങ്ങള്‍...ഇനിയും ബാക്കിയുള്ള ഒന്നുരണ്ടു ബന്ധുവീടുസന്ദരശനങ്ങളെങ്കിലും ഈ ഗ്യാപ്പില്‍ പൂര്‍ത്തിയാക്കാം...

"പോളിങ്ങ്ബൂത്തിലേയ്ക്കു പുറപ്പെടുന്നതിനു അരമണിക്കൂര്‍ മുമ്പ്‌ ഞാന്‍ വിളിയ്ക്കാം കുട്ടേട്ടന്‍ പോയ്ക്കൊള്ളു".മാളുവും സമ്മതിച്ചു.....

പക്ഷെ പതിനൊന്നരയായപ്പോഴേയ്ക്കും വിളി വന്നു..."

കണ്ടോ മാളു ....നമ്മുടെ ഭരണയന്ത്രത്തിന്റെ കാര്യക്ഷമത....പക്ഷെ ഇതിനൊക്കെയുള്ള അംഗീകാരം നാളെ പോളിങ്ങ്ബൂത്തില്‍ കിട്ടുമോ എന്ന കാര്യത്തില്‍ മാത്രമെ സംശയം ബാക്കിയുള്ളു"

രാക്ഷ്ട്രീയം പറയാന്‍ നില്‍ക്കാതെ വേഗം വരാന്‍ നോക്കു കുട്ടേട്ടാ.."

വസ്ത്രങ്ങള്‍ പാക്കു ചെയ്തുവെച്ച ബാഗിനൊപ്പം അവള്‍ക്കുള്ള പൊതിചോറു കൂടി എടുക്കാന്‍ മറന്നില്ല...മൂന്നു ബാറും,നാലു സിനിമാതിയ്യറ്ററുമുള്ള "ആമ്പല്‍പൂക്കളുടെ നാട്ടില്‍" കുടുംബസമേതം പോയിരുന്ന ഭകഷണം കഴിയ്ക്കാന്‍ നല്ലൊരു ഹോട്ടലില്ല...ഉണ്ടായിരുന്ന "ഉദ്യാനങ്ങള്‍" 45 മീറ്റര്‍ റോഡാക്രമണത്തില്‍ ഒലിച്ചുപോയി.

സമൂഹത്തില്‍ നേരിടേണ്ടി വരുന്ന അവഗണനകളുടെ കഥകളെ പലപ്പോഴും ഗള്‍ഫുകാര്‍ക്ക്‌ പറയാനുണ്ടാകു.പക്ഷെ അനുകമ്പയും സഹതാപവും ആണ്‌ സത്യത്തില്‍ തങ്ങള്‍ക്കന്ന്‌ അവിടെ നിന്നും ലഭിച്ചത്‌...!

അല്ലെങ്കില്‍ പ്രിസൈഡിംഗ്‌ ഓഫീസറും മറ്റു സഹപ്രവര്‍ത്തകരും മൂന്നു മണിയോടെ ഡ്യൂട്ടി സ്ഥലത്തു നേരിട്ടു റിപ്പോര്‍ട്ടു ചെയ്താല്‍ മതിയെന്നവ്യവസ്ഥയില്‍ ഞങ്ങളെ പുറത്തുപോകാന്‍ അനുവദിയ്ക്കുമായിരുന്നോ..!

എല്ലാരോടുമൊപ്പം ബസ്സില്‍തന്നെ പോയാലും മതിയായിരുന്നു,....പക്ഷെ മാളുവിനെ പുറകിലിരുത്തി...അവളോടെന്തെങ്കിലും വിശേഷങ്ങളും പറഞ്ഞുള്ള ടൂവീലര്‍ യാത്ര...രണ്ടുപേരുംജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആനന്ദിയ്ക്കുന്ന നിമിഷങ്ങളണവ.

"കുട്ടേട്ടന്റെ പുറകിലിരുന്നു എത്ര ദൂരം വേണമെങ്കിലും..ഈ ജീവിതകാലം മുഴുവന്‍ യാത്ര ചെയ്താലും എനിയ്ക്കു മതിയാകില്ല.....".എത്രയോ തവണ ബൈക്കിന്റെ പുറകിലിരുന്നു മാളു തന്റെ ചെവിയില്‍ മന്ത്രിച്ചിരിയ്ക്കുന്നു....

ആമ്പല്ലൂരും, പുതുക്കാടും നന്തിക്കരയും കടന്നു നെല്ലായി എത്തിയപ്പോള്‍ വണ്ടിയുടെ സ്പീഡ്‌ കുറഞ്ഞു.

"മാളു ഇതാ,.. ആതാണെന്നു തോന്നുന്നു ഞാന്‍ പറയാറുള്ള "എഴുത്തുകാരി"ചേച്ചിയുടെ വീട്‌" '

"കുട്ടേട്ടന്‍ പറഞ്ഞതല്ലെ ഒരു ദിവസം നമുക്കവിടെ പോകണമെന്ന്‌..."

പോകണമായിരുന്നു..പക്ഷെ സമയം കിട്ടിയില്ലല്ലൊ മാളു നമ്മള്‍ക്കിത്തവണ..അല്ലെങ്കിലും തീര്‍ത്തും അപരിചിതരായ നമ്മള്‍ എന്തു പറഞ്ഞാ അവിടെ കയറി ചെല്ലുക,.അതും ഈ ഒരവസ്ഥയില്‍...അവരുടെ ബ്ലോഗില്‍ ഇതുവരെ ഒരു കമന്റുപോലുമിട്ടിട്ടില്ല ഞാന്‍...

"എന്നാല്‍ ഇപ്പോതന്നെ കയറിയാലോ,." മാളുവിന്‌ തിടുക്കമായി..

"വേണ്ട മാളു ഇപ്പോള്‍ നീ ഡ്യൂട്ടിയിലാണ്‌ എന്ന കാര്യം മറക്കരുത്‌....എത്രയും പെട്ടന്ന്‌ ബൂത്തിലെത്തേണ്ടെ,.. ഇനിയെന്തായാലും അടുത്ത തവണയാകട്ടെ,....ഒരു പക്ഷെ അപ്പോഴേയ്ക്കും അവര്‍ മകന്റെ അടുത്തേയ്ക്കു പറന്നിട്ടുണ്ടാകും..പാസ്‌പോര്‍ട്ടു വെരിഫിക്കേഷനു വന്ന പോലീസുകാരന്റെ കഥ നീയും വായിച്ചതല്ലെ....

"അതെങ്ങിനെയാ കുട്ടേട്ട, അവര്‍ക്കൊരു മകളും കൂടിയില്ലെ ആ കുട്ടിയെ ഒരു കരയ്ക്കെത്തിയ്ക്കാതെ എങ്ങിനെയാ...

കൂടെ വര്‍ക്കു ചെയ്യുന്ന നെല്ലായിക്കാരി ശ്രീദേവിയില്‍ നിന്നും അവള്‍ ചേച്ചിയുടെ എല്ലാ വിശേഷങ്ങളും അറിഞ്ഞിരിയ്ക്കുന്നു"

അങ്ങിനെയങ്ങിനെ കൊച്ചുകൊച്ചു വിശേഷങ്ങളുടെ കെട്ടുകളഴിച്ചും പരദൂഷണങ്ങളുടെ പൊരുള്‍തേടിയും കിലോമീറ്ററുകള്‍ താണ്ടി ലക്ഷ്യസ്ഥാനത്തെത്തിചേര്‍ന്നതറിഞ്ഞില്ല .

അന്ന്‌ തങ്ങള്‍ക്കു രാപ്പാര്‍ക്കാന്‍ "ആര്‍ട്ട്‌ ഓഫ്‌ ലീവിങ്ങിലെ" ബാലേട്ടന്‍ പോളിംഗ്‌ ബൂത്തിനടുത്തുതന്നെ ഒരു വീട്‌ അറേഞ്ചു ചെയ്തിരുന്നു...തികച്ചും യാദൃശ്ചികമായിട്ടാണെകിലും അതൊരു സ്ഥാനാര്‍ത്ഥിയുടെ തന്നെ വീടായതിന്റെ അനൗചിത്യത്തെക്കുറിച്ച്‌ ഒരു നിമിഷം താന്‍ ഓര്‍ക്കാതിരുന്നില്ല...പക്ഷെ അദ്ദേഹം ഒരു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിരുന്നു...തന്നെയുമല്ല മാളുവിന്‌ `ഡ്യൂട്ടിയുള്ള വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയുമല്ല ഞങ്ങളുടെ ആതിഥേയന്‍ ഗോപേട്ടന്‍ ....

ആറുമണിയോടെ ഞങ്ങളേയും തേടി ഗോപേട്ടന്‍ ബൂത്തിലെത്തി..ഫോണില്‍ ഒന്നു രണ്ടു വട്ടം സംസാരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ്‌ നേരില്‍ പരിചയപ്പെടുന്നത്‌..ഒരു "ജസ്റ്റ്‌" റിട്ടയേര്‍ഡ്‌ പോലീസു ഉദ്യോഗസ്ഥനെക്കുറിച്ചുള്ള എല്ലാ സങ്കല്‍പ്പങ്ങള്‍ക്കും അതീതനായിരുന്നു രൂപത്തിലും ഭാവത്തിലും ഗോപേട്ടന്‍.

സത്യത്തില്‍ ഗോപേട്ടന്‍ വെറുമൊരു സ്വതന്ത്രനായിരുന്നില്ല..വിമതനായിരുന്നു. ഏണിയും മാണിയുമൊക്കെ സ്വന്തമായുള്ള മുന്നണിയിലെ ദേശീയപാര്‍ട്ടിയുടെ സ്ഥാനര്‍ത്ഥിയായിട്ടായിരുന്നു തുടക്കം...പിന്നെ അവസാന നിമിഷത്തിലെങ്ങിനെയോ ഒരു കുഞ്ഞുമാണി ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി. മുന്നോട്ടുവെച്ച കാല്‍ പിന്‍വലിയ്ക്കാന്‍ ഗോപേട്ടനും തയ്യാറയില്ല....

പാറമടകള്‍...നിബിഡ്ഡമായ റബ്ബര്‍തോട്ടങ്ങള്‍.. തികച്ചു ഒരു വനത്തിന്റെ പ്രതീതിയുണര്‍ത്തുന്ന റോഡിലൂടെ രണ്ടുകിലോമീറ്ററോളം ഗോപേട്ടന്റെ ബൈക്കിനെ പിന്തുടര്‍ന്നു അദ്ദേഹത്തിന്റെ വീട്ടിലെത്തി.

അഞ്ചേക്കര്‍ സ്ഥലത്ത്‌ ഒറ്റനിലയാണെങ്കിലും അതിമനോഹരമായി പണിത ഒരു ചെറിയ ബംഗ്ലാവ്‌ തന്നെയായിരുന്നു ആ വീട്‌..

ഞങ്ങളെ അവിടെ കൊണ്ടുവിട്ട ഉടന്‍തന്നെ ഗോപേട്ടന്‍ ഇലക്ഷന്‍വര്‍ക്കിന്റെ അവസാനമിനുക്കുപണികളിലേയ്ക്കു തിരിച്ചുപോയി..അദ്ദേഹത്തിന്റെ ഓരോ അംഗചലനങ്ങളിലും വിജയം ഉറപ്പിച്ച ഒരുസ്ഥാനാര്‍ത്ഥിയുടെ ആത്മവിശ്വാസം തുളുമ്പിനിന്നിരുന്നു..

അഷ്ടിയ്ക്ക്‌ വകയില്ലാത്തവര്‍ പോലും ലോണെടുത്ത്‌ ഒരു മാരുതിയെങ്കിലും വാങ്ങി ഇട്ടാവട്ടം മാത്രം വലിപ്പമുള്ള കാര്‍പോര്‍ച്ചിലിട്ട്‌ മുറ്റത്തേയ്ക്കുള്ള വഴിമുടക്കി പൊങ്ങച്ചം കാണിയ്ക്കുന്ന ഇക്കാലത്ത്‌ ഗോപേട്ടന്റെ ഒഴിഞ്ഞ കാര്‍പോര്‍ച്ചും വിശാലമായ മുറ്റവുമാണ്‌ എന്നെ ആദ്യം അത്ഭുതപ്പെടുത്തിയത്‌.പിന്നെ മാലിനിചേച്ചിയും, ഗോപേട്ടന്റെ സഹധര്‍മ്മിണി...!

ഒറ്റനോട്ടത്തില്‍തന്നെ ആരേയും ആകര്‍ഷിയ്ക്കുന്ന എന്തോ ഒരു പ്രത്യേകത അവരില്‍ ഉള്ളതുപോലെതോന്നി...ഒരുപാടടുപ്പമുള്ള ബന്ധുക്കളെ ഏറെ നാളിനുശേഷം കാണുന്ന ഉത്സാഹത്തോടെയായിരുന്നു തികച്ചു അപരിചിതരായിരുന്ന ഞങ്ങളെ ചേച്ചി സ്വീകരിച്ചത്‌.

ഒരു കപ്പു ചായയിലെ പഞ്ചസാര അലിയുന്നതിനേക്കാള്‍ വേഗത്തില്‍ ഞങ്ങള്‍ക്കിടയിലെ അപരിചിതത്വം അലിഞ്ഞു തീര്‍ന്നു...

മാളുവം ചേച്ചിയും അടുക്കളയില്‍ ചപ്പാത്തിയ്ക്കുള്ള ഒരുക്കുങ്ങള്‍ തുടങ്ങി..ഒപ്പം ചേച്ചി വാചാലയാവാനും...

ഇരുപത്തിനാലുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോഴായിരുന്നു ഗോപേട്ടനുമായുള്ള വിവാഹം ...രണ്ടാണ്മക്കള്‍....മൂത്തയാള്‍ എംബി.എയ്ക്കു ബാംഗ്ലൂരില്‍..രണ്ടാമന്‍ എഞ്ചിനിയറിങ്ങിനു മദ്രാസില്‍...

ഗോപേട്ടനെക്കുറിച്ചു പറയുമ്പോള്‍ ആയിരം നാക്കായിരുന്നു ചേച്ചിയ്ക്ക്‌..ഉത്തമായൊരു കുടുംബിനിയുടെ സംതൃപ്തി ആ മുഖത്തു കളിയാടിയിരുന്നു.

മദ്യപിയ്ക്കാത്ത,പുകവലിയ്ക്കാത്ത പ്രത്യക്ഷത്തില്‍ ഒരു ദുശീലങ്ങളുമില്ലാത്ത ഒരു പോലീസുദ്യോഗസ്ഥന്‍ .!

വിശ്വസ്സിയ്ക്കാന്‍ കഴിഞ്ഞില്ല ആദ്യം...!

"കുട്ടേട്ടനും ഇല്ല ഇത്തരം ശീലക്കേടുകളൊന്നും...." അതു പറയുമ്പോള്‍ മാളുവിന്റെ കണ്ണുകളും തിളങ്ങി..

ആ വീടിന്റെ മുറ്റം നിറയെ കുറ്റിമുല്ലകള്‍ മൊട്ടിട്ടു വിരിയാന്‍ വെമ്പിനിന്നിരുന്നു....അവയെക്കുറിച്ചു പറയാനും ഒരു കഥയുണ്ടായിരുന്നു ചേച്ചിയ്ക്ക്‌...

"ഒരിയ്ക്കല്‍ ഒരു കല്യാണത്തിനുള്ള ഒരുക്കത്തിനിടയില്‍ എത്ര പറഞ്ഞിട്ടും മുല്ലപൂ വാങ്ങി കൊടുക്കാന്‍ ഗോപേട്ടന്‍ കൂട്ടാക്കിയില്ല...."മുല്ലപ്പൂ ചൂടണമെങ്കില്‍ നീ തന്നെ നട്ടുവളര്‍ത്ത്‌"...

അതൊരു വാശിയായിയെടുത്തു,.ഗോപേട്ടനെക്കൊണ്ടുതന്നെ മണ്ണുത്തിയില്‍ നിന്നും കുറ്റിമുല്ലയുടെ തൈകള്‍ വാങ്ങിപ്പിച്ചു....അങ്ങിനെ നിത്യവും മുറ്റത്തു മുല്ല പൂക്കാന്‍ തുടങ്ങി"..ഇതും പറഞ്ഞ്‌ നൊടിയിടയ്ക്കുള്ളില്‍ മുറ്റത്തുപോയി ഒരു കൈകുടന്ന നിറയെ മുല്ലമൊട്ടുകളുമായി തിരിച്ചെത്തി ചേച്ചി.

കിച്ചണിലെ ഗ്രൈന്‍ഡറില്‍ പിറ്റേദിവസം ബൂത്തില്‍ ഗോപേട്ടന്റെ പ്രവര്‍ത്തകര്‍ക്കുള്ള ബ്രൈക്‍ഫാസ്റ്റിനായി ഇഡ്ഡലിമാവ്‌ തയ്യാറാവുകയായിരുന്നു...ചപ്പാത്തിയ്ക്കുള്ള ചിക്കന്‍ക്കറി നേരത്തെതന്നെ തായ്യാറാക്കിയിരുന്നു..

ഇങ്ങിനെ ഇത്തിരിനേരംകൊണ്ട്‌ ഒത്തിരികാര്യങ്ങള്‍ ചെയ്യുമ്പോഴും പ്രസ്സന്നതയും ക്ഷമയും കൈവിടാത്ത ആ മനസ്സ്‌ ഇപ്പോഴും ആ പഴയ എണ്‍പതുകളുടെ യുവത്വം തുടിയ്ക്കുന്ന ലോകത്തു തന്നെയാണെന്നുതോന്നിപോയി...

ടീവി കാഴ്ചകള്‍ പഥ്യമല്ലാത്ത ചേച്ചി ഇന്നും റേഡിയോപ്രോഗ്രാമുകള്‍ ഇഷ്ടപ്പെടുന്നു.., എഫ്‌ എം പാട്ടുകള്‍ക്കായി കിച്ചണില്‍തന്നെ ഒരു റേഡിയോ കരുതിയിരിയ്ക്കുന്നു...പഴയ ടേപ്‌റെക്കോര്‍ഡറും കാസറ്റുകളും പൊന്നുപോലെ സൂക്ഷിയ്ക്കുന്നു..

ഓരോ വാക്കിലും നോക്കിലും ചിരിയിലും ചലനങ്ങളില്‍പോലും പഴയ കാമ്പസ്സുപ്രായത്തിന്റെ പ്രസരിപ്പും ഊര്‍ജ്ജവും കാത്തുസൂക്ഷിയ്ക്കാന്‍ കഴിയുന്ന മാലിനിചേച്ചിയെ വിസ്മയത്തോടെ നോക്കിയിരിയ്ക്കാനേ കഴിഞ്ഞുള്ളു തനിയ്ക്കപ്പോള്‍.

"ഇന്നിനി ഗോപേട്ടന്‍ വരാന്‍ ഒരു നേരമാകും.... ഈശ്വരാ,...ഇന്നത്തോടെ തീരുമല്ലൊ ഈ അലച്ചില്‍.....നിങ്ങള്‍ ഭക്ഷണം കഴിച്ചു കിടന്നോളു നാളെ അതിരാവിലെ ബൂത്തിലെത്തേണ്ടതല്ലെ...."
മാളു,.. മാലിനിചേച്ചിയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ "സുഹാസിനിയുടെ" ഛായയില്ലെ...

ബെഡ്‌റൂമിലെ സ്വകാര്യനിമിഷത്തില്‍ താന്‍ വെറുതെ മാളുവിനെ ചൊടിപ്പിച്ചു...."

വേണ്ടാ .കുട്ടേട്ടാ വേണ്ടാ..!..പോലീസുകാരന്റെ ഭാര്യയാണ്‌.....ഇടി പാര്‍സലയിട്ടെങ്കിലും വരും അതുറപ്പാണ്‌..."

പുറത്തു ജനല്‍പാളികള്‍ക്കപ്പുറത്ത്‌ റബ്ബര്‍മരങ്ങള്‍ക്കിടയിലൂടെ ഞങ്ങളെ ഒളിഞ്ഞുനോക്കിയിരുന്ന പൂര്‍ണ്ണചന്ദ്രന്‍ അതുകേട്ടു സ്വന്തം മുഖത്തിന്‌ കളങ്കം ചാര്‍ത്തിയ സംഭവത്തെക്കുറിച്ചോര്‍ത്തിട്ടെന്നവണ്ണം മന്ദഹസിച്ചു.

നേരം ഒരുപാടായി..,എന്നാലും നമുക്കൊന്നു മിനുങ്ങിയാലൊ മാളു.."ലാര്‍ജൊന്നും വേണ്ട... രസത്തിന്‌ വെറുതെ ഒരു "സ്മോള്‍"

നാളെ അതിരാവിലെ ഡ്യൂട്ടിയ്ക്കു പോകണം...അതോര്‍ക്കാതെയല്ല..എന്നാലും ഗോപേട്ടന്റേയും മാലിനിചേച്ചിയുടെയും മാതൃകദാമ്പത്യത്തിന്റെ പോസറ്റിവ്‌ എനര്‍ജി നിറഞ്ഞുനില്‍ക്കുന്ന ഈ അന്തരീക്ഷത്തില്‍..നമ്മളുടെ ഈ അപ്രതീക്ഷിത ട്രിപ്പിന്റെ ഓര്‍മ്മയ്ക്കായി...ഒരു സ്മോള്‍..!

അവള്‍ ചിരിച്ചു..."ബെഡ്‌ഷീറ്റിന്റെ പിങ്ക്‌ നിറം കണ്ടപ്പോഴെ എനിയ്ക്കിതു തോന്നിയതാ,...ഒരു സ്മാളെങ്കിലുമില്ലാതെ കുട്ടേട്ടനിന്നുറങ്ങുകയില്ലെന്ന്‌...പരിചയമില്ലാത്ത സ്ഥലമാണ്‌,... ആദ്യം ആ ജനല്‍ അടയ്ക്കു കുട്ടേട്ടാ എന്നിട്ടാവം മിനുങ്ങാനൊരുങ്ങലൊക്കെ"....!

അപ്പുറത്ത്‌ സ്വീകരണമുറിയില്‍ ടേബിളില്‍ കോര്‍ത്തുവെച്ച മുല്ലമൊട്ടുകളുടെ മണം എത്രപെട്ടന്നാണ്‌ മുറിയിലാകെ വ്യാപിയ്ക്കാന്‍ തുടങ്ങിയത്‌...! മാളുവിന്റെ ചുണ്ടുകള്‍ക്കിടയിലും മുല്ലമൊട്ടുകള്‍ നിരന്നുനിന്നുതിളങ്ങി... ബുധനാഴ്ചയിലെ മടക്കയാത്ര,കമ്പനിയില്‍ കൊടുക്കേണ്ട വിശദീകരണം... നാളത്തെ ഇലക്ഷന്‍ഡ്യൂട്ടി..അങ്ങിനെയങ്ങിനെ ടെന്‍ഷനുകളുടെ ആടയാഭരണങ്ങള്‍ ഓരോന്നോരോന്നായി അഴിച്ചു വെയ്ക്കുകയായിരുന്നു ഞങ്ങളപ്പോള്‍...

"നമ്മുടെ ചുവന്ന ബെഡ്‌റൂംലാമ്പുകൂടി കരുതമായിരുന്നു...". മാളു കുറുകി..

"അതിനു നമ്മള്‍ ഇലക്ഷന്‍ഡ്യൂട്ടിയ്ക്കല്ലെ വന്നത്‌,..ഹണിമൂണ്‍ട്രിപ്പിനൊന്നുമല്ലല്ലൊ....അവളുടെ ചുവന്നുതുടുത്ത ചെവിയിതളുകളിലൊന്നില്‍ ചുണ്ടുകള്‍ അമര്‍ത്തി താന്‍ മന്ത്രിച്ചു..."

ശബ്ദവീചികളുടെ ഈണം മാറി,..താളം മുറുകി,..ഗതിവേഗം കൂടി.വേലിപ്പടര്‍പ്പുകളോരോന്നായി പൊളിച്ചെറിഞ്ഞ്‌ സ്മോളിനും ലാര്‍ജിനുമിടയ്ക്കുള്ള അതിര്‍വരമ്പുകള്‍ക്കപ്പുറത്തേയ്ക്ക്‌ ആവേശത്തൊടെ കുതിച്ചു..

പുറത്തു നിലാവിനു കരുത്തുകൂടി,കത്തുന്ന നിലാവിന്റെ കരലാളനത്തില്‍ മിനുങ്ങിമിനുങ്ങി മുറ്റത്തെ കുറ്റിമുല്ലകളിലെ മൊട്ടുകള്‍ പൂര്‍ണ്ണമായും വിരിയാന്‍ തുടങ്ങുകയായിരുന്നു അപ്പോള്‍...ഒക്ടോബറിലെ ശുഭകരമായ മറ്റൊരു രാത്രിയുടെ അന്ത്യം കൂടി...

* * * * * * * * * * * * * * * * * *

25-10-2010 തിങ്കളാഴ്ച....


രാവിലെ അഞ്ചുമണിയ്ക്കുതന്നെ മാലിനിചേച്ചി കതകില്‍ മുട്ടി....കുളിച്ചുകുറിതൊട്ട്‌ പൂജാമുറിയില്‍ വിളക്കുതെളിയിച്ച്‌ വളരെ നിര്‍ണ്ണായകമായ ആ ദിവസത്തിന്‌ ഐശ്വര്യകരമായിത്തന്നെ തുടക്കം കുറിച്ചിരുന്നു ചേച്ചി....ഉജാലയില്‍ മുക്കിയെടുത്ത വെളുത്ത ഖദര്‍ മുണ്ടും ഷര്‍ട്ടുമായി സ്ഥാനര്‍ത്ഥിയുടെ മേലങ്കി അണിയാന്‍ തുടങ്ങുകയായിരുന്നു ഗോപേട്ടന്‍..

ചേച്ചി ഒരുക്കിയിരുന്ന ഇഡ്ഡലിയും സാമ്പറും കഴിച്ച്‌ പെട്ടന്നു റെഡി ആയി...

"അടുത്തതവണ ലീവിനു വരുമ്പോള്‍ രണ്ടാളുംകൂടി വീണ്ടും വരാന്‍ മറക്കരുത്‌........ " യാത്ര പറയുമ്പോള്‍ ചേച്ചി പറഞ്ഞു..."വരും ചേച്ചി തീര്‍ച്ചയായും ഞങ്ങള്‍ വരും" മാളുവാണ്‌ മറുപടി പറഞ്ഞത്‌.

ഗോപേട്ടനു വിജായശംസകളും നേര്‍ന്ന്‌ ഇറങ്ങാന്‍തുടങ്ങുമ്പോഴേ ആറുമണി കഴിഞ്ഞിരുന്നു...

ആറു മണിയ്ക്കുതന്നെ റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന്‌ ഇന്നലെ പോരുമ്പോള്‍ സുഷമമേഡം പ്രത്യേകം പറഞ്ഞിരുന്നതാണ്‌.

കണിശ്ശക്കാരിയായ പ്രധാനാധ്യാപികയുടെ റൂമിലേയ്ക്ക്‌ പത്തു മിനിറ്റു ലെയിറ്റായി അറ്റന്റന്‍സ്‌ മാര്‍ക്ക്‌ ചെയ്യാന്‍ പോകുന്ന ജൂനിയര്‍ അധ്യാപികയുടെ വെപ്രാളമായിരിന്നു ബൂത്തിലേയ്ക്കു കയറിപോകുമ്പോള്‍ മാളുവിന്‌...

ഏഴുമണിയാകുന്നതു വരെ,. ആദ്യത്തെ വോട്ടര്‍ വോട്ടു ചെയ്യുന്നതുവരെ ആ പരിസരത്തുതന്നെ ചുറ്റിപറ്റി നിന്നു..തെരെഞ്ഞെടുപ്പിനു നിമിഷങ്ങള്‍ക്കുമുമ്പുള്ള പോളിംഗ്‌ ബൂത്തിന്റെ അന്തരീക്ഷത്തിനു സാക്ഷിയാകാന്‍ കഴിയുക..പുതുമയുള്ള അനുഭവമായിരുന്നു അത്‌..

പിന്നെ ഒട്ടും വൈകാതെ അവിടെനിന്നും തിരിച്ചു..ആ ദിവസം ചെയ്തുതീര്‍ക്കാന്‍ ഒരുപാടു കാര്യങ്ങള്‍...ഏതൊരു പ്രവാസിയുടെയും സ്വപ്നമായ വോട്ടവകാശം,.. അതുവിനിയോഗിയ്ക്കാനുള്ള അപൂര്‍വാസരം,അതാണന്നത്തെ ഏറ്റവും പ്രധാന കര്‍മ്മം.

സ്ഥാനാര്‍ത്ഥിയുടെ ഗുണമേന്മ നോക്കാതെ, പേരുപോലും വായിയ്ക്കാന്‍ മിനക്കെടാതെ ചിഹ്നം മാത്രം നോക്കി വോട്ടു ചെയ്യുന്ന ബഹുഭൂരിപക്ഷങ്ങളില്‍ ഒരാളായിരുന്നു താനും..അരിവാളിനു പ്രാധാന്യം നല്‍കി രൂപയുടെ ചിഹ്നം രൂപകല്‍പ്പന ചെയ്തവനെ മനസ്സുകൊണ്ടു നമിച്ചവന്‍....!

ബൂത്തില്‍ മാളുവിന്റെ മൊബെയില്‍ സ്വിച്ച്‌ ഓഫ്‌ ആയിരുന്നു...മടങ്ങുന്നതിനുമുമ്പെ ബൂത്തില്‍ ഡ്യൂട്ടിയ്ക്കു നിന്നിരുന്ന പോലീസുകാരന്‍ ബിനുവിന്റെ നമ്പര്‍ ഞാന്‍ വാങ്ങിയിരുന്നു...വിവാഹിതനും ഒരുകുഞ്ഞിന്റെ അപ്പനുമായിരുന്നെങ്കിലും ഒരു പാവം പയ്യന്റെ ലുക്കായിരുന്നു ബിനുവിന്‌...തലേദിവസം ബൂത്തില്‍ വീണുകിട്ടിയ ഇടവേളയില്‍ ഒരു പാടു പോലീസു വിശേഷങ്ങള്‍,ധര്‍മ്മസങ്കടങ്ങള്‍ എല്ലാം ഞാനുമായി പങ്കുവെച്ചിരുന്നു ബിനു...

രാവിലെ ബ്രൈക്‍ഫാസ്റ്റ്‌ കിട്ടിയോ, ലഞ്ച്‌ സമയത്തിനു ലഭിച്ചോ,...ബൂത്തില്‍ പ്രശ്നങ്ങളൊന്നുമില്ലല്ലൊ...ഇങ്ങിനെ ഒരുപാടു ചോദ്യങ്ങളുമായി രണ്ടുമൂന്നു തവണ ഞാന്‍ ബിനുവിനെ വിളിച്ചിരുന്നു......എന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഒരനിയന്റെ സ്നേഹത്തോടെ,ക്ഷമയോടെ ബിനു മറുപടി തന്നു ...

തെരെഞ്ഞെടുപ്പു മേലുദ്യോഗസ്ഥനമാര്‍ പോലും ബൂത്തിലെ വിശേഷങ്ങള്‍ ഇത്രയും ശുഷ്ക്കാന്തിയോടെ,കാര്യക്ഷമമായി അന്വേഷിയ്ക്കുന്നില്ലല്ലോ...! പാവം..എല്ലാ ഗള്‍ഫ്‌ ഭര്‍ത്താക്കന്മാരും ഇങ്ങിനെയൊക്കെയാവും എന്നൊക്കെ ചിന്തിച്ച്‌ ഊറിച്ചിരിയ്ക്കാം ഒരുപക്ഷെ ബിനു.... ......

വൈകീട്ടു നാലുമണിയോടെ വീണ്ടും ബൂത്തിലെത്തി....അഞ്ചുമണിയ്ക്കുതന്നെ ആഘോഷങ്ങള്‍തീര്‍ന്ന്‌ വീട്ടുകാര്‍ മാത്രം ശേഷിച്ച കല്യാണവീടു പോലെ ബൂത്തും പരിസരവും നിശ്ശബ്ദമായി....പക്ഷെ ടാലിയിങ്ങില്‍ വന്ന ഒരു പിഴവു മൂലം എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കി അവിടെനിന്നും പുറത്തു കടന്നപ്പോള്‍ രാത്രി എട്ടരയായിരുന്നു....

ഈശരാ,..ഈ അപരിചിതമായ വഴിയിലൂടെ അതും എട്ടുകിലോമീറ്ററോളം തീര്‍ത്തും വിജനമായ റബ്ബര്‍കാടുകള്‍ക്കിടയിലൂടെ..മാളുവിനേയുംകൂട്ടി ഒരു മടക്കയാത്ര.....ഒരു നിമിഷം മനസ്സൊന്നു നടുങ്ങി..

അരാജകത്വം നിറഞ്ഞുനില്‍ക്കുന്ന നാടാണ്‌ ഇടതുപക്ഷം ഭരിയ്ക്കുന്ന കേരളം എന്ന ചിന്ത പ്രവാസി മനസ്സുകളില്‍ സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയില്‍ ഗള്‍ഫുസന്ധ്യകളില്‍ ചാനലുകള്‍ അതിശോക്തി കലര്‍ത്തി കോരിയൊഴിയ്ക്കുന്ന രക്തതുള്ളികള്‍..കുറ്റപത്രങ്ങള്‍ ഓരോന്നായി മനസ്സില്‍ തെളിഞ്ഞു വന്നു...

"ഇത്‌ ദൈവത്തിന്റെ സ്വന്തം നാടാണ്‌, എന്റേയും" ആത്മവിശ്വാസം വീണ്ടെടുത്തു..

മഴക്കാറു നിറഞ്ഞ,നിലാവില്ലാത്ത രാത്രിയായിരുന്നു അത്‌...മലയില്‍ എവിടെയൊ മഴപെയ്യുന്നുണ്ടായിരുന്നു. മഴത്തുള്ളികളില്‍ നിന്നും കടം വാങ്ങിയ കുളിരുമായി ഇളം കാറ്റ്‌ ഞങ്ങള്‍ക്കു കൂട്ടു വന്നു...

ബൈക്കിന്റെ ഇരുവശത്തു കാലിട്ടിരിന്നിരുന്ന മാളു വിജനതയും ഇരുട്ടും നല്‍കിയ സ്വകാര്യതയില്‍ ഒരു മടിയും കൂടാതെ കെട്ടിപ്പിടിച്ചിരുന്നു....

"കുട്ടേട്ടാ...ആരെയിങ്കിലുമൊക്കെ സ്വാധീനിച്ച്‌ ഈ ഇലക്ഷന്‍ഡ്യൂട്ടി ക്യാന്‍സല്‍ ചെയ്തിരുന്നെങ്കില്‍ ...അതൊരു വലിയ നഷ്ടമായേനെ അല്ലെ,.ഈ തണുപ്പില്‍ ആളൊഴിഞ്ഞ റോഡിലൂടെയുള്ള യാത്ര എന്തു രസമാണ്‌.... ഇത്‌..ഇത്‌ ഒരിയ്ക്കലും അവസാനിയ്ക്കാതിരുന്നെങ്കില്‍..!!.ചെവിയില്‍ ചുണ്ടുകള്‍ ചേര്‍ത്ത്‌ അവള്‍ മന്ത്രിച്ചു..

കുറമ്പു കാണിയ്ക്കാതെ ഇരിയ്ക്കു മാളു....നാടു മാത്രമെ ദൈവത്തിന്റെ സ്വന്തമായുള്ളു....റോഡിന്റെ കാര്യത്തില്‍ മൂപ്പര്‍ക്ക്‌ യാതൊരു ഉത്തരവാദിത്വവുമില്ല...."

"ഒരു പക്ഷെ, അവിടേയും, ദൈവത്തിന്റെ യഥാര്‍ത്ഥ നാട്ടിലും ഇതൊക്കെതന്നെയായിരിയ്ക്കും അവസ്ഥ. നമ്മളാരും കണ്ടിട്ടില്ലല്ലൊ."മാളുവും വിട്ടു തന്നില്ല...

ശരിയാണ്‌ മാളു...കണ്ടവരാരും തിരിച്ചു വന്നിട്ടില്ല..വരാന്‍ കഴിയുകയുമില്ല...പക്ഷെ, ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു ദിവസം എല്ലാവര്‍ക്കും അങ്ങോട്ടുതന്നെ പോയല്ലെ പറ്റു.....പക്ഷെ, അതിനു മുമ്പ്‌ നമുക്ക്‌ സഞ്ചരിയ്ക്കാന്‍ ഇനിയും ഒരുപാടു ദൂരം ബാക്കി,..ചെയ്തുതീര്‍ക്കാന്‍ ഒരുപാടു കാര്യങ്ങളും...അതിനാല്‍ കരുതലോടെ വേണമോരോ ചുവടും മുന്നോട്ടു പോകാന്‍..

തിരിച്ചുപോകാന്‍ ഒരുദിവസംകൂടിമാത്രം ബാക്കിയുള്ളു എന്ന യാഥാര്‍ത്ഥ്യം വിഷാദത്തിന്റെ മഴക്കാറുകളായി എന്റെ മനസ്സിലും വാക്കുകളിലും നിറയാന്‍ തുടങ്ങിയിരുന്നു...

മേലെമാനത്ത്‌ മേഘങ്ങളുടെ പിടിയില്‍ കുതറിമാറി പുറത്തുവന്നെങ്കിലും ചന്ദ്രന്റെ പുഞ്ചിരിയിലും കൃഷ്ണപക്ഷത്തിലൂടെയുള്ള യാത്രയുടെ വിളര്‍ച്ച ബാധിയ്ക്കാന്‍ തുടങ്ങിയിരുന്നു ..ഇനി മുമ്പില്‍ വൃദ്ധിക്ഷയത്തിന്റെ, അമാവാസിയുടെ നാളുകള്‍..ഏകാന്തയാമങ്ങള്‍......

എന്തെങ്കിലും കഴിയ്ക്കാനായി കുറുമാലിയിലെ "ആര്യാസിനു" മുമ്പില്‍ വണ്ടി പാര്‍ക്കു ചെയ്യുമ്പോള്‍ തന്നില്‍നിന്നുമുയര്‍ന്ന ചുടുനിശ്വാസത്തിന്റെ അലയൊലികള്‍ മാളുവിന്റെ ഹൃദയത്തിലേയ്ക്കും പടരാന്‍ തുടങ്ങിയിരുന്നു...


കൊല്ലേരി തറവാടി
12-12-10